Wednesday, June 26, 2019 Last Updated 8 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 01.58 AM

ഉസ്‌താദ്‌ ഉയിര്‍പ്പിക്കും; മൃതദേഹം വീട്ടില്‍ സൂക്ഷിച്ചതു മൂന്നുമാസം!

uploads/news/2019/06/313091/bft1.jpg

ഏതു മതത്തില്‍പ്പെട്ടവരായാലും ദുര്‍ബലഹൃദയരെയാണ്‌ അന്ധവിശ്വാസങ്ങള്‍ അതിവേഗം കീഴടക്കുക. പ്രശ്‌നങ്ങള്‍ക്കു കുറുക്കുവഴി തേടുന്നവര്‍ പലപ്പോഴും മന്ത്രവാദത്തിനും ബാധയൊഴിപ്പിക്കലിനുമൊക്കെ വശംവദരാകുന്നു. മരിച്ചവരെ ജീവിപ്പിക്കാമെന്നു പറയുന്നവരെപ്പോലും മാനസികദൗര്‍ബല്യമുള്ളവര്‍ വിശ്വസിക്കുന്നു. അത്തരമൊരു സംഭവമാണു മലപ്പുറം ജില്ലയിലെ കൊളത്തൂരിലുണ്ടായത്‌. മന്ത്രവാദി/സിദ്ധന്‍മാര്‍ക്കെന്നപോലെ ഇരകള്‍ക്കും പലപ്പോഴും അയല്‍ക്കാരുമായോ നാട്ടുകാരുമായോ സമ്പര്‍ക്കമുണ്ടാകാറില്ലെന്നത്‌ ഒരു പൊതുഘടകമാണ്‌.
മരിച്ചയാളെ പ്രാര്‍ഥനകൊണ്ടു ജീവിപ്പിക്കാമെന്ന്‌ ഒരു വ്യാജ ഉസ്‌താദ്‌ പറഞ്ഞതു വിശ്വസിച്ചാണ്‌ കൊളത്തൂരില്‍ വീട്ടമ്മയും മൂന്നുമക്കളും മൂന്നുമാസത്തോളം ഗൃഹനാഥന്റെ മൃതദേഹത്തിനു കാവലിരുന്നത്‌! 2017 ജൂലൈയിലായിരുന്നു സംഭവം. മലപ്പുറം കൊളത്തൂര്‍ അമ്പലപ്പടി വാഴയില്‍ സെയ്‌ദി(55)നാണ്‌ മരണശേഷം ഈ ദുര്‍ഗതിയുണ്ടായത്‌. ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ മൃതദേഹത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശി, ഭാര്യ ഭാര്യ റാബിയയും മക്കളായ മുഹമ്മദ്‌ ജാസിം ഉവൈസി, കദീജ നാജിയ, ഫാത്തിമ ഫര്‍സാന എന്നിവരും പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുകയായിരുന്നു.
ഉസ്‌താദിന്റെ വാക്ക്‌ വിശ്വസിച്ച്‌ മരണവിവരം പുറത്തറിയിച്ചില്ല. മൂന്നുമാസമായി സെയ്‌ദിനെ സമീപവാസികളാരും കണ്ടിരുന്നില്ല. കുടുംബത്തിന്‌ അയല്‍ക്കാരും നാട്ടുകാരുമായി കാര്യമായ സമ്പര്‍ക്കവുമില്ലായിരുന്നു. എന്നാല്‍, വീട്ടില്‍നിന്നു മന്ത്രോച്ചാരണങ്ങള്‍ ഉയരുന്നതും ഗന്ധം വമിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ കൊളത്തൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന്‌ പോലീസ്‌ എത്തി പരിശോധിച്ചപ്പോഴാണു സംഭവം പുറംലോകമറിഞ്ഞത്‌. വീട്ടുകാര്‍ പ്രതികരിക്കാതിരുന്നതോടെ പോലീസും നാട്ടുകാരും ചേര്‍ന്ന്‌ മഴു ഉപയോഗിച്ച്‌ വാതില്‍ വെട്ടിപ്പൊളിച്ച്‌ അകത്തു കടന്നു. കാഴ്‌ച കണ്ട്‌ എല്ലാവരും ഞെട്ടി. അഴുകി അസ്‌ഥികൂടമായിത്തുടങ്ങിയ സെയ്‌ദിന്റെ മൃതദേഹത്തിനരികെ ഭാര്യയും മക്കളും ഇരിക്കുന്നു.
ഗള്‍ഫിലായിരുന്ന സെയ്‌ദ്‌ തിരിച്ചെത്തി പൊന്നാനിയിലെ മദ്രസയില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. സെയ്‌ദിനെ കാണാതായപ്പോള്‍ വീണ്ടും വിദേശത്തു പോയെന്നാണു നാട്ടുകാര്‍ കരുതിയത്‌. ആണ്‍മക്കളില്‍ ഒരാള്‍ ചിലപ്പോള്‍ ബൈക്കില്‍ പുറത്തുപോകാറുണ്ടായിരുന്നു. മറ്റുള്ളവരാരും പുറത്തിറങ്ങിയിരുന്നില്ല. സെയ്‌ദിനെ ജീവിപ്പിക്കാമെന്നു വ്യാജസിദ്ധനായ ഒരു ഉസ്‌താദ്‌ പറഞ്ഞതുകേട്ടാണു മൃതദേഹം സൂക്ഷിച്ചുവച്ചതെന്നു വീട്ടുകാര്‍ പോലീസിനു മൊഴി നല്‍കി.

കുഞ്ഞുകൈയില്‍ കര്‍പ്പൂരം കത്തിച്ച്‌ "സത്യാന്വേഷണം"

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പാലക്കാട്ടെ ഗ്രാമങ്ങള്‍ ഇപ്പോഴും അന്ധവിശ്വാസങ്ങളുടെയും അനാചാരണങ്ങളുടെയും പിടിയില്‍നിന്നു പൂര്‍ണമുക്‌തമല്ല; തമിഴ്‌ ന്യൂനപക്ഷമേഖലകളില്‍ പ്രത്യേകിച്ച്‌. അന്ധവിശ്വാസങ്ങളുടെ അടിസ്‌ഥാനത്തില്‍ സമാന്തര നിയമസംവിധാനങ്ങള്‍ പോലും നിലനില്‍ക്കുന്നു. അതിനുദാഹരണമാണ്‌ പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഒരു സംഭവം.
പുതുശ്ശേരി പഞ്ചായത്തിലെ കോങ്ങാംപാറ ഗ്രാമത്തില്‍ ഒരു വയോധികന്റെ പെട്ടിക്കടയില്‍നിന്നു 150 രൂപ കളവുപോയി. കടയില്‍ ഏറ്റവുമൊടുവിലെത്തിയ രണ്ടു കുട്ടികളിലേക്കു സംശയം നീണ്ടു. ഇതോടെ "നാട്ടുക്കൂട്ടം" കൂടി. രണ്ടു കുട്ടികളെയും വിളിച്ചുവരുത്തി. ഉള്ളംകൈയില്‍ കര്‍പ്പൂരം കത്തിച്ചു. മോഷ്‌ടിച്ചിട്ടുണ്ടെങ്കില്‍ കൈ പൊള്ളുമെന്നും ഇല്ലെങ്കില്‍ പൊള്ളില്ലെന്നുമായിരുന്നു തീര്‍പ്പ്‌. കത്തിച്ച കര്‍പ്പൂരം കുടഞ്ഞെറിഞ്ഞ്‌ ഒരു കുട്ടി ഓടിമാറി. മോഷ്‌ടിച്ചിട്ടില്ലെന്ന്‌ ഉറപ്പുള്ള കുട്ടി, മുതിര്‍ന്നവരുടെ വാക്ക്‌ വിശ്വസിച്ച്‌ കൈ പൊള്ളില്ലെന്നു കരുതി നിന്നു. ഓടിരക്ഷപ്പെട്ട കുട്ടി പിന്നീടു കുറ്റം സമ്മതിച്ചെങ്കിലും, നിരപരാധിയായ കുട്ടിയുടെ കൈക്കു ഗുരുതരപൊള്ളലേറ്റു. കുട്ടിയുടെ ബന്ധുതന്നെയാണു കുഞ്ഞുകൈയില്‍ കര്‍പ്പൂരം കൊളുത്തിയത്‌. സ്‌കൂളിലെത്തിയ കുട്ടിയുടെ കൈയില്‍ പൊള്ളല്‍ കണ്ടിട്ടും അധ്യാപകര്‍പോലും ഇടപെട്ടില്ല. ചില പൊതുപ്രവര്‍ത്തകരാണു വിഷയം ചൈല്‍ഡ്‌ ലൈനിന്റെ ശ്രദ്ധയില്‍പെടുത്തിയത്‌.

തുടക്കം പിഴച്ചു; മന്ത്രവാദി സ്വാഹ!

ശാന്തിക്കാരനായ യുവമന്ത്രവാദിക്കു തുടക്കത്തിലേ പിഴച്ചതുകൊണ്ടുമാത്രം "ഇര" രക്ഷപ്പെട്ടതു കൊട്ടാരക്കരയിലാണ്‌. ബാധ ഒഴിപ്പിക്കുന്നതിനിടെ കുന്നിക്കോട്‌ സ്വദേശിയായ യുവതിയെ ചൂരല്‍കൊണ്ടു മര്‍ദിച്ചതാണ്‌ ഓടനാവട്ടം സ്വദേശിയായ മന്ത്രവാദി ആദിഷ്‌ മോഹനു (21) വിനയായത്‌.
ക്ഷേത്രശ്രീകോവില്‍ തുറന്നുവച്ചു നടത്തിയ ആഭിചാരക്രിയ പോലീസ്‌ എത്തിയതോടെ പൊളിഞ്ഞു. മര്‍ദനത്തില്‍ പരുക്കേറ്റ യുവതി ആശുപത്രിയിലുമായി. കൊട്ടാരക്കര നഗരമധ്യത്തിലെ ലോട്ടസ്‌ റോഡിലുള്ള മുത്താരമ്മന്‍ കോവിലിലായിരുന്നു സംഭവം. ചൂരല്‍ പ്രയോഗമേറ്റ യുവതിയുടെ നിലവിളി കേട്ട വഴിയാത്രക്കാര്‍ സംഭവം പോലീസില്‍ അറിയിച്ചതോടെയാണു മന്ത്രവാദി അറസ്‌റ്റിലായത്‌. അങ്ങനെ അരങ്ങേറ്റത്തില്‍ത്തന്നെ മന്ത്രവാദി സ്വാഹ..!
(തുടരും)

തയാറാക്കിയത്‌: വി.പി. നിസാര്‍, എന്‍. രമേഷ്‌, ഉണ്ണി വി.ജെ. നായര്‍
സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Friday 07 Jun 2019 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW