Saturday, June 15, 2019 Last Updated 23 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.34 AM

ആയോധന വൈഭവം കാണിക്കയാകും: യുദ്ധ സ്‌മരണകളില്‍ നാളെ പടനിലം ഉണരും

uploads/news/2019/06/315042/re3.jpg

ഓച്ചിറ: ആയോധന വൈഭവവും പോരാട്ട വീര്യവും പരബ്രഹ്‌മത്തിന്‌ കാണിക്കയായി അര്‍പ്പിച്ച്‌ നാളെയും മറ്റന്നാളും ഓച്ചിറ പടനിലം രണഭൂമിയാകും. ഓച്ചിറക്കളിയുടെ ഒരുക്കം പൂര്‍ത്തിയായി. ഇന്ന്‌ കളരി പൂജയും ആയുധപൂജയും നടത്തും. തുടര്‍ന്ന്‌ അങ്കച്ചമയങ്ങള്‍ അണിഞ്ഞ്‌ യോദ്ധാക്കള്‍ ഗുരുക്കന്‍മാര്‍ക്ക്‌ ദക്ഷിണ നല്‍കി ആയുധങ്ങള്‍ ഏറ്റുവാങ്ങും. കളരിമുറ്റത്ത്‌ പയറ്റ്‌ നടത്തി അടവുകളും ചുവടുകളും ഒരിക്കല്‍ക്കൂടി ഉറപ്പിക്കും. നാളെ പുലര്‍ച്ചെ കളരി പൂജയും ആയുധപൂജയും നടത്തി കളരി ദൈവങ്ങളെയും പരബ്രഹ്‌മത്തെയും ഉപാസിച്ച്‌ പടപ്പുറപ്പാടിന്‌ അനുമതി തേടും. തുടര്‍ന്ന്‌ പരബ്രഹ്‌മ സന്നിധിയിലെത്തി വഴിപാടുകളും പൂജകളും നടത്തി ചെളി പ്രസാദം നെറ്റിയില്‍ ചാര്‍ത്തുന്ന യോദ്ധാക്കള്‍ പ്രാര്‍ത്ഥനയ്‌ക്കു ശേഷം പ്രസാദത്തോടൊപ്പം കൂവളമാല വാങ്ങി ആയുധങ്ങളില്‍ അണിയിക്കും.
നാളെ രാവിലെ മുതല്‍ അങ്കച്ചമയങ്ങളോടെ ആയുധധാരികളായ യോദ്ധാക്കള്‍ കളരിഗുരുക്കന്മാര്‍ക്കും ആശാന്‍മാര്‍ക്കും ഒപ്പം ഗ്രാമപ്രദക്ഷിണം നടത്തും. ഉച്ചയ്‌ക്ക് 12 മണിയോടെ സംഘങ്ങള്‍ പടനിലത്തെത്തി ഭരണസമിതി ഓഫീസിന്‌ മുന്നില്‍ അണിനിരക്കും. ക്ഷേത്രത്തില്‍ നിന്നും ശംഖനാദം മുഴങ്ങുമ്പോള്‍ ഭരണസമിതി സെക്രട്ടറി കെ.ഗോപിനാള്‍ പടത്തലവന്മാര്‍ക്ക്‌ കൊടി കൈമാറും. തുടര്‍ന്ന്‌ ഘോഷയാത്ര ആരംഭിക്കും. ഋഷഭങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രയ്‌ക്ക് ഭരണസമിതിയംഗങ്ങളും പടത്തലവന്മാരും കരപ്രമാണിമാരും സ്‌ഥാനികള്‍ തുടങ്ങിയവരും നേതൃത്വം നല്‍കും. ഘോഷയാത്ര പടനിലം ചുറ്റി എട്ടുകണ്ടത്തിന്‌ സമീപം എത്തുമ്പോള്‍ യോദ്ധാക്കള്‍ കര തിരിഞ്ഞ്‌ എട്ടുകണ്ടത്തിന്റെ കിഴക്കും പടിഞ്ഞാറുമായി നിന്ന്‌ കരക്കളി ആരംഭിക്കും. കൃഷ്‌ണപ്പരുന്ത്‌ ആകാശത്ത്‌ വട്ടമിട്ടു പറക്കുമ്പോള്‍ പ്രമാണി സംഘം എട്ടുകണ്ടത്തിന്റെ മധ്യത്തെത്തി കര പറഞ്ഞ്‌ ഹസ്‌തദാനം നല്‍കും. തുടര്‍ന്ന്‌ രണഭേരി മുഴക്കി യോദ്ധാക്കള്‍ എട്ടുകണ്ടത്തിലേക്ക്‌ ചാടിയിറങ്ങി പോരാട്ടം ആരംഭിക്കും. തകിടിക്കണ്ടത്തിലും പയറ്റ്‌ നടത്തും. അഭ്യാസത്തിന്‌ ശേഷം അടുത്ത ദിവസം തിരിച്ചെത്താമെന്ന ഉറപ്പില്‍ ക്ഷേത്രക്കുളത്തില്‍ സ്‌നാനം നടത്തി മടങ്ങും. രണ്ടാം ദിവസവും ഓച്ചിറക്കളി തുടരും.

അനില്‍ ചെട്ടികുളങ്ങര

Ads by Google
Saturday 15 Jun 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW