Friday, June 21, 2019 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.38 AM

അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ വിലങ്ങുവേണ്ട

uploads/news/2019/06/314213/1.jpg

ഭരണാധികാരികളുടെ അസഹിഷ്‌ണുതയേക്കാള്‍ വലുതാണു വ്യക്‌തിസ്വാതന്ത്ര്യം എന്നു വ്യക്‌തമാക്കുന്നതാണ്‌ ഉത്തര്‍പ്രദേശ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത പത്രപ്രവര്‍ത്തകനെ വിട്ടയയ്‌ക്കാനുള്ള സുപ്രിം കോടതി ഉത്തരവ്‌ വ്യക്‌തമാക്കുന്നത്‌. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം ട്വീറ്റ്‌ ചെയ്‌തു എന്നാരോപിച്ച്‌ അറസ്‌റ്റ്‌ ചെയ്‌ത പ്രശാന്ത്‌ കനോജി എന്ന മാധ്യമപ്രവര്‍ത്തകന്‌ ഉടന്‍ ജാമ്യം നല്‌കണമെന്ന്‌ ഉത്തരവിട്ട കോടതി അറസ്‌റ്റ്‌ ഭരണഘടനാ ലംഘനമാണെന്നും വ്യക്‌തമാക്കി. താന്‍ മുഖ്യമന്ത്രിയോട്‌ വിവാഹാഭ്യര്‍ഥന നടത്തിയെന്ന്‌ ഒരു യുവതി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടതിനായിരുന്നു ഇദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തത്‌. മാനഹാനി വരുത്തിയെന്നും ഇലക്‌ട്രോണിക്‌ മാധ്യമത്തിലൂടെ അശ്ലീല വിവരങ്ങള്‍ പങ്കുവച്ചെന്നും ആരോപിച്ചായിരുന്നു അറസ്‌റ്റ്‌. നേഷന്‍ ലൈവ്‌ എന്ന സ്വകാര്യ വാര്‍ത്താ ചാനലിന്റെ മേധാവി ഇഷികാ സിങ്‌, എഡിറ്റര്‍ അനുജ്‌ ശുക്ല എന്നിവരെയും അറസ്‌റ്റ്‌ ചെയ്‌തിരുന്നു. സ്‌ത്രീയുടെ അവകാശവാദത്തിന്റെ സത്യാവസ്‌ഥയറിയാതെ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയതിനായിരുന്നു ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌.
മാധ്യമ സ്വാതന്ത്ര്യം, വ്യക്‌തി സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ പ്രസക്‌തമായ നിരീക്ഷണങ്ങളാണു ജസ്‌റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിയും അജയ്‌ രസ്‌തോഗിയും നടത്തിയത്‌. വ്യക്‌തിസ്വാതന്ത്ര്യം മാറ്റം വരുത്താനാവാത്തതും പരമപവിത്രവുമാണെന്നു കോടതി അര്‍ഥശങ്കയ്‌ക്ക്‌ ഇടയില്ലാത്ത വിധം വ്യക്‌തമാക്കി. എന്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഈ അറസ്‌റ്റ്‌ എന്ന കോടതിയുടെ ചോദ്യം ആദിത്യനാഥിന്‌ എതിരേ മാത്രമല്ല, എതിരഭിപ്രായങ്ങളെ ഭയക്കുന്ന എല്ലാ ഭരണാധികാരികള്‍ക്കും എതിരായുള്ളതാണ്‌. ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്‌ത്‌ അഭിപ്രായ സ്വാതന്ത്ര്യത്തെ ചങ്ങലയ്‌ക്കിട്ട നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും. തങ്ങളാണു രാഷ്‌ട്രം എന്നു വിചാരിക്കുന്ന സ്വേച്‌ഛാധിപതികള്‍ കുലമറ്റ്‌ പോയിട്ടില്ലെന്ന്‌ ഉത്തര്‍ പ്രദേശിലെ ഈ സംഭവം തെളിയിക്കുന്നു. 16 വര്‍ഷം മുന്‍പ്‌ തമിഴ്‌നാട്ടില്‍ ദ്‌ ഹിന്ദു ദിനപത്രത്തിന്റെ അഞ്ച്‌ മുതിര്‍ന്ന എഡിറ്റര്‍മാരെയും മുരശൊലി ദിനപത്രത്തിന്റെ എഡിറ്ററെയും അറസ്‌റ്റ്‌ ചെയ്‌തത്‌ ഇനിയും മറക്കാറായിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്‌ക്കെതിരേ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനായിരുന്നു ഈ നീക്കം. അന്നു രാജ്യമെമ്പാടും ഇതിനെതിരേ പ്രതിഷേധമുയര്‍ന്നു. തമിഴ്‌നാട്‌ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്‌ നക്കീരന്‍ എഡിറ്റര്‍ ആര്‍. ഗോപാലിനെ അറസ്‌റ്റ്‌ ചെയ്‌തത്‌ കഴിഞ്ഞ ജനുവരിയിലാണ്‌. ഈ നടപടിയും കോടതി തടഞ്ഞു.
ഭരണാധികാരികള്‍ അസഹിഷ്‌ണുതയുടെ വക്‌താക്കളായാല്‍ അവിടെ ജനാധിപത്യം കുഴിച്ചു മൂടപ്പെടും. തിരുവായ്‌ക്ക്‌ എതിര്‍വായില്ലാത്ത നാട്‌ ഉണ്ടാകണമെന്നല്ല, മറിച്ച്‌ എല്ലാ ശബ്‌ദവും ഉയര്‍ന്നു കേള്‍ക്കുന്ന സാഹചര്യം വളര്‍ന്നു വരണമെന്നാവണം ഭരണാധികാരികള്‍ നിശ്‌ചയിക്കേണ്ടത്‌. രാഷ്‌ട്രീയവും അല്ലാത്തതുമായ കാരണങ്ങളാല്‍ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും വലിയ സ്വാധീന ഭരണത്തിന്റെ അധികാരവും കിട്ടിയേക്കാം. പക്ഷേ, ജനങ്ങളാണു ജനാധിപത്യത്തിന്റെ കാതല്‍. അവരുടെ കണ്ണും കാതുമായി മാധ്യമങ്ങളുമുണ്ടാകും. അത്‌ ശല്യമായി കരുതുന്ന ഭരണാധികാരികള്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണു ചെയ്യുന്നത്‌. മാധ്യമപ്രവര്‍ത്തകനെ ജാമ്യത്തില്‍ വിട്ടത്‌ ഏത്‌ സന്ദേശവും പ്രചരിപ്പിക്കാമെന്നതിന്റെ അനുവാദമല്ലെന്ന കോടതിയുടെ അഭിപ്രായവും ശ്രദ്ധേയമാണ്‌. അഭിപ്രായ സ്വാതന്ത്ര്യം ശ്രദ്ധാപൂര്‍വം ഉപയോഗിക്കുക എന്നതും പ്രധാനമാണ്‌.

Ads by Google
Wednesday 12 Jun 2019 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW