Saturday, June 15, 2019 Last Updated 11 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 11.01 PM

ബാഡ്‌ ടച്ച്‌

uploads/news/2019/06/315123/sun5.jpg

ആരെങ്കിലും മോളുടെ ഈ ഭാഗത്തു തൊട്ടാല്‍ അത്‌ ബാഡ്‌ ടച്ച്‌..ഇവിടെയാണ്‌ തൊടുന്നതെങ്കിലും അതും ബാഡ്‌ ടച്ച്‌!
ഭാര്യയുടെ ശബ്‌ദത്തില്‍ക്കൂടി പതിവില്ലാത്ത പദങ്ങള്‍ കേട്ടപ്പോള്‍ വേലിയും മുറ്റവും കടന്ന അയാള്‍ പടിയില്‍ നിന്നുകൊണ്ട്‌ ആകാംക്ഷയോടെ പൂമുഖത്തേക്കു നോക്കി. പതിവുള്ള അന്തിത്തിരി കത്തിച്ചിട്ടില്ല. പൂമുഖത്ത്‌ ആരും തന്നെയില്ല. ഭാര്യയും മകളും ഈ സന്ധ്യാ സമയത്ത്‌ എന്നും തിണ്ണയില്‍ നിലവിളക്കിനരികില്‍ ഒന്നുകില്‍ നാമജപത്തിലോ അല്ലെങ്കില്‍ മകളുടെ ഗൃഹപാഠ രചനയിലോ വ്യാപൃതരായിരിക്കുന്നതാണ്‌ അയാള്‍ കാണാറുള്ളത്‌. ഭാര്യക്ക്‌ അസൗകര്യമുള്ളപ്പോള്‍ അയാളുടെ പ്രായമായ അമ്മയാണ്‌ അഞ്ചരവയസ്സുകാരി മകള്‍ക്ക്‌ ഉമ്മറത്തു കൂട്ടിരിക്കുക.
എന്നാല്‍ ഇന്ന്‌ ഈ പതിവുകളൊക്കെ തെറ്റിയെന്നു മാത്രമല്ല, തനിക്കു ചിരപരിചിതമല്ലാത്തതോ, അല്ലെങ്കില്‍ ഗൃഹാന്തരീക്ഷത്തില്‍ പുറപ്പെടുവിപ്പിക്കാവുന്നത്‌ എന്നു വിചാരിക്കുന്നതില്‍ നിന്നും ഭിന്നമായതോ ആയ രീതിയിലുള്ള വാചകങ്ങള്‍ ഭാര്യയുടെ സംഭാഷണശകലത്തില്‍ നിന്നും അയാള്‍ കേള്‍ക്കുകയും ചെയ്‌തു.
ആണുങ്ങള്‍ ആരെങ്കിലും കുഞ്ഞിനെ മടിയില്‍ ഇരുത്താനോ , കെട്ടിപ്പിടിക്കാനോ , ഉമ്മ വെക്കാനോ ശ്രമിച്ചാല്‍ സമ്മതിക്കരുത്‌, കേട്ടോ.., വേഗം അവരുടെയടുത്തൂന്ന്‌ ഓടിപ്പോണം, കേട്ടോ
കിടപ്പുമുറിയില്‍നിന്നാണ്‌ വീണ്ടും ആ സംഭാഷണം
അയാള്‍ തറഞ്ഞു നിന്നു പോയി. കുഞ്ഞുമോളോട്‌ എന്താണ്‌ ഇവള്‍ പറഞ്ഞു കൊടുക്കുന്നത്‌.
അമ്മേ ഞാനൊരു കാര്യം ചോയ്‌ച്ചോട്ടെ?
ഉം
അച്‌ഛമ്മ എന്നെ മടിയിലിരുത്യാലോ?
സാരമില്ല, അച്‌ഛമ്മയല്ലേ? ആണല്ലല്ലോ
അമ്മ ന്നെ കെട്ടിപ്പിടിച്ചാലോ?
സാരമില്ലെടീ അമ്മയല്ലേ?
എന്റച്‌ഛന്‍ ന്നെ ഉമ്മവെച്ചാലോ? !
