Friday, June 14, 2019 Last Updated 30 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.44 AM

15 പേര്‍ കൊല്ലപ്പെട്ട അങ്കമാലി വെടിവയ്‌പിന്‌ അറുപതാണ്ട്‌

angamaly police firing

കൊച്ചി : വിമോചനസമരത്തിന്റെ ഭാഗമായി നടന്ന അങ്കമാലി വെടിവയ്‌പിന്‌ അറുപതാണ്ട്‌. 1959 ജൂണ്‍ 13 നാണ്‌ ഏഴു പേര്‍ കൊല്ലപ്പെട്ട സംഭവം നടന്നത്‌. പോലീസ്‌ വെടിവയ്‌പില്‍ ദേവസി, പാപ്പച്ചന്‍, ചെമ്പിശേരി വറീത്‌, മുക്കടപ്പത്താന്‍ വറീത്‌, പൗലോ, കുര്യന്‍പറമ്പന്‍ വറീത്‌, കുഞ്ഞവിര പൗലോസ്‌ എന്നിവരാണു മരിച്ചത്‌.

1959 മേയ്‌ ഒന്നിനു വിദ്യാഭ്യാസസ്‌ഥാപനങ്ങള്‍ അടച്ചിട്ടു പ്രതിഷേധം പ്രകടിപ്പിക്കാനുള്ള പ്രമേയം ചങ്ങനാശേരിയില്‍വച്ച്‌ സമുദായിക നേതാക്കള്‍ പാസാക്കിയതോടെയാണു വിമോചനസമരത്തിനു തുടക്കമായത്‌. മന്നത്ത്‌ പത്‌മനാഭന്റെ നേതൃത്വത്തില്‍ വിമോചനസമരസമിതി രൂപവല്‍ക്കരിക്കപ്പെട്ടു. സാമൂഹിക-മത സംഘടനകള്‍ക്കു പുറമേ എല്ലാ പ്രധാന പ്രതിപക്ഷ സംഘടനകളും വിമോചന സമരത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌, പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പ്രജാ സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടി, റെവല്യൂഷനറി സോഷ്യലിസ്‌റ്റ്‌ പാര്‍ട്ടി, ആര്‍.എസ്‌.പി, മുസ്ലിം ലീഗ്‌, കെ.എസ്‌.പി. എന്നീ പാര്‍ട്ടികള്‍ ഇ.എം.എസ്‌. മന്ത്രിസഭയെ പുറത്താക്കണമെന്നാവശ്യപ്പെട്ടു സമരത്തില്‍ പങ്കുചേര്‍ന്നു.
സംസ്‌ഥാനത്ത്‌ സര്‍ക്കാരിനെതിരായി വമ്പിച്ച റാലികള്‍ സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പൂര്‍ണമായി സമരത്തില്‍ പങ്കുകൊള്ളാന്‍ തയാറായില്ല. മാത്രവുമല്ല, സമരത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച്‌ കേന്ദ്രത്തോട്‌ അഭിപ്രായം ആരായുകയും ചെയ്‌തു. വിമോചനസമരത്തില്‍ കോണ്‍ഗ്രസ്‌ സ്വീകരിക്കേണ്ട നയത്തെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ കേന്ദ്രത്തില്‍നിെന്നത്തിയത്‌ ഇന്ദിരാ ഗാന്ധിയായിരുന്നു. ഇ.എം.എസ്‌ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയുടെ നേതൃത്വത്തില്‍ സംസ്‌ഥാനത്തിലെ ക്രമസമാധാനനില തികച്ചും തൃപ്‌തികരമാണെന്നായിരുന്നു പ്രധാനമന്ത്രിക്കു റിപ്പോര്‍ട്ട്‌ നല്‍കിയതെന്നാണ്‌ ഇന്ദിരാഗാന്ധി പിന്നീടു പറഞ്ഞത്‌.

സര്‍ക്കാര്‍ സമരത്തെ സായുധമായി നേരിടാന്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി, ക്രമസമാധാന നില തകരാറിലാക്കി. വിവിധയിടങ്ങളില്‍ സമരക്കാര്‍ക്കെതിരായി പോലീസ്‌ വെടിവയ്‌പ്‌ നടന്നു. 15 പേര്‍ കൊല്ലപ്പെട്ടു. ഗര്‍ഭിണിയായ ഫ്‌ളോറിയെന്ന യുവതിയും സമരത്തിനിടയിലുണ്ടായ വെടിവയ്‌പില്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട്‌ 42,745 സ്‌ത്രീകള്‍ അടക്കം 1,77,850 പേരാണ്‌ അറസ്‌റ്റ്‌ ചെയ്യപ്പെട്ടത്‌. അന്നു കേരളത്തിലുണ്ടായിരുന്ന 895 പഞ്ചായത്തുകളില്‍ 700 ഉം 29 നഗരസഭകളില്‍ 26 ഉം 30ഓളം വരുന്ന ബാര്‍ അസോസിയേഷനുകളും കേരള സര്‍ക്കാരിനെ പുറത്താക്കണമെന്ന്‌ ഗവര്‍ണറോട്‌ ആവശ്യപ്പെടുകയായിരുന്നു.

പ്രതികരണ വേദിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ അങ്കമാലി പള്ളി സെമിത്തേരിയില്‍ വിമോചന സമര പോരാളികളുടെ കല്ലറയില്‍ റീത്ത്‌ സമര്‍പ്പണം നടന്നു. ഞായറാഴ്‌ചയാണ്‌ അങ്കമാലി ബസിലിക്കയിലെ കല്ലറയില്‍ കുര്‍ബാനയും അനുസ്‌മരണയോഗവും നടത്തുക. 27 നു സിറോ മലബാര്‍ സഭയുടെ ആസ്‌ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിക്കും.

Ads by Google
Friday 14 Jun 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW