Saturday, June 15, 2019 Last Updated 11 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 11.01 PM

ചങ്ങമ്പുഴയുടെ ചങ്ങാതി

uploads/news/2019/06/315124/sun6.jpg

നൂറ്റാണ്ടുപിന്നിട്ട ഓര്‍മകളുടെ പിന്‍നടത്തത്തിലും ജോസഫ്‌ മാഷിനു ചുവടു പിഴയ്‌ക്കുന്നില്ല. മുന്നിലെ നിഴലുകള്‍ക്ക്‌ കനമേറിയെങ്കിലും പിന്നിട്ട സഞ്ചാരപഥങ്ങളില്‍ ഇപ്പോഴും ഓര്‍മത്തിരിവെട്ടം കെടാതെ നില്‍ക്കുന്നുണ്ട്‌.
മലയാളത്തെ സമ്പന്നമാക്കിയ സംസ്‌കൃതിയുടേയും സാഹിത്യത്തിന്റെയും സഹയാത്രികനാണ്‌ എറണാകുളം ജില്ലയിലെ പാലാരിവട്ടം നടുവില്‍ വീട്ടിലെ എന്‍.യു. ജോസഫ്‌ എന്ന ജോസഫ്‌ മാഷ്‌. പോയകാലത്തിന്റെ ഛായാചിത്രത്തില്‍ കേരളമുണ്ടായിരുന്നില്ല. അന്ന്‌ കൊച്ചിയും തിരുവിതാംകൂറും കോഴിക്കോടുമൊക്കെയായിരുന്നു നാട്ടുരാജ്യങ്ങളും ഭരണാധികാരികളും. കൊച്ചി രാജവംശത്തിന്റെ ആസ്‌ഥാനമായ തൃപ്പൂണിത്തുറയില്‍നിന്ന്‌ ഇടപ്പള്ളിയിലേക്കെത്തുവാന്‍ കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ചുണ്ടാക്കിയ ഒരു നടവഴി മാത്രമുണ്ടായിരുന്ന കാലമായിരുന്നു അത്‌. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരേയൊരു റോഡ്‌.
1913ലായിരുന്നു ജോസഫ്‌ മാഷിന്റെ ജനനം. കൃത്യമായി പറഞ്ഞാല്‍ 1913 ഡിസംബര്‍ 24. പാലാരിവട്ടത്തെ നടുവില്‍ വീട്ടില്‍ സേവ്യര്‍-മറിയം ദമ്പതികളുടെ ആറുമക്കളില്‍ മൂത്തവന്‍. നടുവില്‍ വീട്ടില്‍ കുടുംബത്തിന്‌ ചരിത്രത്തില്‍ മറ്റൊരു സ്‌ഥാനമുള്ളതും ജോസഫ്‌ മാഷ്‌ ഓര്‍ക്കുന്നു. പോര്‍ച്ചുഗീസ്‌ നാവികനും കച്ചവടക്കാരനുമായ വാസ്‌കോഡഗാമ തന്റെ രണ്ടാമത്തെ ദൗത്യവുമായി മലനാട്ടിലെത്തിയത്‌, ക്രിസ്‌തുവര്‍ഷം 1502ലാണ്‌. തന്റെ രണ്ടാമത്തെ ദൗത്യത്തില്‍ കൊച്ചിയിലെത്തിയ വാസ്‌കോഡഗാമയെ അക്കാലം കൊച്ചിയിലെ പത്ത്‌ ക്രൈസ്‌തവ കുടുംബങ്ങള്‍ നേരിട്ട്‌ സന്ദര്‍ശിക്കുകയുണ്ടായി. പോര്‍ച്ചുഗീസ്‌ നാവികന്‌ നിവേദനം നല്‍കുകയായിരുന്നു ഈ കുടുംബങ്ങളുടെ ലക്ഷ്യം. നാടുവാഴികളില്‍ നിന്ന്‌ നീതിയും കച്ചവടക്കാരില്‍നിന്ന്‌ ന്യായവും ലഭിക്കുന്നില്ലെന്നതായിരുന്നു നിവേദനത്തിലെ ഉള്ളടക്കം. വാസ്‌കോഡഗാമയെ സന്ദര്‍ശിച്ച പത്തു ക്രൈസ്‌തവകുടുംബങ്ങളില്‍ ജോസഫ്‌ മാഷിന്റെ നടുവില്‍ കുടുംബവുമുണ്ടായിരുന്നു. ചരിത്രത്തിന്റെ തിരുശേഷിപ്പുകളില്‍ ഇനിയും വേണ്ടവിധം രേഖപ്പെടുത്താതെപോയ കഥകളായിരിക്കാം ഇവയെല്ലാം.
ഇടപ്പള്ളിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അക്കാലം നാലുമുതല്‍ ഏഴുവരെ ക്ലാസുകളായിരുന്നു ഉണ്ടായിരുന്നത്‌. അവിടെവെച്ചാണ്‌ ജോസഫ്‌ മാഷ്‌ ചങ്ങമ്പുഴയുമായി ചങ്ങാത്തത്തിലാവുന്നത്‌. അതിനുമുന്‍പ്‌ മൂന്നു വയസ്സുമുതല്‍ കുടിപ്പള്ളിക്കൂടത്തില്‍ ആശാന്മാരുടെ ശിക്ഷണത്തില്‍ കളരിയില്‍ അക്ഷരം പഠിച്ചു. ആദ്യം മണ്ണില്‍ എഴുതിത്തുടങ്ങും. പിന്നെ ഓലയിലെഴുതും. ഇതായിരുന്നു പഠനരീതി. ഒരു വര്‍ഷം ആശാന്‍ കളരിയില്‍ പഠനം. അതുകഴിഞ്ഞ്‌ പാലാരിവട്ടം പള്ളിയില്‍ പ്രൈമറിസ്‌കൂള്‍ തുടങ്ങിയപ്പോള്‍ ജോസഫ്‌ മാഷ്‌ അവിടെ മൂന്നാംക്ലാസുവരെ പഠിച്ചു. പിന്നീടാണ്‌ ഇടപ്പള്ളിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്നത്‌.
ഇടപ്പള്ളി സര്‍ക്കാര്‍ സ്‌കൂളില്‍ നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ജോസഫ്‌ മാഷിന്‌ വയസ്സ്‌ എട്ട്‌. ചങ്ങമ്പുഴയ്‌ക്ക് പത്ത്‌. അന്നു ആ സ്‌കൂളില്‍ രണ്ടേ രണ്ട്‌ ക്രിസ്‌ത്യാനിക്കുട്ടികളേ ഉണ്ടായിരുന്നുള്ളൂ എന്ന്‌ മാഷ്‌ ഓര്‍ക്കുന്നു. ബാക്കിയെല്ലാവരും നായര്‍ കുട്ടികളായിരുന്നു. കുട്ടിയും കോലും, പമ്പരം കളിയും, അക്ഷരശ്ലോകവുമായിരുന്നു അന്നത്തെ പ്രധാനവിനോദങ്ങള്‍. ചങ്ങമ്പുഴ അക്ഷരശ്ലോകത്തില്‍ മിടുക്കനും വിരുതനുമായിരുന്നെന്നു മാഷ്‌ പറയുന്നു. ചങ്ങമ്പുഴയുടെ ശ്ലോകവിരുതിനു മാഷ്‌ കണ്ടെത്തുന്ന കാരണം മറ്റൊന്നുമായിരുന്നില്ല, ശൃംഗാരരസപ്രധാനമായ ശ്ലോകങ്ങളാണ്‌ മിക്കപ്പോഴും ചങ്ങമ്പുഴയുടെ നാവില്‍ വിളയാടുക! അതിനു ഗുണവുമുണ്ടായി. സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ചങ്ങമ്പുഴയ്‌ക്കായിരുന്നു. ആ കാലത്തുതന്നെയാണ്‌ പറവൂരില്‍നിന്ന്‌ ഇടപ്പള്ളി രാഘവന്‍പിള്ളയും വന്നതെന്ന്‌ ജോസഫ്‌ മാഷ്‌ ഓര്‍ത്തെടുക്കുന്നു.
രാഘവന്‍പിള്ളയും അക്കാലത്തുതന്നെ ചങ്ങമ്പുഴയെപ്പോലെത്തന്നെ കവിതയില്‍ കഴിവുതെളിയിച്ചിരുന്നു. എന്നാല്‍ ചങ്ങമ്പുഴയും രാഘവന്‍പിള്ളയും രണ്ടു ദിശകളില്‍ സഞ്ചരിച്ചവരായിരുന്നെന്നും ജോസഫ്‌ മാഷ്‌ ഓര്‍ക്കുന്നു.
മിഡില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ജോസഫ്‌ മാഷ്‌ സെന്റ്‌ ആല്‍ബര്‍ട്‌സില്‍ പഠിക്കുകയും അധ്യാപകനായി ജോലിനോക്കുകയും ചെയ്‌തിരുന്നു. ഇടപ്പള്ളി ട്രെയിനിംങ്‌ സ്‌കൂളിലായിരുന്നു അധ്യാപകപരിശീലനം നേടിയത്‌. അക്കാലങ്ങളിലൊക്കെ ചങ്ങമ്പുഴയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു മാഷ്‌. ചെറിയൊരു കാര്യത്തിനു എളുപ്പം പിണങ്ങുന്ന സ്വഭാവക്കാരനായിരുന്നു ചങ്ങമ്പുഴ. അതിനാല്‍ത്തന്നെ സൂക്ഷിച്ചും കണ്ടുമൊക്കെ വേണ്ടിയിരുന്നു ഇടപെടാന്‍ എന്നു പറയുമ്പോള്‍ ജോസഫ്‌ മാഷിന്റെ ചുണ്ടില്‍ പുഞ്ചിരി വിടരും. ചങ്ങമ്പുഴയെക്കൂടാതെ മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ ഒട്ടേറെ പേര്‍ ജോസഫ്‌ മാഷിന്റെ സൗഹൃദവലയത്തിലുണ്ടായിരുന്നു. മാഷിന്റെ മാനസഗുരുവായിരുന്നു മേലങ്ങത്ത്‌ അച്യുതമേനോന്‍. മഹാകവി വൈലോപ്പിള്ളിയും ജോസഫ്‌ അടുത്ത സുഹൃത്തായിരുന്നു. ഉള്ളൂര്‍, വള്ളത്തോള്‍, പി.കെ. നാരായണപിള്ള എന്നിവരുമായും ബന്ധമുണ്ടായിരുന്നു.
സാഹിത്യത്തിലും ജോസഫ്‌ മാഷ്‌ ഒരുകൈനോക്കിയിട്ടുണ്ട്‌. അനിലന്‍, ചാണക്യന്‍ എന്നീ തൂലികാനാമങ്ങളില്‍ ആദ്യകാലങ്ങളില്‍ എഴുതിക്കൊണ്ടിരുന്നു. മാതൃഭൂമി, ഭാഷാപോഷിണി, വീക്ഷണം, കേരളാടൈംസ്‌, സത്യദീപം, കവനകൗതുകം, ചക്രവാളം, ചിത്രോദയം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കഥയും കവിതകളുമെഴുതി. 1990ല്‍ ഉതിര്‍മണികള്‍ എന്ന കവിതാസമാഹരം പുറത്തിറങ്ങി. പാലാരിവട്ടം പി.ഒ.സി. ബൈബിള്‍ വിവര്‍ത്തനത്തില്‍ ജോസഫ്‌ മാഷിന്റെ പങ്കാളിത്തവുമുണ്ടായിരുന്നു.
പിന്നിട്ടുപോയ കാലത്തിന്റെ വെള്ളിവെളിച്ചത്തെ നൂറ്റാണ്ടു പിന്നിട്ടും ജോസഫ്‌ മാഷ്‌ തിരിച്ചുപിടിക്കുന്നു എന്നതാണ്‌ കൗതുകം. മലയാളി ഓര്‍ക്കാന്‍ മടിക്കുകയോ, വിസ്‌മരിക്കുകയോ ചെയ്യുന്ന ഭൂതകാലത്തിന്റെ അടയാളപ്പെടുത്തലായി ജോസഫ്‌ മാഷ്‌ നമുക്കു മുന്നില്‍ അത്ഭുതമാവുകയാണ്‌.

ഉമ ആനന്ദ്‌

Ads by Google
Saturday 15 Jun 2019 11.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW