Thursday, June 13, 2019 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 02.41 PM

അബ്ദുള്‍ മജീദിന്റെ ഉദ്യാനക്കാഴ്ചകള്‍....

അഭിനയത്തിരക്കിനിടെയിലും പൂന്തോട്ട പരിപാലനത്തിന് സമയം കണ്ടെത്തുന്ന അബ്ദുള്‍ മജീദിന്റെ ഉദ്യാനക്കാഴ്ചകള്‍.
uploads/news/2019/06/314602/addulmajeed130619.jpg

മണ്ണിനെ സ്നേഹിക്കുന്നവര്‍ക്ക് നാടുവിട്ടൊരു കൂടുമാറ്റം സാധ്യമല്ല. സൗദിയില്‍ അഞ്ചു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് അബ്ദുല്‍ മജീദ് എടവനക്കാട്ടേക്ക് മടങ്ങിയതിന്റെ കാരണവും മറ്റൊന്നല്ല. നാട്ടില്‍ വന്ന് കെ.എസ്.ഇ.ബി യില്‍ ഉദ്യോഗസ്ഥനായി. ഔദ്യോഗിക തിരക്കിനിടയിലും ഭാര്യ നജ്മയുടെ താല്‍പര്യം കണ്ടിട്ടാണ് ചെടികളോടുള്ള പ്രണയം മൊട്ടിട്ടത്.

ക്വാര്‍ട്ടേഴ്സിലെ പരിമിതികള്‍ ഒരിക്കലും പരിപാലനത്തിന് തടസ്സമായില്ല. സ്വന്തമായി വീടുവച്ചു മാറുമ്പോള്‍ മാത്രമാണ് ലോറിയില്‍ കൊണ്ടുപോകത്തവിധം വിപുലമായ സസ്യശേഖരം തങ്ങള്‍ക്കുണ്ടെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. പൂക്കുന്നതും കായ്ക്കുന്നതുമായ ആയിരക്കണക്കിന് ചെടികള്‍ അവരുടെ സ്വപ്നഗൃഹത്തിന് മിഴിവേകി. 40 സെന്റില്‍ ഷെഡ് പണിത് ഇനങ്ങള്‍ തിരിച്ച് ഓരോന്നിന്റെയും ശാസ്ത്രീയ നാമങ്ങളുടെ ബോര്‍ഡുമായി ഒരു മിനി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തന്നെ ഒരുക്കിയിട്ടുണ്ട് ഈ ദമ്പതികള്‍.

നന്ദനം ഗാര്‍ഡന്‍സിന്റെ തുടക്കം


ഞങ്ങള്‍ പൂന്തോട്ട പരിപാലനത്തിന് തുടക്കം കുറിച്ചിട്ട് മുപ്പതിലേറെ വര്‍ഷമായി. പല യാത്രകള്‍ക്കിടയിലും പുഷ്പമേളകളില്‍ നിന്നും സ്വന്തമാക്കിയ അപൂര്‍വ്വ ഇനങ്ങളുണ്ട് ഈ ഉദ്യാനത്തില്‍. അഞ്ഞൂറോളം വെറൈറ്റി ഓര്‍ക്കിഡുകള്‍ പരിചയക്കാര്‍ ചോദിക്കുമ്പോള്‍ കൊടുത്തിട്ട് മുന്നൂറായി കുറഞ്ഞു. വീട്ടില്‍ വരുന്നവരൊക്കെ പൂവിട്ടുനില്‍ക്കുന്ന ചെടികള്‍ മുറിച്ചുകൊണ്ടുപോകുമ്പോള്‍ സങ്കടം തോന്നിയിട്ടുണ്ട്.

പിന്നീട് അവരെ കാണുമ്പോള്‍ ചെടി പൂവിട്ടോ എന്ന് അന്വേഷിക്കവേ, അതെങ്ങും പിടിച്ചില്ല എന്ന ഒഴുക്കന്‍ മറുപടി കൂടി ആയപ്പോള്‍ വെറുതെ കൊടുക്കുന്നത് ശരിയാവില്ലെന്നു ബോധ്യപ്പെട്ടു.

uploads/news/2019/06/314602/addulmajeed130619a.jpg

വിവാഹം കഴിച്ചുചെന്ന വീട്ടില്‍ പൊന്നുപോലെ നോക്കിയ മക്കള്‍ക്ക് വിലയില്ലാതെ വന്നതറിയുന്ന അച്ഛനമ്മമാരുടെ ഹൃദയം പിടയും പോലുള്ള അനുഭവം. തരില്ല എന്ന് മുഷിഞ്ഞു പറയാന്‍ അറിയാത്തതുതന്നെയാണ് വില്പന എന്ന ആശയത്തിലേക്ക് വഴിവെച്ചത്. വിലകൊടുത്ത് വാങ്ങുന്നവര്‍ ആവശ്യക്കാര്‍ ആയിരിക്കുമല്ലോ? ചെടി വിറ്റുകിട്ടുന്ന കാശിനു നമ്മള്‍ ആഗ്രഹിക്കുന്ന മറ്റു ചെടികള്‍ സ്വന്തമാക്കാമെന്ന മെച്ചവുമുണ്ട്.

വൃന്ദാവനംപോലെ പല പേരുകള്‍ ആലോചിച്ച സമയത്താണ് എന്റെ അനിയന്‍ നടന്‍ സിദ്ദിഖ് നന്ദനം എന്ന പേരില്‍ സിനിമ നിര്‍മ്മിക്കുന്ന വിവരം പറയുന്നത്. ഞങ്ങളുടെ പൂന്തോട്ടത്തിനുപറ്റിയ പേരാണല്ലോ എന്ന് അപ്പോള്‍ത്തന്നെ തോന്നി. ദേവേന്ദ്രന്റെ ഉദ്യാനമാണല്ലോ നന്ദനം!

മറന്നുതുടങ്ങിയ എന്റെ സിനിമാസ്വപ്നം സാക്ഷാത്കരിച്ചതും നന്ദനം എന്ന ചിത്രത്തിലൂടെ ആയത് ആകസ്മികം. ആ സിനിമയില്‍ പൃഥ്വിരാജിന്റെ അമ്മാവനായി ഒരു ചെറിയ വേഷം ചെയ്തു. ഇപ്പോള്‍ മുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു കഴിഞ്ഞ എനിക്ക് നന്ദനം എന്ന വാക്കിനോട് മാനസികമായ അടുപ്പം തോന്നാന്‍ ഇങ്ങനെ പല കാരണങ്ങളുണ്ട്.

പൂന്തോട്ടത്തിനുള്ള പ്രസക്തി


സുന്ദരിയാണെന്ന് ഒരു സ്ത്രീയ്ക്ക് സ്വയം ബോധ്യപ്പെടുമ്പോള്‍ അണിഞ്ഞൊരുങ്ങാനുള്ള താല്‍പര്യം കൂടുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അതുപോലെ സ്വന്തമായൊരു വീടാകുമ്പോള്‍ പറ്റുന്ന രീതിയില്‍ അതിന്റെ മോടി കൂട്ടാന്‍ ശ്രമിക്കും. പല നിറങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ ആര്‍ക്കാണ് ആഗ്രഹം തോന്നാത്തത്? കുടുംബത്തിലും ജോലിയിലുമായി പലതരം പിരിമുറുക്കങ്ങളിലൂടെ കടന്നുപോകുമ്പോള്‍, പൂന്തോട്ടത്തില്‍ നോക്കി വെറുതെ ഒന്നിരുന്നാല്‍ മനസ്സ് തണുക്കും.

പുതിയ വീട് വച്ചുമാറിയപ്പോള്‍ എന്റെ മകളും ഇവിടെ നിന്ന് ചെടികള്‍ കൊണ്ടുപോയി മനോഹരമായ ഒരു ഗാര്‍ഡന്‍ സെറ്റ് ചെയ്തു. സിദ്ദിഖിന്റേതും നല്ലൊരു പൂന്തോട്ടമാണ്. മുന്‍വശത്ത് ഒരുക്കിയിരിക്കുന്ന പു ല്‍ത്തകിടിയാണ് അവിടുത്തെ ആകര്‍ഷണം.

uploads/news/2019/06/314602/addulmajeed130619e.jpg

വീടിനോടു ചേര്‍ന്ന് നമ്മള്‍ സ്വയം ഒരുക്കുന്ന തികച്ചും സ്വകാര്യമായ പ്രകൃതിയുടെ മിനിയേച്ചറാണ് എന്റെ അഭിപ്രായത്തി ല്‍ പൂന്തോട്ടം. കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കി നിറങ്ങള്‍ പഠിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് പൂക്കള്‍ കാണിച്ചും തൊട്ടും മണത്തും പഠിക്കാന്‍ കഴിയുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാനും ശുദ്ധവായു ശ്വസിക്കാനും പൂന്തോട്ടം ഉപകരിക്കും. എത്ര പരിമിത സ്ഥലത്തും കഴിയുംപോലെ എന്തെങ്കിലും നട്ടുപിടിപ്പിച്ച് അതിന്റെ ആനന്ദം അനുഭവിച്ചറിയണം.

ചെടികള്‍ നമ്മെ അറിയുന്നു


വളര്‍ത്തുമൃഗങ്ങള്‍ യജമാനനോട് കാണിക്കുംപോലെ ചെടികളും സ്നേഹം പ്രകടിപ്പിക്കും. മറ്റുള്ളവര്‍ക്ക് കാറ്റിലാടുമ്പോള്‍ ഉണ്ടാകുന്ന അനക്കമായി തോന്നാമെങ്കിലും പരിപാലിക്കുന്നവര്‍ക്കത് സ്നേഹ സല്ലാപമാണ്. കായ്ക്കാത്തതിനും പൂക്കാത്തതിനും ചെടിയുടെ അരികിലിരുന്നു പരാതി പറയുമ്പോള്‍ പിറ്റേന്ന് മൊട്ടിട്ട അനുഭവങ്ങള്‍ പോലുമുണ്ട്.

ഒരിക്കല്‍ അത്യാവശ്യമായി ഒരിടത്ത് പോകാനിരിക്കെ, മൊട്ടിട്ട ചെമ്പരത്തിയില്‍ നോക്കി നീ നാളെ വിരിയുമ്പോള്‍ എനിക്ക് കാണാന്‍ കഴിയില്ലല്ലോ എന്ന് സങ്കടം പറഞ്ഞു. പിറ്റേന്ന് വിരിയേണ്ട പൂവ് എനിക്കുവേണ്ടി അന്ന് വൈകുന്നേരം തന്നെ വിരിഞ്ഞത് ആശ്ചര്യവും സന്തോഷവും പകര്‍ന്നു. അവര്‍ നമ്മുടെ ഉള്ള് കാണുന്നു എന്നത് ആത്മബന്ധം കൂടുതല്‍ ദൃഢമാക്കും.

ഇവിടെ നിറങ്ങള്‍ നൃത്തമാടുന്നു


ചെമ്പരത്തി, ചെത്തി, പിച്ചി, മുല്ല തുടങ്ങിയവയ്ക്കൊപ്പം ചിരാത് തെളിയിച്ച് ആന്തൂറിയവും വിദേശികളായ അഡീനിയവും യൂഫോര്‍ബിയയും ബോഗണ്‍വില്ലയും ഓ ര്‍ക്കിഡുകളും പൂങ്കുല വിടര്‍ത്തി നില്‍ക്കുന്നു, ക്യാക്ടസ്, സെക്കുലന്‍സ്, വിവിധയിനം ഫേണുകള്‍, ആഫ്രിക്കന്‍ വയലറ്റുകള്‍ മുതലായ ആരും കൊതിക്കുന്ന സസ്യശേഖരം സ്വന്തമായുണ്ടെങ്കിലും, എല്ലാവര്‍ക്കും കൗതുകം ഇരുന്നൂറിലധികം വരുന്ന ബോണ്‍സായ് മരങ്ങള്‍ കാണുമ്പോഴാണ്.
uploads/news/2019/06/314602/addulmajeed130619b.jpg

ബോണ്‍സായ്, വൃക്ഷക്രൂരതയോ?


കാലങ്ങളായി മലയാളിക്ക് പരിചയമുള്ള ബോണ്‍സായ് ആണ് തേയിലച്ചെടി. അതിന്റെ കൂമ്പെപ്പോഴും നുള്ളിക്കൊണ്ടേയിരിക്കുന്നതുകൊണ്ട് വളര്‍ന്നുയരാനുള്ള അവസരം കിട്ടില്ല. ആകാശം ചുംബിക്കാനുള്ള വൃക്ഷത്തിന്റെ അവകാശം നിഷേധിക്കുന്നതായി ബോണ്‍സായിയെക്കുറിച്ച് അഴീക്കോട് മാഷ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

പടര്‍ന്നു പന്തലിക്കുന്ന വൃക്ഷങ്ങള്‍ സ്ഥലപരിമിതിമൂലം വീട്ടുവളപ്പില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയാത്തവര്‍ക്ക് പക്ഷേ, ഇതൊരനുഗ്രഹമാണ്. മനുഷ്യന്റെ ചെറിയ രൂപമായ പാവയെ കാണുമ്പോള്‍ ഉണ്ടാകുന്ന കൗതുകവും ആസ്വാദനതലവുമാണ് ഈ കുള്ളന്‍ വൃക്ഷങ്ങളും സമ്മാനിക്കുന്നത്.

കായ്ക്കുന്ന ബോണ്‍സായ് വെറൈറ്റികളായ ചാമ്പ, നെല്ലി, പുളി, പേര, നാരകം, ഓറഞ്ച്, മാവ്, പ്ലാവ് എന്നിവയ്ക്കൊപ്പം പേരാ ലിനും അരയാലിനുമൊക്കെ നല്ല ഡിമാന്‍ഡാണ്.

ഉദ്യാനപാലകര്‍ ശ്രദ്ധിക്കാന്‍


ഇവിടെ നിന്ന് ചെടികള്‍ വാങ്ങുന്നവര്‍ക്കും സന്ദര്‍ശിക്കുന്നവര്‍ക്കും പരിപാലനത്തെക്കുറിച്ചുപറഞ്ഞു മനസിലാക്കിക്കൊടുക്കും. പുസ്തകങ്ങള്‍ വായിച്ചും ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തും യൂട്യൂബ് വീഡിയോ കണ്ടുമാണ് പരീക്ഷണങ്ങള്‍ നടത്തുക. അതില്‍ വിജയിച്ചവയാണ് മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിക്കുന്നത്. മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതാണ് മറ്റൊരു ആവശ്യകത.

വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ് പോലുള്ള ആശയങ്ങള്‍ കേട്ടുതുടങ്ങിയപ്പോള്‍ തന്നെ എന്താണെന്നന്വേഷിച്ചറിഞ്ഞ് നമ്മുടെ പൂന്തോട്ടത്തില്‍ കൊണ്ടുവന്നു. ഇങ്ങനെ ട്രെന്‍ഡി ആയി നില്‍ക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

uploads/news/2019/06/314602/addulmajeed130619d.jpg

വിശദമായ അറിവ് കൊടുക്കാന്‍ കഴിയുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് വിശ്വാസം കൂടും. ഉദാഹരണത്തിന് അഡീനിയം വാങ്ങുന്നവരോട് ഇതിനെ മരുഭൂമിയിലെ റോസ് എന്നുപറയും, ചൈനക്കാര്‍ ഭാഗ്യംകൊണ്ടുവരുന്ന ചെടി എന്ന് വിശ്വസിക്കുന്നു എന്നീ കാര്യങ്ങള്‍ പറയാം. ഗിഫ്റ്റായി കൊടുക്കാന്‍ കൂടുതലും നിറമുള്ള മണലില്‍ പല ആകൃതിയിലുള്ള ഇംപോര്‍ട്ടഡ് ചട്ടികളില്‍ വച്ചിരിക്കുന്ന കള്ളിച്ചെടികളോടാണ് പ്രിയം.

അവയില്‍ കാണുന്നത് പൂക്കളല്ല ഹരിതകത്തിന്റെ അഭാവം മഞ്ഞയും ചുവപ്പും നിറത്തില്‍ പൂക്കളുടെ പ്രതീതി ജനിപ്പിക്കുന്നതാണെന്നൊക്കെ പറഞ്ഞുകൊടുക്കുമ്പോള്‍ നമ്മള്‍ ചെടിയെക്കുറിച്ചെത്രമാത്രം ആഴത്തില്‍ ഗവേഷണം നടത്തുന്നെന്ന് ആളുകള്‍ക്ക് ബോധ്യം വരും.

മികച്ച വരുമാനം


ഞങ്ങള്‍ക്ക് മൂന്നുമക്കളാണ്. മൂത്തമകന്‍ ശിഹാബ് ദുബായില്‍ ഫോട്ടോജേര്‍ണലിസ്റ്റ്, മകള്‍ ഷബ്ന ഹോം മേക്കര്‍, ഇളയ ആള്‍ അജ്മല്‍ മെഡിക്കല്‍ ട്രസ്റ്റില്‍ പി.ആര്‍.ഒ.മക്കളൊക്കെ വിവാഹം കഴിഞ്ഞ് അവരവരുടെ തിരക്കുകളിലേക്ക് കടക്കുമ്പോള്‍ വിരസത അകറ്റാന്‍ മിക്കവരും കണ്ടെത്തുന്ന മാര്‍ഗമാണിപ്പോള്‍ പൂന്തോട്ടപരിപാലനം. ഞാന്‍ ജോലിക്കും മക്കള്‍ സ്‌കൂളിലും പോയിരുന്ന സമയത്തേ നജ്മ ഈ രംഗത്തേക്ക് കാലെടുത്തുവെച്ചു.

അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയുള്ള എന്റെ വിരമിക്കലിന് ശേഷമാണ് ഗാര്‍ഡന്‍ ഇത്രമാത്രം വിപുലമായത്. വര്‍ഷത്തില്‍ ഒരിക്കല്‍ ചട്ടികള്‍ വൃത്തിയാക്കി പെയിന്റ് ചെയ്യുന്നതു മുതല്‍ ഒരു കാര്യത്തിനും നജ്മയ്ക്ക് മടിയില്ല. പൂന്തോട്ടത്തിന്റെ പാറ്റേണും ഡിസൈനിങ്ങും എന്റെ താല്‍പര്യത്തിലും മേല്‍നോട്ടത്തിലുമാണ്. ഹൃദയംകൊടുത്ത് പരിപാലിച്ചാല്‍ മികച്ച വരുമാനം ഉദ്യാനത്തില്‍ നിന്നുതന്നെ നേടാനാകുമെന്നതാണ് ഞങ്ങളുടെ അനുഭവം.

uploads/news/2019/06/314602/addulmajeed130619c.jpg

2015ലെ ഉദ്യാന്‍ ശ്രേഷ്ഠ അവാര്‍ഡ്


കുടുംബശ്രീ, ആത്മ പോലുള്ള സംഘങ്ങള്‍ ഇവിടെയെത്തി ഓരോ ചെടിയുടെയും നടുന്ന രീതി മുതലുള്ള മുഴുവന്‍ വിവരങ്ങളും ചോദിച്ചറിയും. തേവര കോളജിലെ ബോട്ടണി വിദ്യാര്‍ത്ഥികള്‍ സംശയനിവാരണത്തിന് നന്ദനത്തില്‍ വരുന്നത് പതിവാണ്. ഉദ്യാന്‍ ശ്രേഷ്ഠ അവാര്‍ഡിനായി നാമനിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ഇതുപോലുള്ള അഭ്യുദയകാംക്ഷികള്‍ ഉപദേശിച്ചു.

ഒരുപാട് കടമ്പകള്‍ക്ക് ശേഷമാണ് വിജയിയെ തീരുമാനിച്ചത്. ഇവിടെയുള്ള എല്ലാ ചെടികളുടെയും പേരും പരിപാലന രീതികളുമൊക്കെ കൃത്യമായി അറിയാമോ എന്ന് പരിശോധിക്കാന്‍ പ്രത്യേക സംഘം എത്തിയിരുന്നു. അവര്‍ തയ്യാറാക്കിയ ചോദ്യാവലിയിലെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി കൊടുത്ത് അവാര്‍ഡുനേടാന്‍ കഴിഞ്ഞപ്പോള്‍ ഇത്രനാളത്തെ പരിശ്രമത്തിന് അതൊരു അംഗീകാരമായി. പൂന്തോട്ട പരിപാലനത്തെ തപസ്യയായി കാണുമ്പോള്‍ ഇങ്ങനൊരു നേട്ടം വലിയൊരു പ്രോത്സാഹനമാണ്, നന്ദനവനിയെ ഇനിയും സുന്ദരമാക്കാന്‍ പ്രയത്നിച്ചുകൊണ്ടേ ഇരിക്കാനുള്ള പ്രചോദനവും...

മീട്ടു റഹ്മത്ത് കലാം

Ads by Google
Thursday 13 Jun 2019 02.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW