Wednesday, July 17, 2019 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 01.19 AM

നിപ: സമചിത്തതയോടെ നേരിടാം

uploads/news/2019/06/312807/editorial.jpg

ഒരു വര്‍ഷത്തിനുശേഷം വീണ്ടും കേരളത്തില്‍ നിപ വൈറസ്‌ മൂലമുള്ള പനി ബാധ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുകയാണ്‌. എറണാകുളത്ത്‌ ചികിത്സയിലുള്ള വിദ്യാര്‍ഥിക്കു നിപ സ്‌ഥിരീകരിച്ചതിനു പിന്നാലെ 311 പേര്‍ നിരീക്ഷണത്തിലുമാണ്‌. വിദ്യാര്‍ഥിയുടെ സുഹൃത്തും മൂന്നു നഴ്‌സുമാരുമാരും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ട്‌. വിദ്യാര്‍ഥി മരുന്നുകളോട്‌ വളരെ വേഗത്തില്‍ പ്രതികരിച്ചതും പനി കുറഞ്ഞതും ശുഭസൂചകമാണ്‌. ആരോഗ്യപ്രവര്‍ത്തകരുടെ ജാഗ്രതയാണു വിദ്യാര്‍ഥിക്ക്‌ ബാധിച്ചത്‌ നിപയാണെന്നു തിരിച്ചറിയാന്‍ സഹായിച്ചത്‌. പനിയുടെ ലക്ഷണങ്ങള്‍വച്ച്‌ തോന്നിയ സംശയം പെട്ടെന്നു തന്നെ സ്‌ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സഹായിച്ചു. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട്‌ 17 പേരുടെ ജീവനെടുത്തെങ്കിലും നിപ ബാധ വളരെ വേഗം തിരിച്ചറിഞ്ഞതും ഡോക്‌ടര്‍മാരുടെ ജാഗ്രത മൂലമായിരുന്നു. ഇതിനാല്‍ പനി പടരുന്നതു തടയാന്‍ സാധിച്ചു. മുന്‍പ്‌ കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലാത്തവിധത്തിലുള്ള അസുഖമായിട്ടും ആരോഗ്യവകുപ്പ്‌ വളരെ വേഗം സജ്‌ജമാവുകയും രോഗബാധ തടയുകയും ചെയ്‌തത്‌ ഏറെ പ്രശംസ നേടിയിരുന്നു. ഈ പരിചയം ഇത്തവണ സഹായകമായി.

പനിബാധയെ ചൊല്ലി ഭയക്കേണ്ടതില്ലെന്നും സ്‌ഥിതി നിയന്ത്രണവിധേയമാണെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്‌തമാക്കുന്നുണ്ട്‌. ഈ സ്‌ഥിതിക്ക്‌ പരിഭ്രാന്തരാകാതെ രോഗബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലെടുക്കുകയാണു ജനങ്ങള്‍ ചെയ്യേണ്ടത്‌. ആധികാരികമല്ലാത്ത ഉറവിടങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ അവഗണിച്ച്‌ അധികൃതര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ വേണം ജനങ്ങള്‍ രോഗബാധയ്‌ക്കെതിരായ പ്രതിരോധം നടത്താന്‍. സ്വയം ചികിത്സയ്‌ക്കു മുതിരാതെ ആശുപത്രികളെ തന്നെ സമീപിച്ചു ചികിത്സ തേടുകയാണ്‌ വേണ്ടത്‌. നിപ സംബന്ധിച്ച്‌ ധാരാളം തെറ്റായ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌. ഇങ്ങനെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച മൂന്നു പേര്‍ അറസ്‌റ്റിലുമായി. ജനങ്ങളെ സംഭീതരാക്കുന്ന ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന്‌ ഏവരും ഒഴിഞ്ഞുനില്‍ക്കണം.

നിപ കേരളത്തില്‍ പ്രത്യക്ഷപ്പെട്ടിട്ട്‌ വര്‍ഷം ഒന്നു കഴിഞ്ഞെങ്കിലും രോഗബാധയുടെ യഥാര്‍ഥ ഉറവിടം എവിടെയാണെന്ന്‌ ഇനിയും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല. വവ്വാലുകളാണു രോഗം പരത്തുന്നതെന്ന പ്രചാരണം വന്നതോടെ കഴിഞ്ഞ വര്‍ഷം ധാരാളം വവ്വാലുകളെ ജനങ്ങള്‍ കൊന്നൊടുക്കിയിരുന്നു. എന്നാല്‍, വവ്വാലില്‍നിന്നാണു രോഗം പടര്‍ന്നതെന്ന നിഗമനം സാധൂകരിക്കാന്‍ ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം രോഗം ബാധിച്ചെങ്കിലും അതിജീവിച്ച രണ്ടു പേര്‍ക്കു നല്‍കിയ ചികിത്സ സംബന്ധിച്ചു കൂടുതല്‍ പഠനം നടത്തിയില്ലെന്നും ആരോപണമുണ്ട്‌. ആദ്യം രോഗബാധയുണ്ടായപ്പോള്‍ മരുന്നുകള്‍ പോലും കണ്ടെത്താന്‍ ബുദ്ധിമുട്ടി. ഇത്തവണ കേരളത്തിലും കേന്ദ്രത്തിലും മരുന്ന്‌ ശേഖരിച്ചിട്ടുണ്ട്‌ എന്നത്‌ ശുഭകരമാണ്‌. ഇത്തരം പകര്‍ച്ചവ്യാധികളുടെ പരിശോധന നടത്താനുള്ള മുന്തിയ നിലവാരത്തിലുള്ള ലാബുകള്‍ കേരളത്തിലില്ല എന്നത്‌ നമ്മെ സംബന്ധിച്ചിടത്തോളം പോരായ്‌മ തന്നെയാണ്‌. കോഴിക്കോട്ട്‌ അടക്കം വൈറോളജി ലാബുകള്‍ നിര്‍മിക്കുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും അത്‌ പ്രാവര്‍ത്തികമായിട്ടില്ല. ആരോഗ്യപരിചരണ രംഗത്ത്‌ കേരളം മറ്റു സംസ്‌ഥാനങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നതു പോലെ തന്നെ ഇത്തരം പരിശോധനാ സ്‌ഥാപനങ്ങള്‍ പടുത്തുയര്‍ത്താനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌.

Ads by Google
Wednesday 05 Jun 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW