Tuesday, July 16, 2019 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 12.54 AM

ദുബായില്‍ ബസപകടം: അച്‌ഛനും മകനുമടക്കം 8 മലയാളികള്‍ മരിച്ചു

uploads/news/2019/06/313266/in1.jpg

ദുബായ്‌: ദുബായിലുണ്ടായ ബസപകടത്തില്‍ 12 ഇന്ത്യക്കാരടക്കം 17 പേര്‍ കൊല്ലപ്പെട്ടു. തലശേരി സ്വദേശികളായ അച്‌ഛനും മകനുമടക്കം എട്ടു പേര്‍ മലയാളികള്‍. വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതു തടയാനായി സ്‌ഥാപിച്ചിരുന്ന കമ്പിയിലേക്ക്‌ (ഹൈറ്റ്‌ ബാരിയര്‍) ബസ്‌ ഇടിച്ചുകയറിയാണ്‌ അപകടം.
തലശേരി ചേറ്റംകുന്നിലെ എ.ടി. ഉമ്മര്‍ (65), മകന്‍ നബീല്‍ (21), തൃശൂര്‍ അറക്കവീട്ടില്‍ എ.എം. ജമാലുദീന്‍ (47), വടക്കാഞ്ചേരി കുണ്ടുകാട്‌ വട്ടായ്‌ വള്ളിത്തോട്ടത്തി ജോണിയുടെ മകന്‍ കിരണ്‍ ജോണി(24), , കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കാര്‍ത്തികേയന്‍ (35), വാസുദേവന്‍ വിഷ്‌ണുദാസ്‌, തിരുവനന്തപുരം വേളി സ്വദേശി ദീപ കുമാര്‍ (ദീപക്‌ കുമാര്‍- 40), രാജന്‍ പുതിയപുരയില്‍ ഗോപാലന്‍ എന്നിവരാണു മരിച്ച മലയാളികള്‍. ദീപക്‌ കുമാറിന്റെ ഭാര്യ ആതിരയും നാലു വയസുള്ള മകള്‍ അതുല്യയും ആശുപത്രിയില്‍ ചികിത്സയിലാണ്‌.
മഹാരാഷ്‌ട്ര, രാജസ്‌ഥാന്‍ സ്വദേശികളായ വിക്രം ജവാഹര്‍ ഠാക്കൂര്‍, ഫിറോസ്‌ ഖാന്‍ അസീസ്‌ പഠാന്‍, രേഷ്‌മ ഫിറോസ്‌ ഖാന്‍ പഠാന്‍, രോഷ്‌മി മൂല്‍ചന്ദാനി എന്നിവരാണു മരിച്ച മറ്റ്‌ ഇന്ത്യക്കാര്‍. മരിച്ചവരില്‍ രണ്ടു പേര്‍ പാകിസ്‌താന്‍കാരാണ്‌. ഒമാന്‍, അയര്‍ലന്‍ഡ്‌ സ്വദേശികളായ രണ്ടു പേരും മരിച്ചു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
വ്യാഴാഴ്‌ച വൈകിട്ട്‌ 5.40-ന്‌ ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ്‌ റോഡില്‍ റഷീദിയ എക്‌സിറ്റിനു സമീപമായിരുന്നു അപകടം. ഒമാനില്‍നിന്നു ദുബായിലേക്കുവന്ന ബസ്‌ വലിയ വാഹനങ്ങള്‍ക്കു പ്രവേശിക്കാന്‍ അനുമതിയില്ലാത്ത റോഡിലേക്കു കയറിയതാണു ദുരന്തം വിളിച്ചുവരുത്തിയത്‌. റോഡില്‍ നിന്നു 2.2 മീറ്റര്‍ ഉയരത്തില്‍ സ്‌ഥാപിച്ചിരുന്ന ഹൈറ്റ്‌ ബാരിയറില്‍ ഇടിച്ചുകയറി ബസിന്റെ ഇടതുവശം പൂര്‍ണമായും തകര്‍ന്നു.
31 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്‌. ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി ആഘോഷിച്ചു മടങ്ങിയവരാണു ദുരന്തത്തിനിരയായവരില്‍ ഏറെപ്പേരും. നാല്‌ ഇന്ത്യക്കാരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചെന്നും മറ്റു മൂന്നുപേര്‍ റാഷിദ്‌ ആശുപത്രിയിലാണെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ അറിയിച്ചിരുന്നു. +971 565463903 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിവരങ്ങളറിയാം.

Ads by Google
Saturday 08 Jun 2019 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW