Saturday, June 15, 2019 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.13 AM

നികുതി കൂട്ടിയ യു.എസിന്‌ അതേ നാണയത്തില്‍ ഇന്ത്യയുടെ തിരിച്ചടി

uploads/news/2019/06/314962/d1.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉരുക്ക്‌, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്കു തീരുവ ചുമത്തിയ അമേരിക്കയ്‌ക്ക്‌ അതേ നാണയത്തില്‍ തിരിച്ചടി. ഇറക്കുമതി ചെയ്യുന്ന 29 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കു നാളെ മുതല്‍ അധികനികുതി ഈടാക്കും.
ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ബദാം അടക്കം 29 അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ കസ്‌റ്റംസ്‌ നികുതിയാണു കൂട്ടുന്നത്‌. ഇറക്കുമതിയുടെ അളവു കുറഞ്ഞില്ലെങ്കില്‍ ഇന്ത്യക്ക്‌ ഒരു വര്‍ഷം 21.7 കോടി യു.എസ്‌. ഡോളര്‍ അധികവരുമാനമുണ്ടാകും.
അമേരിക്ക കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്‌ ഇന്ത്യയില്‍നിന്നുള്ള ഉരുക്ക്‌ ഉല്‍പ്പന്നങ്ങള്‍ക്ക്‌ 25 ശതമാനവും അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക്‌ 10 ശതമാനവും തീരുവ ഏര്‍പ്പെടുത്തിയത്‌. യു.എസ്‌. ഉല്‍പ്പന്നങ്ങള്‍ക്കു നികുതി കൂട്ടാന്‍ അന്നേ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും ചര്‍ച്ചയിലൂടെ ധാരണയുണ്ടാകുമെന്ന പ്രതീക്ഷയില്‍ അതു പ്രാബല്യത്തിലാക്കിയിരുന്നില്ല. യു.എസ്‌. തീരുമാനത്തിനെതിരേ ലോകവ്യാപാര സംഘടനയില്‍ പരാതി നല്‍കുകയും ചെയ്‌തു.
ഇതിനിടെയാണ്‌ ഇന്ത്യയെ അമേരിക്ക വ്യാപാര മുന്‍ഗണനാ സംവിധാന പട്ടിക (ജി.എസ്‌.പി)യില്‍നിന്നു നീക്കിയത്‌. ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്കു കയറ്റിയയയ്‌ക്കാന്‍ പ്രോത്സാഹനമായിരുന്ന ഇളവ്‌ കഴിഞ്ഞ അഞ്ചിന്‌ എടുത്തുകളഞ്ഞത്‌ ഇന്ത്യയില്‍നിന്നുള്ള 550 കോടി ഡോളറിന്റെ വ്യാപാരത്തിനു തിരിച്ചടിയായി. അതോടെ, ഇറക്കുമതി തീരുവയിലെ വര്‍ധന നാളെ പ്രാബല്യത്തിലാക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
അമേരിക്കിയില്‍നിന്നുള്ള വാല്‍നട്ടിന്‌ ഇതുവരെ 30 ശതമാനമായിരുന്ന തീരുവ നാലിരട്ടിയായാണു കൂട്ടിയത്‌. അവിടെനിന്നുള്ള കടല, പയര്‍, പരിപ്പ്‌ ഇനങ്ങള്‍ക്കുള്ള തീരുവ 30 -ല്‍നിന്ന്‌ 70 ശതമാനമാകും. ബോറിക്‌ ആസിഡ്‌, ഇരുമ്പ്‌/ഉരുക്ക്‌ ഉല്‍പ്പന്നങ്ങള്‍, ആപ്പിള്‍, പിയര്‍, പൈപ്പ്‌ ഫിറ്റിങ്ങുകള്‍ തുടങ്ങിയവയുടെ തീരുവയാണു കൂടുന്നത്‌.
കഴിഞ്ഞ വര്‍ഷം 4,790 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ്‌ ഇന്ത്യ അമേരിക്കയിലേക്കു കയറ്റുമതി ചെയ്‌തത്‌. ഇറക്കുമതി 2,670 കോടി ഡോളറിന്റേതായിരുന്നു. ഹാര്‍ലി ഡേവിസണ്‍ ബൈക്കിന്റെ തീരുവ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ആവശ്യപ്രകാരം വെട്ടിക്കുറച്ചിരുന്നു. 100 ശതമാനമായിരുന്ന തീരുവ പകുതിയായാണു കുറച്ചത്‌.

Ads by Google
Saturday 15 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW