Sunday, June 23, 2019 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 01.58 AM

പരിസരശുചിത്വത്തിന്‌ മുന്‍തൂക്കം നല്‍കണം

uploads/news/2019/06/313092/editorial.jpg

ഏതാനും ദിവസമായി കേരളത്തില്‍ നിലനിന്നിരുന്ന നിപ വൈറസ്‌ ബാധ സംബന്ധിച്ച ആശങ്ക അകലുന്നു എന്നത്‌ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്‌. കൊച്ചി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ക്ക്‌ നിപ ബാധയില്ലെന്നു തെളിഞ്ഞത്‌ രോഗം വ്യാപിച്ചിട്ടില്ലെന്ന സൂചന നല്‍കുന്നു. കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും നേരത്തേ രോഗബാധ കണ്ടെത്താന്‍ സാധിച്ചത്‌ ഗുണകരമായി. ഇതിനോടൊപ്പം ഫലപ്രദമായ രീതിയില്‍ രോഗപ്രതിരോധത്തിനുള്ള സന്ദേശം ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനായി എന്നതും ഗുണകരമായി. നിപയുടെ മറവില്‍ ഭീതിപരത്താന്‍ പലരും ശ്രമിച്ചെങ്കിലും അതു മുളയിലേ നുള്ളാന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞു.

എന്നാല്‍, തുടര്‍വര്‍ഷങ്ങളിലും സംസ്‌ഥാനത്ത്‌ നിപ ബാധയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ ശാസ്‌ത്രജ്‌ഞര്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌ തികച്ചും ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്‌. നിപ വൈറസ്‌ബാധ മുന്‍പ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്ന തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ തുടര്‍വര്‍ഷങ്ങളിലും രോഗം പ്രത്യക്ഷപ്പെട്ടിരുന്നു. കേരളത്തില്‍ ഇതു രണ്ടാം വര്‍ഷവും രോഗം കണ്ടെത്തി. കേരളത്തിലെ വൈറസ്‌ ബാധ എവിടെ നിന്ന്‌ എന്ന്‌ വ്യക്‌തമായിട്ടില്ലെങ്കിലും വവ്വാലുകള്‍ ഒരു കാരണമാണെന്ന സാധ്യത തള്ളിക്കളയാനായിട്ടില്ല. വവ്വാലുകളുടെ പ്രജനന കാലഘട്ടമാണ്‌ ഡിസംബര്‍ മുതല്‍ മേയ്‌ വരെ. ഇക്കാലയളവില്‍ വവ്വാലുകളില്‍ നിപ വൈറസുകള്‍ വലിയതോതില്‍ പെരുകാമെന്നാണ്‌ ശാസ്‌ത്രജ്‌ഞര്‍ ചൂണ്ടിക്കാണിക്കുന്നത്‌. രോഗത്തിന്റെ തുടക്കം എവിടെനിന്നാണെങ്കിലും അതു പകരുന്നത്‌ മനുഷ്യനില്‍ നിന്ന്‌ മനുഷ്യനിലേക്കാണ്‌. ഈ രണ്ടു കാര്യങ്ങളും പരിഗണിച്ചുകൊണ്ടുള്ള ആസൂത്രണമാണ്‌ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്‌. ആരോഗ്യ വകുപ്പും കൃഷി വകുപ്പും വനം വകുപ്പും ചേര്‍ന്നുള്ള സംയോജിത പ്രതിരോധ നടപടികള്‍ തുടങ്ങാന്‍ ഒട്ടും വൈകിക്കൂടാ. കൂടുതല്‍ പേര്‍ക്ക്‌ നിപ വൈറസ്‌ ബാധ ഇല്ലെന്നുതെളിഞ്ഞിട്ടുണ്ടെങ്കിലും ഒട്ടും ജാഗ്രത കൈവിടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം.

രോഗം ബാധിച്ച ശേഷം പ്രതിരോധ നടപടികളെടുക്കുകയും ചികിത്സിക്കുകയും ചെയ്യുന്നതിനു പകരം രോഗമുണ്ടാകാതെ നോക്കുകയാണ്‌ വേണ്ടത്‌. തുടര്‍ച്ചയായി പകര്‍ച്ചവ്യാധി ഉണ്ടാകുന്ന നാടാണെന്ന്‌ പേരു വീണാല്‍ ടൂറിസം രംഗത്ത്‌ വലിയ തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയുണ്ട്‌. കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തിനു ശേഷം തിരിച്ചുവരവിനു ശ്രമിക്കുന്ന ടൂറിസം രംഗത്തിന്‌ ഇനിയുമൊരു ആഘാതം താങ്ങാനാവില്ല. കേരളത്തില്‍ നിന്നുള്ള ഭക്ഷ്യവസ്‌തുക്കളുടെ കയറ്റുമതിയെയും ഇതു ബാധിച്ചേക്കാം. ഇത്‌ കേരളത്തിന്‌ ഇരട്ടി പ്രഹരമാകുകയേയുള്ളു. രോഗസൂചന കിട്ടിയിലാടുന്‍ നടപടികള്‍ തുടങ്ങാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനം സജ്‌ജമാക്കുകയും വേണം. ഇതിനെല്ലാമുപരിയായി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ്‌ വേണ്ടത്‌. ഓരോ വര്‍ഷവും കേരളത്തില്‍ പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. ആരോഗ്യപരമായി മുന്നില്‍ നില്‍ക്കുന്നുവെന്ന്‌ പറയുമ്പോഴും പരിസരശുചിത്വത്തിന്റെ കാര്യത്തില്‍ കേരളം വളരെ പിന്നാക്കമാണെന്നത്‌ യാഥാര്‍ഥ്യമാണ്‌. മാലിന്യ നിര്‍മാര്‍ജനത്തിന്‌ ഫണ്ടും പദ്ധതികളും അനേകമുണ്ടെങ്കിലും അതൊന്നും എന്തുകൊണ്ടോ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ല. പരിസര ശുചിത്വത്തെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ ഗൗരവതരമായ ബോധവത്‌കരണം നടത്തേണ്ടതുണ്ട്‌.

Ads by Google
Friday 07 Jun 2019 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW