Friday, June 14, 2019 Last Updated 2 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.40 AM

വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും മൃതദേഹം കണ്ടെത്തി

uploads/news/2019/06/314672/d1.jpg

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ വനമേഖലയില്‍ കാണാതായ എ.എന്‍.-32 സേനാ വിമാനത്തിലുണ്ടായിരുന്ന മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 13 പേരുടെയും മൃതദേഹം കണ്ടെത്തി.
എ.എന്‍-32 വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നു വ്യോമസേന ട്വീറ്റിലൂടെ സ്‌ഥിരീകരിച്ചതിനു പിന്നാലെയാണ്‌ യാത്രക്കാരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സും കണ്ടെത്തിയത്‌. ഇന്നലെ രാവിലെ വ്യോമസേനയുടെ തെരച്ചില്‍സംഘം വിമാനം തകര്‍ന്നുവീണ ലിപോയിലെ പര്‍വത മേഖലയിലെത്തി. എട്ടു പര്‍വതാരോഹകര്‍ അടങ്ങിയ സംഘം നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹങ്ങള്‍ ഹെലികോപ്‌ടര്‍ മാര്‍ഗം വനമേഖലയ്‌ക്കു പുറത്തെത്തിക്കും.
ഫ്‌ളൈറ്റ്‌ എന്‍ജിനീയര്‍ കൊല്ലം അഞ്ചല്‍ ഏരൂര്‍ ആലഞ്ചേരി വിജയവിലാസത്തില്‍ (കൊച്ചു കോണത്തുവീട്‌) എസ്‌. അനൂപ്‌കുമാര്‍ (29), കണ്ണൂര്‍ അഞ്ചരക്കണ്ടി കുഴിമ്പാലോട്‌ മെട്ട സ്വദേശി കോര്‍പ്പറല്‍ എന്‍.കെ. ഷെറിന്‍, സ്‌ക്വാഡ്രന്‍ ലീഡര്‍ തൃശൂര്‍ വടക്കാഞ്ചേരി പെരിങ്ങണ്ടൂര്‍ നടുവിലാര്‍മഠത്തില്‍ വിനോദ്‌(32) എന്നിവരാണു മരിച്ച മലയാളികള്‍. വിങ്‌ കമാന്‍ഡര്‍ ജി.എം. ചാള്‍സ്‌, ഫ്‌ളൈറ്റ്‌ ലഫ്‌റ്റനന്റുമാരായ ആര്‍. ഥാപ, എ. തന്‍വാര്‍, എസ്‌. മൊഹന്തി, എം.കെ. ഗാര്‍ഗ്‌, വാറന്റ്‌ ഓഫീസര്‍ കെ.കെ. മിശ്ര, ലീഡിങ്‌ എയര്‍ക്രാഫ്‌റ്റ്‌മാന്‍മാരായ എസ്‌.കെ. സിങ്‌, പങ്കങ്‌, ജീവനക്കാരായ പുതാലി, രാജേഷ്‌ കുമാര്‍ എന്നിവരും അപകടത്തില്‍ കൊല്ലപ്പെട്ടു.
അസമിലെ ജോര്‍ഹട്ടില്‍നിന്ന്‌ അരുണാചല്‍പ്രദേശിലെ മേചുക വ്യോമതാവളത്തിലേക്കു പോകുന്നതിനിടെ കഴിഞ്ഞ മൂന്നിനാണു റഷ്യന്‍ നിര്‍മിത വിമാനം കാണാതായത്‌.

കാലാവസ്‌ഥ തടസമായി; മൃതദേഹം കണ്ടെത്തിയത്‌ ഇന്നലെ
ന്യൂഡല്‍ഹി: പ്രതികൂല കാലാവസ്‌ഥയാണ്‌ എ.എന്‍.32 വിമാനാപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനു തിരിച്ചടിയായത്‌. എട്ടു ദിവസത്തെ തെരച്ചിലിനൊടുവില്‍ വ്യോമസേനയുടെ എം.ഐ-17 ഹെലികോപ്‌ടറാണ്‌ അരുണാചലിലെ ലിപോ മേഖലയില്‍ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്‌. സഞ്ചാരപാതയില്‍നിന്ന്‌ 15-20 കിലോമീറ്റര്‍ വടക്കുമാറി ചിതറിത്തെറിച്ച നിലയിലാണു വിമാനഭാഗങ്ങള്‍. വ്യോമ, നാവിക സേനകള്‍, ആയിരത്തഞ്ഞൂറോളം സൈനികര്‍, പോലീസുകാര്‍, ഗ്രാമീണര്‍ അടക്കമുള്ളവര്‍ വനമേഖലയിലെ തെരച്ചില്‍ ദൗത്യത്തില്‍ പങ്കാളികളായിരുന്നു.
വിമാനം തകര്‍ന്നുവീണ സ്‌ഥലം തിരിച്ചറിഞ്ഞെങ്കിലും അവിടേക്കെത്താന്‍ മഴ ഉള്‍പ്പെടെ പ്രതികൂല കാലാവസ്‌ഥ തടസസമായി. സമുദ്രനിരപ്പില്‍നിന്ന്‌ 12,000 അടി ഉയരത്തിലാണ്‌ വിമാനത്തിന്റെ അവശിഷ്‌ടങ്ങളുള്ളത്‌. ഏറെ പണിപ്പെട്ടാണ്‌ രക്ഷാപ്രവര്‍ത്തകര്‍ ഇവിടേക്ക്‌ എത്തിയത്‌. ബുധനാഴ്‌ച 15 പര്‍വതാരോഹകരെ ഹെലികോപ്‌റ്ററില്‍ ഇവിടെയത്തിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്‌ഥ വില്ലനായി. തുടര്‍ന്ന്‌ ഇന്നലെ രാവിലെയാണു തെരച്ചില്‍സംഘത്തിന്‌ തകര്‍ന്ന വിമാനത്തിനു സമീപം എത്താനായത്‌. വിമാനത്തിന്റെ ബ്ലാക്‌ ബോക്‌സ്‌ കണ്ടെത്തിയതിനാല്‍ അപകടകാരണം വൈകാതെ വ്യക്‌തമാകുമെന്നാണു വ്യോമസേനാവൃത്തങ്ങള്‍ നല്‍കുന്ന സൂചന. മഴമേഘങ്ങള്‍ കാഴ്‌ചമറച്ചതിനാല്‍ പര്‍വത്തില്‍ ഇടിച്ചാണു വിമാനം തകര്‍ന്നതെന്നാണു വ്യോമസേനയുടെ പ്രാഥമിക നിഗമനം. അപകടത്തില്‍ മരിച്ച കോര്‍പ്പറല്‍ എന്‍.കെ. ഷെറിന്‍ അഞ്ചരക്കണ്ടി കുഴിമ്പാലോട്‌ മെട്ട സ്വദേശിയാണ്‌. കനാല്‍ക്കരയിലെ പി.കെ. പവിത്രന്റെയും എന്‍.കെ. ശ്രീജയുടെയും മകനാണ്‌. ഭാര്യ: അഷിത. വ്യോമസേനയില്‍ ചേര്‍ന്നിട്ട്‌ ഏഴു വര്‍ഷമായി. പെരിങ്ങണ്ടൂര്‍ നടുവിലാര്‍മഠത്തില്‍ പരേതനായ ഹരിഹരന്റെ മകനാണു സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ്‌. കോയമ്പത്തൂര്‍ സിങ്കനെല്ലൂര്‍ വിദ്യാവിഹാര്‍ എന്‍ക്ലേവിലാണ്‌ ഭാര്യ രുഗ്‌മിണിയും അമ്മ തങ്കമണിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ താമസം. രണ്ടാഴ്‌ചമുമ്പ്‌ പെരിങ്ങണ്ടൂരിലെ വീട്ടില്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സഹോദരന്‍ വിവേക്‌ വ്യോമസേനയില്‍ പൈലറ്റാണ്‌. ഫ്‌ളൈറ്റ്‌ എന്‍ജിനീയറായ അഞ്ചല്‍ ഏരൂര്‍ ആലഞ്ചേരി വിജയ വിലാസത്തില്‍ (കൊച്ചു കോണത്തുവീട്‌) എസ്‌. അനൂപ്‌കുമാര്‍ പതിനൊന്നു വര്‍ഷം മുമ്പാണു വ്യോമസേനയില്‍ ചേര്‍ന്നത്‌. ഒന്നരമാസം മുമ്പാണ്‌ അവസാനമായി നാട്ടില്‍ എത്തിയത്‌. ഭാര്യ: വൃന്ദ. ആറുമാസം പ്രായമായ കുട്ടിയുണ്ട്‌.

അനൂപിന്റെ മരണത്തില്‍ ഞെട്ടി കുടുംബം

കൊല്ലം: അരുണാചല്‍പ്രദേശിലെ ചൈനാ അതിര്‍ത്തിക്കു സമീപം കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന ഫ്‌ളൈറ്റ്‌ എന്‍ജിനീയര്‍ അനൂപിന്റെ മരണവാര്‍ത്തുടെ ഞെട്ടലിലാണ്‌ കുടുംബം. ഇന്നലെ ഉച്ചയോടെയാണ്‌ മരണവിവരം ബന്ധുക്കളെ അറിയിച്ചത്‌. വിമാനം കാണാതായതിനു പിന്നാലെ സഹോദരനും അടുത്ത ബന്ധുക്കളും അസമിലേക്ക്‌ പുറപ്പെട്ടിരുന്നു. ആലഞ്ചേരിയിലെ അമ്മാവന്റെ വീട്ടില്‍ നിന്നാണ്‌ അനൂപ്‌ വളര്‍ന്നതും പഠിച്ചതും. ആലഞ്ചേരിയില്‍ സ്വന്തമായി പണികഴിപ്പിച്ച വീട്ടില്‍ ഒന്നരമാസം മുമ്പ്‌ അനൂപ്‌ എത്തിയിരുന്നു. ആറുമാസം പ്രായമായ മകളുടെ ചോറൂണ്‌ നടത്തിയശേഷം ഭാര്യ വൃന്ദയെയും മകളെയും അസമിലെ ജോലി സ്‌ഥലത്തേക്ക്‌ ഒപ്പംകൂട്ടി. അഞ്ചല്‍ സെന്റ്‌ ജോണ്‍സ്‌ കോളജിലെ ഡിഗ്രി പഠനത്തിനിടെയാണ്‌ വ്യോമസേനയില്‍ ചേര്‍ന്നത്‌. കാണാതായ വിമാനത്തില്‍ അനൂപും ഉണ്ടെന്ന വിവരത്തെത്തുടര്‍ന്നു വീട്ടിലേക്ക്‌ സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും ഓടിയെത്തിയിരുന്നു.

Ads by Google
Friday 14 Jun 2019 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW