Thursday, June 20, 2019 Last Updated 12 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 02.51 PM

കുസൃതി മാറ്റി കുട്ടികളെ മിടുക്കരാക്കാന്‍ ന്യൂജന്‍ മാതാപിതാക്കള്‍ അറിയേണ്ടത്

parenting

കുട്ടികളുടെ കുസൃതികള്‍മൂലം നാണക്കേട് പതിവാണോ? ഷോപ്പിങ്ങിന് പോയാലും ചടങ്ങുകള്‍ക്ക് പോയാലും കുട്ടികളുടെ കുറുമ്പുകള്‍ക്കു കുറവില്ല. കുറ്റം മുഴുവന്‍ കുട്ടിയുടെ മേല്‍ ചുമത്തി ഇനി കുട്ടിയേയും കൂട്ടി പുറത്തേക്കില്ല എന്ന് ചിന്തിക്കാന്‍ വരട്ടെ.

നാണക്കേടും കളിയാക്കലും പേടിച്ച് കുട്ടി പറയുന്നതെന്തും വാങ്ങിക്കൊടുത്ത് ശല്യമൊഴിവാക്കുന്ന അച്ഛനമ്മമാര്‍ക്കും ഇതിലൊരു പങ്കുണ്ട്. കുട്ടിയുടെ ഭീഷണികള്‍ക്കു വഴങ്ങാതെ അവരെ തങ്ങളുടെ വഴിക്കു കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്.

വികൃതികള്‍ക്കു പിന്നില്‍


കുഞ്ഞിനോടുള്ള അമിതവാത്സല്യമാണ് മിക്ക കുറുമ്പുകള്‍ക്കും വളമാകുക. കുട്ടി പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കുന്ന അച്ഛനമ്മമാര്‍ ഇതു ഭാവിയിലുണ്ടാക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല.

കുട്ടി ഇല്ലായ്മയും വിഷമങ്ങളും അറിയാതെ വളരുന്നു. ഒപ്പം അവരുടെ ആവശ്യങ്ങളും വളരും. അവയെല്ലാം സാധിച്ചു കൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്നുമില്ല. ഇതുവരെ ആഗ്രഹിച്ചതെല്ലാം നേടിയ കുട്ടിക്ക് അതു സഹിക്കാ ന്‍ കഴിയില്ല. അവര്‍ അക്ഷമരാകുകയും പൊട്ടിത്തെറിക്കുകയും ചെയ്യാം.

ചില അച്ഛനമ്മമാര്‍ കുട്ടിയുടെ വികൃതികളെ പൊടിപ്പും തൊങ്ങലും ചേര്‍ത്തു കുടുംബസദസുകളിലും മറ്റും വിളമ്പാറുണ്ട്. അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ തന്റെ വികൃതി എന്തോ നല്ല കാര്യമാണെന്നാണ് കുഞ്ഞ് മനസിലാക്കുക. അവര്‍ സ്വാഭാവികമായും വികൃതികള്‍ ആവര്‍ത്തിക്കും. കുട്ടി അമിതമായി വികൃതി കാട്ടുന്നുവെങ്കില്‍ ശ്രദ്ധിക്കുക.

ഒരു പക്ഷേ, കുട്ടിക്ക് പിരുപിരുപ്പ് അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ എന്ന അസുഖം ഉണ്ടാകാം. ശ്രദ്ധകുറവ്, എടുത്തുചാട്ടം, അമിത ചുറുചുറുക്ക് തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ഇവര്‍ക്കു ചികിത്സയാണ് ആവശ്യം.

തര്‍ക്കുത്തരം പറയുമ്പോള്‍


മിക്ക കുട്ടികളിലും പ്രകടമാകുന്ന സ്വഭാവമാണ് തര്‍ക്കുത്തരം പറയുക എന്നത്. കുട്ടികളിലെ മാനസിക വളര്‍ച്ചയിലെ ഒരു ഘട്ടമാണിത്. കുറച്ചുകൂടി മുതിരുമ്പോള്‍ ഈ ശീലം താനേ മാറും. മറ്റുള്ളവരുടെ മുമ്പില്‍വച്ചാണ് കുട്ടി തര്‍ക്കുത്തരം പറയുന്നതെങ്കില്‍ അവരുടെ മുമ്പില്‍ വച്ച് ശാസിക്കരുത്.

പകരം പിന്നീട് മാറ്റി നിര്‍ത്തി ഉപദേശിക്കുക. വഴക്കെല്ലാം മാറി ശാന്തമായിരിക്കുമ്പോള്‍ ഉപദേശിക്കുന്നതാണ് നല്ലത്. തര്‍ക്കുത്തരം പറയുന്നതിന്റെ ദൂഷ്യഫലങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയും വേണം.

parenting

തെറ്റ് ചെയ്യുമ്പോള്‍ ഉടന്‍ തന്നെ ശിക്ഷ കൊടുക്കുന്നതാണ് നല്ലത്. പുറത്തുവച്ചാണ് കുട്ടി തര്‍ക്കുത്തരം പറഞ്ഞ് കുസൃതി കാട്ടുന്നതെങ്കില്‍ ഉടനെ ശിക്ഷിക്കാന്‍ കഴിയില്ല. പകരം വഴക്കു പറയാം.

മാതാപിതാക്കളുടെ പ്രതികരണത്തില്‍ നിന്നാണ് കുഞ്ഞുങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുന്നത്. അമ്മയുടെ മുഖത്ത് ദേഷ്യം കണ്ടാല്‍ താന്‍ ചെയ്തത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് കുട്ടികള്‍ക്ക്് മനസിലാകും. തിരികെ വീട്ടിലെത്തിയ ശേഷം ആ സംഭവം ഓര്‍മ്മിപ്പിച്ച ശേഷം തര്‍ക്കുത്തരം പറയുന്നത് ആവര്‍ത്തിക്കരുതെന്ന് കര്‍ശനമായി വിലക്കുക.

എങ്ങനെ അച്ചടക്കം ശീലിപ്പിക്കാം


കുട്ടികള്‍ ചെറുപ്പത്തില്‍ കാട്ടുന്ന വികൃതികള്‍ രസകരമായിരിക്കും. എന്നാല്‍, വളര്‍ന്നിട്ടും വികൃതിക്കു കുറവില്ലെങ്കിലോ? വളരുമ്പോള്‍ ഇതൊക്കെ മാറ്റാം എന്നു കരുതി കുട്ടിയുടെ സകല വികൃതിത്തരത്തിനും മൗനം പാലിക്കുന്ന അച്ഛനമ്മമാര്‍ ഉണ്ട്. എന്നാല്‍ മുതിര്‍ന്നശേഷം അച്ചടക്കം പഠിപ്പിക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കില്ല. നിഷേധവും പ്രതിഷേധവും കുട്ടികളുടെ സ്വഭാവത്തിന്റെ ഭാഗമായി മാറിയിരിക്കും.

അച്ചടക്കം പഠിപ്പിക്കുമ്പോള്‍...


ഉടന്‍ പ്രതികരിക്കുക: -
കുട്ടി അനുസരണക്കേടു കാട്ടിയാല്‍ ഉടന്‍ തന്നെ പ്രതികരിക്കണം. അടിയും വഴക്കുമൊന്നും വേണ്ട. ഗൗരവത്തില്‍ ഒരു വിളി, കൈയില്‍ ഒരു പിടിത്തം, ചെറിയൊരു കണ്ണുരുട്ടല്‍.

അതില്‍ നിന്നു തനിക്കു താക്കീതു നല്‍കുകയാണെന്നു കുട്ടി മനസിലാക്കണം. വീട്ടില്‍ അതിഥികള്‍ ഉണ്ടെങ്കിലും മടിക്കേണ്ട. ഏതാവസരത്തിലും തെറ്റു കാണിച്ചാല്‍ അച്ഛനമ്മമാര്‍ പ്രതികരിക്കുമെന്നു മനസിലാക്കാന്‍ കുട്ടിക്കു കഴിയും.

പുകഴ്ത്തല്‍ വേണ്ട: -
കുട്ടികളുടെ വികൃതികളെ അവര്‍ കേള്‍ക്കേ മറ്റുള്ളവരോടു തമാശയായി പറയാതിരിക്കുക. ഇതു വികൃതി കാട്ടാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളൂ.

വിഷമങ്ങള്‍ അറിയട്ടെ: -
കുട്ടി ആവശ്യപ്പെടുന്നതെന്തും സാധിച്ചു കൊടുത്താല്‍ അവര്‍ വിഷമങ്ങള്‍ അറിയില്ല, കുഞ്ഞ് അനാവശ്യ കാര്യങ്ങള്‍ക്കായി വാശി പിടിക്കുമ്പോള്‍ നോ പറയാന്‍ മടിക്കേണ്ട. വിഷമങ്ങളും ബുദ്ധിമുട്ടുകളും അറിഞ്ഞ കുട്ടിക്കേ ക്ഷമയുണ്ടാകൂ. പ്രതികൂല സാഹചര്യങ്ങളില്‍ പിടിച്ചു നില്‍ക്കാനും കഴിയൂ.

വാശിയെ അവഗണിക്കാം: -
കുട്ടി കടയില്‍ വച്ചു വാശി പിടിച്ചു കരയുകയാണെങ്കില്‍ അവരെ അവഗണിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗം. കുട്ടിയെ കടയില്‍ നിന്നു പുറത്തു കൊണ്ടുപോകുക. ഇത്തരത്തില്‍ വാശിപിടിച്ചാല്‍ കുട്ടിയെ ഇനി ഒപ്പം കൂട്ടില്ല എന്നു പറയാം. മറ്റുള്ളവര്‍ എന്തു ചിന്തിക്കും എന്നു കാര്യമാക്കേണ്ട.

Ads by Google
Saturday 08 Jun 2019 02.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW