Saturday, June 15, 2019 Last Updated 11 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.17 AM

വിലനിയന്ത്രണമില്ല , ഒരേ മരുന്നിനു പല വില

uploads/news/2019/06/315013/k5.jpg

കോട്ടയം: മരുന്നുവില നിയന്ത്രിക്കുമെന്നു സര്‍ക്കാര്‍ ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുമ്പോഴും ഒരേ മരുന്നിന്‌ പല കമ്പനികള്‍ക്കും പലവില. ഇരട്ടി വില വ്യത്യാസമാണ്‌ പല മരുന്നുകളുംതമ്മിലുള്ളത്‌. കേന്ദ്ര സര്‍ക്കാര്‍ മരുന്നുകള്‍ക്ക്‌ വിലനിയന്ത്രണപ്പട്ടിക നടപ്പിലാക്കിയതിനു പിന്നാലെയാണ്‌ കമ്പനികള്‍ മരുന്നുകള്‍ക്ക്‌ വില ക്രമാതീതമായി വര്‍ധിപ്പിച്ചത്‌.
വിലനിയന്ത്രണപ്പട്ടികയില്‍ 377 ഇനം മരുന്നുകളാണ്‌ കേന്ദ്രം ഉള്‍പ്പെടുത്തിയത്‌. ഇതുവഴിയുണ്ടായ ലാഭക്കുറവ്‌ പരിഹരിക്കാന്‍ ആയിരത്തിലധികം മരുന്നുകളുടെ വിലകൂട്ടിയാണ്‌ കമ്പനികള്‍ അമിത ലാഭം കൊയ്യുന്നത്‌. അതിനു പുറമേ നിയന്ത്രണപ്പട്ടികയിലുള്ള മരുന്നുകള്‍ ഓയില്‍മെന്റുകളായും കഫ്‌സിറപ്പുകളായും വിലവര്‍ധിപ്പിച്ച്‌ ഇറക്കിയിട്ടുണ്ട്‌. വില നിയന്ത്രണപ്പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകളുടെ വിലയില്‍ വര്‍ഷം തോറും പത്തു ശതമാനം വര്‍ധന വരുത്താന്‍ നിര്‍മ്മാതാക്കള്‍ക്ക്‌ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റി അനുമതിയും നല്‍കിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌ പ്രഷറിന്‌ സാധാരണയായി നല്‍കി വരുന്ന ലോസാര്‍-50 എന്ന ഗുളിക പതിനഞ്ച്‌ എണ്ണം അടങ്ങുന്ന ഒരു സ്‌ട്രിപ്പിന്‌ ഒരോ കമ്പനിയും ഓരോ വിലയാണ്‌ ഈടാക്കുന്നത്‌. ഈ മരുന്നു യുണീകം എന്ന കമ്പനി നല്‍കുന്നത്‌ 98 രൂപയ്‌ക്കാണ്‌. ഇന്‍ഡാസ്‌ എന്ന കമ്പനിയുടേതിന്‌ 86 രൂപയും. എന്നാല്‍, ഇതേ മരുന്നു തന്നെ എം.ഡി.സി. എന്ന കമ്പനി നല്‍കുന്നത്‌ 72 രൂപയ്‌ക്കും ആല്‍ക്കം എന്ന കമ്പനി നല്‍കുന്നത്‌ 52 രൂപയ്‌ക്കുമാണ്‌.
മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ കൊളസ്‌ട്രോള്‍, പ്രമേഹം, പ്രഷര്‍ എന്നീ മൂന്നു വിഭാഗങ്ങള്‍ക്കാണ്‌ ഏറ്റവും കൂടുതല്‍ മരുന്നു ചെലവാകുന്നത്‌. അതുകൊണ്ടു തന്നെ ഈ മൂന്നു വിഭാഗത്തില്‍പ്പെട്ട മരുന്നകള്‍ക്ക്‌ പല കമ്പനികളും പല വിലയാണ്‌ ഈടാക്കുന്നത്‌. മരുന്നു വില്‍പ്പനയില്‍ അമ്പതു ശതമാനത്തോളം കമ്മീഷനായി പോകും. അതിനാല്‍ ഇരട്ടി വിലയ്‌ക്കാണ്‌ പൊതുജനങ്ങള്‍ മരുന്നു വാങ്ങേണ്ടിവരുന്നത്‌. മരുന്നു വില്‍പ്പനയില്‍ ചില്ലറ വില്‍പ്പന കമ്മീഷന്‍ 22 ശതമാനമാണ്‌. മൊത്തവിതരണ കമ്മീഷന്‍ പത്ത്‌ ശതമാനം വരും. മരുന്നു കമ്പനികള്‍ക്കും മൊത്തവിതരണക്കാര്‍ക്കുമിടയിലുള്ള സബ്‌ മൊത്തവിതരണക്കാര്‍ക്ക്‌ 15 ശതമാനം കമ്മീഷന്‍ നല്‍കണം. സ്‌റ്റോക്കിസ്‌റ്റുകളുടെ കമ്മീഷന്‍ നാലു ശതമാനം വരും. ഇങ്ങനെ 51 ശതമാനം കമ്മീഷനാണ്‌ ഇടനിലക്കാര്‍ക്കായി പോകുന്നത്‌.
അര്‍ബുദ ചികില്‍സയില്‍ ഏറ്റവും വലിയ കൊള്ള നടക്കുന്നത്‌ മരുന്നിന്റെ വിലയിലാണ്‌. ഒരേ മരുന്നിന്‌ തന്നെ പതിനായിരം രൂപയിലേറെ വില വ്യത്യാസത്തിലാണ്‌ കേരളത്തില്‍ വില്‍ക്കുന്നത്‌. സര്‍ക്കാര്‍ സംവിധാനം വഴി 69 ഇനം മരുന്നുകള്‍ ലഭ്യമാക്കുന്നുണ്ട്‌. എന്നാല്‍, പലപ്പോഴും ഈ മരുന്നുകള്‍ ലഭ്യമല്ലാത്ത സാഹചര്യവുമുണ്ട്‌.
അര്‍ബുദരോഗത്തിനും അതുമായി ബന്ധപ്പെട്ട ഫംഗസ്‌ ബാധയ്‌ക്കും ഉപയോഗിക്കുന്ന കാസ്‌പോഫന്‍ജിന്‍ എന്ന മരുന്നിന്‌ ഇന്‍ഹൗസ്‌ ഡ്രഗ്‌ ബാങ്കില്‍ വില 4725 രൂപ. പുറത്തുനിന്നുവാങ്ങാന്‍ ജനറിക്‌ ആണെങ്കില്‍ അയ്യായിരം രൂപയ്‌ക്കുപുറത്തും ബ്രാന്‍ഡഡ്‌ ആണെങ്കില്‍ പതിനായിരം രൂപയിലേറെയും ചെലവു വരും. ഇതുപോലെയാണ്‌ പല മരുന്നുകളുടെയും വില. ചില മരുന്നുകള്‍ വില നിയന്ത്രണ അതോറിറ്റിയുടെ പട്ടികയില്‍ വന്നതോടെ വില കുറഞ്ഞെങ്കിലും വില കൂടിയ പല മരുന്നുകളും ഇപ്പോഴും പട്ടികയ്‌ക്കു പുറത്താണ്‌.
കെമിക്കല്‍സ്‌ ആന്‍ഡ്‌ ഫെര്‍ട്ടിലൈസേഴ്‌സ്‌ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ഔഷധ വില നിയന്ത്രണ അതോറിട്ടിയാണ്‌ രാജ്യത്ത്‌ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത്‌. മരുന്നുകള്‍ കൃത്യമായ വിലയ്‌ക്ക്‌ പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാകുന്നതിന്‌ ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ വകുപ്പിന്‌ അധികാരമുണ്ടെങ്കിലും നടപടിയില്ല.

ഷാലു മാത്യു

Ads by Google
Saturday 15 Jun 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW