Monday, June 24, 2019 Last Updated 53 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.31 PM

കത്വ കേസ്: ഗ്രാമമുഖ്യനടക്കം ആറു പേര്‍ കുറ്റക്കാര്‍; നാലു പോലീസുകാരും കുറ്റവാളികള്‍; ശിക്ഷ രണ്ടു മണിക്ക് പ്രഖ്യാപിക്കും

സാഞ്ജി റാമിന്റെ മകനുംകേസിലെ രണ്ടാം പ്രതിയും കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നതുമായ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്.
Kathua  case

പത്താന്‍കോട്ട്: കത്വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതി. ഗ്രാമമുഖ്യനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സാഞ്ജി റാം, സാഞ്ജിയുടെ അനന്തരവന്റെ സുഹൃത്ത് ആനന്ദ് ദത്ത, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖറൗരിയ, സുരേന്ദര്‍ വര്‍മ്മ, പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങി തെളിവ് നശിപ്പിച്ച ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് റാം, സബ് ഇന്‍സ്‌പെക്ടര്‍ പര്‍വേഷ് കുമാര്‍ എന്നിവരെയാണ് കോടതി കുറ്റാക്കാരായി കണ്ടെത്തിയത്.

സാഞ്ജി റാമിന്റെ മകനുംകേസിലെ രണ്ടാം പ്രതിയും കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിരുന്നതുമായ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്.

ഇവര്‍ക്കുള്ള ശിക്ഷ രണ്ടുമണിക്ക് പ്രഖ്യാപിക്കും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും അതിനാല്‍ വധശിക്ഷ അടക്കമുള്ളവ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. ഒരു ന്യൂനപക്ഷ വിഭാഗത്തെ സമൂഹത്തില്‍ നിന്ന് ഭയപ്പെടുത്തി ഓടിക്കുന്നതിന് പ്രതികള്‍ ആസൂത്രണം ചെയ്തതാണ് കുറ്റകൃത്യമെന്നും ഈ പ്രതികള്‍ ജീവിച്ചിരിക്കുന്നത് സമൂഹത്തിന് ഭീഷണിയാണെന്നുമാണ് പ്രോസിക്യുഷന്റെ നിലപാട്.

കേസില്‍ പ്രായപൂര്‍ത്തിയകാത്തയാള്‍ അടക്കം എട്ടു പ്രതികളാണ് ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്തയാളുടെ വിചാരണ നടന്നിട്ടില്ല. പ്രായം സംബന്ധിച്ച ഹര്‍ജി കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ജില്ലാ സെഷന്‍സ് ജഡ്ജി തേജ്‌വിന്ദര്‍ സിംഗ് വിധി പറയുന്ന സാഹചര്യത്തില്‍ കോടതി പരിസരത്ത അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരി 10നാണ് പെണ്‍കുട്ടിയെ കത്വയില്‍ നിന്നും തട്ടിക്കൊണ്ടുപോയി സമീപത്തുള്ള ക്ഷേത്രത്തില്‍ നാലു ദിവസം ഒളിവില്‍ പാര്‍പ്പിച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. കാണാതായ കുതിരയെ അന്വേഷിച്ചിറങ്ങിയ പെണ്‍കുട്ടിയെ കുതിരയെ കാണിച്ചുനല്‍കാമെന്ന് പറഞ്ഞ് പ്രതികളില്‍ പ്രായപൂര്‍ത്തിയകാത്തയാള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മേഖലയിലെ ന്യുനപക്ഷ വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി പ്രദേശത്തുനിന്ന് അകറ്റുന്നതിന് കരുതിക്കൂട്ടി നടത്തിയ തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും കൊലപാതകവുമായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

മൃതദേഹം പിന്നീട് ഒരു കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഗ്രാമമുഖ്യന്‍ സാഞ്ജി റാം, മകന്‍ വിശാല്‍, ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത അനന്തരവന്‍, സുഹൃത്ത് ആനന്ദ് ദത്ത, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായ ദീപക് ഖജുരിയ, സുരേന്ദര്‍ വര്‍മ്മ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. കേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതിന് സാഞ്ജി റാമില്‍ നിന്ന് നാലുലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്‌പെക്ടര്‍ പര്‍വേഷ് കുമാര്‍ എന്നിവരും അറസ്റ്റിലായി.

പ്രതികള്‍ക്കെതിരെ ബലാത്സംഗവും കൊലപാതകവും അടക്കമുള്ള കുറ്റങ്ങളാണ് 15 പേജുള്ള കുറ്റപത്രത്തില്‍ ഉന്നയിക്കുന്നത്. കേസിലെ എട്ടില്‍ ഏഴൂ പേരികള്‍ക്കെതിരായ വിചാരണയാണ് പൂര്‍ത്തിയായത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ പ്രയം തെളിയിക്കുന്നത് സംബന്ധിച്ച് ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ പ്രതി നല്‍കിയ ഹര്‍ജി നിലവിലുള്ളതിനാല്‍ വിചാരണ നടത്തിയിട്ടില്ല.

നീതിപൂര്‍വ്വമായ വിചാരണ നടക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് കേസ് ജമ്മുകശ്മീരില്‍ നിന്നും പഞ്ചാബിലെ പത്താന്‍കോട്ട് കോടതിയിലേക്ക് മാറ്റിയത്. പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഒഴികെയുള്ളവര്‍ നിലവില്‍ ഗുരുദാസ്പുര്‍ ജയിലിലാണ്.

പെണ്‍കുട്ടിയുടെ കൊലപാതകം രാജ്യവ്യാപകമായി വലിയ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. പ്രതികളെ അനുകൂലിച്ച് ജമ്മു കശ്മീരിലെ ഹിന്ദു ഏക്ത മഞ്ച് പ്രക്ഷോഭം നടത്തി. ഇതില്‍ ജമ്മുവിലെ പി.ഡി.പി-ബി.ജെ.പി സര്‍ക്കാരിലെ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്തതും വിവാദമായിരുന്നു.

പെണ്‍കുട്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്ക് നേരെ വധഭീഷണി വരെ ഉണ്ടായിരുന്നു. ഇവര്‍ക്ക് പിന്നീട് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. വിധി വരുന്ന പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ കശ്മീരില്‍ നിന്ന് കോടതിയിലേക്ക് പുറപ്പെട്ടു. വിധി സമൂഹത്തെ രണ്ടായി വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള താക്കീതായിരിക്കട്ടെയെന്ന് പ്രോസിഷ്യൂഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് രജാവത്ത് പറഞ്ഞു.

അതേസമയം, കേസ് സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നാണ് പ്രതികളുടെ അഭിഭാഷകന്‍ എ.കെ സ്വാഷ്ണി പറയുന്നത്. തന്റെ കക്ഷികളെ കുടുക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. പ്രത്യേകിച്ച് റസാനയില്‍ നിന്നുള്ളവരെ. അവര്‍ക്ക് അവരുടേതായ താല്‍പര്യങ്ങളുണ്ട്. വിധി എതിരായാല്‍ ചണ്ഡിഗഢ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

Ads by Google
Monday 10 Jun 2019 12.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW