Wednesday, June 26, 2019 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.14 AM

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്‌ ആറാഴ്‌ചത്തേക്കു തടഞ്ഞു

uploads/news/2019/06/313937/k4.jpg

എറണാകുളം മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച നാലു ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്‌ സുപ്രീം കോടതി ആറാഴ്‌ചത്തേക്കു തടഞ്ഞു. അതു വരെ തല്‍സ്‌ഥിതി തുടരാന്‍ ജസ്‌റ്റിസുമാരായ ഇന്ദിര ബാനര്‍ജി, അജയ്‌ രസ്‌തോഗി എന്നിവര്‍ അടങ്ങിയ അവധിക്കാല ബെഞ്ച്‌ ഉത്തരവായി. പൊളിക്കുന്നതിനെതിരേ ആല്‍ഫാ സെറീന്‍ അപ്പാര്‍ട്ട്‌മെന്റിലെ 32 താമസക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ ഉത്തരവ്‌.
ആറാഴ്‌ചത്തേയ്‌ക്കോ നേരത്തേ കേസ്‌ പരിഗണിച്ച ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ ഹര്‍ജി പരിഗണിക്കുന്നതു വരെയോ തല്‍സ്‌ഥിതി തുടരാനാണ്‌ നിര്‍ദേശം. ജൂലൈ ആദ്യവാരം കേസ്‌ ലിസ്‌റ്റ്‌ ചെയ്യാനും ഇന്നലെ ബെഞ്ച്‌ നിര്‍ദേശിച്ചു.
തങ്ങളുടെ വാദം കേള്‍ക്കാതെയാണു പൊളിക്കാന്‍ ഉത്തരവ്‌ നല്‍കിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇക്കാര്യം ഇന്നലെ താല്‍ക്കാലികമായി സ്‌േറ്റ ചെയ്‌തു പുറത്തിറക്കിയ ഉത്തരവില്‍ ജസ്‌റ്റിസ്‌ ഇന്ദിര ബാനര്‍ജി രേഖപ്പെടുത്തി. പുതിയ തീരദേശപ്ലാന്‍ കോടതിയില്‍നിന്നു മറച്ചുവച്ചതായും ഉടമകള്‍ വാദിച്ചു.
ഹോളിഡേ ഹെറിറ്റേജ്‌, ഹോളി ഫെയത്ത്‌, ജെയ്‌ന്‍ ഹൗസിങ്‌, കായലോരം അപ്പാര്‍ട്ട്‌മെന്റ്‌, ആല്‍ഫാ വെഞ്ചേഴ്‌സ്‌ എന്നിവ പൊളിച്ചു നീക്കാന്‍ കഴിഞ്ഞ മാസം എട്ടിനാണ്‌ ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടത്‌. ഒരു മാസത്തിനകം പൊളിച്ച്‌ നീക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
മരട്‌ പഞ്ചായത്തായിരുന്ന കാലത്താണു ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയത്‌. നഗരസഭയായ ശേഷം വന്ന ഭരണസിമിതിയും തീരദേശപരിപാലന അതോറിറ്റിയുമാണു നിര്‍മാണത്തിനെതിരേ നടപടികള്‍ സ്വീകരിച്ചത്‌. തുടര്‍ന്ന്‌ നിയമം ലംഘിച്ചുവെന്ന്‌ കാണിച്ച്‌ നഗരസഭയും തീരദേശപരിപാലന അതോറിറ്റിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍, ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കെട്ടിട നിര്‍മാതാക്കള്‍ക്ക്‌ അനുകൂലമായാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. തുടര്‍ന്നാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌.

ഫ്‌ളാറ്റ്‌ ഉടമകള്‍ക്ക്‌ തല്‍ക്കാലം ആശ്വാസം
മരട്‌(കൊച്ചി): തീരദേശനിയമം ലംഘിച്ച്‌ പണിത ഫ്‌ളാറ്റ്‌ സമുച്ചയങ്ങള്‍ പൊളിക്കാനുള്ള ഉത്തരവ്‌ ആറാഴ്‌ചത്തേക്കു സുപ്രീംകോടതി തടഞ്ഞതു താമസക്കാര്‍ക്ക്‌ ആശ്വാസമായി. പൊളിക്കാനുള്ള ഉത്തരവിന്റെ സമയപരിധി കഴിഞ്ഞ്‌ എട്ടിന്‌ അവസാനിച്ചതിനാല്‍ ഇവര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. ഉത്തരവ്‌ നടപ്പാക്കിയാല്‍ 350 ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടിവരും. അത്രയും പേര്‍ക്കു വാസസ്‌ഥലവും നഷ്‌ടമാകും. താമസക്കാര്‍ക്കു പോകാന്‍ മറ്റു സ്‌ഥലങ്ങളില്ല. ജീവിതസമ്പാദ്യവും ബാങ്ക്‌ വായ്‌പയും ഉപയോഗിച്ചാണു ഭൂരിപക്ഷവും ഫ്‌ളാറ്റുകള്‍ വാങ്ങിയത്‌. ഇവ വാങ്ങുമ്പോള്‍ നിയമക്കുരുക്കിനെക്കുറിച്ച്‌ അറിയില്ലായിരുന്നു എന്നാണ്‌ ഉടമകള്‍ പറയുന്നത്‌.
ചട്ടംലംഘനം നടത്തി നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടിവരുമെന്ന്‌ ഒരാഴ്‌ച മുമ്പ്‌ മന്ത്രി എ.സി. മൊയ്‌തീന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്‌ നടന്ന യോഗം വ്യക്‌തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിനോ നഗരസഭയ്‌ക്കോ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചു.
ഇതിനിടെ, ഫ്‌ളാറ്റ്‌ പൊളിക്കുമ്പോഴുള്ള പരിസ്‌ഥിതി ആഘാതം പഠിക്കാന്‍ ചെന്നൈ ഐ.ഐ.ടിക്കു നഗരസഭ കത്ത്‌ നല്‍കിയിരുന്നു. എന്നാല്‍, അവര്‍ വരുന്നതിനെക്കുറിച്ച്‌ അറിയിപ്പൊന്നും കിട്ടിയിട്ടില്ല.

Ads by Google
Tuesday 11 Jun 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW