Saturday, June 15, 2019 Last Updated 24 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 11.01 PM

ഷെയ്‌ന് ഹാട്രിക്ക്‌..!

uploads/news/2019/06/315122/sun4.jpg

വിജയസോപാനത്തിലേറിയ പല അച്‌ഛന്‍മാരുടെയും മക്കള്‍ പരാജയത്തിന്റെ കയ്‌പുനീര്‍ കുടിച്ച അനുഭവത്തിന്‌ സാക്ഷ്യം പറഞ്ഞ മേഖലയാണ്‌ സിനിമ. പ്രേംനസീറിന്റെ മകന്‍ ഷാനവാസും കെ.പി. ഉമ്മറിന്റെ മകന്‍ റഷീദും എം.ജി. സോമന്റെ മകന്‍ സജിയും അടക്കം പല വന്‍മരങ്ങളുടെയും മക്കള്‍ സിനിമയില്‍ ക്ലച്ച്‌ പിടിക്കാതെ പോയി.
സുകുമാരന്റെ മക്കള്‍ മാത്രമാണ്‌ ഇതിന്‌ ഒരു അപവാദം. മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും ഫാസിലിന്റെയും മക്കള്‍ക്കും ഈ അവകാശവാദം ഉന്നയിക്കാം. എന്നാല്‍ ഇവിടെയെല്ലാം പൊതുവായ ഒരു പ്രത്യേകതയുണ്ട്‌. വിജയിച്ചവരുടെ മക്കള്‍ വിജയം ആവര്‍ത്തിക്കുകയായിരുന്നു ഇവിടെ. എന്നാല്‍ അസാധാരണമായ കഴിവുകള്‍ ഉണ്ടായിട്ടും അര്‍ഹിക്കുന്ന ഉയരങ്ങളില്‍ എത്താന്‍ സാധിക്കാതെ പോയ കലാകാരനാണ്‌ അബി. അദ്ദേഹത്തിന്റെ മകന്‍ ഷെയ്‌ന്‍ നിഗം അഭിനയരംഗത്ത്‌ എത്തിയപ്പോള്‍ നെറ്റി ചുളിച്ചവര്‍ ഏറെയുണ്ട്‌.
ബാപ്പയ്‌ക്ക് കഴിഞ്ഞില്ല പിന്നെയാ മകന്‍ എന്ന പുച്‌ഛമുണ്ടായിരുന്നു പലരുടെയും ശരീരഭാഷയില്‍. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്‌ വളരെ കുറഞ്ഞ ചെലവില്‍ താരസമ്പന്നതയില്ലാതെ പൂര്‍ത്തിയാക്കിയ കിസ്‌മത്ത്‌ എന്ന ചിത്രം അപ്രതീക്ഷിത വിജയം നേടി. ഒരു ചക്ക വീണ്‌ മുയല്‌ ചത്തെന്നു കരുതി എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ലല്ലോയെന്നാണ്‌ പലരും പ്രതികരിച്ചത്‌. പിന്നാലെ വന്ന കെയര്‍ ഓഫ്‌ സൈറാബാനു എന്ന സിനിമയില്‍ ഷെയ്‌ന്‍ നായകനായിരുന്നില്ലെങ്കിലും ശ്രദ്ധേയ വേഷമായിരുന്നു. മഞ്ചു വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ ഷെയ്‌ന്റെ മികച്ച പ്രകടനം വ്യാപകമായി പ്രശംസിക്കപ്പെട്ടു.
വീണ്ടും ഷെയ്‌ന്‍ പ്രധാനവേഷത്തിലെത്തുന്നത്‌ ദിലീഷ്‌ പോത്തന്റെ ശിഷ്യന്‍ മധു.സി.നാരായണന്‍ അണിയിച്ചൊരുക്കിയ കുമ്പളങ്ങി നൈറ്റ്‌സിലാണ്‌. ചിത്രം വന്‍വിപണനവിജയത്തിനൊപ്പം വ്യാപകമായ അഭിപ്രായവും നേടി. ഈ ചിത്രത്തിലും ഷെയ്‌ന്‍ അസൂയാവഹമായ പ്രകടനം കാഴ്‌ച വച്ചു. ഏറ്റവും ഒടുവില്‍ ഷെയ്‌ന്‍ നായകനായി പുറത്തു വന്ന ഇഷ്‌ക് എന്ന സിനിമയില്‍ ആര്‍ക്കും തന്നെ കാര്യമായ പ്രതീക്ഷയുണ്ടായിരുന്നില്ല. കാര്യമായ താരസാന്നിദ്ധ്യമില്ലാത്ത ഒരു ലോബജറ്റ്‌ ചിത്രം. വലിയ പരസ്യകോലാഹലങ്ങളില്ലാതെ തീര്‍ത്തും നിശ്ശബ്‌ദമായ റിലീസ്‌. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട്‌ സിനിമ ഹിറ്റായി. നല്ല ചിത്രമെന്ന അഭിപ്രായവും സ്വന്തമാക്കി.
വന്‍താരങ്ങള്‍ പോലും തുടര്‍ച്ചയായി വീഴുന്ന അവസ്‌ഥയില്‍ ഹാട്രിക്‌ വിജയം സ്വന്തമാക്കിയ ഷെയ്‌ന്‍ വിപണനമൂല്യമുള്ള താരമായി പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. സൂപ്പര്‍ സംവിധായകര്‍ ഉള്‍പ്പെടെയുളളവര്‍ ഷെയ്‌ന്റെ ഡേറ്റിനായി കാത്തുനില്‍ക്കുന്നു. തനിക്ക്‌ നിഷേധിക്കപ്പെട്ട അംഗീകാരങ്ങള്‍ മകന്‍ സ്വന്തമാക്കുമ്പോള്‍ അബിയുടെ ആത്മാവ്‌ ഒരുപക്ഷെ നന്മകളുടെ സ്വര്‍ഗ്ഗത്തിലിരുന്ന്‌ ചാരിതാര്‍ത്ഥ്യത്തോടെ മന്ദഹസിക്കുകയാവാം.

എസ്‌. നന്ദകിഷോര്‍

Ads by Google
Saturday 15 Jun 2019 11.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW