Saturday, June 22, 2019 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 01.13 AM

ശാന്തിക്കുഴിയമ്മയും കുടിയും കുഞ്ഞുണ്ണിയെന്ന കുമ്പിടിയും

uploads/news/2019/06/313336/bft1.jpg

ഉറ്റവരുടെ മദ്യപാനം നിര്‍ത്തിക്കാനായി എന്തും ചെയ്യാന്‍ തയാറുള്ള വീട്ടമ്മമാരെ കബളിപ്പിക്കാന്‍ സംസ്‌ഥാനത്തു മുറിവൈദ്യന്‍മാരും സിദ്ധന്‍മാരും ഏറെയാണ്‌. ഇക്കാര്യത്തില്‍ സ്‌പെഷലൈസ്‌ ചെയ്‌ത ആള്‍ദൈവമായിരുന്നു പത്തനംതിട്ട ജില്ലയിലെ "ശാന്തിക്കുഴിയമ്മ". പൂര്‍വാശ്രമത്തില്‍ കെ. അമ്മിണിയമ്മ. കോഴഞ്ചേരി-മാവേലിക്കര റൂട്ടില്‍ മാലക്കര ആല്‍ത്തറ ജങ്‌ഷനില്‍നിന്നു മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ "അമ്മ"യുടെ സവിധമായി. മുഴുക്കുടിയന്‍ ശാന്തിക്കുഴിയമ്മയുടെ ദര്‍ശനത്തേത്തുടര്‍ന്ന്‌ ലഹരി വിരുദ്ധസമിതി പ്രസിഡന്റായ കഥ നാട്ടില്‍ പാട്ടാണ്‌.
അതിരാവിലെ തുള്ളിയുറയുന്ന അമ്മയ്‌ക്കു പഴവും കരിക്കിന്‍വെള്ളവുമാണു നേദ്യം. ആ സമയം ആര്‍ക്കും പ്രവേശനമില്ല. അമ്മയില്‍നിന്നു വമിക്കുന്ന താപം ഒരുമാതിരിപ്പെട്ടവരൊന്നും താങ്ങില്ലത്രേ! അമ്മയെ പരീക്ഷിക്കാന്‍ ഒരിക്കല്‍ കൊട്ടില്‌ കുഞ്ഞുണ്ണി എന്ന മഹാപോക്കിരി പമ്പ കടന്ന്‌ ശാന്തിക്കുഴിയിലെത്തി. "ധൈര്യമുണ്ടെങ്കില്‍ എന്റെ കുടി നിര്‍ത്തിക്കെടീ" എന്നലറിക്കൊണ്ടായിരുന്നു വരവ്‌. ധ്യാനിച്ചിരിക്കുന്ന അമ്മയ്‌ക്കു മുന്നില്‍ കുഞ്ഞുണ്ണിയുടെ പൂരപ്പാട്ടും നൃത്തവും. ശാന്തിക്കുഴിയമ്മ കോപിഷ്‌ഠയായില്ല. പകരം മന്ദസ്‌മിതം ചൊരിഞ്ഞ്‌ കുഞ്ഞുണ്ണിയെ അരികിലേക്കു ക്ഷണിച്ചു. ഇന്ദ്രനെയും ചന്ദ്രനെയും വകവയ്‌ക്കാത്ത ആ "പാമ്പ്‌" അതോടെ പത്തി താഴ്‌ത്തി. ഒരുമണിക്കൂര്‍ സാരോപദേശം കഴിഞ്ഞതോടെ കുഞ്ഞുണ്ണി പശ്‌ചാത്താപവിവശനായി. എല്ലാം ക്ഷമിച്ചിരിക്കുന്നു, വിശ്വസ്‌തനായി എന്നോടൊപ്പം കഴിയാന്‍ "ദേവി"യുടെ അരുളപ്പാട്‌. മത്സ്യമാംസാദികള്‍ വര്‍ജ്യം. ഇനി "അപ്പന്‍" എന്ന പേരില്‍ നീ അറിയപ്പെടുമെന്നും അമ്മ അരുള്‍ചെയ്‌തു. അതോടെ ആശ്രമത്തിലെ അന്തേവാസിയായ കുഞ്ഞുണ്ണി അപ്പന്‍ നെല്ലിക്കല്‍ നിവാസികള്‍ക്ക്‌ അത്ഭുതമായി. കള്ളുകുടി പൂര്‍ണമായി നിര്‍ത്തി. ഭര്‍ത്താക്കന്‍മാരുടെ കുടികൊണ്ടു പൊറുതിമുട്ടിയ നിരവധി സ്‌ത്രീകള്‍ ശാന്തിക്കുഴിയമ്മയെ തേടിയെത്തി. അമ്മ നല്‍കുന്ന ദിവ്യൗഷധം ഒരുമാസം കഴിക്കണം. പിന്നീടു മദ്യം തൊടില്ല. അമ്മ നേരിട്ടു ദക്ഷിണ സ്വീകരിക്കില്ല. പകരം, ദേവസ്വം ഓഫീസ്‌ എന്ന പേരില്‍ മേശയും കസേരയുമായി കുടികൊള്ളുന്ന ഭര്‍ത്താവ്‌ സോമന്‍ സ്വാമിക്കു മുന്നില്‍ 1000 രൂപ മുതല്‍ ഇഷ്‌ടമുള്ള തുക സമര്‍പ്പിക്കാം!
ഒരുമാസം കഴിഞ്ഞിട്ടും ഭര്‍ത്താവിന്റെ കുടി നില്‍ക്കാത്തവരില്‍ പലരും പരാതിയുമായെത്തി. അതോടെ ഔഷധസേവയുടെ കാലാവധി ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ നീട്ടി! എന്നിട്ടും കുടി നില്‍ക്കാത്തവരുടെ ഭാര്യമാര്‍ അമ്മയെ പ്രാകി "പമ്പ കടന്നു". മറ്റു ചിലര്‍ ശാന്തിക്കുഴി സന്ദര്‍ശകരായി തുടര്‍ന്നു. ഒരിക്കല്‍ ശാന്തിക്കുഴിക്കു സമീപമുള്ള ഒരു യുവാവ്‌ കൊട്ടാരക്കരയിലെ ബിവറേജസ്‌ ക്യൂവില്‍ നില്‍ക്കവേ അതാ തൊട്ടുമുന്നില്‍ കുഞ്ഞുണ്ണി അപ്പന്‍! യുവാവ്‌ വിവരം കൈയോടെ ഫോണില്‍ കൂട്ടുകാരെ അറിയിച്ചു. അവര്‍ രാത്രി കാത്തുനിന്നു. ഇരുളിന്റെ മറവില്‍ കുഞ്ഞുണ്ണി വന്നു. ആശ്രമത്തില്‍ ഭക്‌തരുടെ തിരക്ക്‌. അതോടെ കുഞ്ഞുണ്ണി തുള്ളിയുറയാന്‍ തുടങ്ങി. അപ്പനെ കണ്ട അമ്മയും ഇളകിയാടി. ഒരുമണിക്കൂര്‍ നീണ്ട തുള്ളലിനൊടുവില്‍ കുഞ്ഞുണ്ണി മയങ്ങിവീണു. ഭക്‌തരും സ്‌ഥലം കാലിയാക്കി. യുവാക്കള്‍ ആശ്രമത്തിനു പിന്നില്‍ പതിയിരുന്നു. ഉള്ളിലെ കാഴ്‌ച കണ്ട്‌ ഞെട്ടി. അമ്മയും കുഞ്ഞുണ്ണിയും ഒന്നിച്ചിരുന്നു "വിദേശി" അകത്താക്കുന്നു. ഭര്‍ത്താവാണു വിളമ്പുകാരന്‍. തൊട്ടുകൂട്ടാന്‍ മീന്‍കറി. പിന്നീടു നടന്നത്‌ അമ്മയുടെ മറ്റൊരു വിളയാട്ടം. ഒട്ടും വൈകിയില്ല, യുവാക്കള്‍ ആശ്രമത്തിലേക്ക്‌ ഇരച്ചുകയറി. ആ"ശ്രമം" പാഴായില്ല. അമ്മിണിയേയും കുഞ്ഞുണ്ണിയേയും കൈയോടെ പിടികൂടി പോലീസിനു കൈമാറി. ഇന്ന്‌ അമ്മയുടെ ആശ്രമസ്‌ഥലത്ത്‌ ഒന്നാന്തരം കന്നുകാലി ഫാം സ്‌ഥിതിചെയ്യുന്നു. സ്‌ഥലം വിറ്റുപോയ അമ്മയും പരിവാരവും എവിടെയെന്ന്‌ ആര്‍ക്കുമറിയില്ല.

മഞ്ചവിളാകത്തെ ആ മന്ത്രവാദിയാര്‌?പോലീസും കവടി നിരത്തുന്നു!

മന്ത്രവാദം ചെയ്‌താല്‍ ബാങ്കിലെ കടം വീടുമോ? ബാങ്കിന്റെ ജപ്‌തി ഭീഷണിയേത്തുടര്‍ന്ന്‌ യുവതിയായ വീട്ടമ്മയും മകളും തീകൊളുത്തി ജീവനൊടുക്കിയെന്ന വാര്‍ത്ത കേരളത്തെ ഞെട്ടിച്ചതു കഴിഞ്ഞമാസമാണ്‌. ബാങ്കിനെതിരേ വന്‍ജനരോഷമുയര്‍ന്നു. പ്രതിപക്ഷനേതാവും മറ്റു ജനപ്രതിനിധികളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍, യുവതിയുടെ ആത്മഹത്യാക്കുറിപ്പ്‌ കണ്ടെടുത്തതോടെ പിന്നീടുള്ള ദിവസങ്ങളില്‍ സംഭവത്തിന്റെ നിജസ്‌ഥിതി ഒന്നൊന്നായി ചുരുളഴിഞ്ഞു. കിടപ്പാടം ജപ്‌തിയുടെ വക്കിലെത്തിയിട്ടും ഭര്‍തൃവീട്ടുകാര്‍ അന്ധവിശ്വാസം മുറുകെപ്പിടിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണു മരണകാരണമെന്നു യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇതോടെ ഭര്‍ത്താവും ഭര്‍തൃമാതാവും ഉള്‍പ്പെടെ നാലു ബന്ധുക്കള്‍ അറസ്‌റ്റിലായി. എന്നാല്‍, സംഭവത്തിനു പിന്നിലെ ദുരൂഹസാന്നിധ്യമായ മന്ത്രവാദിയെ കണ്ടെത്താന്‍ പോലീസിന്‌ ഇനിയും കഴിഞ്ഞിട്ടില്ല.
കഴിഞ്ഞമാസം 13-നാണ്‌ നെയ്യാറ്റിന്‍കര മഞ്ചവിളാകം ഓംമലൈയിക്കട റോഡരികത്ത്‌ വൈഷ്‌ണവിഭവനില്‍ ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്‌ണവി (19) എന്നിവര്‍ വീടിനുള്ളില്‍ തീകൊളുത്തി മരിച്ചത്‌. ലേഖയുടെ ആത്മഹത്യാക്കുറിപ്പ്‌ കണ്ടെടുത്തതിനേത്തുടര്‍ന്ന്‌ ഭര്‍ത്താവ്‌ ചന്ദ്രന്‍ (50), ചന്ദ്രന്റെ മാതാവ്‌ കൃഷ്‌ണമ്മ (80), കൃഷ്‌ണമ്മയുടെ സഹോദരി ശാന്ത (63), ശാന്തയുടെ ഭര്‍ത്താവ്‌ കാശി (67) എന്നിവര്‍ അറസ്‌റ്റിലായി. ഭവനവായ്‌പയുടെ തിരിച്ചടവ്‌ മുടങ്ങിയതോടെ കിടപ്പാടം ജപ്‌തി ചെയ്യാന്‍ ബാങ്ക്‌ നടപടി ആരംഭിച്ചതാണ്‌ അമ്മയുടെയും മകളുടെയും ആത്മഹത്യക്കു കാരണമെന്നായിരുന്നു അതുവരെ ചന്ദ്രനും ബന്ധുക്കളും ആരോപിച്ചിരുന്നത്‌. വിദേശത്തായിരുന്ന തനിക്കു ജോലി നഷ്‌ടപ്പെട്ടതിനാല്‍ വായ്‌പാതിരിച്ചടവ്‌ മുടങ്ങിയെന്നായിരുന്നു ചന്ദ്രന്റെ മൊഴി. എന്നാല്‍, വിവാഹം കഴിഞ്ഞതു മുതല്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നെന്നു ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വീട്ടില്‍ മന്ത്രവാദമുള്‍പ്പെടെ നടത്തിയിരുന്നു. മന്ത്രവാദി പറയുന്നതനുസരിച്ചാണു ചന്ദ്രനും വീട്ടുകാരും പ്രവര്‍ത്തിച്ചിരുന്നത്‌. ചന്ദ്രന്‍ വിദേശത്തുനിന്നയച്ച പണം ചെലവഴിച്ചതു സംബന്ധിച്ചു ലേഖയെ നിരന്തരം പഴിച്ചിരുന്നു. ബാങ്കില്‍നിന്നു ജപ്‌തി നോട്ടീസ്‌ വന്നപ്പോള്‍ വീടിനോടു ചേര്‍ന്നുള്ള മന്ത്രവാദത്തറയില്‍ കൊണ്ടുപോയി പൂജിക്കുകയാണു ചെയ്‌തതെന്നും ലേഖയുടെ കുറിപ്പില്‍ പറയുന്നു.
വീടിനു സമീപത്തെ ആല്‍ത്തറയില്‍ നടന്ന മന്ത്രവാദച്ചടങ്ങുകളില്‍ ലേഖയും മകള്‍ വൈഷ്‌ണവിയും പങ്കെടുത്തിരുന്നില്ല. വീടിന്റെ ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും തടസം നില്‍ക്കുന്നതു ലേഖയും വൈഷ്‌ണവിയുമാണെന്നു മന്ത്രവാദി പറഞ്ഞിരുന്നു. ഇക്കാര്യം ലേഖ സമീപവാസികളോടു പറഞ്ഞിട്ടുണ്ട്‌. മന്ത്രവാദിയുടെ വാക്കുകേട്ട്‌, ലേഖയെ വിഷം നല്‍കിക്കൊല്ലാന്‍ ഭര്‍തൃമാതാവ്‌ കൃഷ്‌ണമ്മ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്‌. ലേഖയുടെ ആത്മഹത്യാക്കുറിപ്പ്‌ ലഭിച്ചതുമുതല്‍ പോലീസും നാട്ടുകാരും അന്വേഷിക്കുന്നത്‌ ഈ മന്ത്രവാദിയേയാണ്‌. ഇയാളെ തപ്പിയിറങ്ങിയ പോലീസ്‌ ഇപ്പോഴും ഇരുട്ടില്‍ത്തപ്പുകയാണ്‌.
ഇരട്ട ആത്മഹത്യക്കു മണിക്കൂറുകള്‍ മുമ്പും ചന്ദ്രന്റെ മന്ത്രവാദപ്പുരയില്‍ ആഭിചാരം നടന്നതായി സാക്ഷിമൊഴികളുണ്ട്‌. ജപ്‌തി നോട്ടീസിനു പുറമേ ഭാഗ്യക്കുറിയും ഇവിടെ പൂജിച്ചിരുന്നു. സമീപഗ്രാമങ്ങളില്‍ നടന്ന ചില മന്ത്രവാദങ്ങള്‍ക്കു പിന്നിലും ചന്ദ്രന്റെ കുടുംബമുണ്ടായിരുന്നതായാണു സൂചന. ആത്മഹത്യാക്കേസ്‌ തെളിയുന്നതോടെ ഇവയില്‍ പലതും പുറത്തുവരുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍.

(തുടരും)

തയാറാക്കിയത്‌: സജിത്ത്‌ പരമേശ്വരന്‍, പ്രദീപ്‌ പാറശാല

സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Saturday 08 Jun 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW