Monday, June 17, 2019 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 10.11 AM

ആത്മഹത്യ ചെയ്യാതിരിക്കാനാണ് രാമേശ്വരത്തേക്ക് തിരിച്ചത്, മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്നുള്ള കേട്ടാലറയ്ക്കുന്ന അസഭ്യ വാക്കുകൾ കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടു, സി.ഐ. വി.എസ്‌. നവാസിന്റെ തിരോധാനത്തെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

CV Navas missing case

മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം സഹിക്കാതെ കഴിഞ്ഞ ദിവസം വീടുവിട്ടുപോയ എറണാകുളം സെന്‍ട്രല്‍ സി.ഐ: വി.എസ്‌. നവാസിനെക്കുറിച്ച് പത്രപ്രവര്‍ത്തകനായ ഡി. ധനസുമോദ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ധനസുമോദിന്റെ കുറിപ്പ് വായിക്കാം

കൊല്ലത്ത് നിന്നും പുനലൂർ തെങ്കാശി വഴി രാമേശ്വരത്തേയ്ക്കാണ് Navas Vs യാത്ര തിരിച്ചത്. കേട്ടാലറയ്ക്കുന്ന അസഭ്യ വാക്കുകൾ മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്നും ഉണ്ടായതാണ് കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടത്. പുലർച്ചെ 4.30 വരെ (18 മണിക്കൂർ ) ജോലി ചെയ്യുമ്പോഴും അറ്റൻഡൻസ് പുസ്തകത്തിൽ അബ്സെൻഡ് മാർക് ചെയ്തു കിട്ടുമ്പോൾ ആർക്കായാലും മനസ് തകർന്നു പോകും. ആത്മഹത്യ ചെയ്യാതിരിക്കാനാണ് രാമേശ്വരത്തേക്ക് തിരിച്ചത്. കേരളത്തിൽ നടക്കുന്ന ഈ വിവാദമൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. ട്രെയിനിൽ വച്ചു RPF ആണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. ഇപ്പോൾ കരൂർ സ്റ്റേഷനിലാണ്. രാമനാഥപുരത്തെ അധ്യാപകനെ കണ്ടപ്പോൾ മനസിന്‌ ഏറെ ആശ്വാസമായി.

കാണ്മാനില്ല എന്ന പ്രശ്നം അവസാനിച്ചെങ്കിലും മുതിർന്ന ഉദ്യോഗസ്ഥർ കീഴുദ്ദ്യോഗസ്ഥരെ ശാസിക്കുമ്പോൾ ഉപയോഗിക്കേണ്ട ഭാഷയും ഭീഷണിയുമൊക്കെ സംബന്ധിച്ച് സേനയിൽ നിയന്ത്രണം ഉണ്ടായില്ലെങ്കിൽ കാണാതാകുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും.

ഇന്നലെ ചാനൽ ചർച്ചയ്ക്ക് മുൻപായി ഒരു ന്യൂസ് പ്രെസെന്ററുമായി സംസാരിച്ചപ്പോൾ പുതിയ തിയറി ഇറങ്ങിയതായി അറിഞ്ഞു. കടം കൊണ്ടാണത്രേ നവാസ് നാട് വിട്ടത്. ഞാനും നവാസുമായി മാനസിക അടുപ്പം ഉണ്ടാകാൻ ഇടയുള്ള കാര്യം പറഞ്ഞാൽ ഇക്കാര്യത്തിലെ വസ്തുത മനസിലാകും. പത്ത് വർഷം മുൻപ് അന്ന് എസ് ഐ ആയിരുന്ന നവാസിക്കയുടെ പേഴ്‌സണൽ മൊബൈലിൽ നിന്നും തുടർച്ചയായി മിസ്സ്ഡ് കോളുകൾ. തിരിച്ചു വിളിച്ചപ്പോൾ ക്ഷമാപണത്തോടെ ആണ് അങ്ങേര് തുടങ്ങിയത് "മൊബൈലിൽ ബാലൻസ് ഇല്ലാത്തത് കൊണ്ടാണ് മിസ്സ്‌ അടിച്ചത് " എറണാകുളം നഗരത്തിൽ ജോലി ചെയ്യുന്ന സാധാരണ പോലീസുകാരന്റെ സാമ്പത്തിക ചുറ്റുപാടുകളെകുറിച്ച് കൃത്യമായി ബോധ്യമുള്ള എനിക്ക് ആ വാക്കുകൾ മതിയായിരുന്നു ആ സത്യസന്ധനെ മനസിലാക്കാൻ.

ബാപ്പയുടെ അകാല നിര്യാണം മുതൽ നവാസിക്കയ്ക്ക് സാമ്പത്തിക ബാധ്യത കൂടെപ്പിറപ്പാണ്. പത്താംതീയതിക്ക് മുൻപേ ശമ്പളം തീരും. സാമ്പത്തിക പ്രശ്നം കൊണ്ട് നാടുവിടണം എങ്കിൽ 12 വയസുള്ളപ്പോൾ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. അത്രയ്ക്ക് പട്ടിണി ആയിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ചുമട് എടുക്കാൻ പോയാണ് ജീവിക്കാനുള്ള വരുമാനം നേടിയത്. ഫയർമാൻ, പോലീസ് കോൺസ്റ്റബിൾ ജോലി ജോലി തുടങ്ങി ഒടുവിൽ അടങ്ങാത്ത ഇച്ഛാശക്തി കൊണ്ട് എസ് ഐ ടെസ്റ്റും കീഴടക്കുകയായിരുന്നു. തിയറിക്കാരോട് ഒന്നേ പറയാനുള്ളൂ -വെടിക്കെട്ട് കാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. ഇതിനേക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല പിന്നാ...

അഞ്ച് മിനിറ്റിനുള്ളിൽ കരൂർ നിന്നും തിരിക്കും. ഇന്ന് എറണാകുളത്ത് എത്തും. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്‌ഥന്റെ തിരോധാനത്തിൽ ആശങ്ക പ്പെട്ട കേരളം ഒരു കാര്യത്തിന് കൂടി അടിവരയിടുന്നുണ്ട്. നന്മ വറ്റാത്ത കുറെ ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട്. പ്രതികാര നടപടി ഉണ്ടാകാതെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ സി ഐ ആയി ചുമതല ഏറ്റെടുക്കാൻ നവാസിക്കയ്ക്ക് കഴിയും എന്ന് കരുതുന്നു.

എല്ലാവർക്കും നന്ദി

NB :നവാസ് ഇക്കയെ കണ്ടുപിടിച്ചാൽ സാമൂഹ്യപ്രവർത്തകനായ കരപ്പുറം രാജശേഖരൻ പ്രഖ്യാപിച്ച നിരാഹാര സമരം മാറ്റിവച്ചു.

Ads by Google
Saturday 15 Jun 2019 10.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW