Friday, June 14, 2019 Last Updated 9 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.08 AM

കണ്ണു തുറപ്പിക്കാന്‍ ഒരു കുഞ്ഞു മരണം

uploads/news/2019/06/314752/editorial.jpg

ഡിഫ്‌തീരിയ ബാധിച്ച്‌ മലപ്പുറത്ത്‌ ഒരു ബാലന്‍ കൂടി മരണമടഞ്ഞിരിക്കുന്നു. പ്രതിരോധ കുത്തിവയ്‌പുകള്‍ക്കെതിരേ വ്യാജപ്രചാരണം അഴിച്ചുവിട്ട്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഒരു ഇരകൂടിയായി മാറുകയാണ്‌ ഈ ബാലന്‍. ഏറെ നാളത്തെ ഇടവേളയ്‌ക്കുശേഷം നാലു വര്‍ഷം മുന്‍പാണു മലപ്പുറത്തും കോഴിക്കോട്ടും ഡിഫ്‌തീരിയ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അതിനുശേഷം രണ്ടു ജില്ലകളിലുമായി ധാരാളം പേര്‍ മരണമടഞ്ഞു. കൂടുതലും കൊച്ചുകുട്ടികള്‍. ഏറ്റവും പുതിയ ഇര എടപ്പാളിലാണ്‌. ഡിഫ്‌തീരിയയുടെ ലക്ഷണങ്ങളോടെ പൊന്നാനി താലൂക്ക്‌ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ഈ കുട്ടിക്കു പ്രതിരോധ കുത്തിവയ്‌പ്‌ എടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം മലപ്പുറത്ത്‌ ആറുപേര്‍ക്ക്‌ ഡിഫ്‌തീരിയ ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്‌തിരുന്നു. ഈവര്‍ഷം ഇതുവരെ നാലുപേര്‍ക്കു രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്‌.
പ്രതിരോധ കുത്തിവയ്‌പ്‌ എടുക്കുന്നതിനെതിരേ പലതരത്തിലുള്ള പ്രചാരണങ്ങളാണു മലപ്പുറത്തും മറ്റും നടക്കുന്നത്‌. ചിലത്‌ മതത്തിന്റെ പേരിലാണെങ്കില്‍ മറ്റു ചിലത്‌ ഇംഗ്ലീഷ്‌ ചികിത്സയ്‌ക്കെതിരായ നിലപാടിന്റെ പേരിലാണ്‌. ഇതുമൂലം ധാരാളം മാതാപിതാക്കളാണു തെറ്റിദ്ധരിക്കപ്പെടുന്നത്‌. ഇത്തരം കാര്യങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നവര്‍ തങ്ങളുടെ കുട്ടികളുടെ ജീവന്‍ വച്ചു പന്താടിക്കൊണ്ട്‌ അവര്‍ക്ക്‌ രോഗപ്രതിരോധ കുത്തിവയ്‌പ്‌ നല്‍കാന്‍ വിസമ്മതിക്കുന്നു. ഈ വ്യാജ പ്രചാരണങ്ങള്‍ ശരിയാണെന്നു തെറ്റിദ്ധരിക്കുന്നവരും ഇതേരീതിയില്‍ തന്നെയാണ്‌ പ്രതികരിക്കുന്നത്‌. രണ്ടായാലും വിലപ്പെട്ട ജീവനുകള്‍ ഇല്ലാതാകുന്നു എന്നതാണു ഫലം. പ്രതിരോധ കുത്തിവയ്‌പ്‌ എടുത്തിട്ടുള്ളവര്‍ രോഗത്തെ അതിജീവിക്കുന്നു എന്നതു പോലും ഇവരുടെയാരുടെയും കണ്ണുതുറപ്പിക്കുന്നില്ല എന്നത്‌ ഒരേ സമയം അത്ഭുതകരവും നിരാശാജനകവുമാണ്‌. രോഗം ബാധിച്ചാല്‍ പെട്ടെന്നു തിരിച്ചറിയാനാവില്ല എന്നതു രോഗം കൂടുതല്‍ പേരിലേക്കു പടരാനുള്ള ഒരു കാരണമാണ്‌. ആദ്യലക്ഷണങ്ങള്‍വന്നു ദിവസങ്ങള്‍ക്കു ശേഷമായിരിക്കും ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരിക. ഈഘട്ടത്തില്‍ ജീവന്‍ രക്ഷിക്കുക ഏറെ പ്രയാസകരമായിരിക്കും. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ കൂടുതല്‍പേര്‍ രോഗലക്ഷണം കാണിച്ചേക്കാമെന്നാണ്‌ ആരോഗ്യ വിദഗ്‌ധര്‍ കരുതുന്നത്‌. മരിച്ചകുട്ടിയും മാതാപിതാക്കളും അടുത്തിടെയാണു മധുരയില്‍നിന്നു വന്നതെന്നും റിപ്പോര്‍ട്ടുണ്ട്‌. അവിടെനിന്നാണോ രോഗം ബാധിച്ചതെന്നും അന്വേഷിക്കേണ്ടതുണ്ട്‌.

ചെറിയപ്രായത്തില്‍ തന്നെ പ്രതിരോധ കുത്തിവയ്‌പ്‌ എടുക്കുകയെന്നത്‌ പല രാജ്യങ്ങളിലും നിര്‍ബന്ധമാണ്‌. എന്നാല്‍, ഇന്ത്യയില്‍ നിര്‍ബന്ധമല്ലെന്നു മാത്രമല്ല, അതിനെതിരേ ദുരുദ്ദേശ്യത്തോടെ പ്രചാരണം നടത്താന്‍പോലും കഴിയുന്നു. ഇത്തരം പ്രചാരണക്കാര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്‌ കൊലപാതകത്തിനുള്ള പ്രോത്സാഹനമാണ്‌. ഇത്തരക്കാരുടെ പിടിയില്‍ വീഴാതെ തുറന്ന മനസോടെ ചിന്തിക്കാന്‍ മാതാപിതാക്കള്‍ തയാറായാല്‍ മാത്രമേ അവരുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനാകൂ. ഇത്തരത്തില്‍ ഇനിയും ഒരു ജീവന്‍ നഷ്‌ടപ്പെടാന്‍ അനുവദിക്കില്ലെന്ന്‌ എല്ലാവരും ദൃഢപ്രതിജ്‌ഞയെടുക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കാന്‍ വ്യാജപ്രചാരണക്കാര്‍ സന്മനസ്‌ കാണിക്കണമെന്നേ പറയാനാകൂ. എന്നാല്‍, ഇത്തരം ദുഷ്‌പ്രചാരണക്കാര്‍ക്കെതിരേ നിയമനടപടിയെടുത്ത്‌ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകേണ്ടതുണ്ട്‌.

Ads by Google
Friday 14 Jun 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW