Saturday, June 15, 2019 Last Updated 12 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.31 AM

തൊഴില്‍നിയമ ഭേദഗതിയും കോര്‍പ്പറേറ്റ്‌ പ്രീണനവും

uploads/news/2019/06/315039/bft1.jpg

ദശാബ്‌ദങ്ങള്‍ നീണ്ട ത്യാഗപൂര്‍വമായ പ്രവര്‍ത്തനത്തിലൂടെയും ശക്‌തമായ പ്രക്ഷോഭണത്തിലൂടെയും തൊഴിലാളികള്‍ നേടിയെടുത്തതാണു നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍. ഈ നിയമങ്ങളിലെ തൊഴിലവകാശങ്ങള്‍ പലതും മൗലികവകാശങ്ങള്‍ക്കു സമാനം. തൊഴിലാളി യൂണിയന്‍ രൂപീകരണവും പണിമുടക്കാനുള്ള അവകാശവും മറ്റും മൗലികവകാശങ്ങളുമാണ്‌; ഭരണഘടനയുടെ അനുച്‌ഛേദനം 19-ന്റെ അഭേദ്യഭാഗവും.
നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാല്‍, ഇവയുടെ ഏകീകരണം പ്രഖ്യാപിച്ച്‌, തൊഴില്‍നിയമങ്ങളില്‍ മൗലികമാറ്റങ്ങളുണ്ടാക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ നീക്കം. രാജ്യത്ത്‌ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇതില്‍ മൗലികമാറ്റങ്ങള്‍ അനിവാര്യമാണെന്നാണു തൊഴില്‍മന്ത്രി സന്തോഷ്‌ ഗംഗ്വാര്‍ പ്രസ്‌താവിച്ചിരിക്കുന്നത്‌. സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലാക്കാനും പുതിയ നിയമങ്ങളുണ്ടാക്കാനാണു മോഡി സര്‍ക്കാരിന്റെ പദ്ധതി. വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക സുരക്ഷ, ക്ഷേമം, വ്യാവസായിക ബന്ധങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 44 നിയമങ്ങള്‍ ഏകോപിപ്പിച്ച്‌ പുതിയ നിയമങ്ങള്‍ രൂപീകരിക്കാനാണു കേന്ദ്രം ആലോചിക്കുന്നത്‌.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാതല യോഗത്തിലാണു പുതിയ തൊഴില്‍ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചത്‌. അടുത്ത പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ ഭേദഗതിബില്‍ അവതരിപ്പിക്കുമെന്നും യോഗത്തിന്‌ ശേഷം തൊഴില്‍ മന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്‌. ലോക്‌സഭയില്‍ അവതരിപ്പിച്ച ശേഷം കരടു തൊഴില്‍നിയമം സഭയുടെ മുന്നില്‍ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി പ്രമുഖ തൊഴില്‍ യൂണിയനുകളുമായി സര്‍ക്കാര്‍ കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്‌. പരിഷ്‌കാരങ്ങള്‍ തങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചിട്ടില്ലെന്ന്‌ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എച്ച്‌.എം.എസ്‌. തുടങ്ങിയ യൂണിയനുകള്‍ പ്രതികരിച്ചിട്ടുണ്ട്‌. എന്താണു ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നു തൊഴിലാളികളോട്‌ പറയേണ്ടതും അവരുടെ അഭിപ്രായങ്ങള്‍ ആരായേണ്ടതും സര്‍ക്കാരിന്റെ കടമയാണ്‌. ഏകപക്ഷീയമായ നിയമഭേദഗതിയുമായി മുന്നോട്ടു പോകാനാന്‌ മുമ്പു കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്‌. അതുകൊണ്ടു കൂടിയാണു കഴിഞ്ഞ ജനുവരി എട്ടിനും ഒന്‍പതിനു രാജവ്യാപകമായി പണിമുടക്ക്‌ നടത്തിയത്‌. മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്ലുകള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റിക്കു വിട്ടപ്പോള്‍ അവിടെയും പരിഷ്‌കാരങ്ങളോട്‌ വിയോജിപ്പുണ്ടായി. ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമങ്ങളുടെ കാര്യങ്ങളുടെ അന്തിമരൂപം വ്യക്‌തമാക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
എംപ്ലോയീസ്‌ പ്ര?വിഡന്റ്‌ ഫണ്ട്‌, മിസലേനീയസ്‌ പ്ര?വിഷന്‍സ്‌ ആക്‌ട്‌, എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ ആക്‌ട്‌, മെറ്റേണിറ്റി ബെനിഫിറ്റ്‌ ആക്‌ട്‌, ബില്‍ഡിങ്‌ കണ്‍സ്‌ട്രക്‌ഷന്‍സ്‌ ആക്‌ട്‌, തൊഴിലാളി നഷ്‌ടപരിഹാര നിയമം തുടങ്ങി സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലയിപ്പിച്ച്‌ ഒറ്റ സാമൂഹിക സുരക്ഷാ നിയമം പാസാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്‌. ഫാക്‌ടറീസ്‌ ആക്‌ട്‌, ഖനന നിയമം, ലോഡിങ്‌ തൊഴിലാളി സുരക്ഷ, ആരോഗ്യക്ഷേമ നിയമം തുടങ്ങിയ നിയമങ്ങളും ലയിപ്പിച്ച്‌ ഒറ്റനിയമം രൂപീകരിക്കും. മിനിമം വേതന നിയമം, പേമെന്റ്‌ ഓഫ്‌ വേജസ്‌ ആക്‌ട്‌, ബോണസ്‌ നിയമം, തുല്യവേതന നിയമം എന്നിവയും ഏകോപിപ്പിക്കും. 1947-ലെ വ്യവസായ തര്‍ക്ക നിയമം, 1926-ലെ തൊഴിലാളി യൂണിയന്‍ നിയമം, 1946-ലെ വ്യവസായ തൊഴിലാളി നിയമം എന്നിവയാണ്‌ ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍സിന്‌ കീഴില്‍ ലയിപ്പിക്കുന്ന നിയമങ്ങള്‍.
2014-ല്‍ ബി.ജെ.പി. അധികാരത്തിലേറുമ്പോള്‍ ഏറ്റവും മുകള്‍ത്തട്ടിലുള്ള ഒരു ശതമാനത്തിന്റെ സമ്പത്ത്‌ 49% ആയിരുന്നു. മൂന്നു വര്‍ഷം പിന്നിട്ടപ്പോള്‍ ഇത്‌ അറുപതു ശതമാനമായി. ഇത്രയും കടുത്ത സാമ്പത്തിക കേന്ദ്രീകരണവും അസമത്വവും രാജ്യത്ത്‌ മറ്റൊരിക്കലും ഉണ്ടായിട്ടില്ല. തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്ന നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ മോഡി സര്‍ക്കാര്‍ തയാറെടുക്കുന്നതിന്റെ കാരണം അന്വേഷിക്കേണ്ടതില്ല.
തൊഴില്‍ സുരക്ഷയുടെ മേല്‍ കൈവച്ചുകൊണ്ടായിരുന്നു സര്‍ക്കാരിന്റെ തുടക്കം തന്നെ. സ്‌ഥിരം തൊഴില്‍ എന്ന ആശയം തന്നെ അപ്രസക്‌തമാക്കി, നിശ്‌ചിതകാല തൊഴില്‍ എന്ന വിജ്‌ഞാപനം 2017-ല്‍ കേന്ദ്രതൊഴില്‍ മന്ത്രാലയം ഇറക്കി. നിശ്‌ചിത കാലയളവിലേക്ക്‌ മാത്രമായി നിയമനം നടത്താന്‍ തൊഴിലുടമയ്‌ക്ക്‌ അധികാരം നല്‍കുന്ന വിജ്‌ഞാപന പ്രകാരം, രണ്ടാഴ്‌ചത്തെ നോട്ടീസ്‌ നല്‍കി ആരെയും പിരിച്ചുവിടാം. രണ്ടും, മൂന്നും മാസത്തേക്ക്‌ തൊഴിലാളികളെ നിയമിക്കാനും ആനുകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചുവിടാനും തൊഴിലുടമകള്‍ക്ക്‌ സാധിക്കും. പാര്‍ലമെന്റിനെ അറിയിക്കാതെയും തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്താതെയുമാണ്‌ ഇതു സര്‍ക്കാര്‍ നടപ്പാക്കിയത്‌. കുത്തകകളുടെ താല്‍പ്പര്യസംരക്ഷണം മാത്രമാണ്‌ ലക്ഷ്യമെന്ന്‌ ആവര്‍ത്തിച്ച്‌ വെളിപ്പെടുത്തുന്നതായിരുന്നു ഈ നടപടി.
നിലവിലുള്ള നിയമങ്ങള്‍ ചോരയില്‍ മുക്കിക്കൊല്ലാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ എന്തു വില കൊടുത്തും ചെറുത്തേ മതിയാകൂ. രാഷ്‌ട്രീയഭിന്നതകള്‍ മാറ്റിവച്ചുകൊണ്ട,്‌ രാജ്യത്തെ തൊഴിലാളികള്‍ മൗലികാവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി യോജിച്ച്‌ മുന്നോട്ട്‌ നീങ്ങുകയാണ്‌. സംയുക്‌ത പ്രക്ഷോഭണങ്ങളും അഖിലേന്ത്യാ പണിമുടക്കും സംഘടിപ്പിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പു വിജയത്തിന്റെ ഊറ്റത്തില്‍ അടിസ്‌ഥാന വര്‍ഗത്തിന്‌ നേരേ വാളോങ്ങാനാണു തൊഴില്‍നിയമ ഭേദഗതി.ഏറ്റവും കടുത്ത തൊഴിലാളി വഞ്ചനയാണിത്‌. അതിനാല്‍, തൊഴിലാളി യൂണിയനുകളുടെ യോജിച്ച ചെറുത്തുനില്‍പ്പിലൂടെ മാത്രമേ ഇതു നേരിടാന്‍ സാധിക്കൂ.

അഡ്വ. ജി.സുഗുണന്‍

( ഹിന്ദ്‌ മസ്‌ദൂര്‍സഭ-എച്ച്‌.എം.എസ്‌-സംസ്‌ഥാന സെക്രട്ടറിയാണു ലേഖകന്‍
ഫോണ്‍-9847132428)

Ads by Google
Saturday 15 Jun 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW