Friday, June 21, 2019 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 10.15 PM

വെയിലും മഴയും...

uploads/news/2019/06/313439/sun3.jpg

റിക്രൂട്ടിംഗ്‌ സെന്ററില്‍ നിന്നും മിസോറാമിലേക്കുള്ള യാത്രയുടെ ആദ്യഭാഗം, അസമിലെ സില്‍ച്ചര്‍ വരെയുള്ള തീവണ്ടിയാത്രയോടെ അവസാനിക്കുന്നു. തുടര്‍ന്ന്‌ ട്രാന്‍സിറ്റി ക്യാമ്പിലെ താമസം. മിസോറാമിന്റെ (അസമിലെ ഒരു ഡിസ്‌ട്രിക്‌റ്റായിരുന്ന മിസോഹില്‍സാണ്‌ മിസോറാം സംസ്‌ഥാനമാക്കി വിഘടനവാദത്തിന്‌ അന്ത്യമിട്ടത്‌) വിവിധയിടങ്ങളിലായി രഹസ്യസ്വഭാവത്തോടെ സ്‌ഥാപിക്കപ്പെട്ടിട്ടുള്ള ഗ്രഫ്‌ യൂണിറ്റുകളിലേക്കും കമ്പനികളിലേക്കും ടാസ്‌ക്ഫോഴ്‌സ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സുകളിലേക്കുമായി ട്രക്കുകളുടെ ലഭ്യതയനുസരിച്ചുള്ള യാത്ര. കണ്‍വോയ്‌ അടിസ്‌ഥാനത്തിലുള്ള ട്രക്ക്‌ യാത്ര, ചരക്കു നീക്കത്തിനാണ്‌ പ്രാധാന്യം കൊടുക്കുന്നത്‌. റേഷനും നിര്‍മ്മാണസാധനങ്ങളും കയറ്റിയതിനുശേഷമുള്ള സ്‌ഥലങ്ങളില്‍ ഇരുന്നും കിടന്നുമായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത്‌.
രാവിലെ തന്നെ യാത്ര ആരംഭിക്കും. ഇരുട്ടുന്നതിനു മുമ്പ്‌ ലക്ഷ്യത്തിലെത്തുന്നില്ലെങ്കില്‍, വഴിയരുകിലെ യൂണിറ്റുകളില്‍ രാപാര്‍ക്കും.
രാത്രി യാത്ര അനുവദനീയമായിരുന്നില്ല. വിഘടനവാദികളുടെ ആക്രമണം ഭയന്നാണ്‌ രാത്രിയാത്ര ഉപേക്ഷിക്കുന്നത്‌.
വിദേശികളും അധിനിവേശക്കാരുമായ ഇന്ത്യക്കാര്‍ തങ്ങളുടെ രാജ്യം വിട്ടുപോകണമെന്നും സ്വതന്ത്രരാജ്യ രൂപീകരണവുമാണ്‌ വിഘടനവാദികളുടെ ആവശ്യം.
കുന്നുകളുടേയും മലകളുടേയും നാടാണ്‌ മിസോറാം.
ചൈനയില്‍ നിന്നുള്ള മംഗോളിയന്‍ വംശജരത്രേ, മിസോകള്‍. വെളുത്തുരുണ്ട പേശീബലമുള്ള കുറിയ ശരീരാകൃതി. ചമ്മിയ മൂക്കും വട്ടമുഖവും. ക്രൈസ്‌തവരാണ്‌. മിഷനറി സ്വാധീനം. കൃഷിയാണ്‌ ജീവിതമാര്‍ഗ്ഗം. കടുംനിറമുള്ള വസ്‌ത്രങ്ങളോടാണ്‌ സ്‌ത്രീകള്‍ക്ക്‌ താല്‌പര്യം. ഇറക്കമുള്ള ബ്ലൗസും മുണ്ടും വേഷം. പാന്റ്‌സും ഉടുപ്പും പുരുഷവേഷം..
നായ ഇറച്ചി വിശിഷ്‌ടഭോജ്യം.
മുളകള്‍ വളരുന്ന മലകള്‍. താഴ്‌വാരത്തില്‍ ചെറിയ നീരുറവകളുണ്ട്‌. ആ നീരുറവകളായിരുന്നു തലസ്‌ഥാനമായ ഐസ്വാളിനു ചുറ്റുമുള്ള താമസക്കാരായ, സാധാരണ സ്വദേശികളുടെ ആശ്രയം. ചെറിയ കുഴികള്‍ കുത്തി, ഊറ്റുവെള്ളം തടഞ്ഞു നിര്‍ത്തി. ഒറ്റയടിപ്പാതകളിലൂടെ കുന്നുകളിറങ്ങി വെള്ളം ശേഖരിച്ച്‌ തോളിലൂടെ, തലയിലൂടെ പുറത്തേക്കിടുന്ന കുട്ടയില്‍ തൂക്കി മിസോകള്‍ കുന്നുകയറി. ആയാസമെന്ന്‌ തോന്നുന്ന ജോലിയവര്‍ക്ക്‌ അനായാസമായിരുന്നു. ദൈനംദിന പ്രവര്‍ത്തിയുടെ പരിചയവും അനായാസതയും.
ടാങ്കറുകളിലും വെള്ളം വിതരണം ചെയ്യുന്നുണ്ട്‌. മലമുകളില്‍ ടാങ്കു കെട്ടിയോ ദൂരെയുള്ള നദിയില്‍ നിന്ന്‌ ടാങ്കറുകളില്‍ ശേഖരിച്ച്‌ വിതരണം ചെയ്യുന്ന വെള്ളത്തിന്‌ വില കൊടുക്കണം. സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമായിരുന്നു, അന്ന്‌, വിലകൊടുത്ത്‌ വെള്ളം വാങ്ങല്‍. അപൂര്‍വ്വമായ ഉറവകളെ അവര്‍ ആശ്രയിച്ചു.
പ്രത്യേക രീതിയിലാണ്‌ ഗൃഹനിര്‍മ്മാണം.
ഈറ്റയും മുളയുമാണ്‌ നിര്‍മ്മാണ വസ്‌തുക്കള്‍. പുല്ലിട്ടോ നാഗപ്പാളികളിട്ടോ മേയുന്നു.
കുന്നിന്‍ ചരിവുകളില്‍, നിരത്തിനഭിമുഖമായി, നിരത്തരുകിലേക്ക്‌ കുത്തിയുറപ്പിച്ച്‌, പുറകുവശം തൂണുകളില്‍ മലഞ്ചരുവിലേക്ക്‌ ഉറപ്പിക്കുന്ന രീതിയിലാണ്‌ വീട്‌ നിര്‍മ്മാണം. ചെറിയതും അനാര്‍ഭാടവുമായ മുളവീടുകള്‍ . കഴുകലും ദേഹശുചീകരണവും പുറകിലെ വരാന്തയില്‍. മാലിന്യങ്ങള്‍ താഴേക്ക്‌ വീഴുന്നു. മാലിന്യനിര്‍മ്മാര്‍ജ്‌ജനം പന്നിക്കൂട്ടങ്ങളുടെ ഉത്തരവാദിത്വവും.
കുന്നുകളുടെയും മലകളുടെയും ചരിവുകള്‍ വെട്ടിക്കീറി ബര്‍മ്മ അതിര്‍ത്തിയിലെത്തുന്ന റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളുമാണ്‌ മിസോറാമില്‍ ഗ്രഫ്‌ ചെയ്‌തിരുന്നത്‌.
മലകളെ ചുറ്റി മലകളിലേക്ക്‌, മുകളിലേക്ക്‌ കയറിപ്പോകുന്ന ഒറ്റവരി റോഡ്‌. ഒരു വശം ചരല്‍ക്കല്ലുകളുള്ള ഉയര്‍ന്ന മലകളും മറുവശത്ത്‌ അഗാധമായ കൊക്കകളും. അപകടം പതിയിരിക്കുന്ന വളവുകളും തിരിവുകളുമായി മലകളെ ചുറ്റുന്ന വിജനമായ റോഡുകള്‍.
സില്‍ച്ചറില്‍ നിന്നുമുള്ള ദീര്‍ഘയാത്രക്കിടയില്‍, ചെറിയ ഭക്ഷണശാലകളുള്ള, ചെറിയ പീടികളുള്ള ഒന്നോ രണ്ടോ ചെറുഗ്രാമങ്ങള്‍. വഴിയരികില്‍ ഗ്രഫ്‌ യൂണിറ്റുകളുമുണ്ട്‌. അവിടെ നിന്ന്‌ ഭക്ഷണം കഴിക്കാം. വിശ്രമിക്കാം.
വിഘടനവാദികളുടെ സാന്നിദ്ധ്യവും മലയിടിച്ചിലും യാത്രയെ തടസപ്പെടുത്തുകയും താമസിപ്പിക്കാറുമുണ്ട്‌. റോഡ്‌ബ്ലോക്കുകള്‍ നീക്കാനും ഇടിഞ്ഞ റോഡുകളുടെ പുനര്‍നിര്‍മ്മിതിക്കുമായി ചിലപ്പോള്‍ ദിവസങ്ങളെടുക്കാറുണ്ട്‌.ദിവസങ്ങളെടുക്കുന്ന യാത്ര, ദുരിതം തന്നെ.
മിസോറാമിന്റെ തലസ്‌ഥാനമായ ഐസ്വാളിനടുത്തുള്ള ഒരു ഗ്രാമത്തിലെ തന്നെ ആള്‍പ്പാര്‍പ്പേറെയില്ലാത്ത സ്‌ഥലത്തായിരുന്നു ടാക്‌സ്ഫോഴ്‌സ് ഹെഡ്‌ക്വാര്‍ട്ടര്‍.
നിരപ്പായ സ്‌ഥലങ്ങള്‍ വളരെ കുറവായിരുന്നു.
ചരിവുകള്‍ വെട്ടിയൊതുക്കി നിരപ്പാക്കിയായിരുന്നു ഓഫീസുകള്‍ക്കും താമസത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കുമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്‌. മിസോക്കുന്നുകളില്‍ സുലഭമായ മുളകളും ഈറ്റകളുമാണ്‌ പ്രധാന നിര്‍മ്മാണ വസ്‌തുക്കള്‍. പുല്ലും ഷീറ്റുകളും കൊണ്ട്‌ മേച്ചില്‍.
എച്ച്‌ക്യു ഓഫീസുകളില്‍ നിന്ന്‌ അല്‌പമകലെ ഒറ്റക്കൊരു ഷെഡ്‌ഢിലായിരുന്നു സിഗ്നല്‍ സെന്റര്‍.
ജെസിഓസ്‌ അക്കോമഡേഷനും മെസും മറ്റൊരിടത്ത്‌. അതര്‍ റാങ്കുകാരുടെ താമസവും ലങ്കറും വേറൊരിടത്ത്‌. ഓഫീസുകള്‍ക്കു അടുത്തു തന്നെയായിരുന്നു ഓഫീസേഴ്‌സിന്റെ താമസവും മെസും.
എല്ലാ കെട്ടിടങ്ങളും കുന്നുകളുടെ ഓരോ ചരിവുകളില്‍ തന്നെ. വിട്ടുവിട്ട്‌, കൃത്യമായ അകലം പാലിച്ച്‌.
സര്‍വ്വസന്നാഹങ്ങളോടെ ആര്‍മി ബറ്റാലിയനും യൂണിറ്റുകളുമുണ്ട്‌. സൈനികമായ ഉത്തരവാദിത്വങ്ങള്‍ അവര്‍ക്കായിരുന്നു.
നനഞ്ഞ കരിമ്പടമിട്ട്‌ മൂടിയതായിരുന്നു പൈതലിന്റെ ജീവിതം.
തുറക്കാറേയില്ല. ആരുമങ്ങോട്ടു കയറരുത്‌, ആര്‍ക്കും ഒന്നും ചെയ്യാനില്ല എന്ന നിസംഗതയോടെ സ്വന്തം ജീവിതത്തെ പൈതല്‍ കരിമ്പടക്കെട്ടില്‍ ഒളിപ്പിച്ചു.
എന്നാല്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്ക്‌ സ്‌നേഹത്തോടെ കടന്നു കയറുകയും ചെയ്‌തു. പരിചയപ്പെടാനിടയാകുന്നവരുടെയെല്ലാം ജീവിതത്തെപ്പറ്റി വിശദമായി ചോദിച്ചറിഞ്ഞ പൈതല്‍ അവര്‍ക്കാവശ്യമായ സഹായങ്ങള്‍ കഴിയുന്ന രീതിയിലൊക്കെ ചെയ്യാനും മടിച്ചില്ല. പരിചയപ്പെടുന്നവര്‍ക്കെല്ലാം ഉപകാരിയും പ്രിയപ്പെട്ടവനുമായി. തന്നെപ്പറ്റി ചോദിക്കുന്നവര്‍ക്ക്‌ മൗനവും മന്ദഹാസവുമായിരുന്നു പൈതലിന്റെ ഉത്തരം.
'എന്താ പൈതലേട്ടാ, ഏട്ടന്റെ കാര്യമൊന്നും പറയാത്തേ..'
'ചര്‍പ്പായ (കട്ടില്‍)യുടെ കീഴിലെ പൂട്ടില്ലാത്ത പെട്ടിയില്‍ നിന്ന്‌ സീല്‍ പൊട്ടിക്കാത്ത കുപ്പി തുറന്നോ, പരസ്യമായി ഒളിച്ചുവച്ച കുപ്പിയില്‍ നിന്നോ ഒരു പെഗ്‌ റം ഒഴിച്ചു കൊടുത്ത്‌ കുടിക്ക്‌...'
എന്നായിരിക്കും പൈതലിന്റെ മറുപടി. എന്നിട്ട്‌, ഭക്ഷണസമയമായെങ്കില്‍ പാത്രങ്ങളുമായി ലങ്കറിലേക്ക്‌ പോകുകയും ചെയ്യും.
'ദാ, ഞാനിപ്പോള്‍ ഭക്ഷണം വാങ്ങി വരാം. കഴിച്ചിട്ടേ പോകാവൂ... കുപ്പിയിലുണ്ട്‌. ആവശ്യത്തിന്‌ എടുത്തോണം....'
പൊതുഅടുക്കളയാണ്‌ ലങ്കര്‍. അതര്‍ റാങ്കുകാര്‍ക്കുള്ള ഭക്ഷണമവിടെ പാചകം ചെയ്യുന്നു. അല്‌പമകലെ, അതര്‍റാങ്കുകാരുടെ താമസസ്‌ഥലത്താണ്‌ റങ്കര്‍.
ഹവീല്‍ദാര്‍ റാങ്കുവരെയുള്ളവരാണ്‌ അതര്‍റാങ്കുകാര്‍.
ടെലഫോണ്‍-വയര്‍ലസ്‌ ഓപ്പറേറ്റര്‍മാര്‍ അതര്‍റാങ്കുകാരാണ്‌.
ലാന്‍ഡ്‌സ് നായക്‌ മുതല്‍ ഹവീല്‍ദാര്‍ റാങ്കു വരെ ജെ.സി.ഒ-നോണ്‍ കമ്മീഷന്‍ഡ്‌ ഓഫീസര്‍ വിഭാഗമാണെങ്കിലും അതര്‍ റാങ്കിലുള്‍പ്പെടുത്തിയാണ്‌ സേവനങ്ങള്‍ ലഭ്യമാക്കുന്നത്‌.
ചിലയിടങ്ങളില്‍ എന്‍സിഓസ്‌ മെസ്‌ പ്രത്യേകമുണ്ട്‌. യൂണിറ്റ്‌ കമാന്ററുടെ വിവേചനാധികാരമാണത്‌.
നായക്‌സുബേദാര്‍ മുതല്‍ സുബേദാര്‍ മേജര്‍ വരെ ജെ.സി.ഒ-ജൂണിയര്‍ കമ്മീഷന്‍ഡ്‌ ഓഫീസര്‍.
സെക്കന്‍ഡ്‌ ലെഫ്‌റ്റനന്‍ഡ്‌ മുതല്‍ കമ്മീഷന്‍ഡ്‌ ഓഫീസര്‍.
ജെസിഓസിനും ഓഫീസേഴ്‌സിനും പ്രത്യേകം മെസുകളുണ്ട്‌. ഏറെ സൗകര്യങ്ങളും.
ലാന്‍ഡ്‌നായകിനും താഴെ, റാങ്കുകളൊന്നുമില്ലാത്തവര്‍; ജവാന്‍.
ജവാന്‍..ലാന്‍ഡ്‌നായക്‌....നായക്‌...ഹവില്‍ദാര്‍...ഹവില്‍ദാര്‍ മേജര്‍...നായക്‌ സുബേദാര്‍...സുബേദാര്‍....സുബേദാര്‍ മേജര്‍...സെക്കഡ്‌ ലഫ്‌റ്റനന്റ്‌ മുതലങ്ങോട്ട്‌ കമ്മീഷന്‍ഡ്‌ ഓഫീസര്‍...
ജെസിഓസിനും ആഫീസേഴ്‌സിനും ആര്‍ഡര്‍ലി (വേലക്കാരന്‍) യുടെ സേവനം ലഭ്യമാണ്‌. ചെരുപ്പു തുടയ്‌ക്കുന്നതുള്‍പ്പെടെയുളള ജോലി ആര്‍ഡര്‍ലിയുടേതാണ്‌. ജവാന്മാരെയാണ്‌ ആര്‍ഡര്‍ലിയായി നിയമിക്കുന്നത്‌.
സിഗ്നല്‍ സെന്ററിലെ നാലുപേര്‍ക്കുള്ള ഭക്ഷണം, കൂട്ടത്തിലൊരാള്‍ ഊഴമിട്ട്‌ ലങ്കറില്‍ നിന്ന്‌ വാങ്ങി വരണമെന്നാണെങ്കിലും, സ്‌ഥിരമായി പൈതലാണ്‌ പോകുന്നത്‌. ചോറും ചപ്പാത്തിയും ദാല്‍കറിയും സബ്‌ജിയുമാണു സ്‌ഥിരം മെനു. പാകത്തിന്‌ ഉപ്പോ എരിവോ ഇല്ലാതെ വഴുതനങ്ങാ കൊണ്ട്‌ എന്തെങ്കിലുമാക്കിയതാവും മിക്കപ്പോഴും സബ്‌ജി; കൂട്ടാന്‍. വാടിയ വഴുതനങ്ങായുടെ കെട്ട രുചിയായിരിക്കും സബ്‌ജിക്ക്‌. വെജിറ്റബിള്‍ കറിയെന്നേ സബ്‌ജിക്കര്‍ത്ഥമാക്കേണ്ടൂ.
എരിവും ഉപ്പുമൊക്കെ ചേര്‍ത്ത്‌ കടുകും വറുത്തുചേര്‍ത്ത്‌ രുചിപ്രദമാക്കും പൈതല്‍ സബ്‌ജിയെയും ദാല്‍കറിയേയും... സിഗ്നല്‍ സെന്ററിനു ചുറ്റും നട്ടുവളര്‍ത്തുന്ന പൊതിനാഇലകള്‍ കൊണ്ട്‌ ചട്ടിണിയുമുണ്ടാക്കും.
ആഴ്‌ചയില്‍ മൂന്നുദിവസം, തിങ്കള്‍ ബുധന്‍ ശനി ദിവസങ്ങളില്‍ അത്താഴത്തിന്‌ ആട്ടിറച്ചിയോ മുട്ടയോ കറിയായിരിക്കും.ഇറച്ചിക്കറിയെന്ന പേരേയുള്ളൂ. കൊഴുത്ത ചാറാണ്‌ ഇറച്ചിക്കറി. ചാറിനൊപ്പം ചെറിയ എല്ലിന്‍ കഷണമെങ്കിലും കിട്ടുന്നവര്‍ ഭാഗ്യവാന്മാര്‍.സപ്ലൈക്കാരും ക്വാര്‍ട്ടന്‍ മാസ്‌റ്ററുമായി ചേര്‍ന്നുള്ള ഇടപാടാണ്‌, അഴുകിയ പച്ചക്കറികളും തൂക്കത്തില്‍ കുറച്ച്‌ ഇറച്ചിയും ലങ്കറില്‍ എത്തുന്നത്‌.
ജെസിഓസ്‌ മെസിലും ഓഫീസേഴ്‌സ് മെസിലും അളവുതൂക്കങ്ങള്‍ കൃത്യവും ചീത്തയാകാത്ത പച്ചക്കറികളുമായിരിക്കും വിതരണം ചെയ്യുന്നത്‌. ഓഫീസേഴ്‌സ് മെസിലേക്കുള്ള ഇറച്ചിയില്‍ എല്ലിന്‍കഷണങ്ങളും കുറവായിരിക്കും. ഇരുമെസുകളിലും മദ്യം സുലഭമാണ്‌. അന്നു തന്നെയാണ്‌ രണ്ട്‌ പെഗ്ഗ്‌ വീതമുള്ള മദ്യവിതരണവും.
സിഗ്നല്‍ സെന്ററും ടെലഫോണ്‍ എക്‌സേഞ്ചും പ്രവര്‍ത്തിക്കുന്ന ഷെഡ്‌ഢിനു പുറത്തേക്ക്‌ പൈതല്‍ പോകുന്നത്‌ ലങ്കറിലേക്കുമാത്രം.മറ്റുള്ളവരുടെ ഡ്യൂട്ടിയും പൈതല്‍ തന്നെ ചെയ്‌തോളും. വയര്‍ലെസ്‌ മെസേജുകള്‍ എഴുതിയെടുത്ത്‌ ഡീകോഡ്‌ ചെയ്യുന്നത്‌ ഉണ്ണിയാണ്‌. ഉണ്ണിയും സിഗ്നല്‍ കോറില്‍ ഹവില്‍ദാര്‍ ആയിരുന്നു.
പ്രത്യേക രീതിയിലായിരുന്നു ഫോണിന്റെ പ്രവര്‍ത്തനം.എക്‌സേഞ്ചിലൂടെയേ ആര്‍ക്കും എവിടേക്കും, അടുത്തടുത്ത മുറികളിലേക്കാണെങ്കിലും ഫോണ്‍ ചെയ്യാനാവൂ. കണക്ഷന്‍ കിട്ടുകയുള്ളൂ. മുതിര്‍ന്ന ഓഫീസേഴ്‌സിനു മാത്രമേ സ്വന്തം മുറിയില്‍ ഫോണുണ്ടാകൂ. ഹാന്‍ഡിലോടുകൂടിയ ഒരു പെട്ടിയാണ്‌ ടെലഫോണ്‍. നമ്പറുകളില്ല. ഹാന്‍ഡില്‍ കറക്കുമ്പോള്‍ എക്‌സേഞ്ചില്‍ മണിയടിക്കും. അവിടെ നിന്നും ആവശ്യപ്പെട്ടയിടത്തേക്ക്‌ കണക്ഷന്‍ കൊടുക്കും.
എവിടെയും പോകാനിഷ്‌ടപ്പെടാത്ത, ആരുമായും ബന്ധപ്പെടാന്‍ താല്‌പര്യമെടുക്കാത്ത പൈതലിനെ ക്യാമ്പിലുള്ളവരെല്ലാമറിഞ്ഞു. അവര്‍ പൈതലിനെത്തേടി വന്നു. പൂട്ടാത്ത പെട്ടിയിലോ കട്ടിലിനടിയിലോ അലസമായി വെച്ചിട്ടുള്ള കുപ്പിയില്‍ നിന്ന്‌ റം ഒഴിച്ചുകൊടുത്ത്‌, കൂടെയിരുന്ന കുടിച്ചും ഫോണിന്റെ മണിയൊച്ചക്കനുസരിച്ച്‌ ഓടിച്ചെന്ന്‌ ഫോണെടുത്ത്‌ ഡ്യൂട്ടി നിര്‍വഹിച്ചും പൈതല്‍ അതിഥിയെ കേട്ടു.

(തുടരും)

കൈപ്പട്ടൂര്‍ തങ്കച്ചന്‍

Ads by Google
Saturday 08 Jun 2019 10.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW