Wednesday, June 26, 2019 Last Updated 7 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.15 AM

തിരിച്ചടിയായി ധവാന്റെ പരുക്ക്‌

uploads/news/2019/06/314151/3.jpg

ലണ്ടന്‍: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ കിരീടം നേടാനൊരുങ്ങിയ ഇറങ്ങിയ ഇന്ത്യക്കു കനത്ത തിരിച്ചടിയായി ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരുക്ക്‌. ഞായറാഴ്‌ച ഓസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ ധവാന്റെ ഇടതു കൈവിരലിന്‌ പരുക്കേറ്റിരുന്നു. നഥാന്‍ കൗള്‍ട്ടര്‍ നീലിന്റെ പന്തു കൊണ്ടാണു ധവാന്റെ ഇടതു കൈയുടെ തള്ളവിരലിനു പരുക്കേറ്റത്‌്.
പരുക്ക്‌ വകവയ്‌ക്കാതെ ധവാന്‍ വേദന സംഹാരികളുടെ സഹായത്തോടെ ബാറ്റിങ്‌ തുടര്‍ന്നു. പന്ത്‌ കൊണ്ടതോടെ തള്ള വിരല്‍ മാറ്റിപ്പിടിച്ചാണു ധവാന്‍ ബാറ്റ്‌ ചെയ്‌തത്‌. 109 പന്തുകളില്‍നിന്ന്‌ 117 റണ്ണുമായി തകര്‍ത്താടിയ ധവാന്‍ ഫീല്‍ഡിങ്ങിനിറങ്ങിയില്ല. രവീന്ദ്ര ജഡേജയാണ്‌ ധവാന്‌ പകരം ഫീല്‍ഡ്‌ ചെയ്‌തത്‌. വിരല്‍ നീരുവന്ന്‌ വീര്‍ത്തതോടെ ധവാനെ സ്‌കാനിങ്ങിന്‌ വിധേയനാക്കി. സ്‌കാനിങ്ങിലാണു വിരലിന്‌ പൊട്ടലുണ്ടെന്നു തെളിഞ്ഞത്‌.
ധവാന്‌ മൂന്നാഴ്‌ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണു ഡോക്‌ടര്‍മാരുടെ വിലയിരുത്തല്‍. ന്യൂസിലന്‍ഡിനെതിരേ നാളെ നടക്കുന്ന മത്സരത്തിലും പാകിസ്‌താനെതിരേ ഞായറാഴ്‌ച നടക്കുന്ന മത്സരത്തിലും ധവാന്‍ കളിക്കില്ല. അതേ സമയം ധവാനെ മടക്കി അയയ്‌ക്കുന്നില്ലെന്നു ടീം മാനേജ്‌മെന്റ്‌ വ്യക്‌തമാക്കി. ധവാന്റെ പരുക്കിന്റെ സ്‌ഥിതി നിരീക്ഷിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.
ധവാന്റെ പരുക്ക്‌ ഭേദമായില്ലെങ്കില്‍ പകരം വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ്‌ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. നാളെ ധവാന്റെ അഭാവത്തില്‍ ലോകേഷ്‌ രാഹുല്‍ ഓപ്പണര്‍ സ്‌ഥാനത്തെത്താനും സാധ്യതയുണ്ട്‌. വിജയ്‌ ശങ്കറിനോ ദിനേഷ്‌ കാര്‍ത്തിക്കിനോ അന്തിമ ടീമില്‍ അവസരം ലഭിക്കും. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്‌്.കെ. പ്രസാദ്‌, അംഗങ്ങളായ ശരണ്‍ദീപ്‌ സിങ്‌, ദേവാങ്‌ ഗാന്ധി എന്നിവര്‍ ഇന്ത്യന്‍ ടീമിനൊപ്പം ലണ്ടനിലുണ്ട്‌. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്‌ അവരാണ്‌.
ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ (ലോകകപ്പ്‌ ഉള്‍പ്പെടെ) ധവാന്റെ റെക്കോഡ്‌ മികച്ചതാണ്‌. 20 മത്സരങ്ങളിലായി ആറു സെഞ്ചുറികളും നാല്‌ അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 1238 റണ്ണാണു ധവാന്‍ നേടിയത്‌. 65.15 റണ്ണാണു ശരാശരി. പത്ത്‌ ലോകകപ്പ്‌ മത്സരങ്ങളിലായി 53.70 ശരാശരിയില്‍ 537 റണ്ണെടുത്തു.

Ads by Google
Wednesday 12 Jun 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW