Friday, June 21, 2019 Last Updated 13 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.34 AM

മരിക്കാന്‍ മോഡിയുടെ കാശിക്ക്‌ പോയ 'എക്‌സിറ്റ്‌ പോള്‍ സ്വാമി'

uploads/news/2019/06/313966/bft1.jpg

ചാനലുകളും ഏജന്‍സികളും ശാസ്‌ത്രീയമായി സംഘടിപ്പിക്കുന്ന പ്രീ പോള്‍, എക്‌സിറ്റ്‌ പോള്‍ സര്‍വേകള്‍ പോലും വോട്ടെണ്ണുമ്പോള്‍ പാളിപ്പോകാറുണ്ട്‌. എന്നാല്‍, വോട്ടെടുപ്പിനു പിന്നാലെ "എക്‌സിറ്റ്‌ പോള്‍ ജ്യോതിഷികള്‍" പത്രസമ്മേളനം നടത്തി ഫലം പ്രവചിക്കുന്നതാണു പുതിയ പ്രവണത. മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം പ്രവചനങ്ങളെ വെറും നേരമ്പോക്കായി കാണുന്ന പശ്‌ചാത്തലത്തിലാണ്‌ ഇരിങ്ങാലക്കുടയില്‍ ഒരു സ്വാമി ആത്മഹത്യാഭീഷണിതന്നെ മുഴക്കിയത്‌. കേരളത്തില്‍ ഇടതുപക്ഷം ജയിക്കുമെന്നും കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമായിരുന്നു സ്വാമിയുടെ പ്രവചനം. പ്രവചനം തെറ്റിയാല്‍ താന്‍ ഈ ഭൂമുഖത്തുണ്ടാകില്ലെന്നും സ്വാമി തട്ടിവിട്ടു.
കേന്ദ്രത്തിലെയും കേരളത്തിലെയും ഫലം വന്നതോടെ സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സ്വാമിക്കു പൊങ്കാലയായിരുന്നു. ഇതോടെ, കവടി എവിടെയോ പിഴച്ചെന്നായി സ്വാമി. തുടര്‍ന്ന്‌ നേരേ കാശിക്കു വച്ചുപിടിച്ചു. രാഹുലിനെ പിന്തള്ളി വീണ്ടും പ്രധാനമന്ത്രിയായ സാക്ഷാല്‍ നരേന്ദ്ര മോഡിയുടെ വാരാണസിയിലേക്കുതന്നെ! അവിടെ ഗംഗാനദിയില്‍ ആത്മഹത്യക്കു ശ്രമിച്ചപ്പോള്‍ പോലീസ്‌ തടഞ്ഞെന്നാണിപ്പോള്‍ സ്വാമിയുടെ വിലാപം. പോലീസ്‌ തടഞ്ഞാല്‍പ്പിന്നെ ആത്മഹത്യ ചെയ്യാനാകുമോ? കാശിയിലല്ലാതെ വേറെവിടെ ആത്മഹത്യ ചെയ്യാന്‍?
എങ്ങനെയും പേരുണ്ടാക്കാനുള്ള മോഹമാണ്‌ ഇത്തരം കോമാളിത്തരങ്ങള്‍ക്കു പിന്നില്‍. വിശ്വാസ്യത തെളിയിക്കാന്‍ ഇരിങ്ങാലക്കുട സ്വാമിയുടെ പക്കല്‍ മിക്ക രാഷ്‌ട്രീയകക്ഷികളുടെയും നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുമുണ്ടായിരുന്നു. ഇയാള്‍ക്ക്‌ മതിലകത്ത്‌ മുമ്പ്‌ മണ്ണുകച്ചവടമായിരുന്നു. അവിടെനിന്ന്‌ ഉള്‍വിളിയുണ്ടായതോടെ 10 വര്‍ഷമായി ഭക്‌തിമാര്‍ഗത്തിലാണ്‌. തെരഞ്ഞെടുപ്പായാല്‍ രാഷ്‌ട്രീയക്കാര്‍ അനുഗ്രഹം തേടിയെത്തും. സര്‍വമതസംഘടനയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സ്വാമിക്ക്‌ ശത്രുദോഷം തീര്‍ക്കാന്‍ അപാരകഴിവുണ്ടെന്നാണ്‌ അവകാശവാദം. ദോഷമകറ്റാന്‍ വീടുകളില്‍ ചെന്നു പൂജകള്‍ നടത്തും. വന്‍തുകയാണു പ്രതിഫലം. പൂജ നടത്തി ഒരുവര്‍ഷത്തിനകം ഫലമുണ്ടാകുമെന്നാണു "വാറന്റി". ചലച്ചിത്രനിര്‍മാണത്തിലും കൈവച്ചിട്ടുണ്ട്‌. സമാനമായ രീതിയില്‍ തിരുവനന്തപുരത്ത്‌ എക്‌സിറ്റ്‌ പോള്‍ പ്രവചനം നടത്തിയ ഒരു ജ്യോതിഷി, പത്രസമ്മേളനത്തിനുശേഷം നടത്തുന്ന വിരുന്നിന്റെ "മെനു"വുമായാണ്‌ ഹാജരായത്‌.

'അമ്മ ഭഗവാന്‍' ഓണ്‍ലൈനില്‍; പൂജ അയല്‍സംസ്‌ഥാനങ്ങളില്‍

ഇരകളെ ഇതരസംസ്‌ഥാനങ്ങളില്‍ കൊണ്ടുപോയി പൂജ നടത്തുന്ന സംഘങ്ങള്‍ തൃശൂരിന്റെ തീരമേഖലയില്‍ സജീവമാണ്‌. "അമ്മ ഭഗവാന്‍" എന്ന പേരില്‍ ഓണ്‍ലൈന്‍ ഗ്രൂപ്പുകളുണ്ടാക്കിയാണു പ്രവര്‍ത്തനം. അത്ര പെട്ടന്നൊന്നും ഗ്രൂപ്പില്‍ അംഗത്വം കിട്ടില്ല. കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കുമായി പ്രത്യേകം അഭീഷ്‌ടസിദ്ധി പൂജകളുണ്ട്‌. മിനിമം നാലുപേര്‍ സമീപിച്ചാല്‍ മറ്റു സംസ്‌ഥാനങ്ങളില്‍ പൂജയ്‌ക്കു കൊണ്ടുപോകും. ആളൊന്നിന്‌ 16,000-23,000 രൂപ വരെയാണു ചെലവ്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മന്ത്രവാദത്തിന്റെ "മണി ചെയിന്‍" രൂപമാണിത്‌. പരംജ്യോതി ഭഗവതി, സ്‌ത്രീ ശക്‌തിവരം എന്നിങ്ങനെയാണു പൂജകളുടെ പേരുകള്‍. തീരവാസികളാണ്‌ അമ്മ ഭഗവാന്റെ ഇരകളില്‍ ഏറെയും. നാട്ടുകാര്‍ ഇതിനെതിരേ സംഘടിക്കാനുള്ള ഒരുക്കത്തിലാണ്‌. സംസ്‌ഥാനത്ത്‌ ഇവര്‍ക്ക്‌ അയ്യായിരത്തോളം അനുയായികളുണ്ടെന്നാണു സൂചന.

ബാധ അകന്ന യുവതിയെ മന്ത്രവാദി ആവേശിച്ചു!

ഒടുവില്‍ ചക്കിനു വച്ചതു കൊക്കിനു കൊണ്ടു എന്ന അവസ്‌ഥയിലായി മകളുടെ പ്രേമബാധ ഒഴിപ്പിക്കാന്‍ മന്ത്രവാദിയെ സമീപിച്ച ആ മാതാപിതാക്കളുടെ അവസ്‌ഥ. സംഗതി ഇങ്ങനെ: മകള്‍ക്ക്‌ അയല്‍വാസിയോടു കലശലായ പ്രേമം. ഇതരമതസ്‌ഥനായതിനാല്‍ അംഗീകരിക്കാന്‍ വീട്ടുകാര്‍ക്കു വിഷമം. എന്തു പറഞ്ഞിട്ടും മകള്‍ക്കു കുലുക്കമില്ല. അതിനിടെയാണു കൊടുങ്ങല്ലൂരിനടുത്തുള്ള മന്ത്രവാദിയെക്കുറിച്ചു കേട്ടത്‌. മകളുമൊത്ത്‌ നേരേ അവിടെച്ചെന്നു. പതിവുപോലെ ചൂരല്‍ക്കഷായമാണു പ്രധാനചികിത്സ. എന്നാല്‍, ചൂരലെടുത്തു ബാധയെ വിരട്ടിയതല്ലാതെ യുവതിയെ മന്ത്രവാദി തല്ലിയില്ല. പൂജ നീണ്ടതോടെ പെണ്‍കുട്ടിയുടെ മനസുമാറി. മാതാപിതാക്കളുടെ ആശ്വാസം പക്ഷേ അധികം നീണ്ടില്ല. പ്രേമബാധയകറ്റിയ മന്ത്രവാദിയോടായി യുവതിയുടെ പ്രേമം. പിന്നീടെന്തുണ്ടായെന്ന്‌ ആര്‍ക്കുമറിയില്ല. തീരദേശത്ത്‌ പെരിഞ്ഞനത്തിനടുത്തുള്ള തുള്ളല്‍ സ്വാമിനി പെട്ടെന്നാണു പ്രശസ്‌തയായത്‌. ബാധയകറ്റല്‍ ബിസിനസാക്കിയതോടെ കുടിലില്‍ കഴിഞ്ഞ സ്വാമിനി സമ്പന്നയായി. വന്‍തുക ദക്ഷിണയുമായി ഇവരെ ദര്‍ശിക്കാനെത്തുന്നവരുടെ തിരക്ക്‌ നാള്‍ക്കുനാള്‍ ഏറുകയാണ്‌.

(തുടരും)
തയാറാക്കിയത്‌: കെ. കൃഷ്‌ണകുമാര്‍, സി.ആര്‍. ജിജീഷ്‌
സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Tuesday 11 Jun 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW