Friday, June 14, 2019 Last Updated 14 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.06 AM

ദേശസ്‌നേഹം മതമാകുമ്പോള്‍

19-ാം നൂറ്റാണ്ടോടുകൂടി മതപ്രേരിതമായ യുദ്ധങ്ങളുടെ കാലം കഴിഞ്ഞു എന്നാണു വിലയിരുത്തപ്പെട്ടത്‌. പക്ഷേ, കമ്യൂണിസത്തിന്റെയും സെക്കുലറിസത്തിന്റെയും മരണവും കമ്പോളസംസ്‌കാരത്തിലെ ജീവിതവും മതത്തിന്റെ അതിശക്‌തവും മൗലികവാദപരവുമായ തിരിച്ചുവരവിന്റെയായി മാറുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി താമരപ്പൂവുകള്‍കൊണ്ടു തുലാഭാരം നടത്തിയതു വലിയ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ നമ്മെ അറിയിച്ചു. ഇതൊരു യുഗമാറ്റത്തിന്റെ ചിത്രമല്ലേ? ഇതൊരു സെക്കുലര്‍ സംവിധാനത്തിന്റെ മരണവും രാഷ്‌ട്രീയമതത്തിന്റെ ആധിപത്യവും സൂചിപ്പിക്കുന്നു. 21-ാം നൂറ്റാണ്ടു മതയുദ്ധങ്ങളുടെ തിരിച്ചുവരവിന്റെയാകും എന്നു പ്രവചിക്കുന്നതു അതു സംഭവിക്കാതിരിക്കാനാണ്‌.
ഇവിടെ തിരിച്ചുവരുന്നതു സ്വകാര്യതയോടുള്ള പ്രതികരണം എന്ന വിധത്തിലുള്ള മതമല്ല. അതു വ്യക്‌തിപ്രധാനവും ആന്തരികതയില്‍ കേന്ദ്രീകൃതവുമായ ആത്മീയതയാണ്‌. ഇന്നു സമൂഹത്തില്‍ പ്രത്യക്ഷമാകുന്നതു ദേശീയത, വര്‍ഗം, ജാതി, സമുദായം എന്നിവയില്‍ കേന്ദ്രീകരിച്ചുള്ള മതാത്മകതയുടെ തിരിച്ചുവരവാണ്‌. അതു ആഗോളീകരണത്തില്‍ കടപുഴകിയ തനിമയുടെയുടെയും ഗൃഹാതുരത്വത്തിന്റെയും പ്രതിസന്ധിയുമായി ബന്ധപ്പെട്ടതാണ്‌.
ശാസ്‌ത്ര-സാങ്കേതികവിദ്യ ജനതകളുടെ വേരുകള്‍ പറിക്കുന്നു. ദേശം എന്നതു വിട്ടുപോകാനുള്ളതായി മാറുമ്പോള്‍ എവിടെയും പ്രവാസികളും നാടോടികളുമായി മാറുന്ന പ്രതിസന്ധിയുണ്ട്‌. അപ്പോഴാണു സംഘബോധത്തിന്റെയും സമുദായബോധത്തിന്റെയും തിരതള്ളല്‍ ഉണ്ടാകുക. ഈ സമുദായബോധം വളരെ പ്രകടമായി മാറുന്നതു മതത്തിന്റെ കുടക്കീഴിലാണ്‌.
ലോകയുദ്ധങ്ങളുടെ ഭീകരമായ പ്രതിസന്ധിയിലാണു നീഷേ ദൈവത്തിന്റെ മരണം പ്രഖ്യാപിച്ചത്‌. പക്ഷേ, ദൈവത്തിന്റെ ഗ്രഹണം മതാത്മകതയുടെ മരണമായില്ല. സെക്കുലറിസം അത്ര സെക്കുലറല്ലെന്നും അതിനു പിന്നിലും മതത്തിന്റെ മൂല്യബോധമുണ്ടെന്നും വന്നു.
എങ്കിലും സെക്കുലറിസം മതവിരുദ്ധമായി മാറിയ സാഹചര്യങ്ങള്‍ ചില്ലറയല്ല. മതത്തെ സ്വകാര്യതയുടെ മണ്‌ഡലത്തിലേക്ക്‌ അടിച്ചൊതുക്കിയ പ്രതീതി പലപ്പോഴും ഉണ്ടായി. മതപ്രതീകങ്ങളും അനുഷ്‌ഠാനങ്ങളും പരസ്യമാക്കപ്പെടാത്ത സ്വകാര്യതയുടെ വിഷയവുമായി. ഫലമായി മനുഷ്യന്റെ ആശ്‌ചര്യകരവും ഭയാനകവും മതാത്മകവുമായ മാനങ്ങള്‍ പിന്‍വലിയാതെ പ്രതികാരത്തോടെ തിരിച്ചുവരുന്നു. മതപരമായ പ്രതീകങ്ങളും വേഷങ്ങളും ആവരണങ്ങളും വലിയ ആവേശത്തോടും അതിലേറെ വൈകാരികമായ ഉന്മാദത്തോടുംകൂടി തിരിച്ചുവരുന്നു. ഇതു ലൗകികവത്‌കരണത്തിന്റെ പ്രത്യാഘാതങ്ങളായി വ്യാഖ്യനിക്കപ്പെടുന്നുണ്ട്‌.
അവാച്യവും അത്ഭുതകരവും വിശുദ്ധവുമായ ജീവിതമാനങ്ങള്‍ മായ്‌ച്ചുകളയാനുള്ള സെക്കുലര്‍ ശ്രമങ്ങളോടുള്ള പ്രതിഷേധംതന്നെ സമൂഹത്തില്‍ പ്രകടമാണ്‌. ഉത്സവങ്ങള്‍, അനുഷ്‌ഠാനങ്ങള്‍, ആഘോഷങ്ങള്‍, പൗരാണികമായ നേര്‍ച്ചകാഴ്‌ചകള്‍, മന്ത്രവാദംപോലുള്ള അശാസ്‌ത്രീയമായി കരുതപ്പെട്ടവയുടെ തിരിച്ചുവരവ്‌ ഈ കാലത്തിന്റെ സവിശേഷതകളാണ്‌. പഴയ ദൈവങ്ങള്‍ അവരുടെ ഭൂതത്തിന്റെ മണ്‌ഡലത്തില്‍നിന്നു വലിയ വികാരക്ഷോഭത്തോടെ തിരിച്ചുവരുന്നു. ഈ ദൈവങ്ങള്‍ ആധിപത്യശക്‌തികളായി സാംസ്‌കാരികശക്‌തികളായി മാറി പുതിയ മതമാനങ്ങള്‍ എല്ലാ മതങ്ങളിലും പ്രകടമാക്കുന്നുണ്ട്‌. മരണമില്ലാത്ത ദൈവങ്ങളോ സുവിശേഷങ്ങളോ ഇല്ല. സുവിശേഷങ്ങളും ദൈവത്തിന്റെ പ്രവാചകരും കാലഹരണപ്പെടുകയും മരിക്കുകയും ചെയ്യുന്നതു പലവിധമാണ്‌.
സുവിശേഷങ്ങള്‍ കത്തിച്ചാവണമെന്നില്ല ഇത്‌. അവയുടെ പുറന്തോടും പേരും നിലനിര്‍ത്തി അവയെ പുതിയ സുവിശേഷമാക്കി പരിവര്‍ത്തനം ചെയ്യാം. അഹിംസയുടെ ബുദ്ധമതം തീവ്രവാദത്തിനും ഭീകരപ്രവര്‍ത്തനത്തിനും വഴിവയ്‌ക്കുമ്പോള്‍ പേരു മാറുന്നില്ല, ഉള്ളടക്കം വ്യാഖ്യാനിച്ചു മാറ്റുന്നു. ഒരു കരണത്തടിക്കുന്നവനു മറുകരണം കാണിച്ചുകൊടുക്കാന്‍ കല്‌പിച്ചവന്‍ കുരിശില്‍ മരിച്ചു; പക്ഷേ, അവന്റെ കുരിശു കുരിശുയുദ്ധത്തിന്റെയും മന്ത്രവാദിനിവേട്ടയുടെയും ആയുധമാക്കി വ്യാഖ്യാനിച്ചു മാറ്റി. ഇതേ സരണിയിലൂടെ മതങ്ങള്‍ ചരിക്കുന്നോ എന്ന ആശങ്കയാണു വര്‍ത്തമാനകാലം സൃഷ്‌ടിക്കുന്നത്‌. അവിടെയും പഴയ മതതീവ്രതയുടെ യുദ്ധപ്രതിസന്ധിയുണ്ടാകുന്നതു മതവും രാഷ്‌ട്രീയവും തമ്മിലുള്ള സന്ധിയിലാണ്‌.
രാഷ്‌ട്രീയത്തിന്റെ മതവത്‌കരണവും മതത്തിന്റെ രാഷ്‌ട്രീയവത്‌കരണവും ഒരേസമയം സംഭവിക്കുന്നു. ശരീരവും ആത്മാവും ബലിയര്‍പ്പിക്കാന്‍ സന്നദ്ധമായ ജനസമൂഹവും കമ്പോളസംസ്‌കാരത്തില്‍ രൂപപ്പെടുന്നു. ദേശീയത ആരാധനയുടെ വിഷയമാവുകയാണ്‌; അതിന്റെ പുതിയ അനുഷ്‌ഠാനങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്നു. ദേശം ഒരു ദേശീയ മതത്തിന്റെ പരിവേഷത്തിലാകുന്നു. മതം ഒരു തത്ത്വസംഹിതയല്ല, മറിച്ച്‌ അതു സിവിലും പൊളിറ്റിക്കലുമായ മതാത്മകതയാണ്‌. എല്ലാ മതവിശ്വാസങ്ങളും അധികാരത്തിന്റെ ഏകമാനദണ്‌ഡത്തില്‍ അഴിച്ചുപണിയപ്പെടുന്നു. ഇവിടെ ഏറ്റവും പ്രധാനം വിശ്വാസമാണ്‌. അതു ചോദ്യം ചെയ്യാനാവാത്ത ദേശഭക്‌തിയും അതിന്റെ വിശുദ്ധമായ രാഷ്‌ട്രീയപ്രവര്‍ത്തനവുമാണ്‌. അവിടെ പാര്‍ട്ടി അംഗത്വകാര്‍ഡ്‌ വിശ്വാസത്തിന്റെ മഹത്ത്വപൂര്‍ണമായ അടയാളവും ദേശീയതയുടെ ആയുധവുമാണ്‌. ഈ വിശ്വാസം പ്രായോഗികമായി ജീവിക്കുന്നതു അനുഷ്‌ഠാനങ്ങളിലൂടെയാണ്‌. ഈ അനുഷ്‌ഠാനങ്ങളും ഈ ദേശഭക്‌തിയും പുലര്‍ത്താത്തവര്‍ ദേശവിരുദ്ധരും ദേശശത്രുക്കളുമാണ്‌. ഈ ദേശമതത്തിന്റെ വിമര്‍ശനം ദേശവിരുദ്ധ പ്രവര്‍ത്തനമായി നേരിടേണ്ടതു ദേശഭക്‌തിയുടെ കര്‍ത്തവ്യമായി മാറുന്നു. അധികാരത്തിന്റെ ഏകീകരണവും മതത്തിന്റെ രാഷ്‌ട്രീയവും വൈവിദ്ധ്യങ്ങളെയും വ്യത്യസ്‌തമായ ആശയപ്രകാശനങ്ങളെയും സംശയാസ്‌പദമായി മാത്രം കാണപ്പെടുന്ന ഒരു രാഷ്‌ട്രീയാന്തരീക്ഷമാണു സംജാതമാകുന്നത്‌ എന്ന അങ്കലാപ്പ്‌ നിലനില്‍ക്കുന്നു.

റവ. ഡോ. പോള്‍ തേലക്കാട്ട്‌

Ads by Google
Friday 14 Jun 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW