Friday, June 21, 2019 Last Updated 6 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.40 AM

അപസ്‌മാരത്തിനും ബാധ ഒഴിപ്പിക്കല്‍; ഗര്‍ഭിണിക്കു ദാരുണാന്ത്യം

uploads/news/2019/06/314214/2.jpg

അപസ്‌മാരലക്ഷണങ്ങള്‍ ബാധയാണെന്നു തെറ്റിദ്ധരിക്കുന്നവര്‍ കേരളത്തില്‍ ഇപ്പോഴുമുണ്ടെന്നു മലപ്പുറം എടപ്പാളിലെ ഫര്‍സാനയെന്ന ഇരുപതുകാരിയുടെ ദാരുണാനുഭവം തെളിയിക്കുന്നു. 2014-ല്‍ മന്ത്രവാദത്തിനിരയായി മരിക്കുമ്പോള്‍ അവള്‍ ആറുമാസം ഗര്‍ഭിണിയായിരുന്നു. ബാധയൊഴിപ്പിക്കാന്‍ ഭീകരമര്‍ദനത്തിനു പുറമേ, തലമുടി വലിച്ചുപറിക്കല്‍, കമിഴ്‌ത്തിക്കിടത്തി തലയും കാലും കൂട്ടിമുട്ടിക്കല്‍, പട്ടിണിക്കിടല്‍ തുടങ്ങിയ മൂന്നാംമുറകളാണു സിദ്ധന്റെ നേതൃത്വത്തില്‍ പ്രയോഗിച്ചത്‌.
വിദഗ്‌ധചികിത്സ ആവശ്യമായിരുന്നിട്ടും ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച്‌ ഫര്‍സാനയെ ആശുപത്രിയില്‍നിന്നു ഡിസ്‌ചാര്‍ജ്‌ ചെയ്‌തെന്നു മാതാവ്‌ റുഖിയ ആരോപിച്ചിരുന്നു. പൊന്നാനി തെയ്യങ്ങാട്‌ പത്തോടി സ്വദേശിയായ ഫര്‍സാനയെ എടപ്പാള്‍, കാഞ്ഞിരമുക്ക്‌ സ്വദേശിയാണു വിവാഹം കഴിച്ചത്‌. തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ഫര്‍സാന ചികിത്സയില്‍ കഴിയവേ മാതാവ്‌ റുഖിയയും ഒപ്പമുണ്ടായിരുന്നു. മൂക്കിലും വായിലും ട്യൂബിട്ട നിലയില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞ അവളെ വിദഗ്‌ധചികിത്സയ്‌ക്കായെന്നു പറഞ്ഞാണു ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചു ഡിസ്‌ചാര്‍ജ്‌ ചെയ്യിച്ചതെന്നു റുഖിയ പറയുന്നു. എന്നാല്‍, ആശുപത്രിയില്‍നിന്നു നേരേ കൊണ്ടുപോയതു കുന്നംകുളം കരിക്കാടിനടുത്തുള്ള പറക്കുളത്തെ വ്യാജസിദ്ധന്റെ വീട്ടിലേക്കാണ്‌. സഹോദരന്റെ വീടിനു സമീപം ആംബുലന്‍സില്‍നിന്നു തന്നെ ഇറക്കിവിട്ടെന്നും റുഖിയ പറഞ്ഞു. പിന്നീടു നിരവധി തവണ മകളെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മരുമകന്റെ ബന്ധുവീടായ കാലടി മൂര്‍ച്ചിറയിലെ വീട്ടിലായിരുന്നു ചികിത്സ. അസുഖം കൂടുതലാണെന്നറിഞ്ഞപ്പോള്‍ റുഖിയ അവിടെയെത്തി.
അപ്പോള്‍ കസേരയില്‍ ചാരിയിരുത്തിയ നിലയിലായിരുന്നു ഫര്‍സാനയെന്നു റുഖിയ ഓര്‍മിക്കുന്നു. തുടര്‍ന്ന്‌ എടപ്പാളില്‍നിന്ന്‌ ആംബുലന്‍സ്‌ വിളിപ്പിച്ച്‌ സ്വകാര്യാശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സംഭവിച്ചിട്ട്‌ ഒരു മണിക്കൂര്‍ കഴിഞ്ഞെന്നാണു ഡോക്‌ടര്‍ പറഞ്ഞതെന്നു റുഖിയയുടെ സഹോദരന്‍ വെളിപ്പെടുത്തി. ഫര്‍സാനയുടെ മരണത്തിനു മുമ്പേ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ സിദ്ധന്‍ നാടുവിട്ടിരുന്നു. ഈ സംഭവത്തില്‍ ബാലികയുടെ രക്ഷിതാക്കള്‍ സിദ്ധനെതിരേ പരാതിപ്പെടാന്‍ തയാറായില്ല. ഒടുവില്‍ ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടശേഷമാണു പോലീസ്‌ കേസെടുത്തത്‌.

കൂടോത്രം കുഴിച്ചിടുന്നതും
കണ്ടെത്തുന്നതും സിദ്ധന്‍

2017 ഡിസംബര്‍ 14-നാണ്‌ മലപ്പുറം നാരങ്ങാക്കുണ്ട്‌ സ്വദേശി അബ്‌ദുല്‍ അസീസ്‌ എന്ന വ്യാജസിദ്ധനെ പെരിന്തല്‍മണ്ണ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. മന്ത്രവാദത്തിലൂടെ അസുഖം ഭേദമാക്കാമെന്നു വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളാണ്‌ ഇയാള്‍ തട്ടിയെടുത്തത്‌. ഏജന്റുമാരെ നിയോഗിച്ച്‌ ഗള്‍ഫിലും തട്ടിപ്പ്‌ നടത്തിയിരുന്നു. പഴമള്ളൂര്‍ സ്വദേശിയായ യുവതിയെ ചികിത്സിക്കാന്‍ ഇയാള്‍ തവണകളായി വന്‍തുക കൈപ്പറ്റി. അസുഖം മാറാത്തതിനേത്തുടര്‍ന്ന്‌ ബന്ധുക്കള്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍, മന്ത്രവാദത്തിലൂടെ കുടുംബം നശിപ്പിക്കുമെന്നായിരുന്നു ഭീഷണി. പ്രശ്‌നപരിഹാരത്തിനായി എത്തുന്നവരുടെ വീട്ടുപരിസരത്ത്‌ ശത്രുക്കള്‍ കൂടോത്രം കുഴിച്ചിട്ടിട്ടുണ്ടെന്ന്‌ വെളിപ്പെടുത്തുകയായിരുന്നു തട്ടിപ്പിന്റെ ആദ്യപടി. വീട്ടിലെത്തി കൂടോത്രസാമഗ്രികള്‍ കാട്ടിക്കൊടുക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍, ഇരുളിന്റെ മറവില്‍ സിദ്ധന്‍തന്നെയാണ്‌ ഇവ കുഴിച്ചിട്ടിരുന്നത്‌.
കുടുംബകലഹത്തിനു പരിഹാരം തേടിയെത്തിയ മലപ്പുറം പോത്തുകല്‍ സ്വദേശിയായ യുവതിയെ മദ്രസാധ്യാപകന്‍ കൂടിയായ സിദ്ധന്‍ ലൈംഗികപീഡനത്തിന്‌ ഇരയാക്കി. പ്രതി സുനീര്‍ മന്നാനിയെ പിന്നീടു പോത്തുകല്‍ പോലീസ്‌ പിടികൂടി. രണ്ടുവര്‍ഷം മുമ്പാണു യുവതി സുനീറിനെ സമീപിച്ചത്‌. തുടര്‍ന്ന്‌ തമിഴ്‌നാട്ടിലെ ഏര്‍വാടിയിലുള്ള മന്ത്രവാദകേന്ദ്രത്തിലേക്കു കൂട്ടിക്കൊണ്ടുപോയ യുവതിയെ യാത്രാമധ്യേ സിദ്ധന്‍ പീഡിപ്പിച്ചു. മാനഹാനി ഭയന്ന്‌ പീഡനവിവരം യുവതി ആദ്യം മറച്ചുവച്ചെങ്കിലും പിന്നീട്‌ ഭര്‍ത്താവിനെ വിവരമറിയിച്ച്‌ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

ആഭിചാരത്തിനു നഖം
മുതല്‍ കരിങ്കോഴി വരെ

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തമിഴ്‌നാട്ടില്‍നിന്ന്‌ എത്തിയ ഒരു കുടുംബം എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ താമസമാക്കി. കുടുംബക്ഷേത്രമെന്ന പേരില്‍ ബാധ ഒഴിപ്പിക്കലും മന്ത്രവാദകര്‍മങ്ങളും തുടങ്ങി. വെള്ളിയാഴ്‌ച തോറും അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെവരെ ഉച്ചത്തിലുള്ള അലര്‍ച്ചയും മറ്റും പതിവായതോടെ സമീപവാസികള്‍ സംഘടിച്ചു. അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു ലഭിച്ചത്‌. സ്‌കൂളിന്റെ പടിവാതില്‍ പോലും കാണാത്ത അവിവാഹിതനാണു പൂജാരി. പ്രാകൃതവേഷം, പുറംലോകവുമായി സമ്പര്‍ക്കമില്ല. വയോധികയായ മാതാവും ശിഷ്യനുമാണ്‌ ഒപ്പമുള്ളത്‌.
ദൂരെനിന്നുള്ളവരാണ്‌ ഇടപാടുകാരില്‍ ഏറെയും. പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞശേഷം പൂജാരി ധ്യാനത്തില്‍ മുഴുകും. പിന്നെ, ഉറഞ്ഞുതുള്ളും. പൂജാരി പറയുന്ന പരിഹാരക്രിയകള്‍ ശിഷ്യന്‍ കുറിച്ചെടുക്കും. അതനുസരിച്ചുള്ള സാധനങ്ങള്‍ വാങ്ങിവരാന്‍ തീയതിയും കുറിച്ച്‌ "പ്രശ്‌നക്കാരെ" പറഞ്ഞുവിടും. കരിങ്കോഴി മുതല്‍ മുടിയും നഖവും വരെ ആഭിചാരത്തിനുള്ള ലിസ്‌റ്റിലുണ്ടാകും. കോഴിവെട്ടും ആയിരം തേങ്ങ ഉടയ്‌ക്കലുമൊക്കെ പരിഹാരക്രിയകളുടെഭാഗമാണ്‌. വീട്‌ കേന്ദ്രീകരിച്ചുള്ള ദുര്‍മന്ത്രവാദത്തെക്കുറിച്ചു പരാതികള്‍ ഉയര്‍ന്നതോടെ പോലീസ്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ അന്വേഷണം നടത്തി. ഇതിനിടെ മന്ത്രവാദിയുമായി തെറ്റിപ്പിരിഞ്ഞ ശിഷ്യന്‍ സ്വന്തമായി "ബിസിനസ്‌" തുടങ്ങി. സംഗതി പോലീസ്‌ കേസിലേക്കു നീങ്ങിയതോടെ മന്ത്രവാദി ആഭിചാരം അവസാനിപ്പിച്ചു. ഇപ്പോള്‍ സാധാരണ പൂജയും മറ്റുമായി കഴിയുന്നു.

മന്ത്രവാദം ഫലിച്ചില്ല; മണ്ണും ചാരി
നിന്നവന്‍ പെണ്ണും കൊണ്ടുപോയി

ആലപ്പുഴ ജില്ലയിലാണു സംഭവം. ഇരുപത്തഞ്ചുകാരന്‌ ഇതരമതസ്‌ഥയോടു കടുത്തപ്രണയം. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്‌ചയിച്ചതോടെ കാമുകന്‍ മന്ത്രവാദത്തില്‍ അഭയം തേടി. യുവാവ്‌ സമീപിച്ച സിദ്ധന്‍ പക്ഷേ, പൂജയൂം മന്ത്രവാദവുമൊക്കെ ഉപേക്ഷിച്ച്‌ പ്രഭാഷകനായി മാറിയിരുന്നു. യുവാവിന്റെ നിര്‍ബന്ധം സഹിക്കവയ്യാതെ അയാള്‍ ഒരിക്കല്‍കൂടി സിദ്ധന്റെ വേഷമണിഞ്ഞു. യുവതി പിന്മാറിയതിന്റെ കാരണവും പരിഹാരവും കണ്ടെത്തിത്തരാമെന്നേറ്റു. കാന്തികശക്‌തിയുള്ള ഉപകരണത്തിന്റെ സഹായത്തോടെ, യുവതിയുടെയും യുവാവിന്റെയും ചിത്രങ്ങള്‍ വച്ചായിരുന്നു ക്രിയകള്‍. പെന്തക്കോസ്‌ത്‌ പാസ്‌റ്ററായ പെണ്‍കുട്ടിയുടെ സഹോദരന്‍ പ്രണയബന്ധം തകര്‍ക്കാന്‍ കൂടോത്രം ചെയ്‌തെന്നായിരുന്നു കണ്ടെത്തല്‍. കടുത്ത കൂടോത്രമായതിനാല്‍ സാധാരണ മന്ത്രവാദികള്‍ക്കൊന്നും അഴിക്കാനാവില്ലത്രേ. നിരാശനായെങ്കിലും യുവാവ്‌ പ്രതീക്ഷ കൈവിട്ടില്ല. തൃശൂരിലെ ഒരു ക്ഷേത്രത്തിലെത്തി കാല്‍ലക്ഷത്തോളം രൂപ മുടക്കി പൂജകള്‍ നടത്തി. പീന്നീടുണ്ടായ മഹാപ്രളയത്തില്‍ പെണ്‍കുട്ടിയുടെ വീടും മുങ്ങിയതോടെ പൂജ ഫലിച്ചെന്നു യുവാവ്‌ കരുതി. ആ പ്രതീക്ഷ അധികം നീണ്ടില്ല. പ്രളയം ഇറങ്ങിയപ്പോള്‍ വീട്ടുകാര്‍ നിശ്‌ചയിച്ചയാളെത്തന്നെ പെണ്‍കുട്ടി കെട്ടിയെന്നതാണ്‌ ആന്റി ക്ലൈമാക്‌സ്‌.
(അവസാനിച്ചു)

തയാറാക്കിയത്‌: വി.പി. നിസാര്‍,
സുഭാഷ്‌ ആരക്കുന്നം, കെ.എ. ഹിലാരി
സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Wednesday 12 Jun 2019 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW