Saturday, June 15, 2019 Last Updated 24 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 11.01 PM

വെയിലും മഴയും ...

uploads/news/2019/06/315121/sun3.jpg

ബഡ്‌ചായയില്‍ രണ്ട്‌ പെഗ്‌ റം ഒഴിച്ച്‌ തണുപ്പിച്ച്‌ ഒറ്റവലിക്ക്‌ അകത്താക്കുന്നതോടെ പൈതലിന്റെ ദിവസം ആരംഭിക്കുന്നു. എല്ലാ ജോലികളും നേരിട്ടു ചെയ്യുന്ന പൈതലിന്റെ നിര്‍ബന്ധമാണ്‌, ബഡ്‌റ്റീ മറ്റാരെങ്കിലും ഉണ്ടാക്കണമെന്നുള്ളതും തനിക്ക്‌ കിട്ടണമെന്നുളളതും.
പൈതലിന്റെ ശേഖരത്തില്‍ എപ്പോഴും മദ്യമുണ്ടായിരുന്നു.
ആ മദ്യം ആര്‍ക്കും ഉപയോഗിക്കുകയും ചെയ്യാം.
ആഴ്‌ചയില്‍ മൂന്നു ദിവസം അതര്‍ റാങ്കുകാര്‍ക്കുള്ള നിയന്ത്രിത ക്വാട്ടാ മതിയാകുമായിരുന്നില്ല പൈതലിന്‌. പൈതലിന്‌ മദ്യം വേണം. മദ്യലഹരിയില്ലാതെ പൈതലിന്‌ ജീവിതമില്ലായിരുന്നു.
ജെസിഓസ്‌ മെസില്‍ നിന്നോ, ഓഫീസേഴ്‌സിന്റെ പ്രത്യേക കുറിപ്പുവാങ്ങി കാന്റീനില്‍ നിന്നോ പൈതല്‍ മദ്യം സംഘടിപ്പിച്ചു. ഓഫീസേഴ്‌സിന്റെ കുറിപ്പുണ്ടെങ്കില്‍ കാന്റീനില്‍ നിന്ന്‌ മദ്യം കിട്ടും. ഓഫീസേഴ്‌സിനുള്ള വിശേഷാധികാരമാണത്‌.
പ്ലീസ്‌ ഇഷ്യൂ വണ്‍ ബോട്ടില്‍ റം ടു ടെലഫോണ്‍ ഓപ്പറേറ്റര്‍ പൈതല്‍ ഓണ്‍ ക്യാഷ്‌ പെയ്‌മെന്റ്‌...
സിഗ്നല്‍ സെന്റര്‍ സ്‌റ്റാഫിനോട്‌ ഓഫീസേഴ്‌സിന്‌ പ്രത്യേക മമതയുണ്ട്‌. വ്യക്‌തിപരമായ മെസേജുകളും ഫോണ്‍ കോളുകളും കൃത്യമായി കിട്ടണമെന്നുള്ളത്‌ കൊണ്ടുളള കൊടുക്കല്‍വാങ്ങലാണത്‌. സൈനികസേവനത്തിലുള്ള ബന്ധുക്കളുമായി വയര്‍ലസിലൂടെ സംസാരിക്കാനുള്ള അവസരങ്ങളും ഉണ്ടാക്കിക്കൊടുക്കും.
പൈതല്‍ ഓഫീസറെ കാണാന്‍ ചെല്ലുകയില്ല.
ഫോണ്‍ ചെയ്യും.
ഓഫീസ്‌ ബോയി പയനിയര്‍ ബാലനെ ചട്ടം കെട്ടും. ബാലനും പതിവുകളുണ്ട്‌. കുറിപ്പു വാങ്ങി, ഡ്യൂട്ടിക്കുശേഷം ക്യാമ്പിലേക്ക്‌ ചെന്ന്‌ കാന്റീനില്‍ നിന്നും മദ്യം വാങ്ങിയിട്ടേ പൈതലിന്റെ അടുത്തേക്കു ബാലന്‍ ചെല്ലൂ.
ആ കുപ്പിയില്‍ നിന്നോ, നീക്കിയിരിപ്പില്‍ നിന്നോ രണ്ടുപെഗ്‌് കിട്ടണമെന്നുള്ളത്‌ ബാലന്റെ ആവശ്യവും അവകാശവുമാണ്‌.
സുബേദാര്‍ മേജറും പൈതലിനെ, ആവശ്യാനുസരണം മദ്യം കൊടുത്ത്‌ സഹായിച്ചു. പൈതലിനോട്‌ സുബേദാര്‍ മേജര്‍ക്ക്‌ സഹതാപമായിരുന്നു
പ്രഭാതം മുതല്‍ മദ്യപാനമുള്ള പൈതല്‍, ഡ്യൂട്ടിയില്‍ അശ്രദ്ധ കാട്ടിയിട്ടില്ല. ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നല്ല, ശബ്‌ദമുയര്‍ത്തി സംസാരിച്ചിട്ടുമില്ല.
ഒരേ ഭാവം. പെരുമാറ്റം.
ശാന്തം.
പൈതല്‍ നല്ലവന്‍. ശാന്തശീലന്‍. ഉത്തരവാദിത്വബോധമുള്ളവന്‍.
അപ്രതീക്ഷിതമായിരുന്നു പൈതലിന്റെ ആ പെരുമാറ്റം.
പെരുമാറ്റരീതി മറന്ന പൈതല്‍ കമഴ്‌ന്നുവീണ്‌, കേണല്‍ സാബിന്റെ കാലില്‍ കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരഞ്ഞു.
അപ്പോള്‍ പൈതല്‍ മദ്യപിച്ചിരുന്നില്ല. മദ്യപിക്കാത്തതിന്റെ ഹാങ്ങോവര്‍ ഉണ്ടായിരുന്നു താനും.
കേണല്‍സാബും ക്യാംപ്‌ ഓഫീസര്‍ ക്യാപ്‌റ്റന്‍ ജോസഫും സുബേദാര്‍ മേജറും അമ്പരന്നു. പൈതലിന്റെ അപ്രതീക്ഷിത പെരുമാറ്റം അവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
ക്യാ.. ക്യാ ഹുവാ...
അവര്‍ മൂവരും ഒരേസമയത്ത്‌ അമ്പരപ്പോടെ ചോദിച്ചു. പരസ്‌പരം നോക്കി.
സിഒ സാബ്‌ വിളിച്ചിരിക്കുന്നു ചെന്ന്‌ കാണണമെന്ന്‌ പൈതലിനെ അറിയിച്ചത്‌ സുബേദാര്‍ നേരിട്ടായിരുന്നു.
നിന്റെ സ്വഭാവം ശരിയല്ലെന്ന്‌ സിഒ സാബിന്‌ പരാതി കിട്ടിക്കാണും...
സിഒ സാബ്‌ വിളിക്കുന്നു എന്നു കേട്ട്‌ അമ്പരന്ന പൈതലിനെ സുബേദാര്‍ മേജര്‍ ഓര്‍മ്മിപ്പിച്ചു:
കുടിച്ചിട്ട്‌ കേണല്‍ സാബിന്റെ മുമ്പിലേക്കു ചെല്ലരുത്‌...
അതേ, നിന്റെ ശീലങ്ങള്‍ കേണല്‍ സാബ്‌ അറിഞ്ഞിരിക്കുന്നു എന്ന്‌ തീര്‍ച്ച...
പൈതലിനെ പ്രതിയാക്കിയും ഗൗരവം ചോരാതെ സംസാരിക്കുമ്പോഴും സുബേദാര്‍ മേജര്‍ക്ക്‌ പൈതലിനോട്‌ സഹതാപമായിരുന്നു. എന്നാല്‍, എന്തു കാരണത്താലാണ്‌ പൈതലിനെ സിഒ വിളിപ്പിച്ചിരിക്കുന്നതെന്ന്‌ സുബേദാര്‍ മേജര്‍ക്ക്‌ അറിയുകയുമില്ലായിരുന്നു. ക്യാമ്പ്‌ ഓഫീസറായിരുന്നു പൈതലിനെ വിളിപ്പിക്കാനുള്ള നിര്‍ദ്ദേശം സുബേദാര്‍ മേജര്‍ക്കു കൊടുത്തത്‌.
കുഴപ്പക്കാരനോടെന്നപോലെ ഉണ്ണി നിരാശയോടെയും സഹതാപത്തോടെയും പൈതലിനെ നോക്കി. ഞാനെത്രയോ പ്രാവശ്യം ഉപദേശിച്ചു. നീ കേട്ടില്ല.
സിഗ്നല്‍സ്‌ സ്‌റ്റാഫ്‌ എഫിഷ്യന്റും ഡിസിപ്ലിന്‍ഡും ആണെന്നുള്ള അംഗീകാരമാണ്‌ തകര്‍ക്കപ്പെട്ടിരിക്കുന്നത്‌.
ആരായിരിക്കും ഒറ്റുകാരന്‍.
പൈതലും ഉണ്ണിയും സംശയിച്ചു.
സുബേദാര്‍ മേജറോ ക്യാമ്പ്‌ ഓഫീസറോ ആകാനിടയില്ല. അവരും മദ്യം കൊടുത്ത്‌ പൈതലിനെ സഹായിക്കാറുള്ളതാണല്ലോ?
നിശ്‌ചിതസമയത്തിന്‌ മുമ്പേ പൈതല്‍ ഓഫീസിലെത്തി. ഓഫീസും പരിസരങ്ങളും പൈതലിന്‌ അപരിചിതമായിരുന്നു. ഓഫീസ്‌ സൂപ്രണ്ട്‌ സുബേദാര്‍ മാത്യുവിന്റെ ഓഫീസിനും ഡെസ്‌പാച്ച്‌ സെക്ഷനുമിടയിലെ മുറ്റത്ത്‌, അലട്ടുന്ന ചിന്തകളുമായി പൈതല്‍ വെയില്‍ കാഞ്ഞു. ഡിസംബറിലെ പ്രഭാത വെയിലിന്റെ നേര്‍ത്ത ചൂട്‌ പൈതലിന്‌ ആസ്വാദ്യകരമായി തോന്നിയില്ല.
വളരെക്കാലത്തിനു ശേഷമാണ്‌ പൈതല്‍ ഔദ്യോഗികവേഷമണിയുന്നത്‌. ജംഗിള്‍ഷൂവും പശയിട്ടുതേച്ച പാന്റ്‌സും ഷര്‍ട്ടും തൊപ്പിയും പൈതലിനെ വിഷമിപ്പിക്കുന്നുണ്ട്‌.
ഡെസ്‌പാച്ചു സെക്ഷനോടു ചേര്‍ന്നുള്ള മുറിയില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ സുബേദാര്‍ മേജറുമുണ്ടായിരുന്നു. അറ്റന്‍ഷനായി സല്യൂട്ട്‌ ചെയ്‌ത് തന്റെ സാന്നിദ്ധ്യം പൈതല്‍ അറിയിച്ചിട്ടുണ്ട്‌.
അദ്ദേഹത്തിനും പതിവില്ലാത്ത ഗൗരവമുണ്ടെന്ന്‌ പൈതലിനു തോന്നി.
സുബേദാര്‍ മേജര്‍ പഞ്ചപാവമാണെന്ന്‌ പൈതലിനറിയാം. പഞ്ചപാവമായ സുബേദാര്‍ മേജര്‍, പക്ഷേ, പൈതലിന്റെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റമെന്താണെന്ന്‌ പറയാന്‍ മടിച്ചു.
അദ്ദേഹവും മദ്യപിക്കും.
ഞായറാഴ്‌ച മാത്രമേ മദ്യപിക്കൂ.
രസകരമാണ്‌ അദ്ദേഹത്തിന്റെ മദ്യപാന രീതി.
മെസ്‌ബോയിയെ വിട്ട്‌ ഒരു കോഴിയെ വാങ്ങിപ്പിക്കും. നല്ല രീതിയില്‍, മലയാളി സ്‌റ്റൈലില്‍ ഉപ്പും, എരിവുമൊക്കെ ചേര്‍ത്ത്‌ കറിയുണ്ടാക്കുന്നത്‌ ഓഫീസ്‌ ബോയി പയനിയര്‍ ബാലനാണ്‌.
കീഴ്‌ജീവനക്കാരാണ്‌ പയനിയര്‍ റാങ്കുകാര്‍. റോഡു നിര്‍മ്മാണത്തിനാവശ്യമായ മനുഷ്യശക്‌തിയാണ്‌ പയനിയര്‍ റാങ്കുകാര്‍.
പയനിയര്‍ കമ്പനികളും യൂണിറ്റുകളുമുണ്ട്‌. അല്ലറ ചില്ലറയായ പണികള്‍ക്കെല്ലാം പയനിയര്‍ റാങ്കുകാരെയാണ്‌ നിയോഗിക്കാറുള്ളത്‌. പ്യൂണും പാചകക്കാരും അലക്കുകാരുമെല്ലാം പയനിയര്‍ റാങ്കുകാരായിരുന്നു.
രാവിലെ ഗുരുദ്വാരയില്‍ പോയി പ്രാര്‍ത്ഥിച്ച്‌ പ്രസാദമായ പൂരിയും ഹല്‍വയും കഴിച്ച്‌ ഗുരുദ്വാരയില്‍ വരുന്നവരോടൊക്കെ പദവി വ്യത്യാസങ്ങളില്ലാതെയുള്ള കുശലാന്വേഷണങ്ങള്‍ക്കു ശേഷം പത്ത്‌ പത്തരയോടെ സുബേദാര്‍ മേജര്‍ മെസില്‍ തിരിച്ചെത്തും.
സാബെത്തിയെന്നറിഞ്ഞാലുടന്‍ ബാലന്‍ മുറിയുടെ വാതില്‍ക്കലെത്തി സല്യൂട്ട്‌ ചെയ്‌ത് മുഖം കാണിക്കും.
സത്‌ശ്രിക്കാല്‍ സാബ്‌..
റാം, റാം... ബാലൂ....
ബാലനെ അന്ന്‌, ഞായറാഴ്‌ച ബാലുവെന്നേ സുബേദാര്‍ മേജര്‍ വിളിക്കൂ. ഹൈന്ദവനായ ബാലനോട്‌ റാം, റാമെന്നേ സിഖുകാരനായ സുബേദാര്‍ മേജര്‍ പ്രത്യഭിവാദനം ചെയ്യുകയുമുള്ളൂ.
കഴുകിവച്ചിരിക്കുന്ന ഗ്ലാസ്‌ ഒന്നുകൂടി കഴുകി ടീപ്പോയില്‍ ബാലന്‍ വയ്‌ക്കും. ഒഴിവുദിന മദ്യപാനത്തിനായി നാലു കുപ്പി റമ്മെങ്കിലും മെസില്‍ നിന്ന്‌ വരുത്തി വച്ചിട്ടുണ്ടാകും. സീപേരറ്റ്‌ റമ്മാണ്‌ സുബേദാര്‍ മേജര്‍ക്ക്‌ ഇഷ്‌ടം. ഓരോ കുപ്പിയുമെടുത്ത്‌ ലേബലിലേക്ക്‌ ഒരു നിമിഷം ശ്രദ്ധിച്ചു നോക്കിയിട്ട്‌ ഒന്നിന്റെ മൂട്ടില്‍ രണ്ട്‌ തട്ട്‌ തട്ടി, അടപ്പ്‌ പിരിച്ച്‌ ബാലന്‍ കുപ്പി തുറക്കും.
കുപ്പിയിലേക്ക്‌ മുഖം കുനിച്ച്‌ റമ്മിന്റെ മണം ആസ്വദിക്കും.
അങ്ങനെ മറ്റ്‌ മൂന്നു കുപ്പികളും...
ഗ്ലാസിന്റെ മുക്കാലും റം ഒഴിച്ചു വച്ചിട്ട്‌, മെസിലേക്കു പോയി ഇറച്ചിക്കറി പകര്‍ന്ന്‌ കൊണ്ടുവരും. അപ്പോഴേക്കും സുബേദാര്‍ മേജര്‍ സാബ്‌ ഗ്ലാസ്‌ കാലിയാക്കിയിരിക്കും. വെള്ളമൊഴിക്കുകയില്ല. ആ ഒരു ഗ്ലാസ്‌ മദ്യത്തിന്റെ വീര്യവുമായി സുബേദാര്‍ മേജര്‍ സാബ്‌ പരിശോധനക്കിറങ്ങും. സുബേദാര്‍ മേജറാണ്‌ ജെസിഓസ്‌ മെസിലെ സീനിയര്‍ മെമ്പര്‍. സീനിയര്‍ മെമ്പര്‍ മെസ്‌ പ്രസിഡന്റുമായിരിക്കും.
പാചകപ്പുരയിലേക്കാദ്യം പോകും. ചില നിര്‍ദ്ദേശങ്ങള്‍ക്കു ശേഷം, ഡൈനിംഗ്‌ ഹാളില്‍ കയറി ചുറ്റിനും നോക്കുമ്പോഴേക്കും ബാലന്‍ വരാന്തയിലെത്തിയിട്ടുണ്ടാകും. സാബിന്റെ മുറിയിലെ ചാരുകസേരക്കരുകിലേക്ക്‌ ടീപ്പോയി നീക്കിയിട്ട്‌ കറിയും കുപ്പികളും ഒരുക്കിവച്ചിട്ടായിരിക്കും ബാലന്റെ വരവ്‌. മൂന്ന്‌ പെഗെങ്കിലും അതിനോടകം ബാലന്‍ വലിച്ചകത്താക്കിയിരിക്കും.
മീശ പിരിച്ചുകൊണ്ടാണ്‌ അപ്പോള്‍ ബാലന്‍ നില്‌ക്കുക.
ലേബര്‍ ക്യാമ്പിലേക്ക്‌ സാബ്‌ പോകുന്നുണ്ടെങ്കില്‍ അനുഗമിക്കുകയാണ്‌ ബാലന്റെ ലക്ഷ്യം. ക്യാമ്പിലേക്ക്‌ പോകാനുദ്ദേശമെങ്കില്‍, മുറിയിലേക്കു ചെന്ന്‌ ഒരു ഗ്ലാസ്‌ റം കൂടി സുബേദാര്‍ മേജര്‍ സാബ്‌ കുടിക്കും. ആ പരുവത്തിന്‌ ബാലനും മിനുങ്ങും.
ഒരു കുപ്പി കാലി.
ക്യാമ്പില്‍, ലങ്കറിലും പരിസരങ്ങളിലും ചുറ്റിയടിച്ച്‌ ക്യാമ്പ്‌ ഇന്‍ചാര്‍ജ്‌ജ് ഹവില്‍ദാര്‍ മേജര്‍ക്ക്‌ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്‌ ക്യാ ബേട്ടാ കൈസാ ഹേ... എന്ന്‌ ജവാന്മാരോട്‌ ചോദിച്ചുകൊണ്ട്‌ ബാരക്കിലും കയറി മെസിലേക്ക്‌ മടങ്ങും.
എന്നുമില്ല. അപ്പപ്പോഴത്തെ മനോഭാവമനുസരിച്ചായിരിക്കും പരിശോധനയ്‌ക്കുള്ള തീരുമാനം.
സ്വന്തം മുറിയിലേക്കു മടങ്ങുന്ന സുബേദാര്‍ മേജര്‍ ചാരുകസേരയിലേക്കു മലക്കും. പിന്നെ എഴുന്നേല്‌ക്കുകയേയില്ല.
ആ കിടപ്പില്‍ കിടന്നുകൊണ്ടു തന്നെ, കോഴിക്കറി രുചിച്ചും കടിച്ചുപറിച്ചും തൊട്ടുരുചിച്ചും കുപ്പികള്‍ തീര്‍ക്കും.
ഞായറാഴ്‌ചകളിലെ സുബേദാര്‍ മേജറുടെ സ്വകാര്യസുഖമായ മദ്യപാനത്തിനിടയിലേക്ക്‌ മറ്റാരും ചെല്ലാറില്ല. അദ്ദേഹത്തിന്റെ സ്വഭാവവും പെരുമാറ്റവും മനസിലാക്കി സ്വസ്‌ഥമാകാന്‍ അനുവദിക്കുകയുളളൂ.
ഭക്ഷണം കഴിക്കുകയില്ല. വേണ്ട.
ഒച്ചയോ, ബഹളമോ ഇല്ല. ശാന്തത. മേശപ്പുറത്തുള്ള ഫിലിപ്പ്‌സ് റേഡിയോയില്‍ നിന്നുള്ള ഗാനങ്ങള്‍ ശ്രവിച്ച്‌ അങ്ങനെ കിടക്കും.
രാത്രിയിലെപ്പോഴെങ്കിലും മെസ്‌ ബോയ്‌സ് വന്ന്‌ ചാരുകസേരയില്‍ മയങ്ങിക്കിടക്കുന്ന സുബേദാര്‍ മേജറേ, ഉടുതുണി മാറ്റി കട്ടിലിലേക്കു എടുത്തു കിടത്തും. ഇട്ടിരിക്കുന്ന പൈജാമയും കസേരത്തുണിയും മൂത്രം വീണ്‌ നനഞ്ഞിരിക്കും.
ശല്യമൊട്ടുമേയില്ല.
ഒന്നും സംഭവിക്കാത്തതുപോലെ അതിരാവിലെ തന്നെ ഉണരും. പ്രഭാതകൃത്യങ്ങള്‍ക്കും ബ്രേക്ക്‌ ഫാസ്‌റ്റിനും ശേഷം കൃത്യമായ ജോലി തുടങ്ങും.
തന്നെ എടുത്തുകിടത്തിയ, മൂത്രത്തുണികള്‍ മാറ്റിയ മെസ്‌ ബോയ്‌സിന്‌ ടിപ്പ്‌ കൊടുത്ത്‌ സന്തോഷിപ്പിക്കും. തോളത്ത്‌ തട്ടി ശുക്രിയ പറയും.

(തുടരും)

കൈപ്പട്ടൂര്‍ തങ്കച്ചന്‍

Ads by Google
Saturday 15 Jun 2019 11.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW