Friday, June 14, 2019 Last Updated 32 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.07 AM

പഴവിള രമേശന്‍, സമരസപ്പെടാത്ത വിപ്ലവമനസ്‌

uploads/news/2019/06/314751/bft2.jpg

കാലം ഒരു കാല്‍ മുറിച്ചുമാറ്റിയിട്ടും സാമൂഹിക ജീര്‍ണതയ്‌ക്കെതിരെ സമരസപ്പെടാത്ത വിപ്ലവ മനസും പുസ്‌തകക്കാടിനു നടുവിലേക്കുള്ള ഉള്‍വലിയലും... അതായിരുന്നു പഴവിള രമേശനെന്ന കവിയുടെ അവസാന നാളുകള്‍. കൊല്ലം പെരിനാട്‌ കണ്ടച്ചിറയില്‍ ജനിച്ച എന്‍. രമേശനില്‍നിന്നു പഴവിള രമേശനിലേക്കുള്ള ദീര്‍ഘദൂരത്തിനിടയില്‍ അദ്ദേഹം കടന്നുവന്ന കനല്‍ക്കടമ്പകള്‍ ഏറെയായിരുന്നു. രമേശന്റെ ബാല്യ കൗമാര യൗവനങ്ങള്‍ വിപ്ലവത്തിന്റെ അഗ്‌നിജ്വാലയില്‍ വാര്‍ത്തെടുത്തവയാണ്‌. അതു തന്നെയായിരുന്നു ആ ജീവിതത്തിന്റെ കൈമുതലും.
കവി, ഗാനരചയിതാവ്‌, ലേഖനകര്‍ത്താവ്‌, മികച്ച സംഘാടകന്‍, ഭാഷാപണ്ഡിതന്‍ എന്നിങ്ങനെ പല ഭാവങ്ങളില്‍ സമന്വയിക്കുന്ന പ്രതിഭയായി തിളങ്ങുമ്പോഴും സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഒറ്റയാനായി അദ്ദേഹം വേറിട്ടുനിന്നു. തീക്ഷ്‌ണാനുഭവത്തിന്റെയും വിപുലമായ സൗഹൃദത്തിന്റെയും സാക്ഷ്യപത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ രചനയും.
1915 ല്‍ പെരിനാട്‌ പുലയ- നായര്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ വിപ്ലവമാണ്‌ രമേശന്റെ മനസില്‍ കമ്യൂണിസത്തിന്റെ വിത്തു പാകിയത്‌. ഈ വിപ്ലവത്തോടനുബന്ധിച്ചാണ്‌ പുലയസ്‌ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിഞ്ഞത്‌. ശിഥിലമായ ദാമ്പത്യത്തിന്റെ സന്തതിയായ രമേശനു കുഞ്ഞുനാള്‍ മുതല്‍ കടുത്ത ഏകാന്തതയായിരുന്നു കൂട്ട്‌. മുത്തച്‌ഛന്റെ പേരിലെ ആദ്യക്ഷരം ഇനിഷ്യലായി സ്വീകരിച്ച്‌ രമേശന്‍, എന്‍. രമേശനായി. കുടിപ്പള്ളിക്കൂടത്തില്‍ നിലത്തെഴുത്തിലൂടെയായിരുന്നു അക്ഷരാഭ്യാസം. വള്ളത്തോള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ നേരിട്ടു കാണാന്‍ കഴിഞ്ഞത്‌ രമേശനില്‍ സാഹിത്യ അഭിനിവേശം വളര്‍ത്തി.
അതിനിടയില്‍ കവിതകള്‍ കൂട്ടുവന്നു. കലാനിധി മാസികയില്‍ ആദ്യമായി കവിത അച്ചടിച്ചു വരുമ്പോള്‍ വയസ്‌ 12! അതോടൊപ്പം കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിലും പ്രവര്‍ത്തിച്ചു. കമ്യൂണിസ്‌റ്റ്‌ നേതാക്കളായിരുന്ന പി. കൃഷ്‌ണപിള്ള, എം.എന്‍. ഗോവിന്ദന്‍നായര്‍ എന്നിവരാണ്‌ രമേശനെ ചെറുപ്രായത്തില്‍ സ്വാധീനിച്ചവര്‍. അവരോടൊപ്പം ലഘുലേഖകള്‍ നല്‍കാനും അണിയറ പ്രവര്‍ത്തനങ്ങള്‍ക്കും രമേശന്‍ സജീവമായിരുന്നു. 1953 ല്‍ കൊല്ലം പീരങ്കി മൈതാനത്ത്‌ ആര്‍. ശങ്കര്‍, മന്നത്ത്‌ പത്മനാഭന്‍ എന്നിവര്‍ പങ്കെടുക്കുന്ന ഹിന്ദു മഹാമണ്ഡലത്തില്‍ സ്‌ഫോടനം നടത്താനുള്ള സാമഗ്രികള്‍ മൈതാനത്തെത്തിക്കാന്‍ ചുമതലപ്പെടുത്തിയത്‌ 13 വയസുള്ള രമേശനെയായിരുന്നു. വിമോചനസമരകാലത്ത്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചു. സി.കെ. ചന്ദ്രപ്പന്‍, ആന്റണി തോമസ്‌, കണിയാപുരം രാമചന്ദ്രന്‍ എന്നിവരായിരുന്നു സഹപ്രവര്‍ത്തകര്‍. കമ്യൂണിസ്‌റ്റുകാരെ തീവ്രവാദികളെപ്പോലെ ഭീതിയോടെ സമൂഹം കണ്ടിരുന്ന കാലത്ത്‌ ചങ്കൂറ്റത്തോടെ "ഞാന്‍ പാര്‍ട്ടിക്കാരനാണ്‌" എന്നു പറഞ്ഞിരുന്നു രമേശന്‍. വൈക്കം, കാമ്പിശേരി, ലക്ഷ്‌മണന്‍, സി.ആര്‍.എന്‍. പിഷാരടി, പറക്കോട്‌ എന്‍.ആര്‍. കുറുപ്പ്‌, തെങ്ങമം ബാലകൃഷ്‌ണന്‍ തുടങ്ങി നിരവധി പേരുടെ സൗഹൃദവും അദ്ദേഹത്തെ മാനസികമായി ശക്‌തനാക്കി.
ഉന്നത പഠനത്തിനായി കൊല്ലം എസ്‌.എന്‍. കോളജില്‍ എത്തുമ്പോള്‍ പ്രമുഖവാരികകളിലായി നാനൂറോളം കവിതകള്‍ രമേശന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇംഗ്ലീഷ്‌ ലിറ്ററേച്ചറിന്‌ ചേരണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പുതുശേരി രാമചന്ദ്രന്റെ നിര്‍ബന്ധപ്രകാരം മലയാള സാഹിത്യ ബിരുദ വിദ്യാര്‍ഥിയായി. വിദ്യാഭ്യാസാനന്തരം കൗമുദിയില്‍ ജോലിക്കു കയറി. 1961 മുതല്‍ 68 വരെ കൗമുദിയുടെ സഹപത്രാധിപരായിരുന്നു. അവിടെനിന്നു ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. പുരോഗമന കലാസാഹിത്യ സംഘത്തില്‍ ചേരുന്നതിന്‌ മുമ്പ്‌ സെക്യുലര്‍ കള്‍ച്ചറിന്റെ കണ്‍വീനറായി. കേരളത്തിലെ പുരോഗമന കലാ സാഹിത്യ പ്രസ്‌ഥാനത്തിന്‌ വര്‍ഗീയതയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന ബോധ്യത്തില്‍ നിന്നാണ്‌ വിരലിലെണ്ണാവുന്ന സാഹിത്യ സാംസ്‌കാരിക കലാപ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ സെക്യുലര്‍ കള്‍ച്ചര്‍ എന്ന സംഘടന രൂപീകരിച്ചത്‌.
തിരുവനന്തപുരത്തു പനവിളയില്‍ വര്‍ഷങ്ങളായി താമസിച്ചിരുന്ന വീട്‌ വിറ്റശേഷമാണ്‌ നന്തന്‍കോട്‌ ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‌ സമീപം പുതിയ വീട്‌ വാങ്ങുന്നത്‌. മലയാളത്തിലെ സാഹിത്യ, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗങ്ങളിലെ എല്ലാ പ്രമുഖരും വന്നിട്ടുള്ള വീടായിരുന്നു പനവിളയിലേത്‌. അവിടെ ആരുമറിയാതെ അദ്ദേഹവും ഭാര്യ രാധയും രണ്ടുദിവസം അബോധാവസ്‌ഥയിലും കിടന്നിട്ടുണ്ട്‌. പനി പിടിച്ചു കിടന്ന രണ്ടുപേരെയും കൊറിയര്‍ നല്‍കാനെത്തിയ യുവാവാണ്‌ ആശുപത്രിയിലേക്കു മാറ്റിയത്‌.
വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പ്രമേഹത്തെത്തുടര്‍ന്ന്‌ ഒരു കാല്‍ മുറിച്ചുമാറ്റി. കാല്‍ മുറിച്ചു കിടപ്പിലായപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞതിലായിരുന്നു അദ്ദേഹത്തിന്‌ വിഷമം. പൂക്കളും പുസ്‌തകങ്ങളും ബുദ്ധശില്‍പ്പങ്ങളും നിറഞ്ഞ മുറിക്കു നടുവിലായി ക്രമീകരിച്ച ഇരിപ്പിടമായിരുന്നു ഏറെ ഇഷ്‌ടം. പ്രായത്തിനു മുന്നിലും പരാജയം സമ്മതിക്കാത്ത വിപ്ലവ ചിന്തകളോടൊപ്പം അവസാന ദിനങ്ങളില്‍ പുസ്‌തകക്കാടിനു നടുവിലെ ബുദ്ധനെ സാക്ഷിയാക്കി ഏകാകിയായിരുന്നു.

സി.എസ്‌. സിദ്ധാര്‍ത്ഥന്‍

Ads by Google
Friday 14 Jun 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW