Friday, June 21, 2019 Last Updated 13 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.34 AM

അപകടങ്ങള്‍ പതിയിരിക്കുന്ന മഴക്കാലം

uploads/news/2019/06/313967/editorial.jpg

കേരളത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണ്‌ ഞായറാഴ്‌ച പാലക്കാട്ട്‌ തണ്ണിശേരിയില്‍ എട്ടു പേരുടെ മരണത്തിനിടയാക്കിയ അപകടം. അമിതവേഗത്തിലായിരുന്ന ആംബുലന്‍സ്‌ ലോറിയിലേക്ക്‌ ഇടിച്ചു കയറിയുണ്ടായ അപകടം, ഏറെ അനുഭവങ്ങളുണ്ടായിട്ടും അതൊന്നും ജനങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന സൂചന നല്‍കുന്നതാണ്‌. അമിത വേഗത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട്‌ ആംബുലന്‍സ്‌ ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ്‌ ദൃക്‌സാക്ഷികള്‍ പറയുന്നത്‌. ലോറിയില്‍ ഇടിച്ച ആംബുലന്‍സിന്റെ മുന്‍വശം നിശേഷം തകര്‍ന്നു പോവുകയും ചെയ്‌തു. ആംബുലന്‍സിന്റെ വരവു കണ്ടിട്ട്‌ വാഹനം പരമാവധി ഒതുക്കിയിട്ടും അതു വന്ന്‌ ഇടിക്കുകയായിരുന്നെന്നാണ്‌ ലോറി ൈഡ്രവറുടെ മൊഴി. മറ്റൊരു അപകടത്തില്‍ നിന്ന്‌ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടവര്‍ ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടയില്‍ ഈ ആംബുലന്‍സില്‍ കയറിയിരുന്നു. ദൗര്‍ഭാഗ്യം എന്നതു മാത്രമേ അപകടത്തില്‍ മരണമടഞ്ഞ ഇവരുടെ വിധിയേക്കുറിച്ച്‌ പറയാനുള്ളു. അശ്രദ്ധയുടെ ഇരകളായി അവരും.

ഞായറാഴ്‌ച തന്നെയാണ്‌ മാവേലിക്കരയില്‍ രണ്ട്‌ അപകടങ്ങളിലായി മൂന്നു പേര്‍ മരിച്ചത്‌. മരണമുണ്ടായില്ലെങ്കിലും ഗുരുതരമായ അപകടങ്ങള്‍ സംസ്‌ഥാനത്ത്‌ മഴയോടനുബന്ധിച്ച്‌ ഉണ്ടാകുന്നു. മിക്ക സംഭവങ്ങളിലും അശ്രദ്ധയും അമിത വേഗവുമാണ്‌ വില്ലന്‍. സുഗമമായി കടന്നു പോകാന്‍ കഴിയില്ലെങ്കില്‍ മുന്നില്‍ പോകുന്ന വാഹനങ്ങളെ മറികടക്കരുത്‌ എന്ന അടിസ്‌ഥാന തത്വം പോലും പരിഗണിക്കാതെയാണ്‌ ഭൂരിപക്ഷം പേരും റോഡുകളില്‍ വാഹനമോടിക്കുന്നത്‌. മഴക്കാലം കൂടിയാകുന്നതോടെ വാഹനമോടിക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. റോഡുകളില്‍ ചീറിപ്പായുന്നവര്‍ പക്ഷേ, വാഹനത്തിന്റെയും ടയറിന്റെയും അവസ്‌ഥ പരിഗണിക്കാറില്ല.

വേണ്ടത്ര ഗ്രിപ്പ്‌ ഉള്ള ടയര്‍, ശരിയാം വണ്ണമുള്ള ബ്രേക്ക്‌, നന്നായി പ്രവര്‍ത്തിക്കുന്ന വൈപ്പര്‍ അടക്കമുള്ള ഉപകരണങ്ങള്‍ എന്നിങ്ങനെ ഒറ്റ നോട്ടത്തില്‍ നിസ്സാരമെന്നു തോന്നുന്ന പലതരം ഘടകങ്ങള്‍ ശ്രദ്ധിച്ചുവേണം മഴക്കാലത്ത്‌ വാഹനങ്ങള്‍ ഓടിക്കേണ്ടത്‌. എന്നാല്‍, സ്‌റ്റിയറിങ്‌ കൈയിലെടുക്കുമ്പോള്‍ മിക്കവര്‍ക്കും അമിതമായ ആത്മവിശ്വാസമാണ്‌. അതാകട്ടെ അപകടങ്ങളിലേക്ക്‌ നയിക്കുകയും ചെയ്യുന്നു.
മഴക്കാലത്ത്‌ ഷോക്കേറ്റുള്ള അപകടങ്ങള്‍ക്ക്‌ സാധ്യത വളരെ കൂടുതലാണ്‌. ഇന്നലെ തന്നെ തിരുവനന്തപുരത്ത്‌ രണ്ടു പേരാണ്‌ ഷോക്കേറ്റു മരിച്ചത്‌. കാറ്റിലും മഴയിലും പൊട്ടിവീഴുന്ന വൈദ്യുതിക്കമ്പികള്‍ അപകടങ്ങളെ വിളിച്ചു വരുത്തുകയാണ്‌ ചെയ്യുക. കമ്പി പൊട്ടിവീണത്‌ അറിയാതെ അതുമായി സമ്പര്‍ക്കത്തിലാകുന്നവരാണ്‌ അപകടങ്ങളില്‍ പെടുന്നതില്‍ ഏറെയും. ഇത്തരം സാഹചര്യങ്ങളില്‍ എല്ലാവരും ജാഗരൂകരാവുകയെന്നതു മാത്രമാണ്‌ പോംവഴി. തങ്ങളുടെ സമീപത്ത്‌ വൈദ്യുതക്കമ്പികള്‍ പൊട്ടിവീണിട്ടുണ്ടോ എന്നത്‌ ശ്രദ്ധിക്കുന്നതിനൊപ്പം അങ്ങനെയെന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ അറിയിക്കുന്നതിനും അവിടേക്ക്‌ മറ്റുള്ളവര്‍ കടന്നു പോകാതിരിക്കാനും അതീവ ശ്രദ്ധ വേണം. ഇടിമിന്നലേറ്റുള്ള മരണങ്ങളും ഇക്കാലയളവില്‍ ഉണ്ടാകാറുണ്ട്‌. മഴപെയ്യുമ്പോള്‍ ഇടിമിന്നലേല്‍ക്കാനുള്ള സാഹചര്യങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുക എന്നതു മാത്രമാണ്‌ ഇക്കാര്യത്തില്‍ ചെയ്യാനുള്ളത്‌. മഴക്കാലത്തെ അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നതു സംബന്ധിച്ച്‌ സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരണം സംഘടിപ്പിക്കണം. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച്‌ സുരക്ഷ ഉറപ്പുവരുത്താന്‍ ജനങ്ങളും തയറാകണം.

Ads by Google
Tuesday 11 Jun 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW