Friday, June 14, 2019 Last Updated 47 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 01.51 AM

സഭയ്‌ക്കു പുതിയ നയം രൂപീകരിക്കാന്‍ യാക്കോബായ സുന്നഹദോസ്‌ , 1934- ലെ ഭരണഘടനയിലുള്ള പിശക്‌ തിരുത്തും

കൊച്ചി: സഭയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ 1934 ലെ ഭരണഘടനയിലെ പിശകുകള്‍ തിരുത്തി പുതിയ നയം രൂപീകരിക്കാന്‍ യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ തീരുമാനിച്ചു.
സഭയ്‌ക്കു വിശദമായ നയപരിപാടികള്‍ ആവശ്യമാണെന്നു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസ്‌ വ്യക്‌തമാക്കി. ഇതിനായി അടുത്തമാസം വീണ്ടും സുന്നഹദോസ്‌ ചേരും. വിശദാംശങ്ങള്‍ പള്ളികള്‍ക്കു കല്‍പ്പന വഴി അയയ്‌ക്കുമെന്നു സുന്നഹദോസ്‌ സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ്‌ മോര്‍ തിമോത്തിയോസ്‌ അറിയിച്ചു.
സര്‍ക്കാരിന്റെ പരിഗണനയിലുള്ള ചര്‍ച്ച്‌ പ്രോപ്പര്‍ട്ടീസ്‌ ആക്‌ടിനു പൂര്‍ണ പിന്തുണ നല്‍കാന്‍ സുന്നഹദോസ്‌ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടു തുടര്‍പഠനം നടത്തും. കട്ടച്ചിറ തുടങ്ങിയ തര്‍ക്കമുള്ള പള്ളികളിലെ സത്യാവസ്‌ഥ സമൂഹത്തെയും സര്‍ക്കാരിനെയും കോടതിയെയും ബോധ്യപ്പെടുത്തും.
സുപ്രീം കോടതിയിലെ കേസ്‌ നടത്തിപ്പു ചുമതല കുര്യാക്കോസ്‌ മോര്‍ യൗസേബിയോസിനു നല്‍കി. വാദിക്കാന്‍ സീനിയര്‍ അഭിഭാഷകനെ നിയോഗിക്കും. ലീഗല്‍ സെല്‍ വിളിച്ചുകൂട്ടാന്‍ നിലവില്‍ വൈസ്‌ ചെയര്‍മാനായ തോമസ്‌ മോര്‍ തിമോത്തിയോസിനെ വര്‍ക്കിങ്‌ ചെയര്‍മാനായി നിയോഗിച്ചു.
1934 ലെ ഭരണഘടനയുടെ അസല്‍ ഹാജരാക്കാന്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിനു കഴിയാത്ത സാഹചര്യത്തില്‍ ഇതൊരു വ്യാജ രേഖയായി കോടതികള്‍ കണക്കാക്കാനുള്ള സാധ്യത പരിഗണിച്ച്‌ ഉചിതമായ നടപടി സ്വീകരിക്കും. ഇതിനായി സബ്‌കമ്മിറ്റിയെ ചുമതലപ്പെടുത്തി.
സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം നടത്തും. സഭാദിന കവര്‍ ഭദ്രാസനങ്ങളില്‍നിന്നു സ്വീകരിക്കാന്‍ മെത്രാന്‍സമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസ ട്രസ്‌റ്റിനു കീഴിലുള്ള സ്‌ഥാപനങ്ങള്‍ സഭയുടേതായി നിലനിര്‍ത്തും. ആവശ്യമെങ്കില്‍ ട്രസ്‌റ്റ്‌ ഭരണഘടന ഭേദഗതി ചെയ്ുംയ. ചില വൈദികരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദമായ വിവരം ലഭിച്ചശേഷംമാത്രം തീരുമാനമെടുക്കും.
സെന്റ്‌ പോള്‍സ്‌ മിഷന്‍ ഓഫ്‌ ഇന്ത്യയുടെ ചുമതല കുര്യാക്കോസ്‌ മോര്‍ ക്ലീമിസിനും സണ്‍ഡേസ്‌കൂള്‍ പ്രസ്‌ഥാനത്തിന്റെ ചുമതല മാത്യൂസ്‌ മോര്‍ അന്തിമോസിനും വനിതാ സമാജത്തിന്റെ ചുമതല ഏലിയാസ്‌ മോര്‍ അത്താനാസിയോസിനും വിദ്യാര്‍ഥി പ്രസ്‌ഥാനത്തിന്റെ ചുമതല പൗലോസ്‌ മോര്‍ ഐറേനിയോസിനും നല്‍കി. കേഫ എന്ന സംഘടന പിരിച്ചുവിടാനും സുന്നഹദോസ്‌ തീരുമാനിച്ചു. സഭയുടെ മാനേജിങ്‌ കമ്മിറ്റിയോഗം നാളെ നടക്കും.

Ads by Google
Thursday 13 Jun 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW