Saturday, June 15, 2019 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 09.26 AM

ഈ വര്‍ഷം തന്നെ മൂന്ന് സംസ്ഥാനങ്ങള്‍ കൂടി പിടിക്കേണ്ടതുണ്ട് ; അമിത്ഷായെ ഉടനെയെങ്ങും ബിജെപി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റില്ല

uploads/news/2019/06/314296/amithshah.jpg

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി അധീശത്വം കാണിക്കേണ്ട സാഹചര്യം നില നില്‍ക്കുന്നതിനാല്‍ ബിജെപി അമിത്ഷായെ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയേക്കില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയായും എട്ടോളം മന്ത്രിസഭാ സമിതികളില്‍ ഉണ്ടെങ്കിലൂം ഡിസംബര്‍ വരെയെങ്കിലും അമിത്ഷാ തന്നെ ബിജെപി പ്രസിഡന്റ് സ്ഥാനത്തും ഉണ്ടാകും. ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് ഉണ്ടാകുക.

വരാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും വന്‍ വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലൂം ബിജെപിയ്ക്ക് ഭരണം നില നിര്‍ത്തേണ്ടതുണ്ട്. അതിനാല്‍ തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ അമിത്ഷാ തന്നെ നിലനില്‍ക്കണമെന്നതാണ് ബിജെപിയുടെ ആവശ്യം. ഇതിനൊപ്പം ഏതുനിമിഷവും ഉണ്ടായേക്കാവുന്ന കര്‍ണാടകയിലെ തെരഞ്ഞെടുപ്പും ബിജെപിയുടെ അജണ്ഡയിലുണ്ട്. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യഭരണം ഏതു നിമിഷവും അവസാനിച്ചേക്കാമെന്ന ഘട്ടത്തിലാണ്. ഇവിടെ കേവല ഭൂരിപക്ഷത്തിന് ഏഴു സീറ്റുകള്‍ കുറവുള്ള ബിജെപി പിന്തുണ കണ്ടെത്തിയില്ലെങ്കില്‍ അവിടെയും തെരഞ്ഞെടുപ്പ് ഉണ്ടാകുന്ന സാഹചര്യം ഉടലെടുക്കും.

ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഷാ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാണ് തീരുമാനം. അമിത് ഷായുടെ കാലാവധി 2019 ജനുവരിയില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ 2018 സെപ്റ്റംബര്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം സംഘടന തിരഞ്ഞെടുപ്പ് ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതാണ് പ്രസിഡന്റ് സ്ഥാനത്ത് അമിത് ഷായുടെ കാലാവധി നീട്ടിക്കൊടുത്തത്. ഡിസംബര്‍ വരെ അമിത് ഷാ തന്നെ പ്രസിഡന്റായി തുടരുമെന്ന് ഏതാണ്ട് ഉറപ്പിച്ചെങ്കിലും ഒരു വര്‍ക്കിംഗ് പ്രസിഡന്റിനെ നിയമിക്കാനുള്ള സാധ്യത ബിജെപി നേതൃത്വം തള്ളിക്കളയുന്നില്ല. ഡിസംബറില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.

നാളെ ചേരുന്ന സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ സംഘടന തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമാകും. ബിജെപി ദേശീയ ഭാരവാഹികളേയും സംസ്ഥാന പ്രസിഡന്റുമാരേയും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളേയും അമിത് ഷാ കാണും. ജൂണ്‍ 18ന് ജനറല്‍ സെക്രട്ടറിമാരുടെ യോഗവും അമിത് ഷാ വിളിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW