Thursday, June 27, 2019 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.32 AM

പമ്പയിലെ പാര്‍ക്കിങ്‌ നിര്‍ദേശം മാസ്‌റ്റര്‍പ്ലാന്‍ ശിപാര്‍ശയ്‌ക്കു വിരുദ്ധം

uploads/news/2019/06/314208/3.jpg

പത്തനംതിട്ട: മണ്‌ഡല-മകരവിളക്ക്‌, മാസപൂജാ വേളകളില്‍ ഉള്‍പ്പെടെ പമ്പയില്‍ വാഹന പാര്‍ക്കിങ്‌ അനുവദിക്കാന്‍ ദേവസ്വം ബോര്‍ഡിന്‌ നിര്‍ദേശം നല്‍കണമെന്ന അഭിഭാഷക കമ്മിഷന്റെ കണ്ടെത്തല്‍ മാസ്‌റ്റര്‍പ്ലാന്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ക്കു കടകവിരുദ്ധം. പമ്പയേയും പമ്പാനദിയേയും മാലിന്യമുക്‌തമാക്കാനാണ്‌ നിലയ്‌ക്കലിനെ ബേസ്‌മെന്റ്‌ ക്യാമ്പാക്കാന്‍ മാസ്‌റ്റര്‍ പ്ലാന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്‌തത്‌. പമ്പയില്‍ പാര്‍ക്കിങ്ങിന്‌ അനുമതി നല്‍കിയാല്‍ ഈ ലക്ഷ്യം അകലെയാകും. ബേസ്‌ ക്യാമ്പായ നിലയ്‌ക്കലില്‍ 250 ഏക്കര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അടിസ്‌ഥാനസൗകര്യങ്ങളുടെ അഭാവം പ്രശ്‌നം സൃഷ്‌ടിക്കുമെന്ന ആശങ്കയാണ്‌ പമ്പയിലെ പാര്‍ക്കിങ്ങിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്‌.
കഴിഞ്ഞ പ്രളയകാലംവരെ സ്വകാര്യവാഹനങ്ങള്‍ക്കു പമ്പയില്‍ ചക്കുപാലം, ത്രിവേണി, ഹില്‍ടോപ്പ്‌ എന്നിവിടങ്ങളില്‍ പാര്‍ക്കിങ്‌ അനുവദിച്ചിരുന്നു. പ്രളയാനന്തരം ത്രിവേണി പാര്‍ക്കിങ്‌ ഗ്രൗണ്ടില്‍ മണലടിയുകയും പമ്പാ ഹില്‍ടോപ്പ്‌ പാര്‍ക്കിങ്‌ ഗ്രൗണ്ടിലേക്കുള്ള റോഡ്‌ പമ്പാനദിയിലേക്ക്‌ ഇടിയുകയും ചെയ്‌തതോടെ പാര്‍ക്കിങ്‌ ചക്കുപാലത്തു മാത്രമായി. തുടര്‍ന്ന്‌ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്‌ നിലയ്‌ക്കലില്‍ ഒതുക്കാന്‍ ദേവസ്വം ബോര്‍ഡ്‌ തീരുമാനിച്ചു. സെപ്‌റ്റംബര്‍ 14 മുതല്‍ ഇത്‌ നിലവില്‍ വന്നു. നിലയ്‌ക്കലില്‍നിന്ന്‌ 18 കിലോമീറ്റര്‍ അകലെയുള്ള പമ്പയിലേക്കു കെ.എസ്‌.ആര്‍.ടി.സി. ബസിലാണു ഭക്‌തരെ എത്തിക്കുന്നത്‌. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കായി എത്തുന്ന വാഹനങ്ങള്‍ക്കും മാത്രമാണ്‌ ഇപ്പോള്‍ പമ്പയിലേക്ക്‌ പ്രവേശനമുള്ളത്‌.
നിലയ്‌ക്കലിലെ അടിസ്‌ഥാന ക്രമീകരണങ്ങളുടെ കുറവു ചൂണ്ടിക്കാട്ടി അഭിഭാഷക കമ്മിഷന്‍ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നവരും കുറവല്ല. ശൗചാലയങ്ങള്‍, കുളിക്കാനുള്ള സംവിധാനം, കൂടുതല്‍ വിശ്രമകേന്ദ്രങ്ങള്‍ അടക്കമുള്ളവയുടെ അഭാവം ഭക്‌തര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നാണു വാദം. നിലയ്‌ക്കലില്‍ 450 ശൗചാലയങ്ങളാണ്‌ ഇപ്പോഴുള്ളത്‌. തിരക്കേറുമ്പോള്‍ ഇതു കുറഞ്ഞത്‌ ആയിരമെങ്കിലും അത്യാവശ്യമാണെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
പ്രളയത്തില്‍ പമ്പയിലെ ശൗചാലയങ്ങളില്‍ മിക്കതും നശിച്ചിരുന്നു. ഇവിടെ നിലവില്‍ 350 ശൗചാലയങ്ങളാണുളളത്‌. പുതുതായി 80 എണ്ണം നിര്‍മിച്ചു വരുന്നു. കൂടാതെ 200 താല്‍ക്കാലിക ശൗചാലയങ്ങളുമുണ്ട്‌. പാര്‍ക്കിങ്‌ നിലയ്‌ക്കലിലേക്ക്‌ മാറ്റിയ ദേവസ്വം ബോര്‍ഡ്‌ അവിടെ അടിസ്‌ഥാന സൗകര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ടതായി പമ്പാ പരിരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ. സുകുമാരന്‍ നായര്‍ പറയുന്നു. പമ്പാനദിയെ മാലിന്യ വിമുക്‌തമാക്കാന്‍ ലക്ഷ്യമിടുമ്പോഴും അവിടെ കൂടുതല്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാനാണ്‌ ബോര്‍ഡ്‌ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്‌.

Ads by Google
Wednesday 12 Jun 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW