Friday, June 21, 2019 Last Updated 7 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 03.00 PM

ചന്ദ്രദശയിലെ ബുധാപഹാരഫലം 1 വര്‍ഷം 5 മാസം

'' പൊതുവേ അനുകൂലരാശികളിലാണ് ബുധന്‍ നില്‍ക്കുന്നതെങ്കില്‍ വിദ്യാപരമായ ഗുണങ്ങള്‍, ബുദ്ധിസാമര്‍ത്ഥം, ഗണിതജ്ഞാനം, നല്ലയാളുകളുടെ പ്രശംസ, സാഹിത്യരംഗത്തില്‍ ഉയര്‍ച്ച, ആദ്ധ്യാത്മിക കാര്യങ്ങളില്‍ താല്പര്യം എന്നിവ ഉണ്ടാകും... ''
uploads/news/2019/06/313132/Joythi070619.jpg

ചന്ദ്രദശാകാലം ആരംഭിച്ച് 5 വര്‍ഷവും 10 മാസവും കഴിഞ്ഞ് വരുന്ന 1 വര്‍ഷവും 5 മാസക്കാലവുമാണ് ബുധാപഹാരകാലഘട്ട സമയം.

സര്‍വ്വദാ ധനഗജാശ്വഗോകുല-
പ്രാപ്തിരാഭരണ സൗഖ്യ സമ്പദഃ
ചിത്തബോധ ഇതി ജായതേ വിധോ-
രായുഷി പ്രവിശതേ യദാ ബുധഃ

സാരം: ചന്ദ്രദശയിലെ ബുധാപഹാര സമയത്തില്‍ എപ്പോഴും ഒന്നുപോലെ ധനവരവും, ആന, കുതിര, പശുക്കള്‍ (വാഹനം) മുതലായവയുടെയും ആഭരണങ്ങളുടേയും ലാഭവും സുഖവും സമ്പത്തും വര്‍ദ്ധിക്കുകയും ബുദ്ധി വികസിക്കുകയും ഫലമാകുന്നു.

ജാതകത്തില്‍ ബുധന്‍ ദശാനാഥനായ ചന്ദ്രന്റെ അനുകൂലരാശിയിലും ശുഭഗ്രഹസഹിതനുമാണെങ്കില്‍ വലുതായുള്ള സുഖം, വിവാഹഭാഗ്യം യാഗകര്‍മ്മങ്ങള്‍, ദാനധര്‍മ്മങ്ങള്‍ എന്നിവ അനുഭവമാകും. അതുപോലെ പേരും പ്രശസ്തിയും വര്‍ദ്ധിക്കും.

ബിരുദങ്ങള്‍ ലഭിക്കും. ഭക്ഷണ പദാര്‍ത്ഥങ്ങള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ധാരാളം ലഭിക്കും. ദേവദേവനായ ഇന്ദ്രതുല്യതയും കൈവരും.
പൊതുവേ അനുകൂലരാശികളിലാണ് ബുധന്‍ നില്‍ക്കുന്നതെങ്കില്‍ വിദ്യാപരമായ ഗുണങ്ങള്‍, ബുദ്ധിസാമര്‍ത്ഥ്യം, ഗണിതജ്ഞാനം, നല്ലയാളുകളുടെ പ്രശംസ, സാഹിത്യരംഗത്തില്‍ ഉയര്‍ച്ച, ആദ്ധ്യാത്മിക കാര്യങ്ങളില്‍ താല്പര്യം എന്നിവ ഉണ്ടാകും. കന്നി, മിഥുനം എന്നീ രാശികളിലോ, കേന്ദ്രത്രികോണങ്ങളിലോ ആണ് ബുധനെങ്കില്‍ രാജതുല്യമായ സൗഖ്യത്തെയും വാഹന, ഗൃഹ, ഭൂമി ഐശ്വര്യങ്ങളേയും സല്‍ക്കീര്‍ത്തിയേയും നല്‍കുന്നതാണ്.

നീചരാശിയായ മീനത്തിലോ, ശത്രുക്ഷേത്രമായ കര്‍ക്കിടകത്തിലോ, ദശാനാഥനായ ചന്ദ്രന്റെ 6-8-12 എന്നീ ഭാവങ്ങളിലോ ആണ് ബുധനെങ്കില്‍ ആ ബുധന്‍ പ്രതികൂലനാണെന്ന് മനസ്സിലാക്കണം.

പ്രതികൂലസ്ഥിതനായ ബുധാപഹാരഫലം


ദായേശാത് രിപുരന്ധ്രസ്‌ഥേ
രിപ്ഫഗേ നീചഗേപി വാ
ദേഹപീഡാ മനഃസ്താപോ
ദാരപുത്രാദി പീഡനം
ഭക്ത്യാദൗ ദുഃഖമാപ്‌നോതി
മധ്യേ കിഞ്ചിത് സുഖം ഭവേത്
അന്ത്യേ തു രാജഭീതിശ്ച
ഗമനാഗമനം തഥാ.

സാരം:
പ്രതികൂലസ്ഥിതനായ ബുധന്റെ അപഹാരകാലത്തില്‍ ദേഹത്തിന് വിഷമതകളും രോഗാദി വിഷമതകളും മനഃക്ലേശവും, ഭാര്യാസന്താനാദികള്‍ക്ക് വിഷമതകളും ഉണ്ടാകും. ബുധാപഹാരം തുടങ്ങുന്ന സമയം ദുഃഖപ്രദമായിരിക്കും. മധ്യകാലത്തില്‍ അല്പം സുഖമുണ്ടാകാം.

അപഹാരത്തിന്റെ അവസാനകാലഘട്ടത്തില്‍ രാജകോപവും അലച്ചിലും അനുഭവമാകും.മാരകസ്ഥാനങ്ങളായ 2, 7 എന്നീ ഭാവങ്ങളുടെ അധിപനാണ് ബുധനെങ്കില്‍ കഷ്ടതകള്‍ വര്‍ധിക്കാനിടയാക്കും.

വിദ്യാകാരകനായ ബുധന്‍ ജാതകത്തില്‍ ദുര്‍ബ്ബലനാണെങ്കില്‍ സംഭാഷണവൈകല്യം, മറവി, ചഞ്ചലസ്വഭാവം എന്നിവ ഫലമാണ്. അലര്‍ജി, ഉല്‍ക്കണ്ഠ, മനഃസ്താപം, ചര്‍മ്മരോഗങ്ങള്‍ എന്നിവയും ഇവരെ എളുപ്പത്തില്‍ ബാധിക്കും.

പരിഹാരകര്‍മ്മങ്ങള്‍


ഈ കാലഘട്ടത്തില്‍ ചന്ദ്രനേയും ബുധനേയും പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക വഴി ദോഷഫലങ്ങള്‍ക്ക് കുറവു വരികയും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ചന്ദ്ര
പ്രീതിക്കായി ചെയ്യേണ്ട കര്‍മ്മങ്ങള്‍ മുന്‍ ലക്കത്തില്‍ എഴുതിയിരുന്നു. ഈ ലക്കം ബുധപ്രീതിക്കായി അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ മനസ്സിലാക്കാം.

വ്രതം


ബുധപ്രീതിക്കായി ബുധനാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. കൂടാതെ ഏകാദശിവ്രതം തുടങ്ങിയ വൈഷ്ണവ പ്രാധാന്യമുള്ള വ്രതങ്ങളും അനുഷ്ഠിക്കാവുന്നതാണ്. ഈ ദിവസങ്ങളില്‍ വിഷ്ണുഭഗവാന്റെ അവതാരമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതും അവരുടെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ഗുണം ചെയ്യും.

വസ്ത്രം


ബുധപ്രീതിക്കായി പച്ചനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതാണ്.
ബുധനാഴ്ച ദിവസങ്ങളില്‍ ഈ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൂടുതല്‍ ഗുണകരമാണ്.

പുഷ്പം


ബുധപ്രീതിക്കായി ചൂടേണ്ട പുഷ്പങ്ങള്‍ സ്വര്‍ണ്ണമല്ലി, ജെമന്തി, മഞ്ഞതെച്ചി തുടങ്ങിയ പുഷ്പങ്ങളാണ്.

രത്‌നം


ബുധപ്രീതിക്കായി ധരിക്കേണ്ട രത്‌നം മരതകം ആണ്. പച്ചനിറത്തിലുളള ഈ രത്‌നം ധരിക്കുന്നതിലൂടെ ബുദ്ധിശക്തി, ഗ്രഹണപാടവം, ഓര്‍മ്മ, സംഭാഷണ താല്പര്യം എന്നിവ വര്‍ദ്ധിക്കുന്നു. സജ്ജന ബഹുമാന്യത, സല്‍കീര്‍ത്തി എന്നിവയും കൈവരുന്നതാണ്. എന്നാല്‍ ജാതകപ്രകാരം ഈ രത്‌നം അനുകൂലമല്ലായെങ്കില്‍ ജാതകന് അത് വിപരീതഫലങ്ങളും നല്‍കുന്നതാണ്. ആയതിനാല്‍ ജാതകചിന്തനം ചെയ്തതിനുശേഷം മാത്രമേ രത്‌നധാരണം പാടുള്ളൂ.

യന്ത്രം


ബുധപ്രീതിക്കായി ധരിക്കാവുന്ന പ്രധാന യന്ത്രം ബുധയന്ത്രമാണ്. മനഃപ്രസാദം, വാക്ചാതുര്യം, യശസ്സ് എന്നിവ യന്ത്രധാരണത്താല്‍ ഉണ്ടാകുന്നു. കൂടാതെ ഗോപാലയന്ത്രങ്ങളായ സമ്മോഹനം, രാജഗോപാലം തുടങ്ങിയ യന്ത്രങ്ങളും ധരിക്കാവുന്നതാണ്. ദോഷസ്വഭാവമനുസരിച്ച് ഗോപാലയന്ത്രങ്ങളില്‍ യുക്തമായവ സ്വീകരിക്കാവുന്നതാണ്. ഏതു യന്ത്രമാണ് ധരിക്കേണ്ടത് എന്നതിനും ജാതകചിന്തനം അത്യാവശ്യമാണ്.

ദോഷപരിഹാരാര്‍ത്ഥം


ജപിക്കേണ്ട മന്ത്രങ്ങള്‍
പ്രിയംഗു കലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം.

ബുധഗായത്രി


ഓം സോമപുത്രായ വിദ്മഹേ
ജ്ഞാനരൂപായ ധീമഹി
തന്നോ ബുധഃ പ്രചോദയാല്‍

പ്രാര്‍ത്ഥനാ മന്ത്രം


ഉത്പാതരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാന്‍
പീഡാം ഹരതു മേ ബുധഃ

ഈ മന്ത്രങ്ങള്‍ നിത്യവും കാലത്ത് കുളികഴിഞ്ഞശേഷം ഭക്തിപൂര്‍വ്വം ജപിക്കാവുന്നതാണ്.

( തുടരും.. സൂര്യദശയിലെ കേത്വപഹാരഫലം )

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്,
പാലക്കാട് മൊ: 9447320192

Ads by Google
Ads by Google
Loading...
TRENDING NOW