ഞാന്‍ ഉദ്വേഗത്തോടെ ഭാര്യയുടെ മറുപടിക്കു കാതോര്‍ത്തു.
മറുപടിയില്ലല്ലോ..
ഒന്നു മുരടനക്കി ഞാന്‍ പൂമുഖം കടന്ന്‌ മുറിയിലേക്ക്‌ ചെന്നു. രണ്ടുപേരും കട്ടിലില്‍ ഇരിക്കുകയാണ്‌. ഭാര്യയുടെ കയ്യില്‍ വിടര്‍ത്തിപ്പിടിച്ച ഇന്നത്തെ പത്രവുമുണ്ട്‌. അവളുടെ വായന, ജോലിയെല്ലാം ഒതുക്കി സാധാരണ ഈ സമയത്താണ്‌. ഇപ്പോള്‍ അതില്‍ത്തന്നെ കണ്ണുംനട്ടിരിക്കുകയാണ്‌. വലിയ കണ്ണുകള്‍ ഉദ്വേഗമോ, സ്‌തോഭമോ കാരണം ഒന്നുകൂടി വിടര്‍ന്നിരിക്കുന്നു...
എന്നെ കണ്ടതും അവള്‍ വേഗമെഴുന്നേറ്റ്‌ അടുക്കളയിലേക്കു നടന്നു. സാധാരണ കുശലാന്വേഷണമോ, അന്നത്തെ പത്രവാര്‍ത്തയിലെ കൗതുകങ്ങള്‍ എടുത്തു പറയലോ ഒക്കെയാണ്‌ പതിവ്‌.
മകള്‍ അപ്പോഴേക്കും ഓടിവന്നു കാലുകളില്‍ കെട്ടിപ്പിടിച്ചു. വാരിയെടുത്ത്‌ ഒരുമ്മകൊടുക്കാറുള്ളതാണ്‌. അതിനായി കുനിഞ്ഞപ്പോഴേക്കും അവള്‍ ദേഹത്തേക്ക്‌ ചാടിക്കയറി.
എനിക്കൊന്നും കൊണ്ടുവന്നില്ലേ അചേ്‌ഛ?
ഉണ്ടല്ലോ, അച്‌ഛക്കൊരുമ്മ തന്നാല്‍ തരാം !
ഈ കൊടുക്കല്‍ വാങ്ങലും പതിവിലുള്ളതാണ്‌.
എന്റെ കവിളില്‍ ഉമ്മ പാസ്സാക്കി, ഉടന്‍തന്നെ അവള്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ മിഠായി കരസ്‌ഥമാക്കി. അപ്പോഴേക്കും ഭാര്യയുടെ വിളിയെത്തി. മകളെ, അല്‌പം ശാസന കലര്‍ത്തിയാണ്‌ വിളിക്കുന്നത്‌. അടുക്കളയിലേക്കോടാന്‍ തുനിഞ്ഞ മകള്‍ വേഗം തിരികെവന്ന്‌ കട്ടിലില്‍ ഇരുന്ന എന്റെ മടിയില്‍ ചാടിക്കയറി, ഒച്ചയടക്കി പറഞ്ഞു:
അചേ്‌ഛ, അച്‌ഛക്ക്‌ ഞാന്‍ ഉമ്മതന്ന കാര്യം അമ്മയോട്‌ പറയല്ലേ !
എന്താടാ പറഞ്ഞാല്‍?
എനിക്ക്‌ അമ്പരപ്പായി
അമ്മ പറഞ്ഞു, ആണുങ്ങളുടെയടുത്തുപോയി ഇരിക്കരുത്‌, കെട്ടിപ്പിടിക്കാനും ചക്കരയുമ്മ തരാനുമൊന്നും സമ്മതിക്കരുത്‌ എന്നൊക്കെ
പെട്ടെന്ന്‌ ഒരു വല്ലായ്‌മ എന്നെ ബാധിച്ചു.
അച്‌ഛക്ക്‌ മീശയുണ്ടല്ലോ, അച്‌ഛയും ആണല്ലേ അവള്‍ എന്റെ മീശയുടെ അറ്റം പിരിച്ചു കൊണ്ടു പറഞ്ഞു.
എന്തു പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി. ഭാര്യയോട്‌ ദേഷ്യവും തോന്നി. എന്തൊക്കെയാണ്‌ മകളോട്‌ പറഞ്ഞുകൊടുത്തിരിക്കുന്നത്‌? !
പെട്ടെന്ന്‌ മകള്‍ മടിയില്‍നിന്നിറങ്ങി കട്ടിലില്‍ തുറന്നുകിടന്നിരുന്ന പത്രത്തിന്റെ ഒരു പേജ്‌ എടുത്ത്‌ അതില്‍ തൊട്ടു കാണിച്ചു.
അചേ്‌ഛ ഇതില്‍ നോക്ക്യേ.. ഇതിലെ ഒരു കുട്ടീനെ അതിന്റച്ച കൊല്ലാന്‍ നോക്കീന്ന്‌
ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്‌, ഇന്നത്തെ പ്രധാന വാര്‍ത്ത അതായിരുന്നു. അച്‌ഛന്റെ ലൈംഗിക പീഡനത്തില്‍ ആറുവയസ്സുകാരിയുടെ ജീവന്‍ തുലാസിലായ വാര്‍ത്ത
തിരക്കുള്ള, സംഘര്‍ഷഭരിതമായ ജോലിയുടെ ഉത്തരവാദിത്തം മൂലം, വര്‍ത്തമാനപത്രങ്ങള്‍ യഥാസമയം വായിക്കാന്‍ കഴിയാറില്ല. രാവിലെ ആറുമണിയോടെ വീടുവിട്ടിറങ്ങിയാല്‍ ജോലികഴിഞ്ഞെത്തുമ്പോള്‍ വൈകിട്ട്‌ ഏഴുമണിയാകാറാകും. ഇടയ്‌ക്കു ഭക്ഷണസമയത്തു കിട്ടുന്ന ഏതാനും മിനിറ്റുകളില്‍ ഒരു പത്രം, സുഹൃത്തുക്കളുമായി വിഭജിച്ചെടുത്താണ്‌ വായിക്കാറ്‌! പോരാത്തതു വൈകിട്ട്‌ വീട്ടില്‍ വന്നതിനു ശേഷം മാത്രം.
മൊബൈല്‍ റേഞ്ചു കുറവായതിനാല്‍ നെറ്റ്‌വര്‍ക്ക്‌ കഷ്‌ടിയാണ്‌. അങ്ങനെയും വാര്‍ത്താലഭ്യതയില്ല.
ഈ ദുരന്ത വാര്‍ത്ത ജോലിസ്‌ഥലത്ത്‌ അല്‍പനേരം ചര്‍ച്ചാ വിഷയമായെങ്കിലും, ഇത്തരം വാര്‍ത്തകളുടെ സുലഭതയുണ്ടാക്കിയിരിക്കുന്ന പരിചയം മൂലം ക്രമേണ പ്രാധാന്യമില്ലാത്ത ഒന്നായി അതു മാറി. പക്ഷേ ചീന്തിയെറിയപ്പെട്ട ഒരു കുഞ്ഞരിപ്പൂവിന്റെ ഓര്‍മ്മ നെഞ്ചില്‍ ഒരു ആന്തല്‍ കൊണ്ടുവരുന്നുണ്ടായിരുന്നു, ഇടയ്‌ക്കിടെ.
ഭാര്യ ദേഷ്യത്തില്‍ വീണ്ടും മകളെ വിളിച്ചു.
അചേ്‌ഛ, അമ്മയോട്‌ പറയരുത്‌, ട്ടോ
മകള്‍ ഓര്‍മ്മിപ്പിക്കുന്നു.
ഇല്ല എന്ന്‌ ഞാന്‍ മറ്റെന്തോ ഓര്‍ത്തുകൊണ്ട്‌ തലയാട്ടി.
നല്ലച്‌ഛ എന്നു പറഞ്ഞുകൊണ്ട്‌ മകള്‍ ഓടിവന്നു വീണ്ടും മുത്തം തന്നു. പിന്നെ അബദ്ധം പറ്റിയ പോലെ വിരല്‍കടിച്ചുകൊണ്ട്‌ അടുക്കളയിലേക്കോടി.
ഞാന്‍ വീണ്ടും പത്രത്തിലേക്ക്‌ മുഖം തിരിച്ചു. ആറുവയസ്സുകാരി മകളെ സ്വന്തം അച്‌ഛന്‍ നിരന്തരമായി ലൈംഗിക ദുരുപയോഗം ചെയ്‌തു വരികയായിരുന്നത്രെ..കുട്ടിയുടെ പെരുമാറ്റത്തിലും മറ്റും അസ്വാഭാവികത കണ്ടുപിടിച്ച സ്‌കൂള്‍ അധികൃതര്‍, അവളെ മെഡിക്കല്‍ ചെക്കപ്പിനും തുടര്‍ന്ന്‌ കൗണ്‍സിലിംഗിനും വിധേയമാക്കിയപ്പോള്‍ വെളിപ്പെട്ട വിവരങ്ങളാണ്‌ ഞെട്ടിക്കുന്ന സംഗതികളിലേക്കുള്ള ചൂണ്ടുപലകയായത്‌!
ഉച്ചക്ക്‌ വര്‍ത്തയറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ആ അധമനെ മനസ്സില്‍ പലതവണ വധിച്ചു കഴിഞ്ഞിരുന്നു. കൊടുവാളെടുത്ത്‌ അംഗോപാംഗം കൊത്തിയരിഞ്ഞു. കോടാലി കൊണ്ട്‌ അവനെ വിറകുപോലെ കീറിയൊതുക്കി ! തീക്കുണ്ഡത്തിലിട്ട്‌ ചുട്ടെരിച്ചു.. പിന്നീട്‌ മനസ്സ്‌ അടങ്ങിയപ്പോള്‍ ഏതു സ്‌ഫോടനാത്മകമായ വാര്‍ത്തയെയും പോലെ അതിനെയും മനസ്സിന്റെ തണുത്തുമരവിച്ച ഫ്രീസറിലേക്ക്‌ കടത്തി വെച്ചു!
ഭാര്യ മകളുടെ കയ്യില്‍ കാപ്പി കൊടുത്തു വിട്ടു. പതിവില്ലാത്തതാണ്‌ അതും! കാപ്പിയും എന്തെങ്കിലും പലഹാരവും അവള്‍ തന്നെയാണ്‌ കൊണ്ടുവരാറുള്ളത്‌.
ഈ വാര്‍ത്തയുണ്ടാക്കിയ പ്രതിഫലനമാണോ ഭാര്യയുടെ പെരുമാറ്റത്തില്‍ കാണുന്നത്‌?
താന്‍ കടന്നുവന്നപ്പോള്‍ കേട്ട വാചകങ്ങളും, ഇപ്പോള്‍ മകള്‍ എന്നോട്‌ പറഞ്ഞതുമൊക്കെ ആ വാര്‍ത്തയുടെ അനുരണനങ്ങളാണോ?
എന്റെ മനസ്സില്‍ ഇതേവരെയുണ്ടാകാത്ത തരം അസ്വസ്‌ഥത പടര്‍ന്നു...
മകള്‍ക്ക്‌ അത്താഴം കൊടുത്ത്‌, അവളെ ഉറക്കിക്കഴിഞ്ഞതിനു ശേഷമാണ്‌ ഭാര്യ, അടുത്തു വന്ന്‌ ഒന്നുരിയാടിയത്‌.
കഴിക്കാനെടുക്കട്ടെ എന്നു മാത്രം !
അത്താഴം കഴിക്കവേ ഭാര്യ ചോറില്‍ വിരലിട്ടു കറക്കുകയും വല്ലപ്പോഴും ഒരുനുള്ളു വാരി വായിലിടുകയും ചെയ്യുന്നതു കണ്ട്‌ ചോദിച്ചു:
നിനക്കെന്തു പറ്റി?
ഓ.. ഒന്നുമില്ല..
അമ്മ കഴിച്ചോ?
കഴിച്ചു
ഇനി കിടക്കുമ്പോള്‍ ബാക്കി ചോദ്യങ്ങളാകാമെന്നു കരുതി കൂടുതല്‍ സംസാരിക്കാതെ ഭക്ഷണം കഴിച്ചു തീര്‍ത്തു.
കേബിള്‍സര്‍വീസ്‌ രണ്ടു ദിവസമായി നിലച്ചിരുന്നതിനാല്‍ ടിവി കാണല്‍ ഒഴിവാക്കി നേരത്തേ തന്നെ കിടക്ക പൂകി.
അടുക്കളയൊതുക്കി ഭാര്യ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനാല്‍ എഴുന്നേറ്റു ചെന്നു. അടുക്കളക്ക്‌ വെളിയില്‍, ഫോണില്‍ ആരോടോ സംസാരിക്കുകയാണ്‌. സ്‌ഥിരം വിളിക്കുന്ന കൂട്ടുകാരിയാണ്‌ മറുതലയ്‌ക്കല്‍ എന്നു മനസ്സിലായി. എനിക്കൊരു സമാധാനവുമില്ലെടീ.. എങ്ങനെ കുഞ്ഞുങ്ങളെ വളര്‍ത്തും?.. ആരെ വിശ്വസിക്കും?.. സ്വന്തം അച്‌ഛനെ പോലും? !
സംഭാഷണം കേട്ടപ്പോള്‍ അതുവരെയുണ്ടായിരുന്ന അസ്വസ്‌ഥതയുടെ നെരിപ്പോട്‌ ഉള്ളില്‍ ആളിക്കത്താനാരംഭിച്ചു.
മെല്ലെ പിന്‍വാങ്ങി.
മുറിയിലെത്തി കട്ടിലില്‍ തളര്‍ന്നിരുന്നു. മകള്‍ കിടക്കയുടെ നടുവില്‍കിടന്നു ഗാഢമായി ഉറങ്ങുന്നു. ഞങ്ങളുടെ ഇടയില്‍ കിടത്തിയാണ്‌ ഉറക്കാറ്‌. അല്ലെങ്കില്‍ ഞെട്ടിയുണര്‍ന്നു കരയും, രാത്രിയില്‍.
ഭാര്യ വരുമ്പോള്‍ ഇനിയൊന്നും ചോദിക്കേണ്ട എന്നു തോന്നി. അവളുടെ ആശങ്കയും ആധിയും മനസ്സിലാക്കാന്‍ സാധിക്കും. അത്‌, ഒരു മനുഷ്യന്‍ എന്നനിലയില്‍ എന്റെയും വ്യാകുലതയാണ്‌. ഒരു കൊച്ചുപെണ്‍കിടാവിന്റെ അച്‌ഛനെന്ന നിലയില്‍ ഉള്ളുലയ്‌ക്കുന്ന അന്ധാളിപ്പും !
അതേസമയം, ഈ ലോകത്തിലെ പുരുഷവര്‍ഗ്ഗത്തിന്റെ പ്രതിനിധിയെന്ന നിലയിലും, അതേപോലെ ഒരു പിതാവ്‌ എന്ന സമാനസ്‌ഥാനത്തു നില്‍ക്കുന്ന ആള്‍ എന്ന നിലയിലും ഈ കൊടും പാപത്തിന്റെ ഉത്തരവാദിത്വത്തിന്റെ ഒരംശമേല്‍ക്കാന്‍, അതില്‍ കുറ്റബോധം തോന്നാന്‍ ഞാനും ബാധ്യസ്‌ഥനല്ലേ?
ചിന്തകള്‍ അങ്ങനെ വഴിതിരിഞ്ഞപ്പോള്‍ തോന്നി, ഭാര്യയുടെ ഫോണ്‍ സംഭാഷണത്തിലെ സ്വന്തം അച്‌ഛനെ പോലും വിശ്വസിക്കാന്‍ വയ്യാ എന്ന പ്രയോഗത്തിനു പിന്നില്‍ ഈ ഒരു വിരല്‍ചൂണ്ടല്‍ ഉണ്ടെന്ന്‌ !
ഭാര്യ വന്നപ്പോള്‍ വെറുതെ കണ്ണടച്ചു കിടന്നു.
എതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ ലൈറ്റണച്ചു കിടന്നു.
നല്ല ക്ഷീണമുണ്ടെങ്കിലും ഉറക്കം വരുന്നില്ല. മനസ്സിന്‌ സ്വസ്‌ഥതയില്ല. ഇനിമേല്‍ സ്‌ഥാനം സുസ്‌ഥിരമെന്നു ധരിച്ചുവശായിട്ട്‌ സ്‌ഥാനഭ്രഷ്‌ടനാക്കപ്പെട്ടപോലെ ഒരു മൗഢ്യം!
വല്ലാത്ത അന്യതാബോധം!
സത്യത്തില്‍ ഭാര്യയുടെ പതിവിനു വിപരീതമായ പെരുമാറ്റവും, മകളുടെ സംസാരവും പത്രവാര്‍ത്തയും ഫോണ്‍ സംഭാഷണവുമെല്ലാം എന്നെ അനിയന്ത്രിത ചിന്തകളുടെ മഹാകാശത്തില്‍ എത്തിച്ചിരിക്കുകയാണ്‌.
സാധാരണ കിടക്കുന്നതോടെ ഉറങ്ങാറുള്ളവള്‍ ഇപ്പോള്‍ സമയമേറെയായിട്ടും ഉറങ്ങാത്തതെന്തെന്‌ അതിശയിച്ചു. കുഞ്ഞിന്റെ നേര്‍ക്കു തിരിഞ്ഞ്‌ അവളെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്‌.
ഇരുട്ടില്‍ മങ്ങിക്കാണുന്ന കണ്ണുകളില്‍ ആശങ്കയാണോ?
എതാനും നിമിഷങ്ങള്‍കൊണ്ട്‌ പരസ്‌പരം ഒരു വലിയ അപരിചിതത്വത്തിന്റെ വിടവുണ്ടായതുപോലെ..
അവള്‍ക്ക്‌ എന്നില്‍ എന്തെങ്കിലും അവിശ്വാസമുണ്ടോ?
ഞാനെന്ന പുരുഷന്‍ മകളുടെ ഓരം ചേര്‍ന്നു കിടക്കുന്നത്‌, ഇനിമുതല്‍ അവളെ നിദ്രാവിഹീനയാക്കുമെന്ന്‌ എനിക്കു തോന്നി.
ഞാന്‍ അവളെത്തന്നെ എതാനും നിമിഷം നോക്കിക്കിടന്നു. പിന്നെ പറഞ്ഞു :
മോളെ എടുത്ത്‌ നിന്റെ അപ്പുറത്ത്‌ കിടത്ത്‌
അവള്‍ വീര്‍പ്പടക്കി അനങ്ങാതെ കിടന്നു.
പറഞ്ഞതു കേട്ടില്ലേ, മോളെ എന്റെ അടുത്തുനിന്നും മാറ്റിക്കിടത്താന്‍ !
എന്റെ ശബ്‌ദം പരുഷമായപ്പോള്‍ അവള്‍ മോളെ ഒരു വശത്തേക്ക്‌ നീക്കിക്കിടത്തി. അപ്പോഴേക്കും എന്റെ കണ്ണുകള്‍ നിറഞ്ഞു.
ഇനി എന്റെ കുഞ്ഞിനെ എനിക്ക്‌ സ്വാതന്ത്ര്യത്തോടെ ഓമനിക്കാന്‍ ആവില്ലേ?
അവളെ നെഞ്ചില്‍ കിടത്തിയുറക്കാനും പൊന്നുമ്മ കൊടുക്കാനും സാധിക്കില്ലേ? !
എനിക്ക്‌ ആ കുടിലനായ പിതാവിനോട്‌ വളരെയധികം വെറുപ്പും കോപവും തോന്നി. ഇവനെപ്പോലെയുള്ള പിശാചുക്കള്‍ മൂലം അസ്‌തിത്വം നഷ്‌ടപ്പെടുന്ന പിതൃത്വത്തിന്റെ നിസ്സഹായത ഈ ലോകം തിരിച്ചറിയുമോ?
എങ്ങിനെയൊക്കെയോ രാത്രിയെ തള്ളിനീക്കി നേരം വെളുപ്പിച്ചു.
ഇന്ന്‌ ഞായറാഴ്‌ച ആണ്‌. ജോലി അവധി.
അടുക്കളയില്‍ പാത്രങ്ങള്‍ പെരുമാറുന്ന ശബ്‌ദം. മകള്‍ ഉറക്കത്തില്‍ തന്നെയാണ്‌. എന്നത്തേയും പോലെ കുഞ്ഞിനെ ചേര്‍ത്തുപിടിച്ചു കുറേനേരം കൂടി കിടക്കാന്‍ കൊതി തോന്നി. അറിയാതെ കൈ നീണ്ടു. അപ്പോഴേക്കും ഭാര്യയുടെ പാദപതനം കേട്ടു. ഞാന്‍ വേഗം പിന്മാറി പുതച്ചു കിടന്നു. പുതപ്പിനുള്ളില്‍ ഞാന്‍ എന്നോടുതന്നെ സംസാരിച്ചു:
-എന്തിനാണീ വേവലാതി? അതിനുള്ള എന്തു സംഭവങ്ങള്‍ ഉണ്ടായി? ഈ ലോകത്ത്‌ എന്തെല്ലാം വിചിത്രവും, ഭയാനകവും അപലപനീയവുമായ സംഗതികള്‍ നടക്കുന്നു. അതിനൊക്കെ എനിക്കെങ്ങനെ ഉത്തരവാദിത്തം ഉണ്ടാകും?
പെട്ടെന്ന്‌ ടിവി ഓണ്‍ ആയ ശബ്‌ദം കേട്ടു. ഭാര്യയാണ്‌. കേബിള്‍ കണക്ഷന്‍ തിരികെ വന്നിരിക്കുന്നു. വാര്‍ത്താ ചാനലാണ്‌ വച്ചിരിക്കുന്നത്‌. ഞാന്‍ കാതോര്‍ത്തു.
മിനിഞ്ഞാന്ന്‌ നടന്ന ആറുവയസ്സുകാരി മരണപ്പെട്ട സംഭവത്തില്‍ കുറ്റവാളിയായി ആരോപിക്കപ്പെട്ട പിതാവ്‌ കുറ്റവാളിയല്ലെന്നാണ്‌ പുതിയ കണ്ടെത്തല്‍. എന്നാല്‍ കുട്ടിയുടെ അമ്മയുടെ കാമുകനായ നഗരവാസിയാണ്‌ ഈ കൃത്യം നടത്തിയതെന്നും കാമുകന്റെ ഭീഷണിയുടെ സമ്മര്‍ദ്ദത്തിലാണ്‌ കുട്ടിയുടെ അമ്മ ഇതിനു കൂട്ടു നിന്നതെന്നും പോലീസ്‌ വെളിപ്പെടുത്തിയിരിക്കുന്നു.
ഞാന്‍ പുതപ്പ്‌ ആകാശത്തേക്ക്‌ വലിച്ചെറിഞ്ഞ്‌ കട്ടിലില്‍ ഉയര്‍ത്തെഴുന്നേറ്റു
ഭാര്യ തുറിച്ച കണ്ണുകളോടെ ടെലിവിഷനില്‍ തന്നെ നോക്കി നില്‍ക്കുകയാണ്‌.
വാര്‍ത്ത തുടര്‍ന്നു :
ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്യപ്പെട്ട കുട്ടിയില്‍ നിന്നും സത്യം വെളിപ്പെടാന്‍ സാധ്യതയുണ്ടെന്ന്‌ മനസ്സിലാക്കിയ അമ്മതന്നെയാണ്‌, കാമുകന്റെ നിര്‍ദേശപ്രകാരം കുട്ടിയെക്കൊണ്ട്‌ അച്‌ഛന്റെ പേര്‌ നിര്‍ദേശിപ്പിച്ചത്‌.. അല്ലെങ്കില്‍ കുട്ടിയെ കൊന്നുകളയുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു
ഞാന്‍ ആനന്ദാതിരേകത്തില്‍ കട്ടിലില്‍ എഴുന്നേറ്റു നിന്നു. പിന്നെ ഉറങ്ങിക്കിടക്കുന്ന മകളെ വാരിയെടുത്തു നെഞ്ചോടണച്ചു നെറ്റിയില്‍ മുകര്‍ന്നു. പിന്നെ നഷ്‌ടമായതെന്തോ തിരിച്ചു കിട്ടിയ ഭാവത്തില്‍ കട്ടിലില്‍ ഒന്നു കറങ്ങിയിരുന്നു.
അമ്മേടെ കാമുകന്‍ പോലും...
ഞാന്‍ ചിരിച്ചുകൊണ്ടു മുരണ്ടു.
ഭാര്യ പെട്ടെന്ന്‌ തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരിക്കുന്നതു കണ്ടു. എന്നോട്‌ അങ്ങനെ പെരുമാറിയതിന്റെ കുറ്റബോധം !
അച്‌ഛനെ പോലും വിശ്വസിക്കാന്‍ വയ്യാ എന്നു വിലപിച്ചതിന്റെ പശ്‌ചാത്താപം!
ഞാന്‍ മകളെയെടുത്തുകൊണ്ട്‌ അവളുടെ സമീപം ചെന്നു. മകള്‍ ഉണര്‍ന്നു കഴിഞ്ഞിരുന്നു. ഞാന്‍ ഭാര്യയെ വലംകൈകൊണ്ട്‌ മാറോടു ചേര്‍ത്തു. പിന്നെ -സാരമില്ലെടീ, എനിക്കതൊക്കെ മനസ്സിലാക്കാനാകും, അങ്ങനല്ലേ ഒരു ഭര്‍ത്താവ്‌ വേണ്ടത്‌ -എന്നൊക്കെ പറയാനായി വാ തുറന്നു.
അപ്പോള്‍ അവള്‍ ആദ്യമായി സംസാരിച്ചു:
അച്‌ഛനല്ലെങ്കില്‍, അമ്മയുടെ കാമുകന്‍, അല്ലെങ്കില്‍ അപ്പൂപ്പന്‍.. അതുമല്ലെങ്കില്‍ ചിറ്റപ്പനോ മാമനോ....ആരായാലും ആണല്ലേ...ഈ വര്‍ഗ്ഗം എന്താണിങ്ങനെ?
അവള്‍ വിതുമ്പിക്കൊണ്ട്‌ എന്റെ നെഞ്ചില്‍ മുഖം ചേര്‍ത്തു. പിന്നെ ശബ്‌ദമില്ലാതെ കരയാന്‍ തുടങ്ങി. ഞാന്‍ സംശയത്തോടെ അവളെ നോക്കി. എന്നെ ചുറ്റിപ്പിടിച്ചുകൊണ്ട്‌ കരച്ചില്‍ തുടരുകയാണ്‌. ഞാന്‍ അവളറിയാതെ എന്റെ നെഞ്ചില്‍ ഒന്നു തൊട്ടു നോക്കി. എന്റെ നെഞ്ച്‌, പെണ്ണിന്‌ മുഖം ചേര്‍ത്തു കരയാന്‍ പാകത്തിലുള്ള ഒരാണിന്റെ നെഞ്ചു തന്നെയല്ലേ?
ഞാന്‍, എന്റെ നെഞ്ചില്‍ വിരലമര്‍ത്തി അവള്‍ക്കു മാത്രം കേള്‍ക്കാന്‍ പാകത്തില്‍ മന്ത്രിച്ചു: -അവിടെ തൊട്ടാല്‍ ബാഡ്‌ ടച്ച്‌ ആണോ?
അവള്‍ കള്ളപ്പരിഭവത്തില്‍ എന്നെ ഒന്നു നോക്കിയിട്ട്‌, നെഞ്ചില്‍ മെല്ലെ പല്ലിറുക്കി. പിന്നെ അരുമയോടെ അവിടെ ഉമ്മ വെച്ചു.

ആര്‍.ബി.കെ. മുതുകുളം
മൊ: 9526698920

Ads by Google
Saturday 15 Jun 2019 11.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW