Thursday, July 18, 2019 Last Updated 1 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.36 AM

റാങ്ക്‌ തിളക്കത്തില്‍ പാലാ ബ്രില്യന്റ്‌

uploads/news/2019/06/313973/v8.jpg

പാലാ: കേരള എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക്‌ ഉള്‍പ്പടെ ആദ്യ ഏഴു റാങ്കും സ്വന്തമാക്കിയ പാലാ ബ്രില്ല്യന്റ്‌ സ്‌റ്റഡിസെന്ററിന്‌ ചരിത്ര വിജയം. 600-ല്‍ 584.91 മാര്‍ക്കോടെ ഇടുക്കി സ്വദേശി വിഷ്‌ണു വിനോദാണ്‌ ഒന്നാംറാങ്ക്‌ കരസ്‌ഥമാക്കിയത്‌. ഇടുക്കി അണക്കര ശങ്കരമംഗലം വിനോദ്‌കുമാറിന്റെയും ചാന്ദ്‌നിയുടെയും മകനാണ്‌. പ്രവേശനപരീക്ഷയില്‍ 960-ല്‍ 919.23 സ്‌കോറും പ്ലസ്‌ടുവിന്‌ 99.17% മാര്‍ക്കും നേടിയാണ്‌ വിഷ്‌ണു ഒന്നാംറാങ്ക്‌ കരസ്‌ഥമാക്കിയത്‌. മാന്നാനം കെ.ഇ. സ്‌കൂളിലെ പ്ലസ്‌ടു പഠനത്തോടൊപ്പം പാലാ ബ്രില്ല്യന്റ്‌ സ്‌റ്റഡിസെന്ററില്‍ രണ്ടുവര്‍ഷത്തെ പരിശീലനം നേടിയിരുന്നു. ജെ.ഇ.ഇ. മെയിന്‍ പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കോടെ അഖിലേന്ത്യാതലത്തില്‍ 35-ാം റാങ്കും സംസ്‌ഥാനതലത്തില്‍ ഒന്നാം റാങ്കും വിഷ്‌ണുവിനായിരുന്നു. യുവപ്രതിഭകള്‍ക്കായി ദേശീയതലത്തില്‍ നടത്തുന്ന കിഷോര്‍ വൈജ്‌ഞാനിക്‌ പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ) പരീക്ഷയില്‍ 21-ാം റാങ്കും നേടിയിരുന്നു. ഐ.ഐ.ടി പ്രവേശനപരീക്ഷയില്‍ ഉയര്‍ന്ന റാങ്ക്‌ പ്രതീക്ഷിക്കുന്ന വിഷ്‌ണു മദ്രാസ്‌ ഐ.ഐ.ടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌ എടുത്ത്‌ പഠിക്കാനാണ്‌ ആഗ്രഹിക്കുന്നത്‌.
ഗൗതം ഗോവിന്ദ്‌ (രണ്ടാം റാങ്ക്‌ - 571.52), സഞ്‌ജയ്‌ സുകുമാരന്‍ (നാലാം റാങ്ക്‌ -565.38), മെവിറ്റ്‌ മാത്യു (അഞ്ചാം റാങ്ക്‌ - 563.25), ആല്‍ഫിന്‍ ഡേവിസ്‌ പോമി (ആറാം റാങ്ക്‌ - 559.94) നിരഞ്‌ജന്‍ ജെ.നായര്‍ (ഏഴാം റാങ്ക്‌ - 558.95), സൗരവ്‌ സുകുമാരന്‍ (എട്ടാം റാങ്ക്‌ - 552.15) എന്നീ ആദ്യ ഏഴും പതിനഞ്ചിനുള്ളില്‍ 11 റാങ്കും പാലാ ബ്രില്ല്യന്റ്‌ സ്‌റ്റഡി സെന്ററില്‍ പരിശീലനം നേടിയവര്‍ക്കാണ്‌.
കോട്ടയം കുമാരനല്ലൂര്‍ കൃഷ്‌ണയില്‍ അനില്‍കുമാറിന്റെയും രമ്യയുടെയും മകനാണു ഗൗതം ഗോവിന്ദ്‌. മാന്നാനം കെ.ഇ. സ്‌കൂളില്‍നിന്ന്‌ 98.83% മാര്‍ക്കോടെ പ്ലസ്‌ ടു പൂര്‍ത്തിയാക്കി. ജെ.ഇ. മെയിന്‍ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 187-ാം റാങ്ക്‌ നേടിയിരുന്നു. മദ്രാസ്‌ ഐ.ഐ.ടിയില്‍ തുടര്‍ പഠനമാണ്‌ ലക്ഷ്യം.
കാസര്‍ഗോഡ്‌ ആനന്ദാശ്രമം സ്വദേശി സൗപര്‍ണ്ണികയില്‍ സി. സുകുമാരന്റെയും സുജാതയുടെയും മകനാണ്‌ സഞ്‌ജയ്‌ സുകുമാരന്‍. ഇരട്ട സഹോദരനായ സൗരവിനാണ്‌ എട്ടാം റാങ്ക്‌. കാഞ്ഞിരപ്പള്ളി ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളില്‍നിന്നാണ്‌ ഇരുവരും പ്ലസ്‌ടു പൂര്‍ത്തിയാക്കിയത്‌. മദ്രാസ്‌ ഐ.ഐ.ടിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌ പഠിക്കാനാണ്‌ ഇരുവര്‍ക്കും താല്‍പര്യം.
മാവേലിക്കര കല്ലുമല സ്വദേശി കനവില്‍ ഷാജി കല്ലുമലയുടെയും ജെമുനയുടെയും മകനാണ്‌ മെവിറ്റ്‌ മാത്യു. മാന്നാനം കെ.ഇ.സ്‌കൂളില്‍നിന്ന്‌ 99% മാര്‍ക്കോടെ ഈ വര്‍ഷം പ്ലസ്‌ടു പഠനം പൂര്‍ത്തിയാക്കി. മദ്രാസ്‌ ഐ.ഐ.ടിയില്‍ ചേര്‍ന്ന്‌ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്‌ പഠിക്കാനാണ്‌ ആഗ്രഹം.
എറണാകുളം മുത്തോലപുരം അരഞ്ഞാണി ഓലിക്കല്‍ പോമി സെബാസ്‌റ്റ്യന്റെയും മേഴ്‌സിയുടെയും മകനാണ്‌ ആല്‍ഫിന്‍ ഡെവിസ്‌ പോമി. മാന്നാനം കെ.ഇ. സ്‌കൂളില്‍ നിന്ന്‌ 98% മാര്‍ക്കോടെ പ്ലസ്‌ടു പൂര്‍ത്തിയാക്കി. ബോംബെ ഐ.ഐ.ടിയിലെ പഠനമാണ്‌ ലക്ഷ്യം.
കോഴിക്കോട്‌ സ്വദേശി കൃഷ്‌ണകൃപയില്‍ എന്‍.ഐ.ടി. പ്രഫ. എം.ജി. ജയകുമാറിന്റെയും എസ്‌. ശ്രീകലയുടെയും മകനാണ്‌ നിരഞ്‌ജന്‍ ജെ. നായര്‍. കാഞ്ഞിരപ്പള്ളി സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂളില്‍നിന്ന്‌ 96 ശതമാനം മാര്‍ക്കോടെയാണ്‌ പ്ലസ്‌ടു വിജയിച്ചത്‌. ജെ.ഇ. മെയിന്‍ പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 167-ാം റാങ്കും നേടിയിരുന്നു. മദ്രാസ്‌ ഐ.ഐ.ടിയാണ്‌ നിരഞ്‌ജന്റെയും ലക്ഷ്യം.
ഫാര്‍മസി വിഭാഗത്തില്‍ ഒന്നാം റാങ്ക്‌ നേടിയ നവീന്‍ വിന്‍സെന്റും ബ്രില്ല്യന്റില്‍നിന്നാണ്‌ പരിശീലനം നേടിയത്‌.
കൊല്ലം സ്വദേശി മുണ്ടയ്‌ക്കല്‍ ബൈജുവിന്റെയും സൈന ദീപ്‌തിയുടെയും മകനാണ്‌. ഈ വര്‍ഷത്തെ നീറ്റ്‌ പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 647 -ാം റാങ്കും ജിപ്‌മെര്‍ പ്രവേശനപരീക്ഷയില്‍ 134-ാം റാങ്കും നേടിയിരുന്നു.
480 അധ്യാപകരുള്‍പ്പെടെ 700 ലധികം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന ബ്രില്ല്യന്റ്‌ സ്‌റ്റഡി സെന്റര്‍ രാജ്യത്തെ തന്നെ മികച്ച പ്രവേശനപരീക്ഷാ പരിശീലന കേന്ദ്രങ്ങളിലൊന്നാണ്‌. തികഞ്ഞ അച്ചടക്കം, വിദഗ്‌ധരായ അധ്യാപകരുടെ സേവനം, അതിവിപുലമായ ലൈബ്രറി സൗകര്യം എന്നിവയെല്ലാം ബ്രില്ല്യന്റിന്റെ പ്രത്യേകതകളാണ്‌.
സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും സ്‌ഥാപനം അര്‍ഹമായ പരിഗണന നല്‍കുന്നുമുണ്ട്‌. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നിര്‍ലോഭമായ സഹകരണമാണ്‌ ബ്രില്ല്യന്റ്‌ സ്‌റ്റഡിസെന്ററിന്റെ എല്ലാ നേട്ടത്തിനും കാരണമെന്ന്‌ മാനേജിങ്‌ ഡയറക്‌ടര്‍ സെബാസ്‌റ്റ്യന്‍ ജി. മാത്യു ഗണപതിപ്ലാക്കല്‍ പറഞ്ഞു. ഉന്നതവിജയം കരസ്‌ഥമാക്കിയവരെ ഡയറക്‌ടര്‍മാരായ സെബാസ്‌റ്റ്യന്‍ ജി. മാത്യു, ജോര്‍ജ്‌ തോമസ്‌, സ്‌റ്റീഫന്‍ ജോസഫ്‌, ബി. സന്തോഷ്‌കുമാര്‍, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന്‌ അനുമോദിച്ചു.

ഇരട്ട സഹോദരങ്ങള്‍ക്ക്‌ റാങ്ക്‌ തിളക്കം

കാഞ്ഞിരപ്പള്ളി: കേരളാ എന്‍ജിനീയറിങ്‌ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ ഇരട്ടസഹോദരന്‍മാര്‍ക്ക്‌ റാങ്ക്‌. കാഞ്ഞിരപ്പള്ളി ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂള്‍ വിദ്യാര്‍ഥികളായ സഞ്‌ജയ്‌ സുകുമാരനും സൗരവ്‌ സുകുമാരനുമാണ്‌ നാലും എട്ടും റാങ്കുകള്‍ നേടിയത്‌. ആദ്യ റാങ്കുകളില്‍ ഏഴാം റാങ്കുമായി നിരഞ്‌ജന്‍ ജെ. നായരും പതിനേഴാം റാങ്കുമായി മിഷ്‌മ മറിയം രാജുവും റാങ്കു പട്ടികയില്‍ ഇടം നേടി.
പത്താംക്ല ാസുവരെ നവോദയില്‍ പഠിച്ചശേഷം ആനക്കല്ല്‌ സെന്റ്‌ ആന്റണീസിലെത്തിയ സഞ്‌ജയും സൗരവും നാഷണല്‍ എന്‍ജിനീയറിങ്‌ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ 422-ാം റാങ്കും 1905-ാം റാങ്കും ലഭിച്ചിരുന്നു. കുസാറ്റ്‌ പ്രവേശന പരീക്ഷയില്‍ അഞ്ചും ഒന്‍പതും റാങ്കുകള്‍ നേടിയെടുത്തിരുന്നു. ജെ.ഇ. അഡ്വാന്‍സ്‌ ഫലം വന്നശേഷം ചെന്നൈ ഐ.ഐ. ടിയില്‍ ചേര്‍ന്ന്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌ എന്‍ജിനീയറിങ്‌ പഠിക്കാനാണ്‌ ഇരുവരുടെയും ആഗ്രഹം.
റാങ്കുകള്‍ നേടിയ വിദ്യാര്‍ഥികളെ മാനേജര്‍ ഫാ. ഡാര്‍വിന്‍ വാലുമണ്ണേല്‍, പ്രിന്‍സിപ്പല്‍ ഫാ. സണ്ണി കുരുവിള, വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. മനു മാത്യു, അസി. വികാരി ഫാ. തോമസ്‌ നരിപ്പാറ, പി. ടി. എ. പ്രസിഡന്റ്‌ അഡ്വ. സോണി തോമസ്‌ എന്നിവര്‍ അഭിനന്ദിച്ചു.
മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇക്കൊല്ലവും നൂറിലേറെ വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങിലും മെഡിസിനിലും എന്‍ട്രന്‍സ്‌ വിജയം നേടി.

അനുമോദനങ്ങള്‍ക്കിടയില്‍ വിഷ്‌ണുവിനെത്തേടി സന്തോഷ വാര്‍ത്ത

കോട്ടയം: സംസ്‌ഥാന എന്‍ട്രന്‍സ്‌ പരീക്ഷയില്‍ ഒന്നാം സ്‌ഥാനം നേടിയ വിഷ്‌ണു വിനോദ്‌ റാങ്ക്‌ വിവരം അറിയുന്നത്‌ ജോയിന്റ്‌ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ (മെയിന്‍) സംസ്‌ഥാന തലത്തില്‍ ലഭിച്ച ഒന്നാം റാങ്കിന്റെ അനുമോദന സമ്മേളനത്തിനിടെ.
മാന്നാനം കെ.ഇ. സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന വിഷ്‌ണുവിന്‌ അധ്യാപകരും സഹപാഠികളും ചേര്‍ന്നൊരുക്കിയ അനുമോദന സമ്മേളനത്തിനിടെ മന്ത്രി കെ.ടി. ജലീല്‍ വിഷ്‌ണുവിന്റെ പിതാവ്‌ വിനോദിനെ ഫോണില്‍ വിളിച്ചാണ്‌ റാങ്ക്‌ വിവരം അറിയിച്ചത്‌. ഉടന്‍തന്നെ വിനോദ്‌ ഫോണ്‍ മകനു കൈമാറി. പഠനരീതി മുതല്‍ തുടര്‍ന്നു പഠിക്കാന്‍ പോകുന്ന മേഖലയും ആഗ്രഹവും സ്വപ്‌നവുമൊക്കെ വിഷ്‌ണു മന്ത്രിയുമായി പങ്കുവച്ചു. ഇടുക്കി അണക്കര ശങ്കരമംഗലം വിനോദിന്റെയും ചാന്ദ്‌നിയുടെയും മകനാണ്‌ വിഷ്‌ണു. എന്‍ട്രന്‍സ്‌ പരീക്ഷ എന്ന ഒറ്റ ലക്ഷ്യത്തിനായി രണ്ടു വര്‍ഷമായി ചെമ്മനംപടിയില്‍ വീടു വാടകയ്‌ക്കെടുത്തു താമസിച്ചുവരികയാണു കുടുംബം.
ജെ.ഇ.ഇ. പരീക്ഷയില്‍ 99.99% മാര്‍ക്കോടെ വിഷ്‌ണു സംസ്‌ഥാനതലത്തില്‍ ഒന്നാം റാങ്കും ദേശീയതലത്തില്‍ 35-ാം റാങ്കും കരസ്‌ഥമാക്കിയിരുന്നു. പ്ലസ്‌ ടു പരീക്ഷയില്‍ കമ്പ്യൂട്ടര്‍ സയന്‍സിന്‌ ഒരു മാര്‍ക്ക്‌ നഷ്‌ടമായതൊഴിച്ചാല്‍ മറ്റെല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കുണ്ടായിരുന്നു. ഉപരിപഠനത്തെക്കുറിച്ച്‌ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ജെ.ഇ.ഇ. അഡ്വാന്‍സ്‌ ഫലം കൂടി വരാനുണ്ട്‌. അതിലൂടെ ഐ.ഐ.ടി. സെലക്ഷന്‍ ലഭിക്കുമെന്നും കമ്പ്യൂട്ടര്‍ സയന്‍സ്‌ മുഖ്യവിഷയമാക്കാമെന്നുമാണ്‌ വിഷ്‌ണു കരുതുന്നത്‌.
ഏലം കര്‍ഷകനാണ്‌ അച്‌ഛന്‍. അമ്മ ചാന്ദ്‌നിക്കും സഹോദരന്‍ വിശ്വനാഥിനുമൊപ്പം കോട്ടയത്തു താമസിച്ച്‌ മാന്നാനം സ്‌കൂളില്‍ പ്‌ളസ്‌ ടുവും പാലാ ബ്രില്യന്റ്‌ സ്‌റ്റഡി സെന്ററില്‍ എന്‍ട്രന്‍സും പഠിച്ചു. കോട്ടയത്തെത്തിയശേഷം ഒരിക്കല്‍ പോലും അണക്കരയിലേക്കു പോകാത്ത വിഷ്‌ണു ചിട്ടയായ പഠന രീതിയാണു സ്വീകരിച്ചിരുന്നത്‌. രാത്രി പത്തിനു ശേഷവും പുലര്‍ച്ചെ അഞ്ചിനു മുമ്പും പഠനമില്ല. പകലും നിശ്‌ചിത സമയത്തുമാത്രമായിരുന്നു പഠനം. ഇംഗ്ലീഷ്‌ നോവലുകളാണ്‌ വിഷ്‌ണുവിന്‌ ഏറെ ഇഷ്‌ടം.

Ads by Google
Tuesday 11 Jun 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW