Friday, June 14, 2019 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.40 AM

ഈ വിജയം പോരാ; കേരളം പിടിക്കാന്‍ അമിത്‌ ഷാ

uploads/news/2019/06/314673/d2.jpg

ന്യൂഡല്‍ഹി : ബി.ജെ.പിയെ തെരഞ്ഞെടുപ്പുകളില്‍ വന്‍വിജയങ്ങളിലേക്കു നയിച്ച അമിത്‌ ഷായുടെ അടുത്ത ലക്ഷ്യം കേരളം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ്‌ വലിയ നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടിയാക്കാന്‍ അദ്ദേഹം നേരിട്ട്‌ ഏകോപനം നിര്‍വഹിക്കും.
കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ തൃപ്‌തനാകില്ലെന്ന്‌ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി. നേതൃയോഗത്തില്‍ അമിത്‌ ഷാ വ്യക്‌തമാക്കി.
303 ലോക്‌സഭാ സീറ്റ്‌ നേടിയതു നേട്ടത്തിന്റെ കൊടുമുടിയല്ല. ഏറെ മുന്നോട്ടുപോകാനുണ്ട്‌. കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നേട്ടമുണ്ടാക്കണം- അദ്ദേഹം പറഞ്ഞു.
വിജയപ്രതീക്ഷ പൊലിഞ്ഞതോടെ കേരളത്തില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്‌തമാണെങ്കിലും തല്‍ക്കാലം പി.എസ്‌. ശ്രീധരന്‍ പിള്ളയെ മാറ്റില്ലെന്നാണു സൂചന. പിള്ളയില്‍ തൃപ്‌തിയുണ്ടായിട്ടല്ല, അടിക്കടിയുള്ള നേതൃമാറ്റം പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ചോര്‍ത്തുമെന്നതാണു കാരണം.
മോഡി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിപദം ഏറ്റെടുത്തെങ്കിലും ഇക്കൊല്ലം അവസാനം സംഘടനാ തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാകുന്നതുവരെ അമിത്‌ ഷാ അധ്യക്ഷപദവിയില്‍ തുടരും. മഹാരാഷ്‌ട്ര, ഝാര്‍ഖണ്ഡ്‌, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളും അപ്പോഴേക്കും പൂര്‍ത്തിയാകും. മണ്ഡലം ഭാരവാഹികളില്‍ തുടങ്ങി ദേശീയ അധ്യക്ഷനെ വരെ നിശ്‌ചയിക്കാനുള്ള സംഘടനാ തെരഞ്ഞെടുപ്പ്‌ ഡിസംബറില്‍ പൂര്‍ത്തിയാക്കും. സംഘടനാ തെരഞ്ഞെടുപ്പ്‌ പ്രക്രിയയ്‌ക്കു തുടക്കമിട്ടുള്ള അംഗത്വവിതരണം ജൂലൈ ആറിനു തുടങ്ങും. ഇതിനായുള്ള അഞ്ചംഗ സമിതിയെ മധ്യപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാന്‍ നയിക്കും.
കേരളത്തിലെ ജനറല്‍ സെക്രട്ടറിമാരിലൊരാളായ ശോഭാ സുരേന്ദ്രനാണ്‌ സഹകണ്‍വീനര്‍. പാര്‍ട്ടിയംഗത്വം 11 കോടിയില്‍നിന്നു 14 കോടിയാക്കുകയാണു ലക്ഷ്യം.
ദക്ഷിണേന്ത്യയില്‍ വലിയ നേട്ടം ലക്ഷ്യമിട്ടിരുന്നെങ്കിലും കര്‍ണാടക ഒഴികെയുള്ള സംസ്‌ഥാനങ്ങള്‍ നിരാശപ്പെടുത്തിയെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. പശ്‌ചിമ ബംഗാളില്‍ ആധിപത്യമുറപ്പിച്ച ശൈലിയില്‍ അടിത്തട്ടില്‍നിന്നു കേരളത്തില്‍ പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാനാണു പദ്ധതി. അതിനു വി. മുരളീധരന്റെ മന്ത്രിപദം രാഷ്‌ട്രീയമായി ഉപയോഗിക്കും. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ തുടങ്ങി വിജയം നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെത്തിക്കും. അധ്യക്ഷപദവിയില്‍ ഷായുടെ മൂന്നു വര്‍ഷ കാലാവധി കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായെങ്കിലും പൊതുതെരഞ്ഞെടുപ്പ്‌ പരിഗണിച്ച്‌ തുടരുകയായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാകുന്നതു വരെ മറ്റൊരാളെ അധ്യക്ഷപദം ഏല്‍പ്പിക്കേണ്ടെന്നാണു തീരുമാനം.
അതേസമയം, ഷായ്‌ക്കു മന്ത്രിസഭയില്‍ വിപുലമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതിനാല്‍ പാര്‍ട്ടിയില്‍ വര്‍ക്കിങ്‌ പ്രസിഡന്റ്‌ സ്‌ഥാനം സൃഷ്‌ടിക്കാന്‍ ആലോചിക്കുന്നുണ്ട്‌. അധ്യക്ഷ സ്‌ഥാനത്തേക്കു ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ജെ.പി. നഡ്‌ഡയെയാണു വര്‍ക്കിങ്‌ പ്രസിഡന്റായി പരിഗണിക്കുന്നത്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Friday 14 Jun 2019 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW