Friday, June 21, 2019 Last Updated 13 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.33 AM

ഗിരീഷ്‌ കര്‍ണാട്‌; നാടക ഇതിഹാസം

uploads/news/2019/06/313965/bft2.jpg

നീണ്ട കുര്‍ത്തയിട്ട, കട്ടിക്കണ്ണടവച്ച, ക്ലീന്‍ ഷേവ്‌ ചെയ്‌ത പരുക്കന്‍ മുഖമുള്ള അതിസമ്പന്നനായ അച്‌ഛന്‍-അതാണ്‌ കച്ചവട സിനിമയിലെ ഗിരീഷ്‌ കര്‍ണാട്‌. കാതലനും ഏക്‌ ധാ ടൈഗറും പോലുള്ള തട്ടുപൊളിപ്പന്‍ മസാലസിനിമകളിലെല്ലാം ആ ഭാവമായിരുന്നു. വില്ലനായും നായകന്റെയോ നായികയുടെയോ പിതാവായോ ഒക്കെയാണു കന്നടയ്‌ക്കുപുറത്തുള്ള കച്ചവടസിനിമകളില്‍ ഗിരീഷ്‌ കര്‍ണാടിനെ കണ്ടിട്ടുള്ളത്‌. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായ പ്രിന്‍സ്‌ എന്ന സിനിമയിലും അത്തരമൊരുവേഷം ചെയ്‌തിട്ടുണ്ട്‌ ഗിരീഷ്‌ കര്‍ണാട്‌. സാധാരണക്കാര്‍ ഈ മുഖം അതിവേഗം തിരിച്ചറിയുന്നതും ആ അച്‌ഛന്‍ വേഷങ്ങളിലൂടെയാവും.
പക്ഷേ സിനിമയായിരുന്നില്ല ഗിരീഷ്‌ കര്‍ണാടിന്റെ തട്ടകം, അത്‌ തിയറ്ററാണ്‌. നാടകമാണ്‌. ആധുനിക കന്നട നാടകത്തിന്റെ പരിണാമത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ച പ്രതിഭ എന്ന നിലയില്‍ തന്നെയാവും അദ്ദേഹത്തെ കാലം ഇനി ഓര്‍മിക്കുകയും.
പാശ്‌ചാത്യനവോത്ഥാനത്തെ പിന്‍പറ്റി ദേശകാലങ്ങളുമായി ഒരു ബന്ധവുമില്ലാത്ത സൃഷ്‌ടികള്‍ കന്നടസാഹിത്യത്തെ അടക്കിഭരിക്കുന്ന കാലത്താണ്‌ ഗിരീഷ്‌ കര്‍ണാട്‌ എഴുതിത്തുടങ്ങുന്നത്‌. എന്നാല്‍ ഗവര്‍ണര്‍ ജനറലും രാഷ്‌ട്രീയ തന്ത്രജ്‌ഞനുമൊക്കെയായിരുന്ന സി. രാജഗോപാലാചാരിയുടെ കാഴ്‌ചപ്പാടില്‍ 1951ല്‍ പ്രസിദ്ധീകരിച്ച "മഹാഭാരതകഥ" ഗിരീഷ്‌ കര്‍ണാടിന്റെ രചനാലോകത്തെ കാര്യമായി സ്വാധീനിച്ചു. മഹാഭാരതകഥയില്‍നിന്ന്‌ ഉള്‍ക്കൊണ്ട കര്‍ണാടിന്റെ ഏറ്റവും പ്രശസ്‌തമായ നാടകങ്ങളിലൊന്നായ യയാതി പിറക്കുന്നതും അങ്ങനെയാണ്‌. അതും തന്റെ ഇരുപത്തിമൂന്നാമത്തെ വയസില്‍. സമകാലികതയെക്കുറിച്ചു സംസാരിക്കാന്‍ ചരിത്രവും മിത്തും കൂടിക്കലര്‍ന്ന ആഖ്യാനം കര്‍ണാട്‌ സ്വന്തമാക്കുന്നതും അങ്ങനെയാണ്‌. പിന്നീട്‌ മൂന്നുവര്‍ഷങ്ങള്‍ക്കുശേഷമാണ്‌ സമാനശൈലിയില്‍ തന്നെ കര്‍ണാടിന്റെ അതിപ്രശസ്‌തമായ തുഗ്ലക്കും ജനിക്കുന്നത്‌.
ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ ഹില്‍ സ്‌റ്റേഷനുകളൊന്നായ മഹാരാഷ്‌ട്രയിലെ മാത്തേരനില്‍ 1938ല്‍ ആണ്‌ ഗിരീഷ്‌ കര്‍ണാടിന്റെ ജനനം. എന്നാല്‍ വളര്‍ന്നത്‌ കര്‍ണാടകയിലെ ഒരു ഹില്‍സ്‌റ്റേഷനായ സിര്‍സിയിലാണ്‌. അവിടത്തെ സഞ്ചരിക്കുന്ന നാടകസംഘങ്ങളായ നാടക്‌ മണ്ഡലികളാണ്‌ ചെറുപ്രായത്തിലേ ഗിരീഷ്‌ കര്‍ണാടിലേക്ക്‌ നാടകമെന്ന ആശയത്തെ വളര്‍ത്തിയെടുത്തത്‌. പിന്നീട്‌ കര്‍ണാടകയിലെ ധാര്‍വാടിലുള്ള ആര്‍ട്‌സ്‌ കോളജില്‍നിന്ന്‌ തത്വശാസ്‌ത്രത്തില്‍ ബിരുദവും ഓക്‌സ്‌ഫഡിലെ മഗ്‌ദലീന്‍ കോളജില്‍നിന്ന്‌ പൊളിറ്റിക്കല്‍ സയന്‍സിലും സാമ്പത്തികശാസ്‌ത്രത്തിലും ബിരുദാന്തരബിരുദവുമെടുത്തു. കുറച്ചുനാള്‍ ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റി പ്രസില്‍ ജോലിനോക്കിയശേഷം മുഴുവന്‍സമയ എഴുത്തിലേക്ക്‌ തിരിഞ്ഞു.
1961ല്‍ പുറത്തിറങ്ങിയ യയാതി ആണ്‌ ആദ്യനാടകം. പിന്നീട്‌ 1964ല്‍ തുഗ്ലക്ക്‌, 1971ല്‍ ഹയവദന. കര്‍ണാട്‌ കന്നടയിലാണ്‌ എഴുതിയതെങ്കിലും ഇംഗ്ലീഷിലേക്കും മറ്റ്‌ ഇന്ത്യന്‍ ഭാഷകളിലേക്കും നാടകങ്ങള്‍ തര്‍ജ്‌ജമ ചെയ്യപ്പെട്ടു. ഇബ്രാഹിം അല്‍ക്കാസി, പദംസീ, സത്യദേവ്‌ ദുബൈ, ബി.വി. കാരന്ത്‌ തുടങ്ങിയ അതികായന്മാരാണ്‌ ഈ നാടകങ്ങള്‍ സംവിധാനം ചെയ്‌തത്‌.
സിനിമയിലും നാലുപതിറ്റാണ്ടിലേറെ നീണ്ടുനിന്നു കര്‍ണാടിന്റെ സാന്നിധ്യം. 1970ല്‍ നിരൂപകശ്രദ്ധ നേടിയ കന്നടസിനിമ സംസ്‌കാരയിലൂടെയായിരുന്നു നടന്‍ എന്ന നിലയില്‍ തുടക്കം. യു.ആര്‍. അനന്തമൂര്‍ത്തിയുടെ നോവലിന്റെ അടിസ്‌ഥാനമാക്കി കര്‍ണാട്‌ തന്നെയാണ്‌ തിരക്കഥയൊരുക്കിയത്‌. സെന്‍സര്‍ വിലക്കുകളില്‍ കുടുങ്ങി വിവാദങ്ങള്‍ സൃഷ്‌ടിച്ച സിനിമ പ്രസിഡന്റിന്റെ മെഡല്‍ നേടുന്ന ആദ്യ കന്നടസിനിമയുമായി. കന്നടയില്‍ അഭിനയിക്കാനാണ്‌ താല്‍പര്യപ്പെട്ടതെങ്കിലും നിഷാന്ത്‌, മന്ധന്‍, ദോര്‍, സ്വാമി എന്നീ ഹിന്ദിസിനിമകളിലും വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലും കര്‍ണാട്‌ അഭിനയിച്ചിട്ടുണ്ട്‌. സംവിധാനം ചെയ്‌ത വംശവൃഷ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ഉത്സവ്‌ പോലുള്ള "ബോള്‍ഡാ"യിട്ടുള്ള ഹിന്ദിസിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌. ആര്‍.കെ. നാരായണിന്റെ മാല്‍ഗുഡി ഡെയ്‌സ്‌, ഇന്ദ്രധനുഷ്‌ തുടങ്ങിയ സീരിയിലുകളിലൂടെയാണ്‌ അദ്ദേഹം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ പരിചിതനായത്‌.
പുനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടര്‍, സംഗീതനാടക അക്കാഡമി ചെയര്‍മാന്‍, ലണ്ടനിലെ നെഹ്‌റുകേന്ദ്രം ഡയറക്‌ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പദ്‌മശ്രീ, പദ്‌മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി നല്‍കി ആദരിച്ചിട്ടുണ്ട്‌. സംഗീതനാടകഅക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌.
സാമൂഹികപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തീവ്രമതവാദത്തിനെതിരേയുള്ള നിലപാടുകളില്‍ എന്നും ഉറച്ചുനിന്നിട്ടുണ്ട്‌ കര്‍ണാട്‌. ഏകാധിപത്യഭരണകൂടങ്ങള്‍ക്കും വംശീയവിദ്വേഷത്തിനുമെതിരേയുള്ള നിലപാടുകള്‍ ഉറക്കെപ്പറഞ്ഞ്‌ പലപ്പോഴും രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ കണ്ണിലെ കരടായിട്ടുമുണ്ട്‌ കര്‍ണാട്‌.

ഇ.വി. ഷിബു

Ads by Google
Tuesday 11 Jun 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW