Friday, June 14, 2019 Last Updated 42 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 01.33 AM

കൈകഴുകലല്ല; വേണ്ടത്‌ ഉത്തരവാദിത്തബോധം

uploads/news/2019/06/313753/editorial.jpg

കേരളം പ്രളയക്കെടുതിക്കുശേഷം വാച്യാര്‍ത്ഥത്തില്‍ ഒരു ദുരന്തമേഖലയായി മാറിയിരിക്കുന്നു. നാടിന്റെ നട്ടെല്ലൊടിക്കുന്ന ഈ ദുരന്തങ്ങളില്‍ നല്ലൊരു ഭാഗം സമ്മാനിക്കുന്നതാകട്ടേ പലപ്പോഴും ഉദ്യോഗസ്‌ഥരുടെ ഉത്തരവാദിത്വമൊഴിവാക്കുന്ന പ്രവണതയും. കാര്‍ഷിക വിലയിടിവ്‌, സാമ്പത്തിക മാന്ദ്യം, കടല്‍വിഭവങ്ങളുടെ ലഭ്യതക്കുറവ്‌ തുടങ്ങിയവ മൂലം കേരളത്തിന്റെ മലയോര മേഖലയും തീരദേശമേഖലയും ദുരിതമനുഭവിക്കുകയാണ്‌. ഈ സന്ദര്‍ഭത്തില്‍ സാധാരണക്കാര്‍ക്ക്‌ അല്‍പമെങ്കിലും ആശ്വാസമാകുന്നത്‌ ടൂറിസംമേഖലയില്‍നിന്നുള്ള വരുമാനമാണ്‌.

നിപയുടെ രണ്ടാം വരവോടെ കേരളത്തിന്റെ ടൂറിസം മേഖല അഭിമുഖീകരിക്കുന്നത്‌ വന്‍പ്രതിസന്ധിയാണ്‌. വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ കേരളത്തെ അവരുടെ സന്ദര്‍ശനപ്പട്ടികയില്‍നിന്നു ഒഴിവാക്കിയിരിക്കുകയാണ്‌. സാമൂഹിക മാധ്യമങ്ങളടക്കമുള്ള വന്‍പ്രചാരണം കേരളം മഹാമാരിയുടെ പിടിയിലാണെന്ന പ്രതീതിയാണു ജനിപ്പിക്കുന്നത്‌. ഇതു വിനോദസഞ്ചാരമേഖലയ്‌ക്കുണ്ടാക്കുന്ന നഷ്‌ടം ചെറുതല്ല.
കേരളത്തിലുണ്ടായ പ്രളയക്കെടുതിയുടെ ചിത്രങ്ങളും വിഡിയോകളും ലോകമാകമാനം പ്രചരിച്ചതും വന്‍ പ്രചാരണം കൊടുത്തതും സംസ്‌ഥാനത്തേക്ക്‌ സഹായങ്ങള്‍ ഒഴുകാന്‍ കാരണമായിരുന്നു. എന്നാല്‍ ഈ ദുരന്തചിത്രങ്ങള്‍ സ്വച്‌ഛസുന്ദരമായ കേരളത്തിന്റെ പ്രകൃതിക്ക്‌ മറ്റൊരു മുഖംകൂടി ചാര്‍ത്തിക്കൊടുത്തു. ഏതുനിമിഷവും ആക്രമണകാരിയാകുന്ന പ്രകൃതിയുടെ രൂക്ഷമുഖം. എപ്പോള്‍ വേണമെങ്കിലും കലിതുള്ളാമെന്ന മുന്നറിയിപ്പിന്റെ മുഖം. കേരളത്തിന്റെ പ്രകൃതിക്കിണങ്ങാത്ത ഈ മുഖം സൃഷ്‌ടിച്ചതിലും ലോകത്തിനു കാട്ടിക്കൊടുത്തതിലും നമുക്കും ചെറുതല്ലാത്ത പങ്കുണ്ട്‌. കേരളത്തിന്റെ പ്രകൃതി ഒരിക്കലും സംഹാരരുദ്രയാകില്ലെന്നു നാടിനെ അടുത്തറിയുന്നവര്‍ക്കേ അറിയൂ.

കേരളത്തിനു പുതുതായിക്കിട്ടിയ ഈ മുഖം വിനോദസഞ്ചാരികള്‍ നമ്മുടെ നാടിനെ ഭീതിയോടെ നോക്കിക്കാണാന്‍ ഇടയാക്കി.
പ്രകൃതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ തിരിച്ചടി നല്‍കുന്നതായിരുന്നു പിന്നീടുണ്ടായതും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ നടപടികള്‍. ആകാശത്തു മഴക്കാറു കാണുമ്പോഴേ സംസ്‌ഥാനത്തു റെഡ്‌ അലര്‍ട്ടും ഓറഞ്ച്‌ അലര്‍ട്ടും പ്രഖ്യാപിക്കുമ്പോള്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ അവരുടെ ഭാഗം സുരക്ഷിതമാക്കാം. എന്നാല്‍ കാര്യമില്ലാതെ പ്രഖ്യപിക്കുന്ന ഈ അലര്‍ട്ടുകള്‍ ടൂറിസംമേഖലയെ വന്‍ പ്രതിസന്ധിയിലേക്കാണു തള്ളിവിടുന്നത്‌.

പഴയ പ്രളയകാലചിത്രങ്ങള്‍ ഓര്‍മവരുന്ന മറുനാടന്‍ വിനോദസഞ്ചാരികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത കേരളയാത്രകള്‍ വേണ്ടെന്നുവയ്‌ക്കുകയാണ്‌ ഈ അലര്‍ട്ടുകളിലുടെ. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, ഇടുക്കി തുടങ്ങി മിക്ക ജില്ലകളിലുള്ള ഹോട്ടലുകളിലെ ബുക്കിങ്ങുകള്‍ അലര്‍ട്ട്‌ പ്രഖ്യാപനത്തോടൊപ്പം ഓണ്‍ലൈനായിത്തന്നെ ക്യാന്‍സല്‍ ചെയ്യപ്പെടുന്നു. മാസത്തില്‍ മൂന്നും നാലും തവണ റെഡ്‌, ഓറഞ്ച്‌, യെലോ അലര്‍ട്ടുകള്‍ മാറിമാറി പ്രഖ്യാപിക്കുന്ന ഉദ്യോഗസ്‌ഥര്‍ തങ്ങളുടെ കര്‍ത്തവ്യമാണു നിര്‍വഹിക്കുന്നത്‌. സാങ്കേതികമായി യാതൊരു തെറ്റുമില്ല. മഴപെയ്‌താല്‍ അലര്‍ട്ട്‌ പ്രഖ്യാപിച്ചില്ലെന്ന ആരോപണത്തില്‍നിന്നുള്ള ഒഴിഞ്ഞുമാറല്‍. എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട എത്ര അലര്‍ട്ടുകള്‍ ആവശ്യത്തിനുള്ളതായിരുന്നുവെന്നു ചിന്തിക്കേണ്ടതാണ്‌. പ്രളയശേഷം എത്ര അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചുവെന്ന്‌ ഒന്ന്‌ എണ്ണമെടുക്കുന്നതും നന്നായിരിക്കും. അലര്‍ട്ടുകള്‍ എന്നും പ്രഖ്യാപിക്കുന്നതിലല്ല കഴിവ്‌ പ്രകടമാക്കേണ്ടത്‌. മുന്നറിയിപ്പു വേണ്ടപ്പോള്‍ വേണ്ടിടത്തു നല്‍കുന്നതിലാണ്‌ മികവുതെളിയിക്കേണ്ടത്‌.

ഓരോ പ്രഖ്യാപനവും മനുഷ്യര്‍ക്കുവേണ്ടിയാകണം. തങ്ങളുടെ കടമനിര്‍വഹിക്കാന്‍ വേണ്ടി മാത്രമാകരുത്‌. മാനത്തു മഴക്കാറു കാണുമ്പോഴേ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന നഷ്‌ടങ്ങളെക്കുറിച്ചുകൂടി ഉത്തരവാദപ്പെട്ടവരൊക്കെ ചിന്തിക്കണം. അല്ലെങ്കില്‍ അലര്‍ട്ടില്ലാത്ത ദിവസങ്ങള്‍ നമുക്കുണ്ടാകില്ല.

Ads by Google
Monday 10 Jun 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW