Monday, June 24, 2019 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 01.13 AM

നടപടിക്രമങ്ങളിലല്ല, ജീവന്‍ രക്ഷിക്കുന്നതിനാവണം പ്രാമുഖ്യം

uploads/news/2019/06/313337/editorial.jpg

മുട്ടിനു മുട്ടിന്‌ ആശുപത്രികളുള്ള നാടായ കേരളത്തില്‍ പനി ബാധിച്ച വൃദ്ധന്‍ ഒരു പ്രധാന ആശുപത്രിയുടെ വെളിയില്‍ ആംബുലന്‍സില്‍ കിടന്ന്‌ മരിക്കാനിടയായത്‌ കേരളത്തിന്റെ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്‌. ഇടുക്കി കോവില്‍മല സ്വരാജ്‌ കുമ്പളന്താനത്ത്‌ ജേക്കബ്‌ തോമസ്‌ എന്ന 73 വയസ്സുകാരനാണ്‌ മരണമടഞ്ഞത്‌. കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ പനിയും ശ്വാസതടസവും മൂര്‍ച്‌ഛിച്ചതിനെതുടര്‍ന്നാണ്‌ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ എത്തിച്ചത്‌. അതീവ ഗുരുതരാവസ്‌ഥയിലാണെന്ന്‌ ഒപ്പമുണ്ടായിരുന്ന നഴ്‌സ്‌ അറിയിച്ചിട്ടും ഇവിടെ ചികിത്സ ലഭിച്ചില്ലെന്നാണ്‌ പരാതി. വെന്റിലേറ്റര്‍ ഒഴിവില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. തുടര്‍ന്ന്‌ സമീപത്തെ രണ്ട്‌ സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും അവിടെയും വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ മടക്കി. തിരിച്ച്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രോഗിയുടെ അവസ്‌ഥ വളരെ മോശമായിരുന്നു. ആംബുലന്‍സിലെ ഓക്‌സിജന്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അടിയന്തര സഹായം വേണമെന്നും ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ കൈമലര്‍ത്തി. ഇതിനിടയിലാണ്‌ ജേക്കബ്‌ തോമസ്‌ അന്ത്യശ്വാസം വലിച്ചത്‌.

ഏതാണ്ട്‌ ഇതിനു സമാനമായ സംഭവമായിരുന്നു 2017 ഓഗസ്‌റ്റില്‍ കൊല്ലത്തുണ്ടായത്‌. രാത്രി 11 മണിക്ക്‌ അപകടത്തില്‍ പെട്ട മുരുഗന്‍ എന്ന തമിഴ്‌നാട്‌ സ്വദേശി ഏഴു മണിക്കൂറിനുള്ളില്‍ അഞ്ച്‌ ആശുപത്രികളില്‍ നിന്ന്‌ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മരണമടഞ്ഞത്‌. അന്നും ആശുപത്രിക്കാര്‍ ചൂണ്ടിക്കാണിച്ചത്‌ വെന്റിലേറ്റര്‍ ഒഴിവില്ലെന്നാണ്‌. വെന്റിലേറ്ററില്‍ ചികിത്സയിലുള്ളവരെ ഒഴിപ്പിച്ച്‌ പുതിയ ഒരാളെ കയറ്റാനാവില്ലെന്നാണ്‌ അധികൃതര്‍ അന്നും പറഞ്ഞത്‌. മെച്ചപ്പെട്ട ചികിത്സതേടി ആശുപത്രികളിലേക്ക്‌ പോകുമ്പോള്‍ അവിടെ സൗകര്യമുണ്ടോ എന്ന്‌ ഉറപ്പു വരുത്തേണ്ടതായിരുന്നുവെന്നാണ്‌ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭിപ്രായപ്പെട്ടത്‌. ഗുരുതരാവസ്‌ഥയിലുള്ള രോഗി എത്തുന്നുവെന്ന്‌ വിവരം കിട്ടിയിരുന്നെങ്കില്‍ മെഡിക്കല്‍ കോളജില്‍ അതിനുള്ള തയാറെടുപ്പ്‌ നടക്കാന്‍ സാധ്യതയുണ്ടായിരുന്നു. അല്ലെങ്കില്‍, സൗകര്യമുണ്ടാകില്ലെന്ന്‌ മറുപടി നല്‍കാനെങ്കിലും സാധിച്ചേനേ. ഇതനുസരിച്ച്‌ മറ്റ്‌ ആശുപത്രികളെ സമീപിക്കാനും കഴിയുമായിരുന്നു. ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ ഇട്ടതിന്റെ മറുപടിയായിവരെ കേരളത്തില്‍ രോഗികള്‍ക്ക്‌ മികച്ച ചികിത്സ നല്‍കിയത്‌ ഏതാനും ആഴ്‌ച മുന്‍പ്‌ മാത്രമായിരുന്നുവെന്ന്‌ ഓര്‍ക്കണം. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ അതില്‍ നിന്ന്‌ എങ്ങനെ നേട്ടമുണ്ടാക്കാമെന്നു കരുതുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇവിടെയും ലാഭം തേടി രംഗത്തിറങ്ങി. ആശുപത്രിയില്‍ അക്രമം കാണിക്കുന്നതാണ്‌ തങ്ങളുടെ ശൗര്യം പ്രകടിപ്പിക്കാന്‍ മാര്‍ഗമെന്നു കരുതുന്ന ചിലരാകട്ടെ നാശനഷ്‌ടങ്ങള്‍ വരുത്താനും മടിച്ചില്ല. ഇത്തരം കാട്ടിക്കൂട്ടലുകള്‍ കൊണ്ട്‌ സമൂഹത്തിന്‌ ഒരു നേട്ടവുമുണ്ടാകുന്നില്ലെന്ന്‌ ഇവരൊട്ട്‌ മനസ്സിലാക്കുന്നുമില്ല.

ഒന്നരവര്‍ഷം മുന്‍പ്‌ കൊല്ലത്ത്‌ മുരുഗന്‍ സമാന സാഹചര്യത്തില്‍ മരണമടഞ്ഞപ്പോള്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസ്‌ എടുത്തിരുന്നു. കോട്ടയത്തെ സംഭവത്തിലും മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്‌. കേസ്‌ എടുക്കുന്നതിലല്ല, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ എങ്ങനെ നോക്കാം എന്നു കണ്ടെത്തുന്നതിലാണ്‌ സാംഗത്യമുള്ളത്‌. രോഗിയെ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ ചെയ്‌തത്‌ നിയമപരമായി ശരിയായിരിക്കാം. പക്ഷേ, നിയമത്തിനും നടപടിക്രമങ്ങള്‍ക്കും അപ്പുറമാണ്‌ മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍. തിരിച്ചു വീണ്ടും മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ അടിയന്തിര ചികിത്സയെങ്കിലും നല്‍കാനായിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാനായേനേ. അതുണ്ടാകണമെങ്കില്‍ മെഡിക്കല്‍ കോളജുകളിലെയും സര്‍ക്കാര്‍ ആശുപത്രികളിലെയും സംവിധാനങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാകണം. വന്നെത്തുന്ന രോഗികള്‍ക്ക്‌ ആനുപാതികമായി ഡോക്‌ടര്‍മാരും മറ്റ്‌ ജീവനക്കാരും മെഡിക്കല്‍ കോളജുകളിലില്ല എന്നതു യാഥാര്‍ഥ്യമാണ്‌. ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്നു എന്ന പരിഗണനയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ അടിയന്തിര ചികിത്സാ വിഭാഗങ്ങളുടെ ശേഷി എങ്ങനെ വര്‍ധിപ്പിക്കാമെന്നാണ്‌ സര്‍ക്കാര്‍ പഠിക്കേണ്ടത്‌. മെഡിക്കല്‍ കോളജുകളിലെ സ്‌പെഷലിസ്‌റ്റ്‌ വിഭാഗങ്ങളില്‍ സൗകര്യങ്ങള്‍ പതിന്മടങ്ങ്‌ വര്‍ധിച്ചിട്ടുണ്ട്‌. ഇതിനനുസരിച്ച്‌ അത്യാഹിത വിഭാഗങ്ങളിലെ സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. കോട്ടയത്തുണ്ടായതുപോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളില്‍ അവസരത്തിനൊത്തുയരാന്‍ ഇങ്ങനെയേ സാധിക്കൂ.

Ads by Google
Saturday 08 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW