Friday, June 21, 2019 Last Updated 12 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 10.15 PM

ധ്രുവന്‌ ശുക്രന്‍...

uploads/news/2019/06/313444/sun2.jpg

യാദൃച്‌ഛികമായി കൈവന്ന സൗഭാഗ്യമല്ല ധ്രുവന്‌ സിനിമ.ആയിരത്തി അഞ്ഞൂറിലധികം ഓഡിഷനുകളില്‍ പങ്കെടുത്ത, സിനിമയ്‌ക്കു വേണ്ടി ജോലി ഉപേക്ഷിച്ച കഠിനാധ്വാനത്തിന്റെ കഥ കൂടിയുണ്ട്‌ ഈ നേട്ടത്തിന്‌ പിന്നില്‍. ജൂനിയര്‍ ആര്‍ട്ടിസ്‌റ്റില്‍ നിന്നും ശ്രദ്ധേയനായ യുവതാരത്തിലേക്കുള്ള ഈ വിജയയാത്ര അത്ര അനായാസമായിരുന്നില്ല. സ്വന്തം ലക്ഷ്യം പൊരുതി നേടിയ ഒരു യോദ്ധാവിന്റെ ആത്മവിശ്വാസമുണ്ട്‌ ഈ ഒറ്റപ്പാലംകാരന്റെ പുഞ്ചിരിയില്‍.സിനിമയിലേയും ജീവിതത്തിലേയും വിശേഷങ്ങള്‍ ധ്രുവന്‍ പങ്കുവയ്‌ക്കുന്നു...

ജീവിതം 'ക്യൂന്‍' ന്‌ മുന്‍പും ശേഷവും?
പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സിനിമ തന്നെയായിരുന്നു. പല സിനിമകളില്‍ വെറുതെ മുഖം കാണിച്ച്‌ മിന്നിമറഞ്ഞ ഞാന്‍ നായകനാവുന്നത്‌ ക്യൂനിലാണ്‌. സിനിമ മാത്രം സ്വപ്‌നം കാണുന്ന ഏതൊരാളെയും പോലെ ഞാനും കുറെ കഷ്‌ടപ്പെട്ടിട്ടുണ്ട്‌. എയര്‍പോര്‍ട്ടിലെ ജോലി ഉപേക്ഷിച്ച്‌ എറണാകുളത്ത്‌ വന്നപ്പോള്‍ സുഹൃത്തുക്കളാണ്‌ സഹായിച്ചത്‌.അച്‌ഛനും അമ്മയ്‌ക്കും എന്റെ ഭാവി സംബന്ധിച്ച്‌ ആകുലതകളുണ്ടായിരുന്നു. ഡോണട്ട്‌ ഫാക്‌ടറിയില്‍ ജോലി ചെയ്യുമ്പോഴാണ്‌ ക്യൂനിന്റെ ഓഡിഷന്‍ കാള്‍ കാണുന്നത്‌. പല കാരണങ്ങള്‍ കൊണ്ടും ആ സമയത്ത്‌ ഡിപ്രഷനിലായിരുന്നു. എല്ലാം ഉപേക്ഷിച്ച്‌് തിരികെ വീട്ടില്‍ പോകാമെന്നു വരെ ചിന്തിച്ചു. എല്ലാ ഓഡിഷനും പോലെ ഇതും അപ്ലൈ ചെയ്‌തിരുന്നു എന്നല്ലാതെ തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല. തിരികെ പോകും മുന്‍പ്‌ ഇത്‌ കൂടി അറ്റന്‍ഡ്‌ ചെയ്യാമെന്നു വിചാരിച്ചു. അങ്ങനെയാണ്‌ ക്യുന്‍ എനിക്ക്‌ ലഭിക്കുന്നത്‌.

നായകന്‍ ആഥവാ നല്ല നടന്‍. ഏതാണ്‌ ലക്ഷ്യം?
തീര്‍ച്ചയായും നായക വേഷങ്ങള്‍ക്കാണ്‌ പ്രാധാന്യം.എന്നാല്‍ നല്ല സിനിമകളുടെ ഭാഗമാവാന്‍ ലഭിക്കുന്ന അവസരങ്ങള്‍ നഷ്‌ടപ്പെടുത്തില്ല. രജിഷ വിജയന്‍ നായികയാവുന്ന ഫൈനല്‍സില്‍ അതിഥി വേഷത്തിലാണെത്തുന്നത്‌.

ധ്രുവന്‍ എന്ന വാദ്യ കലാകാരന്‍?
കുട്ടിക്കാലം മുതല്‍ ചെണ്ട അഭ്യസിക്കുന്നുണ്ട്‌്്. ചെണ്ടയുടെ താളം രക്‌തത്തിലുള്ളതാണ്‌. കുടുംബത്തില്‍ എല്ലാവരും വാദ്യ കലയുമായി ബന്ധമുള്ളവരാണ്‌. അച്‌ഛനും ചെറിയച്‌ഛനുമൊക്കെ ചെണ്ട ജീവിതം തന്നെയായിരുന്നു. ഇന്നും ചെണ്ടമേളം കണ്ടാല്‍ വലിയ ആവേശമാണ്‌ എനിക്ക്‌.
വാദ്യ കലാകാരന്‍ എന്ന പേരില്‍ കൂടി അറിയപ്പെടുന്നതില്‍ അഭിമാനമാണ്‌.സിനിമയില്‍ വന്ന ശേഷം കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി എന്നുമാത്രം.അങ്ങനെയാണ്‌ ചെണ്ട കൊട്ടുന്ന വീഡിയോ വൈറലാവുന്നത്‌്്.

താര കേന്ദ്രീകൃതമല്ലാതാവുകയാണോ മലയാള സിനിമ?
തീര്‍ച്ചയായും. രണ്ട്‌്് തരത്തിലുള്ള പ്രേക്ഷകരുണ്ട്‌. ഒന്ന്‌, നേരം പോക്കിന്‌ വേണ്ടി മാത്രം സിനിമ കാണുന്നവര്‍. രണ്ട്‌, കൃത്യമായ വിലയിരുത്തലുകളോടെ വളരെ സീരിയസ്സായി സിനിമയെ സമീപിക്കുന്നവര്‍. രണ്ടാമത്‌് പറഞ്ഞ കൂട്ടരാണ്‌ ഇന്നധികവും. പുതിയ ആളുകളില്‍ പ്രതീക്ഷയര്‍പ്പിച്ച്‌് സിനിമ കാണാന്‍ ജനം തയ്യാറാവുന്നുണ്ട്‌്. ഭംഗിയോ താരമൂല്യമോ വിജയത്തിന്റെ അളവുകോലാവുന്ന കാലം കഴിഞ്ഞു. പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിട്ട്‌് സിനിമ വിജയിപ്പിക്കാനാവില്ല. കഥാമൂല്യവും പ്രമേയവും സസൂക്ഷ്‌മം വിലയിരുത്താന്‍ ആളുകള്‍ സമയം ചിലവഴിക്കുന്നു. മികച്ച നിരൂപകര്‍ കൂടിയാണ്‌ ഇന്നത്തെ പ്രേക്ഷകര്‍.

മാമാങ്കം എന്ന സിനിമയ്‌ക്കായി മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയ ശേഷം അവസാനനിമിഷം ഒഴിവാക്കപ്പെട്ടപ്പോള്‍ നിരാശനായോ..?
ഒരു ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമായപ്പോള്‍ സന്തോഷിച്ചിരുന്നു. സ്വാഭാവികമായും അതില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ നിരാശ തോന്നി. പക്ഷേ എന്നെ ഏറ്റവും വേദനിപ്പിച്ചത്‌് മമ്മൂക്കയ്‌്ക്കൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്‌ടമായതാണ്‌. ഷൂട്ടിംഗ്‌ ലൊക്കേഷനില്‍ മറ്റ്‌ സഹതാരങ്ങള്‍ മമ്മൂക്കയ്‌ക്കൊപ്പം ഫോട്ടോ എടുത്തപ്പോള്‍, ഞാന്‍ സിനിമയിലുണ്ടല്ലോ പിന്നെന്തിനാണ്‌ പ്രത്യേകിച്ച്‌ ഒരു ഫോട്ടോ എന്ന ധാരണയില്‍ മാറി നിന്നു. ഒരു ദിവസം അവസരം നഷ്‌ടപ്പെട്ടതായി അറിഞ്ഞു. എന്തുകൊണ്ടാണ്‌ ഒഴിവാക്കിയതെന്ന്‌ അന്വഷിച്ചില്ല. ഒരു വര്‍ഷമായിരുന്നു കരാര്‍. ആ സമയത്ത്‌് ചെയ്യാമായിരുന്ന പല നല്ല അവസരങ്ങളും നഷ്‌ടമായി.

സിനിമയിലെ യുവനിര സമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നതിനെപ്പറ്റി..?
സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ പിന്നോട്ടാണെന്നാണ്‌ എന്റെ അഭിപ്രായം. മലയാള സിനിമയിലെ യുവനിര ഇന്നത്തെ സമൂഹിക വിഷയങ്ങളില്‍ ശക്‌തമായി ഇടപെടുന്നവരാണ്‌. ചുരുങ്ങിയ സമയം കൊണ്ട്‌ അവ ജനകീയമാകുന്നു. ആലപ്പാട്‌ ഖനനവുമായി ബന്ധപ്പെട്ട വിഷയം തന്നെ മികച്ച ഉദാഹരണം. സത്യസന്ധമായ വിഷയമാണെന്ന്‌ എനിക്ക്‌ ബോധ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രതികരിക്കും.

പുതുമുഖങ്ങള്‍ക്ക്‌ നല്ലകാലമാണോ മലയാള സിനിമയില്‍?
അങ്ങനെ പറയാം. എല്ലാ മേഖലയിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്‌. പുതിയ ആളുകളാണ്‌ ഇതിന്‌ പിന്നില്‍. അഭിനയ രംഗത്ത്‌ മാത്രമല്ല,പിന്നണിയിലും പുതുമുഖങ്ങള്‍ ധാരാളമായി കടന്നു വരുന്ന സമയമാണിത്‌. കഴിവുള്ളവരെ അംഗീകരിക്കാന്‍ ഇന്‍ഡസ്‌ട്രിയും പ്രേക്ഷകനും തയ്യാറാണ്‌. പോയ വര്‍ഷങ്ങളിലെ സംസ്‌ഥാന അവാര്‍ഡുകളും മറ്റ്‌ പുരസ്‌കാരങ്ങളും നോക്കൂ,എത്ര പുതിയ ആളുകളാണ്‌ അംഗീകരിക്കപ്പെടുന്നത്‌.

ഡബ്‌്ള്യു സി സി എന്ന മുന്നേറ്റത്തെക്കുറിച്ച്‌്്..?
വളരെ പോസിറ്റീവായാണ്‌ ഡബ്‌ള്യു സി സി യെ ഞാന്‍ കാണുന്നത്‌.സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്ക്‌ അവരുടെ പ്രശ്‌നങ്ങള്‍ സധൈര്യം അവതരിപ്പിക്കാന്‍ ഡബ്‌ള്യു സി സി വേദിയായി. നേരിട്ട്‌ അറിവില്ലെങ്കിലും കാസ്‌റ്റിങ്ങ്‌ കൗച്ചിനെപ്പറ്റിയും മറ്റും പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. ആ സാഹചര്യങ്ങളൊക്കെ മാറി. പക്ഷേ, വളരെ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാല്‍, വ്യക്‌തി വിരോധം തീര്‍ക്കാന്‍ ഇത്തരം വേദികളെ ദുരുപയോഗം ചെയ്യരുത്‌. ആരോപണങ്ങളുടെ നിജസ്‌ഥിതി ഉറപ്പു വരുത്താന്‍ സംഘടനയ്‌ക്കാവണം.

ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ കോമഡിക്ക്‌ പ്രാധാന്യമുള്ള ചിത്രമാണല്ലോ. നര്‍മ്മം വഴങ്ങാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നോ?
കോമഡി ഒട്ടും ഈസിയല്ല. നല്ല പേടിയുണ്ടായിരുന്നു. ഷറഫിക്കയും(ഷറഫുദീന്‍) വിഷ്‌ണു ബ്രോയും(വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍) നന്നായി സപ്പോര്‍ട്ട്‌ ചെയ്‌തു. രസകരമായ ഒരു സംഭവം എന്തെന്നാല്‍, ഈ ചിത്രത്തിന്റെ കഥ പറയാനായി ഷാഫിക്കയും റാഫിക്കയും എന്നെ നേരിട്ട്‌ വിളിപ്പിച്ചിരുന്നു.ആദ്യമായാണ്‌ ഇരുവരെയും നേരില്‍ കാണുന്നത്‌. അവര്‍ കഥ പറഞ്ഞപ്പോള്‍ ഞാന്‍ ഏതോ സ്വപ്‌ന ലോകത്തായിരുന്നു. കഥ കേട്ടില്ല. പിന്നീട്‌ വീട്ടില്‍ എത്തിയ ശേഷം തിരിച്ച്‌ വിളിച്ചു. എനിക്ക്‌ കഥ മനസ്സിലായില്ല. ഒന്നുകൂടി പറയുമോ എന്ന്‌ ചോദിച്ചു. അവര്‍ ഫോണില്‍ കഥ ആവര്‍ത്തിച്ചു. സത്യത്തില്‍ അപ്പോഴാണ്‌ കഥ കേള്‍ക്കുന്നത്‌.

ശ്രീലക്ഷ്‌മി സോമന്‍

Ads by Google
Saturday 08 Jun 2019 10.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW