Saturday, June 22, 2019 Last Updated 57 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.14 AM

കാര്‍ഷികകടം രണ്ടുലക്ഷം വരെ എഴുതിത്തള്ളും

uploads/news/2019/06/313940/k1.jpg

തിരുവനന്തപുരം : ജപ്‌തി നടപടികളിലൂടെ വായ്‌പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക്‌ അധികാരം നല്‍കുന്ന സര്‍ഫാസി നിയമം കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്കു ബാധകമല്ലാതാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷക ആത്മഹത്യയെക്കുറിച്ച്‌ ഐ.സി. ബാലകൃഷ്‌ണന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനു നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കാര്‍ഷികകടാശ്വാസ കമ്മിഷനിലൂടെ രണ്ടുലക്ഷം രൂപവരെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിച്ചുവരുകയാണെന്നു കൃഷിമന്ത്രി വി.എസ്‌. സുനില്‍കുമാറും വ്യക്‌തമാക്കി.
കര്‍ഷകരുടെ വായ്‌പകള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും അതു സംബന്ധിച്ച്‌ ഉത്തരവിറക്കാത്തതു വന്‍വീഴ്‌ചയാണെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍ഫാസി നിയമത്തിനെതിരേ പാര്‍ലമെന്റില്‍ ശക്‌തമായ നിലപാടെടുക്കാന്‍ യു.ഡി.എഫിന്റെ നിയുക്‌ത എം.പിമാരോടു നിര്‍ദേശിച്ചെന്നും അദ്ദേഹം അറിയിച്ചു. അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി.
സംസ്‌ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, റിസര്‍വ്‌ ബാങ്കിനു കീഴില്‍ വരുന്ന സഹകരണ ബാങ്കുകള്‍ എന്നിവയാണു സര്‍ഫാസി നിയമപരിധിയിലുള്ളതെന്ന്‌ മന്ത്രി സുനില്‍കുമാര്‍ വ്യക്‌തമാക്കി. ഇവയെ നിയമപരിധിയില്‍നിന്ന്‌ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നു ചര്‍ച്ചയില്‍ ഇടപെട്ടു സംസാരിച്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കര്‍ഷകരുടെ വായ്‌പകള്‍ വ്യവസ്‌ഥാപിതരീതിയില്‍ എഴുതിത്തള്ളുമെന്നു മന്ത്രി സുനില്‍കുമാറും വ്യക്‌തമാക്കി. കാര്‍ഷികകടാശ്വാസ കമ്മിഷനു കീഴില്‍ സഹകരണ ബാങ്കുകള്‍ മാത്രമാണുള്ളത്‌. മറ്റു വാണിജ്യ ബാങ്കുകളെയും ഇതില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്‌. ഇതു സംസ്‌ഥാനതല ബാങ്കേഴ്‌സ്‌ സമിതിയും അംഗീകരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാസങ്ങള്‍ക്കകം രണ്ടുലക്ഷം രൂപ വരെയുള്ള കാര്‍ഷികവായ്‌പകള്‍ എഴുതിത്തള്ളും. ഇതിനായി സഹകരണ ബാങ്കുകളിലെ വായ്‌പ സംബന്ധിച്ച്‌ കമ്മിഷന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ട്‌. വാണിജ്യ ബാങ്കുകളെ സംബന്ധിച്ച നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. ഇടുക്കി, വയനാട്‌ ജില്ലകളിലെ കര്‍ഷകര്‍ക്ക്‌ 2018 ഓഗസ്‌റ്റ്‌ 31 വരെയുള്ള വായ്‌പകള്‍ എഴുതിത്തള്ളാന്‍ കടാശ്വാസ കമ്മിഷനെ സമീപിക്കാം. 2011 വരെ എന്ന കാലാവധി ഈ രണ്ടു ജില്ലകളുടെ സാഹചര്യം പരിഗണിച്ച്‌ നീട്ടിനല്‍കുകയായിരുന്നു. മറ്റു ജില്ലകളില്‍ കാലാവധി 2014 വരെ നീട്ടി.
ഇടുക്കിയില്‍ 10 കര്‍ഷകരും വയനാട്ടില്‍ അഞ്ചു കര്‍ഷകരും ആത്മഹത്യ ചെയ്‌തെന്നു മന്ത്രി സുനില്‍കുമാര്‍ അറിയിച്ചു. എല്ലാവരും കാര്‍ഷികവായ്‌പയുടെ പേരിലല്ല ആത്മഹത്യ ചെയ്‌തതെന്നു താന്‍ പറയുന്നില്ല. ഏതു വായ്‌പയായാലും അതു തിരിച്ചടയ്‌ക്കേണ്ടതു കാര്‍ഷികവൃത്തിയില്‍നിന്നുള്ള വരുമാനം കൊണ്ടാണ്‌. അതിനാല്‍ കര്‍ഷകരുടെ എല്ലാ വായ്‌പയും കാര്‍ഷികവായ്‌പയായി കാണണമെന്നാണു സര്‍ക്കാര്‍ നയം. കര്‍ഷകരുടെ എല്ലാ വായ്‌പകള്‍ക്കും മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്‌ അതുകൊണ്ടാണ്‌. കര്‍ഷകരെ സഹായിക്കാന്‍ കഴിയുന്നത്ര നടപടി സ്വീകരിച്ചിട്ടുണ്ട്‌. രണ്ടുവര്‍ഷത്തിനിടെ കഠിനവരള്‍ച്ചയും മഹാപ്രളയവുമാണു കേരളം അഭിമുഖീകരിച്ചത്‌. ആസിയാന്‍ കരാര്‍ കൂടിയായപ്പോള്‍ കാര്‍ഷികമേഖല വന്‍പ്രതിസന്ധിയിലായി. പ്രളയനാശനഷ്‌ടങ്ങള്‍ക്കു പരമാവധി സഹായം നല്‍കി. മുന്‍സര്‍ക്കാര്‍ കുടിശികയാക്കിയതുള്‍പ്പെടെ, 196 കോടി രൂപ പ്രകൃതിദുരന്ത നഷ്‌ടപരിഹാരമായി നല്‍കി. ബാക്കി 36 കോടി രൂപ അടിയന്തരമായി നല്‍കാന്‍ നടപടിയെടുക്കും.
മലയോരമേഖലകളിലെ എട്ടു വിളകള്‍ക്കു നഷ്‌ടപരിഹാരത്തുക വര്‍ധിപ്പിച്ചു. തേങ്ങയുടെ വില 25 രൂപയില്‍ താഴെയാകുമ്പോള്‍, സംസ്‌ഥാനത്തെ 900 സഹകരണസ്‌ഥാപനങ്ങളിലൂടെ പച്ചത്തേങ്ങ സംഭരിക്കും. സംസ്‌ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിനെതിരേ നീങ്ങാന്‍ ഒരു ബാങ്കിനും അവകാശമില്ല. അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സുനില്‍കുമാര്‍ വ്യക്‌തമാക്കി.

Ads by Google
Tuesday 11 Jun 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW