Wednesday, July 03, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.32 AM

അനധികൃതകെട്ടിടങ്ങള്‍ക്കു വൈദ്യുതി മൂന്നാറില്‍ കൊമ്പുകോര്‍ത്ത്‌ മന്ത്രി മണിയും സി.പി.ഐയും

uploads/news/2019/06/314211/8.jpg

തിരുവനന്തപുരം: മൂന്നാര്‍ ഉള്‍പ്പടെ മലയോരമേഖലകളിലെ വന്‍കിടനിര്‍മാണങ്ങള്‍ക്കു നിയമസാധുത നല്‍കുന്നതിനെതിരേ സി.പി.ഐയും, എതിര്‍പ്പിനു പുല്ലുവില കല്‍പ്പിച്ച്‌ സി.പി.എമ്മും നേര്‍ക്കുനേര്‍. മൂന്നാറില്‍ കൈയേറ്റസ്‌ഥലങ്ങളിലെ കെട്ടിടങ്ങള്‍ക്കു വൈദ്യുതി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ്‌ വിവാദമായിരുന്നു. ഇതിനെതിരേ വൈദ്യുതിമന്ത്രി എം.എം. മണിക്കു സി.പി.ഐ. ഭരിക്കുന്ന റവന്യൂ വകുപ്പ്‌ കത്തയച്ചതാണ്‌ ഇരുവകുപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു നയിച്ചത്‌.
ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളില്‍ വൈദ്യുതി കണക്‌ഷനുകള്‍ അനുവദിക്കുമ്പോള്‍ റവന്യൂ വകുപ്പിന്റെ നിരാക്ഷേപപത്രം (എന്‍.ഒ.സി) വേണമെന്നു 2017 നവംബറില്‍ ദേവികുളം സബ്‌ കലക്‌ടര്‍ കെ.എസ്‌.ഇ.ബിക്കു കത്ത്‌ നല്‍കിയിരുന്നു. വൈദ്യുതി കണക്‌ഷന്‍ നല്‍കുന്നത്‌ അനധികൃതകെട്ടിടങ്ങള്‍ക്ക്‌ അംഗീകാരം നല്‍കുന്നതിനു തുല്യമാകുമെന്നതു മുന്നില്‍ക്കണ്ടായിരുന്നു ഇത്‌. റവന്യൂ വകുപ്പിന്റെ ഈ നിര്‍ദേശം മറികടന്നാണു മൂന്നാറില്‍ പല കെട്ടിടങ്ങള്‍ക്കും വൈദ്യുതി കണക്‌ഷന്‍ നല്‍കാന്‍ കെ.എസ്‌.ഇ.ബി. തീരുമാനിച്ചത്‌. ഇതിനെതിരേ റവന്യൂ വകുപ്പ്‌ നല്‍കിയ കത്ത്‌ കാറ്റില്‍പറത്തി.
2010-ലെ കോടതി വിധിപ്രകാരം, മൂന്നാറിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു റവന്യൂ വകുപ്പിന്റെ എന്‍.ഒ.സിയും പഞ്ചായത്ത്‌ അധികൃതരുടെ അനുമതിയും ഉറപ്പുവരുത്തണമെന്നു സബ്‌ കലക്‌ടറുടെ കത്തില്‍ പറയുന്നു. എന്നാല്‍, ഇതില്‍ വൈദ്യുതിയുടെ കാര്യം പരാമര്‍ശിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിവാദകെട്ടിടങ്ങള്‍ക്കു കണക്‌ഷന്‍ നല്‍കാനാണു നീക്കം. വൈദ്യുതി ലഭിച്ചാല്‍ ഉടമകള്‍ക്കു പിന്നീട്‌ കൈവശാവകാശം ഉന്നയിക്കാന്‍ കഴിയും.
മൂന്നാറിലെ കൈയേറ്റ മാഫിയയ്‌ക്കെതിരേ സി.പി.ഐ. കര്‍ശനനിലപാടുകള്‍ എടുത്തപ്പോള്‍ മുമ്പും സി.പി.എം. എതിര്‍ത്തിരുന്നു. വി.എസ്‌. സര്‍ക്കാരിന്റെ കാലത്ത്‌, ഇപ്പോഴത്തെ വൈദ്യുതിമന്ത്രി എം.എം. മണിയാണ്‌ എതിര്‍പ്പുകള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. കൈയേറ്റമൊഴിപ്പിക്കാന്‍ ഇടുക്കിയിലെത്തിയാല്‍ കാലുവെട്ടുമെന്നായിരുന്നുമണിയുടെ ഭീഷണി. ദേവികുളം സബ്‌കലക്‌ടറായിരിക്കേ മൂന്നാര്‍ കൈയേറ്റത്തിനെതിരേ നിലപാടെടുത്ത ശ്രീറാം വെങ്കിട്ടരാമനും സി.പി.എമ്മിന്റെ കണ്ണിലെ കരടായി. അന്നു സബ്‌ കലക്‌ടര്‍ക്കു പിന്തുണ നല്‍കിയതും സി.പി.ഐയാണ്‌.

എം.എസ്‌. സന്ദീപ്‌

Ads by Google
Wednesday 12 Jun 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW