Thursday, June 27, 2019 Last Updated 17 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.25 AM

ന്യൂനപക്ഷങ്ങളെ പാട്ടിലാക്കാന്‍ മോഡി സര്‍ക്കാര്‍

uploads/news/2019/06/314172/2.jpg

ന്യൂഡല്‍ഹി: മുസ്ലിം മതപഠന സ്‌ഥാപനങ്ങളായ മദ്രസകളെ ആധുനിക വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കാനും ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും പദ്ധതികളുമായി മോഡി സര്‍ക്കാര്‍.
മദ്രസ അധ്യാപകര്‍ക്കു ഹിന്ദി, ഇംഗ്ലീഷ്‌, കണക്ക്‌, സയന്‍സ്‌, കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള പദ്ധതിക്ക്‌ അടുത്ത മാസം തുടക്കമിടും. അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള അഞ്ചു കോടി വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ്‌ നല്‍കും. ഇതില്‍ പകുതി പെണ്‍കുട്ടികള്‍ക്കായിരിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി പത്തു ലക്ഷത്തോളം ബീഗം ഹസ്രത്‌ മഹല്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. പഠിപ്പുനിര്‍ത്തിയ ന്യൂനപക്ഷ പെണ്‍കുട്ടികള്‍ക്കു പ്രശസ്‌തമായ വിദ്യാഭ്യാസ്‌ സ്‌ഥാപനങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കി ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനും പ്രാപ്‌തരാക്കും. സമ്പന്നരല്ലാത്ത ന്യൂനപക്ഷ (മുസ്ലിം, ക്രിസ്‌ത്യന്‍, സിഖ്‌, ജൈന, ബുദ്ധ, പാഴ്‌സി) സമുദായങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കു ജോലിക്കായുള്ള മത്സരപരീക്ഷകളെഴുതാന്‍ സൗജന്യ പരിശീലനം നല്‍കാനുള്ള പദ്ധതിയും അണിയറയിലാണ്‌.
ന്യൂനപക്ഷങ്ങളുടെ വിശ്വാസം പിടിച്ചുപറ്റണമെന്നും തങ്ങള്‍ക്കു വോട്ട്‌ ചെയ്യാത്തവര്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കണമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എന്‍.ഡി.എ: എം.പിമാര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണു ന്യൂനപക്ഷങ്ങളുടെ സാമൂഹിക- സാമ്പത്തിക- വിദ്യാഭ്യാസ വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്‌. "ഒരു കൈയില്‍ ഖുറാനും മറുകൈയില്‍ കമ്പ്യൂട്ടറും" എന്ന മുദ്രാവാക്യവുമായി മദ്രസാ നവീകരണം നേരത്തേതന്നെ മോഡിയുടെ അജന്‍ഡയിലുണ്ട്‌. മതപ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കുകയും രാജ്യത്തിന്റെ വികസനത്തില്‍ എല്ലാവരെയും ഒപ്പം കൂട്ടുകയുമാണു സര്‍ക്കാരിന്റെ നയമെന്നു പ്രഖ്യാപിച്ച്‌ ന്യൂനപക്ഷകാര്യ മന്ത്രി മുഖ്‌താര്‍ അബ്ബാസ്‌ നഖ്‌വിയാണു പുതിയ പദ്ധതികളെപ്പറ്റി അറിയിച്ചത്‌. മദ്രസ അധ്യാപകര്‍ക്കു ശാസ്‌ത്ര വിഷയങ്ങളിലും ഭാഷകളിലും പരിശീലനം നല്‍കിയാകും മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ പാതയിലെത്തിക്കുക. പ്രീമെട്രിക്‌, പോസ്‌റ്റ് മെട്രിക്‌, മെറിറ്റ്‌ കം മീന്‍സ്‌ തുടങ്ങി വിവിധ തലങ്ങളിലാണു സ്‌കോളര്‍ഷിപ്പ്‌ പദ്ധതി തുടങ്ങുന്നത്‌. വിദ്യാഭ്യാസം, തൊഴില്‍, ശാക്‌തീകരണം എന്നിവയിലൂടെ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച്‌ പെണ്‍കുട്ടികളുടെ ഉന്നമനം ഉറപ്പാക്കും.
വിദ്യാഭ്യാസത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്താനായി ന്യൂനപക്ഷസാന്ദ്രത കൂടുതലുള്ള ജില്ലകളില്‍ തെരുവുനാടകങ്ങളും സാംസ്‌കാരിക പരിപാടികളും അവതരിപ്പിച്ചും ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചും "പഠാവോ-ബഠാവോ" എന്ന പ്രചാരണപരിപാടി നടത്തുമെന്നും മന്ത്രി മുഖ്‌താര്‍ അബ്ബാസ്‌ നഖ്‌വി അറിയിച്ചു.
മുത്തലാഖ്‌ നിരോധനം അടക്കമുള്ള നയങ്ങളിലൂടെ മുസ്ലിം പുരോഗമന വിഭാഗത്തിന്റെയും സ്‌ത്രീകളുടെയും പിന്തുണ നേടാനായെന്നാണു ബി.ജെ.പിയുടെ വിലയിരുത്തല്‍. അതിന്റെ തുടര്‍ച്ചയായാണു വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കുന്നത്‌.

Ads by Google
Wednesday 12 Jun 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW