Friday, June 14, 2019 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.40 AM

'വായു' ഗതിമാറി; ഗുജറാത്തില്‍ കനത്ത മഴ, ഭീതിയൊഴിയുന്നു

uploads/news/2019/06/314669/d4.jpg

പോര്‍ബന്തര്‍: അതിതീവ്ര ചുഴലിക്കാറ്റായി ഇന്നലെ പുലര്‍ച്ചെ ഗുജറാത്തില്‍ ആഞ്ഞടിക്കുമെന്ന്‌ ആശങ്കപ്പെട്ടിരുന്ന "വായു" ബുധനാഴ്‌ച രാത്രി ഗതി മാറി. അകന്നാണു സഞ്ചാരമെങ്കിലും സംസ്‌ഥാനത്തിന്റെ തീരമേഖലകളില്‍ ശക്‌തമായ കാറ്റും കനത്ത മഴയും തുടരുകയാണ്‌.
"വായു" ഗുജറാത്ത്‌ തീരം തൊടില്ലെന്നാണു പ്രതീക്ഷിക്കുന്നതെന്നു തീരരക്ഷാസേനാ അധികൃതര്‍ കാലാവസ്‌ഥാ കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ വ്യക്‌തമാക്കി. ഗുജറാത്ത്‌ തീരത്തുനിന്ന്‌ 150 കിലോമീറ്റര്‍ അകലെയായാണു ചുഴലിക്കാറ്റു നീങ്ങുന്നത്‌. നിലവില്‍ ഒമാന്‍ തീരത്ത്‌ "വായു" നിലംതൊടാനുള്ള സാധ്യതയാണുള്ളത്‌. കണക്കുകൂട്ടല്‍പ്രകാരം പാകിസ്‌താനും "വായു"വിന്റെ പ്രഹരമേല്‍ക്കില്ല. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്‌. ശനിയാഴ്‌ചയോടെയേ വായുവിന്റെ ഭീഷണി പൂര്‍ണമായും അകലുകയുള്ളൂ. അതുവരെ നിതാന്ത ജാഗ്രത തുടരുമെന്നും തീരരക്ഷാസേനാ കേന്ദ്രങ്ങള്‍ പറഞ്ഞു. സൗരാഷ്‌ട്ര തീരത്തിനു സമീപത്തുകൂടി മണിക്കൂറില്‍ 135-145 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന "വായു" കൂടുതല്‍ വടക്കു പടിഞ്ഞാറേക്കു നീങ്ങുമെന്ന്‌ ഇന്നലെ രാത്രി ഏഴിനു പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കാലാവസ്‌ഥാകേന്ദ്രങ്ങള്‍ വ്യക്‌തമാക്കി.
അതേസമയം, "വായു"വിന്റെ സഞ്ചാരപാതയ്‌ക്കു സമീപമുള്ള ഗുജറാത്തിന്റെ തീരമേഖലകളില്‍ കനത്തമഴയും കാറ്റും തുടരുകയാണ്‌. ഗിര്‍, സോംനാഥ്‌, ജുനഗഡ്‌, ജാംനഗര്‍, പോര്‍ബന്തര്‍, അമ്രേലി, ഭാവ്‌നഗര്‍, ദ്വാരക, കണ്ട്‌ല, കച്ച്‌ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ കാറ്റിനൊപ്പമെത്തിയ പെരുമഴ നാശം വിതച്ചത്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പോര്‍ബന്തറിലെ ഭൂതേശ്വര്‍ മഹാദേവ ക്ഷേത്രം തകര്‍ന്നു. തീരമേഖലയില്‍ സ്‌ഥിതിചെയ്യുന്ന ക്ഷേത്രത്തിലേക്കു കൂറ്റന്‍ തിരമാലകള്‍ അടിച്ചുകയറുകയായിരുന്നു. പലയിടങ്ങളിലും വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധം താറുമാറായി. വന്‍വൃക്ഷങ്ങള്‍ കടപുഴകി റെയില്‍, റോഡ്‌ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. പശ്‌ചിമ റെയില്‍വേ എഴുപതിലേറെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹിയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ മുതിര്‍ന്ന ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച്‌ വിവിധ സേനാവിഭാഗങ്ങളുടെ തയാറെടുപ്പുകള്‍ വിലയിരുത്തി.
തീരപ്രദേശത്തെ അഞ്ഞൂറോളം ഗ്രാമങ്ങളില്‍നിന്നായി മൂന്നു ലക്ഷത്തോളം പേരെ ഒഴിപ്പിച്ച്‌ ചുഴലിക്കാറ്റിനെ നേരിടാന്‍ ഗുജറാത്ത്‌ കാലേകൂട്ടി തയാറെടുത്തിരുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ അവധി നല്‍കി. വിമാനസര്‍വീസുകള്‍ ഒഴിവാക്കി. കാലാവസ്‌ഥ മോശമായതു മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു. നാനൂറോളം സര്‍വീസുകളാണു വൈകിയത്‌.
ദ്വാരക, സോമനാഥ്‌, കച്ച്‌, സസാന്‍ വിനോദസഞ്ചാര/ആരാധനാലയ യാത്രകള്‍ ഒഴിവാക്കാന്‍ സഞ്ചാരികള്‍ക്കു ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാനി നിര്‍ദേശം നല്‍കിയിരുന്നു. അവിടങ്ങളിലുണ്ടായിരുന്നവരെ പ്രത്യേകം ബസുകള്‍ ഏര്‍പ്പാടാക്കി സുരക്ഷിത മേഖലകളിലെത്തിച്ചു.
അധികാരികളില്‍നിന്നു തത്സമയം കാലാവസ്‌ഥാ വിവരങ്ങള്‍ ലഭിക്കുമെന്നും എല്ലാവരും സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വിദേശയാത്രയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ്‌ ചെയ്‌തു. ചുഴലിക്കാറ്റ്‌ അകന്നുപോയെങ്കിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലുള്ളവരെ വീടുകളിലേക്കു തിരിച്ചയച്ചിട്ടില്ല. ഭക്ഷണവും വെള്ളവും ജനറേറ്ററുകളും യഥേഷ്‌ടം കരുതിയിട്ടുണ്ടെന്ന്‌ അധികൃതര്‍ അറിയിച്ചു. ഗര്‍ഭിണികളടക്കം, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്ക്‌ അതിനുള്ള സൗകര്യങ്ങളൊരുക്കി.20 വര്‍ഷം മുമ്പു കണ്ട്‌ലയില്‍ 1241 പേരുടെ ജീവനെടുത്ത ചുഴലിക്കാറ്റില്‍നിന്നു പാഠമുള്‍ക്കൊണ്ടാണ്‌ ഗുജറാത്ത്‌ ഇക്കുറി ഒരുക്കങ്ങള്‍ നടത്തിയത്‌. ഇക്കൊല്ലം ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ്‌ "വായു". ഫാനി കഴിഞ്ഞ മാസം ഒഡീഷ തീരത്തു വലിയ നാശനഷ്‌ടമുണ്ടാക്കിയിരുന്നു.

Ads by Google
Friday 14 Jun 2019 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW