Friday, June 14, 2019 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 03.26 PM

വീടിനുള്ളില്‍ സാധനങ്ങള്‍ വലിച്ചുവാരിയിടാതെ ഒതുക്കി വച്ചാലോ?

INTERIOR

വലിയൊരു വീട് ഉണ്ടാക്കി നിറയെ ഫര്‍ണ്ണിച്ചറുകളും വാങ്ങിയിട്ടാല്‍ എല്ലാമായി എന്ന് ചിന്തിക്കുന്നവരാണധികം. സാധനങ്ങള്‍ വാങ്ങി നിറച്ചതുകൊണ്ടായില്ല ഓരോന്നും അതാതു സ്ഥാനത്ത് അടുക്കി വയ്ക്കുമ്പോഴേ വീട് വീടാകൂ. വീടിനുള്ളില്‍ അടുക്കും ചിട്ടയുമുണ്ടാകൂ.

ഡ്രോയറിലെന്തൊക്കെ


താക്കോല്‍ വയ്ക്കാന്‍ വാതിലില്‍ തന്നെ കൊളുത്ത് പിടിപ്പിക്കാം. നാണയത്തുട്ടുകള്‍ ഇട്ടുവയ്ക്കാന്‍ കബോര്‍ഡില്‍ ഒരു ബൗള്‍ വയ്ക്കൂ. പേനകള്‍ പെന്‍ ഹോള്‍ഡറില്‍ മാത്രം വയ്ക്കൂ. പിന്നീട് എടുത്തു വയ്ക്കാമെന്നു കരുതിയാണ് പലരും സാധനങ്ങള്‍ ഡ്രോയറില്‍ കൊണ്ടിടുന്നത്. പക്ഷേ, പിന്നീട് മറന്നു പോകുമെന്നതാണ് വാസ്തവം.

തല്‍ക്കാലത്തേക്ക് ഡ്രോയറില്‍ ഇടുന്നവയെല്ലാം ആ ദിവസം തന്നെ അതിന്റേതായ സ്ഥാനത്തേക്കു മാറ്റണം.
ഡ്രോയറിനുള്ളില്‍ വയ്ക്കുന്ന വസ്തുക്കള്‍ വലിച്ചുവാരി ഇടാതെ ഒരോ പെട്ടിയിലാക്കി വയ്ക്കാം. റബര്‍ ബാന്‍ഡും മുട്ടുസൂചിയുമെല്ലാം ഇത്തരത്തില്‍ ചെറിയ പെട്ടിയിലാക്കിയാല്‍ എടുക്കാനും എളുപ്പമായിരിക്കും. പേന വയ്ക്കുന്നതിനടുത്ത് തന്നെ പേപ്പര്‍ വയ്ക്കുക. ഇവിടെ തന്നെ സ്‌റ്റേപ്ലറും പശയും വയ്ക്കണം. ഇങ്ങനെ പരസ്പരം ബന്ധപ്പെട്ടവയെ എല്ലാം ഒന്നിച്ചടുക്കുക.

ബാത്‌റൂം


പഴയ ബ്രഷ്, സോപ്പ് കവര്‍, ഉപയോഗം കഴിഞ്ഞ ബാത്‌റൂം ക്ലീനറിന്റെ കുപ്പികള്‍ തുടങ്ങി ഉപയോഗശൂന്യമായ നിരവധി വസ്തുക്കള്‍ സൂക്ഷിയ്ക്കുന്ന ഇടം കൂടിയാണ് ബാത് റൂം. മാത്രമല്ല അലക്കാനുള്ള തുണികള്‍ ബാത്‌റൂമില്‍ കുന്ന് കൂട്ടിയിട്ടിരിക്കുന്നതും കാണാം. ആദ്യം ചെയ്യേണ്ടത് അലക്കാനുള്ള വസ്ത്രങ്ങള്‍ സൂക്ഷിയ്ക്കാനായി ഒരു ബാസ്‌ക്കറ്റ് വര്‍ക്ക് ഏരിയയിലൊ മറ്റോ സൂക്ഷിയ്ക്കുക. അലക്കാനുള്ള വസ്ത്രങ്ങള്‍ ഇതില്‍ ഇടുക. ഈ ബാസ്‌ക്കറ്റ് കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. കിടപ്പുമുറിയില്‍ ദുര്‍ഗന്ധം വമിയ്ക്കാന്‍ ഇത് കാരണമാകും.
INTERIOR

അടുക്കള


അടുക്കള വൃത്തിയാക്കല്‍ ഏറെ ശ്രമകരമാണ്. പാത്രങ്ങള്‍ ആണ് അടുക്കളയെ അലങ്കോലമാക്കുന്ന മുഖ്യഘടകം. അടുക്കളയിലെ ഷെല്‍ഫുകളില്‍ ആദ്യം ചെറിയ പാത്രം പിന്നീട് വലിയ പാത്രം എന്ന നിലയില്‍ അടുക്കിവയ്ക്കാം. ഒരേ ഉപയോഗത്തിനുള്ള പാത്രങ്ങള്‍ ഒന്നിച്ചുവയ്ക്കുന്നത് അഭികാമ്യമാണ്. അടുക്കള അടിച്ചുവാരി വൃത്തിയാക്കുന്നതിന് മുന്‍പ് മാറാല തട്ടിക്കളയാന്‍ മറക്കരുത്.

കിടപ്പുമുറികള്‍


ഉറങ്ങാന്‍ ഉപയോഗിക്കുന്ന കിടപ്പുമുറികളില്‍ അത്യാവശ ഫര്‍ണിച്ചറുകള്‍ മാത്രം ഇടുക. കട്ടിലിനു പുറമെ അത്യാവശമെങ്കില്‍ ഒരു ചെയര്‍ മാത്രം കിടപ്പുമുറിയില്‍ ഇടുക. കൂടുതല്‍ വസ്തുക്കളുടെ സാനിധ്യം കിടപ്പുമുറിയില്‍ പൊടി പടരാന്‍ കാരണമാകും.

ലിവിങ് റൂം


സ്വീകരണമുറിയില്‍ ഒന്നു രണ്ട് സോഫാ സെറ്റിയും ചുമരിന് ഭംഗി നല്‍കാനായി ഒന്നോ രണ്ടോ വാള്‍ പെയിന്റിങ്ങും ധാരാളം മതി.
തറയില്‍ ഭംഗിയുള്ള പരവതാനി വിരിക്കുന്നുണ്ടെങ്കില്‍ അത് ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കി പൊടിപടലങ്ങള്‍ അകറ്റണം.
ന്യൂസ് പേപ്പറുകളും ആനുകാലികങ്ങളും അടുക്കും ചിട്ടയോടും കൂടി വയ്ക്കുക. പത്രങ്ങള്‍ വായിച്ചുകഴിഞ്ഞാല്‍ അവ സ്വീകരണമുറിയില്‍നിന്ന് മാറ്റുകയും വേണം.
കണ്ണാടി, അലങ്കാര വസ്തുക്കള്‍ എന്നിവ പഴയ സോക്സ് ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം.

ഫ്‌ളവര്‍ ബേസില്‍ വച്ചിരിക്കുന്ന അലങ്കാരച്ചെടികളുടെ ഇലകള്‍ക്ക് തിളക്കം കിട്ടാന്‍ ഗ്ലിസറിന്‍ അല്പം പഞ്ഞിയില്‍ മുക്കിതുടച്ച് വൃത്തിയാക്കുക. സ്വീകരണമുറിയിലെ പൊടിപിടിച്ചതും പഴയുതമായ ഓയില്‍ പെയിന്റിങ് വൃത്തിയാക്കാന്‍ അല്‍പം ഹൈഡ്രജന്‍ പൊറോക്സൈഡ് ലായിനി പഞ്ഞിയില്‍ മുക്കിയെടുത്ത് തുടച്ചു വൃത്തിയാക്കിയാല്‍ മതി.പിച്ചളകൊണ്ട് നിര്‍മിച്ച അലങ്കാര വസ്തുക്കളില്‍ ക്ലാവ് പിടിക്കാതിരിക്കാന്‍ അതില്‍ ഒരു കോട്ട് ക്ലിയര്‍ വാര്‍ണിഷ് പുരട്ടിയാല്‍ മതി.

INTERIOR

പുസ്തകങ്ങള്‍ തരംതിരിച്ച്


നഴ്‌സറിയിലെ റൈം ബുക്ക് മുതല്‍ ഹാരിപോട്ടര്‍ സീരിസിലെ ലേറ്റസ്റ്റ് ബുക്ക് വരെ കാണും ചിലരുടെ കലക്ഷനില്‍. ഓരോ വിഭാഗമായി തരംതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പുസ്തകങ്ങള്‍ ഷെല്‍ഫില്‍ നിന്ന് താഴെയിറക്കുമ്പോള്‍ തന്നെ അവ തരംതിരിച്ച് കൃത്യമായി വയ്ക്കുക. ഓരോ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകളെടുത്ത് അതില്‍ പുസ്തകങ്ങളുടെ വിഷയങ്ങള്‍ എഴുതി ഒട്ടിക്കുക.

ഈ പെട്ടികളില്‍ നിന്ന് പുസ്തകമെടുത്ത് പൊടി തട്ടി അടുക്കുന്ന പണിയേ പിന്നെ വരൂ. എപ്പോഴും റഫര്‍ ചെയ്യുന്ന ഡിക്ഷനറി, പാചകത്തിനിടയില്‍ ഇടയ്ക്കിടെ മറിച്ചു നോക്കേണ്ടി വരുന്ന റെസിപ്പി ബുക്കുകള്‍ എന്നിവ പ്രത്യേകമായി മാറ്റി വയ്ക്കണം. മാസികകളും വാരികകളും സൂക്ഷിച്ചു വയ്‌ക്കേണ്ട ആവശ്യമുണ്ടോ? റഫറന്‍സിനു വേണ്ടി സൂക്ഷിക്കുന്നതാണെങ്കില്‍ ആവശ്യമുള്ള പേജുകള്‍ മാത്രമെടുത്ത് ഫയലിലാക്കി വയ്ക്കാം.

പത്തുവര്‍ഷം മുമ്പുള്ള വര്‍ഷഫലം സൂക്ഷിച്ചിട്ട് കാര്യമുണ്ടോ? ഒറ്റ തവണ മാത്രം വായിക്കാനുള്ള ഇത്തരം പുസ്തകങ്ങള്‍ കണ്ണുംപൂട്ടി എടുത്തു കളയാം. ഇതേപോലെ കാലപരിധി കഴിഞ്ഞ മാസികകളും ബുക്ക്ലെറ്റുമെല്ലാം മാറ്റുക. വീണ്ടും വായിക്കാന്‍ താല്‍പര്യമില്ലാത്ത പുസ്തകങ്ങളൊന്നും നശിപ്പിച്ചു കളയേണ്ടതില്ല. വഴിയരികില്‍ പുസ്തകം വില്‍ക്കാന്‍ ഇരിക്കുന്നവര്‍ക്ക് കൊടുക്കാം. ലൈബ്രറികള്‍ക്കോ സ്‌കൂളിനോ നല്‍കാം.
തട്ടുകള്‍ നന്നായി തുടച്ചു വൃത്തിയാക്കി മൂലകളില്‍ കീടങ്ങളെ തുരത്താനുള്ള മരുന്നുകള്‍ വച്ച ശേഷം പുസ്തകങ്ങള്‍ തിരികെ അടുക്കി വയ്ക്കുക.

INTERIOR

ആവശ്യമുള്ളവ വാര്‍ഡ്രോബില്‍


എവിടെയെങ്കിലും പോകാന്‍ നേരം ഡ്രസ് തിരഞ്ഞ് അലമാര തുറക്കേണ്ട താമസം എല്ലാ വസ്ത്രങ്ങളും കൂടി ഒരുമിച്ച് താഴേക്ക് വീഴും. അതില്‍ നിന്ന് ആവശ്യമുള്ളവ എടുത്തശേഷം ബാക്കിയെല്ലാം വാരിവലിച്ചെടുത്ത് അലമാരയില്‍ തള്ളിക്കയറ്റുന്നതാണ് മിക്കവരുടേയും പതിവ്.
അലമാരയില്‍ തുണി അടുക്കിവയ്ക്കുന്നതിന് മുമ്പ് മുറിയില്‍ വലിച്ചുവാരിയിട്ടിരിക്കുന്ന തുണിയുടെ കൂടെ മുഷിഞ്ഞ വസ്ത്രങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ ഈ തുണികളും അറിയാതെ നല്ല വസ്ത്രങ്ങള്‍ക്കൊപ്പം അടുക്കി വയ്ക്കും.

വലിച്ചുവാരി ഇട്ടിരിക്കുന്ന തുണികളില്‍ നിന്ന് വസ്ത്രങ്ങളെ തരംതിരിച്ച് മാറ്റി അടുക്കുക. കാഷ്വല്‍സ്, വെസ്‌റ്റേണ്‍, എത്നിക് എന്ന രീതിയില്‍ അടുക്കാം. അല്ലെങ്കില്‍ ടോപ്‌സ്, ജീന്‍സ്, കുര്‍ത്ത എന്നിങ്ങനെയും അടുക്കാം. അടിവസ്ത്രങ്ങള്‍ക്കായി ഒരു തട്ട് മുഴുവന്‍ മാറ്റി വയ്ക്കാം.
സാരികള്‍ ഒരു ഭാഗത്ത് അടുക്കി വയ്ക്കുക. സാരിയോടൊപ്പം അടിപ്പാവാടയും മാച്ചിങ്ങ് ബ്ലൗസും കൂടി ചേര്‍ത്തുവച്ചാല്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്. ചുരിദാര്‍ മുതലായവയും ഇത്തരത്തില്‍ സെറ്റായി വയ്ക്കാം.

പുരുഷന്‍മാരുടെ വസ്ത്രം അടുക്കി വയ്ക്കുമ്പോള്‍ ഷര്‍ട്ടുകള്‍ ഒന്നിച്ചും പാന്റുകള്‍ വേറെയും വയ്ക്കാം. ഹാങ്കറില്‍ തൂക്കി ഇടുകയും ആകാം.
നേരെ നിന്ന് എടുക്കാന്‍ പറ്റുന്ന തട്ടുകളില്‍ ദിവസവും ഉപയോഗിക്കാനുള്ള വസ്ത്രങ്ങള്‍ അടുക്കി വയ്ക്കാം.
കുട്ടികളില്ലാത്ത സമയം നോക്കി അവരുടെ വസ്ത്രം അടുക്കി വയ്ക്കാം. ഒരുവര്‍ഷമായി ഉപയോഗിക്കത്ത വസ്ത്രങ്ങള്‍ അലമാരയില്‍ വയ്ക്കേണ്ടതില്ല.
കുട്ടികളുടെ വസ്ത്രം വാര്‍ഡോബിന്റെ പ്രത്യേക ഭാഗത്ത് അടുക്കിവയ്ക്കുന്നതാകും അഭികാമ്യം.
സോക്സുകള്‍ മാത്രം അടുക്കി വയ്ക്കുന്നത് പ്രായോഗികമല്ല, അതിനാല്‍ ഒരു ചെറിയ പെട്ടിയിലേക്ക് സോക്സുകള്‍ മാറ്റി വാര്‍ഡോബില്‍ തന്നെ സൂക്ഷിക്കാം.

അനഘ

Ads by Google
Ads by Google
Loading...
TRENDING NOW