Tuesday, June 04, 2019 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 02.21 PM

ഗ്യാസ്ട്രബിള്‍ ഒഴിവാക്കാം

''വയറ്റിലോ നെഞ്ചിലോ ഉള്ള തകരാറുകളുടെ പ്രതിഫലനമാകാം ഗ്യാസ്ട്രബിള്‍. അസിഡിറ്റി, അള്‍സര്‍, ജി.ഇ.ആര്‍.ഡി (ഗ്യാസ്‌ട്രോ ഈസോഫാജിയല്‍ റിഫ്‌ളക്‌സ് ഡിസീസ്) വയറ്റിലെ മ്യൂക്കസ് പാളിയിലെ തകരാറുകള്‍ എന്നിവയുള്ളവര്‍ക്ക് ഗ്യാസ്ട്രബിള്‍ ഉണ്ടാകാറുണ്ട്''
Gastritis Symptoms and Treatment

മനുഷ്യശരീരത്തില്‍ ഒരുദിവസം ശരാശരി ഏഴു മുതല്‍ പത്തു ലിറ്റര്‍ വരെ ഗ്യാസ് ഉണ്ടാകാറുണ്ട്. അതില്‍ ഭൂരിഭാഗവും രക്തത്തിലേക്കു വീണ്ടും ആഗിരണം ചെയ്യപ്പെടുകയും ബാക്കി 600 മില്ലി ഗ്യാസ് ഏകദേശം 14 പ്രാവശ്യമായി പുറത്തേക്കു പോകുകയും ചെയ്യുന്നു.

ഗന്ധത്തിനു കാരണം


സാധാരണമായി അഞ്ചു വാതകങ്ങളാണ് ഗ്യാസില്‍ അടങ്ങിയിരിക്കുന്നത്. ഓക്‌സിജന്‍, നൈഡ്രജന്‍, ഹൈഡ്രജന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീതേന്‍. ഈ അഞ്ചു വാതകങ്ങള്‍ക്കും പ്രത്യേക ഗന്ധമില്ല. എന്നാല്‍ ഗ്യാസ് വന്‍കുടലില്‍ക്കൂടി കടന്നുപോകുമ്പോള്‍ അവിടെയുള്ള ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന സല്‍ഫര്‍ വാതകവുമായി കലരുന്നു. ഇത് ഗ്യാസിന് ഒരു പ്രത്യേക ഗന്ധം ഉണ്ടാക്കുന്നു.

ഗ്യാസ്ട്രബിള്‍ ഒരു രോഗമാണോ? അല്ല. എന്നാല്‍ ഒരു അസ്വസ്ഥതയാണ്. ഗ്യാസ് വലിയ പ്രശ്‌നമായി മാറുമ്പോള്‍ അടിസ്ഥാനപരമായി മറ്റു രോഗങ്ങള്‍ കാണാറുണ്ട്. വയറ്റിലോ നെഞ്ചിലോ ഉള്ള തകരാറുകളുടെ പ്രതിഫലനമാകാം ഗ്യാസ്ട്രബിള്‍. അസിഡിറ്റി, അള്‍സര്‍, ജി.ഇ.ആര്‍.ഡി (ഗ്യാസ്‌ട്രോ ഈസോഫാജിയല്‍ റിഫ്‌ളക്‌സ് ഡിസീസ്) വയറ്റിലെ മ്യൂക്കസ് പാളിയിലെ തകരാറുകള്‍ എന്നിവയുള്ളവര്‍ക്ക് ഗ്യാസ്ട്രബിള്‍ ഉണ്ടാകാറുണ്ട്.

Gastritis Symptoms and Treatment

ഗ്യാസ് ഉണ്ടാകാനുള്ള കാരണങ്ങള്‍


1. ദഹിക്കാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ വന്‍കുടലില്‍വച്ച് നിരുപദ്രവകാരികളായ ബാക്ടീരിയ വിഘടിപ്പിക്കുമ്പോള്‍ ഗ്യാസ് ഉണ്ടാകുന്നു.

2. എയ്‌റോഫാജിയ അല്ലെങ്കില്‍ വായിലൂടെ ശരീരത്തിനുള്ളിലേക്കു കയറുന്ന വായു ഗ്യാസിന്റെ ഒരു പ്രധാന കാരണമാണ്. കുടിക്കുമ്പോഴും കഴിക്കുമ്പോഴും കുറച്ച് ഗ്യാസ് അകത്തുപോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ പുകവലിക്കുക, മുറുക്കുക, വളരെവേഗം കഴിക്കുകയും കുടിക്കുകയും ചെയ്യുക, ചൂയിംഗം ചവയ്ക്കുക, സോഡപോലെയുള്ള വാതകങ്ങളടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കുക, ഇളകിയ വയ്പുപല്ലുകള്‍ ഉപയോഗിക്കുക രുടങ്ങിയ സാഹചര്യങ്ങളില്‍ കൂടുതല്‍ വായു ശരീരത്തിനുള്ളില്‍ എത്തിപ്പെടുന്നു.

ഇത്തരത്തില്‍ ശരീരത്തിനുള്ളില്‍ എത്തുന്ന വായു ഏമ്പക്കംവഴി പുറത്തേക്കു പോകുന്നു. ശേഷിക്കുന്ന വായു വന്‍കുടലില്‍ എത്തുകയും മലദ്വാരംവഴി പുറത്തേക്കു പോകുകയും ചെയ്യും.

3. ദഹിക്കാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ വിഘടിക്കുന്നത് ഗ്യാസ്ട്രബിളിന് കാരണമാണ്. ചിലതരത്തിലുള്ള അന്നജങ്ങള്‍, ചില ഷുഗറുകള്‍ (പ്രധാനമായും റഫിനോസ്, ലാക്‌റ്റോസ്, ഫ്രക്‌റ്റോസ്, സോര്‍ബിറ്റോള്‍ എന്നിവ) ചില സ്റ്റാര്‍ച്ചുകള്‍, നാരുകള്‍ എന്നിവ മനുഷ്യശരീരത്തിനു ദഹിപ്പിക്കുവാന്‍ കഴിയില്ല. ദഹിക്കാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ ചെറുകുടലിലൂടെ വന്‍കുടലില്‍ എത്തുന്നു.

വന്‍കുടലിലുള്ള നിരുപദ്രവകാരികളായ ബാക്ടീരിയകളുടെ പ്രവര്‍ത്തന ഫലമായി അവ വിഘടിപ്പിക്കുകയും ഗ്യാസ് ഉണ്ടാകുകയും ചെയ്യന്നു. പ്രധാനമായും ഹൈഡ്രജനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡുകളും. ചിലരില്‍ മീഥേന്‍ ഗ്യാസും ഉണ്ടാകാം. ഇങ്ങനെ ഉണ്ടാകുന്ന ഗ്യാസ് മലദ്വാരംവഴി പുറത്തേക്കു പോകുന്നു.

ഗ്യാസിനു കാരണമായ ആഹാരങ്ങള്‍


1. അന്നജം അടങ്ങിയിരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളാണ് ഗ്യാസിന് കൂടുതല്‍ കാരണമായിത്തീരുന്നത്. മാംസ്യവും കൊഴുപ്പും അടങ്ങിയിരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് പൊതുവേ ഗ്യാസ് കുറവായിരിക്കും. എന്നാല്‍ കൊഴുപ്പ് ധാരാളമായി അടങ്ങിയ ആഹാരം ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു. അതിനാല്‍ ആമാശയത്തില്‍ കൂടുതല്‍നേരം തങ്ങുന്നു. ഇത് വയര്‍ വീര്‍ക്കുക, വയറില്‍ അസ്വസ്ഥത എന്നിവ ഉണ്ടാക്കുന്നു.
Gastritis Symptoms and Treatment

2. പരിപ്പു - പയറുവര്‍ഗങ്ങള്‍, സോയാബീന്‍സ്, തവിട് അധികം കളയാത്തതും അധികം സംസ്‌കരിക്കാത്തതുമായ ധാന്യങ്ങള്‍, ഗോതമ്പ്, ചോളം, ന്യൂഡില്‍സ്, കാബേജ്, കോളിഫ്‌ളവര്‍, ബ്രക്കോളി, ഉരുളക്കിഴങ്ങ്, കപ്പ, സവാള, ഉള്ളി, കുക്കുമ്പര്‍, ആപ്പിള്‍, സബര്‍ജില്ലി, നാരുകള്‍ കൂടുതലായി അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ - പ്രത്യേകമായി വെള്ളത്തില്‍ അലിയുന്ന നാരുകള്‍ (സോളിബിള്‍ ഫൈബര്‍) അടങ്ങിയവ- പയറുവര്‍ഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്താം. ഇവയെല്ലാം മനുഷ്യശരീരത്തില്‍ കൂടുതല്‍ ഗ്യാസ് ഉണ്ടാക്കുന്നവയാണ്. എന്നാല്‍ ഒരാളില്‍ ഗ്യാസ് ഉണ്ടാക്കുന്ന ആഹാരം മറ്റൊരാളില്‍ ഗ്യാസ് ഉണ്ടാക്കണമെന്നില്ല.

3. ചില ആളുകളില്‍ ലാക്‌റ്റോസ് എന്‍സൈം പ്രായമാകുമ്പോള്‍ കുറയുകയോ ഇല്ലാതാകുന്നതായോ കണ്ടുവരുന്നു. ഇത്തരം സാഹചര്യത്തില്‍ ലാക്‌റ്റോസ് അല്ലെങ്കില്‍ പാലില്‍ അടങ്ങിയിരിക്കുന്ന ഷുഗര്‍ ദഹിക്കാതെപോകുന്നു. ഇവരില്‍ പാലും പാല്‍ ഉല്‍പ്പന്നങ്ങളും കഴിക്കുമ്പോള്‍ ഗ്യാസ് ഉണ്ടാകാറുണ്ട്.

ലക്ഷണങ്ങള്‍


വയറുവേദന, വയറില്‍ അസ്വസ്ഥത, വയര്‍ സ്തംഭംനം, നെഞ്ചെരിച്ചില്‍, നെഞ്ചുവേദന, പുറംവേദന, വയര്‍ വീര്‍ത്തതായി തോന്നുക, ഏമ്പക്കം, മലദ്വാരത്തില്‍ക്കൂടി ഗ്യാസ് പുറത്തേക്കു പോകുക എന്നിങ്ങനെ പലതരം ലക്ഷണങ്ങള്‍ ഉണ്ടാകാം.

ഗ്യാസ്ട്രബിള്‍ കണ്ടുപിടിക്കാം


ഗ്യാസ്ട്രബിള്‍ ഉയര്‍ന്ന അസ്വസ്ഥത ഉണ്ടാക്കുന്നവര്‍ ഒരു ഡയറ്റ്ഡയറി സൂക്ഷിക്കുന്നത് നന്നായിരിക്കും. ദിവസവും ഏതെല്ലാം ഭക്ഷണം കഴിക്കുന്നു, ഗ്യാസിന്റെ ലക്ഷണങ്ങള്‍ എന്നിവ ഇതില്‍ രേഖപ്പെടുത്താം. ഏത് ഭക്ഷണം കഴിച്ചാലാണ് കൂടുതല്‍ ഗ്യാസ് ഉണ്ടാകുന്നതെന്ന് ഇതിലൂടെ മനസിലാക്കാം.
Gastritis Symptoms and Treatment

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


മനുഷ്യശരീരത്തില്‍ ഗ്യാസ് ഉണ്ടാകുക എന്നത് സ്വാഭാവികമാണ്.ഒരാളില്‍ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണം മറ്റൊരാളില്‍ ഗ്യാസ് ഉണ്ടാക്കണമെന്നില്ല.
ഗ്യാസിന് കാരണമായ ഭക്ഷണ പദാര്‍ഥങ്ങളെല്ലാം പോഷകമൂല്യം കൂടുതല്‍ ഉള്ളതും സമീകൃത ആഹാരത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവയുമാണ്.

അതിനാല്‍ ഇത്തരം ആഹാരങ്ങളെ പൂര്‍ണമായും അകറ്റിനിര്‍ത്താതെ അല്‍പാല്‍പംകഴിച്ച് അവയെ മെരുക്കിയെടുക്കുകയാണു വേണ്ടത്. പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിച്ചാല്‍ ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നത് ഒരുപരിധിവരെ കുറയ്ക്കാവുന്നതാണ്.
ഗ്യാസ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ മറ്റു രോഗങ്ങള്‍ ഉണ്ടോയെന്നും അറിയണം.

ഡോക്ടറുടെ നിര്‍ദേശപ്രകാരം ദഹിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകളോ ലാക്‌ടോസ് എന്‍സൈം കുറഞ്ഞവര്‍ അതും കഴിക്കുന്നത് ഫലപ്രദമായേക്കാം.ധാരാളം വെള്ളം കുടിക്കുക. ഒരുദിവസം ഏകദേശം 8-10 ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം.

സാവധാനം ചവച്ചരച്ച് വായ് അധികം തുറന്നുപിടിക്കാതെ ഭക്ഷണം കഴിക്കുമ്പോള്‍ വായിലൂടെ അകത്തു പ്രവേശിക്കുന്ന വായുവിനെ ഒരുപരിധിവരെ കുറയ്ക്കാവുന്നതാണ്.

പുകവലി, ചൂയിംഗം ചവയ്ക്കുക എന്നിവ ഒഴിവാക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ദിവസവും മൂന്നു പ്രധാന ഭക്ഷണവും രണ്ടു ലഘുഭക്ഷണവും എന്ന ക്രമത്തില്‍ ആഹാരരീതി ചിട്ടപ്പെടുത്തുക, ഭക്ഷണവേളകള്‍ക്കിടയിലുള്ള സമയദൈര്‍ഘ്യം മൂന്നു മണിക്കൂറില്‍ അധികമാകുന്നത് നല്ലതല്ല. ദിനചര്യയില്‍ വ്യായാമം ഉള്‍പ്പെടുത്തുക

കടപ്പാട്:
സിന്ധു ജേക്കബ്
കണ്‍സല്‍ട്ടന്റ് ഡയറ്റീഷന്‍, കൊച്ചി

Ads by Google
Ads by Google
Loading...
TRENDING NOW