Saturday, June 22, 2019 Last Updated 13 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 03 Jun 2019 03.21 PM

അമ്മ തൊഴിലുറപ്പിനു പോയതുകൊണ്ടാണ് എനിക്ക് സിവില്‍ സര്‍വീസ് നേടാനായത്- അഭിമാനത്തോടെ ശ്രീധന്യ

''ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസിലിടം നേടിയ ശ്രീധന്യ സുരേഷിന്റെ വിശേഷങ്ങളിലേക്ക്... ''
Sreedhanya Suresh

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410 ാം റാങ്ക് വാങ്ങി ചരിത്രത്തിലേക്കാണ് ശ്രീധന്യ നടന്നുകയറിയത്. വയനാട്ടിലെ പൊഴുതന ഇടിയംവയല്‍ അമ്പലകോളനിയിലെ ശ്രീധന്യയുടെ വീട്ടിലിപ്പോള്‍ സന്തോഷത്തിന്റെ നിമിഷങ്ങളാണ്.

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുവന്ന ശ്രീധന്യ എത്തിപ്പിടിച്ച നേട്ടത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്.

മണ്ണുകൊണ്ട് നിലം മെഴുകിയ, തുണികൊണ്ട് ജനലുകളും ചുവരുകളും മറച്ച, ദ്രവിച്ചുവീഴാറായ അവളുടെ വീടിന് പറയാന്‍ ഈ പെണ്‍കുട്ടിയെക്കുറിച്ചും അവള്‍ക്കുവേണ്ടി ജീവിക്കുന്ന അച്ഛനമ്മമാരെക്കുറിച്ചും ധാരാളം കഥകളുണ്ട്. കണ്ണീരുപ്പുള്ള കഥകള്‍.

കാരണം ഈ നാല് ചുവരുകള്‍ക്കുള്ളിലായിരുന്നു ഇവരുടെ കണ്ണീരും ആവലാതിയും സന്തോഷവും എല്ലാം അടക്കിവച്ചത്. അമ്മ തൊഴിലുറപ്പ് പണിക്ക് പോയതുകൊണ്ടാണ് എനിക്കിവിടെവരെ എത്താന്‍ കഴിഞ്ഞതെന്ന് മകള്‍ പറയുമ്പോള്‍ ആവേശംകൊള്ളണം നമ്മുടെ നാട്ടിലെ ഓരോ കുട്ടിയും...

Sreedhanya Suresh

ഐ.എ.എസ് നേടണമെന്നുറച്ച്


നമ്മുടെ ലക്ഷ്യത്തെ മുറുകെപ്പിടിച്ചാല്‍ ഉറപ്പായും ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഞാന്‍ മലയാളം മീഡിയത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം പഠിച്ചുവന്നയാളാണ്. തരിയോട് സെന്റ് മേരീസ് യു. പി.സ്‌കൂള്‍, നിര്‍മ്മലാ ഹൈസ്‌കൂള്‍, തരിയോട് ഗവ. എച്ച്. എസ്. എസ് എന്നിവിടങ്ങളിലാണ് സ്‌കൂള്‍ കാലഘട്ടങ്ങളിലെ പഠനം.

കോഴിക്കോട് വേദഗിരി കോളജില്‍ നിന്ന് ബിരുദവും കാലിക്കട്ട് സര്‍വ്വകലാശാലയില്‍നിന്ന് പി. ജി യും ചെയ്തു. 2014 ലാണ് പി. ജി പൂര്‍ത്തിയാക്കിയത്. രണ്ട് വര്‍ഷം ട്രൈബല്‍ പ്രമോട്ടറായി ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹം മനസില്‍ കയറിക്കൂടിയത്.

ജോലി ഉപേക്ഷിച്ച് സര്‍ക്കാര്‍ സഹായത്തോടെ തിരുവനന്തപുരത്ത് പരിശീലനത്തിനെത്തി. ഫോര്‍ച്യൂണ്‍ അക്കാദമിയില്‍ ചേര്‍ന്ന് രണ്ടാമത്തെ ശ്രമത്തിലായിരുന്നു പരീക്ഷയില്‍ നേട്ടം കാണാനായത്.

പിന്‍തിരിയാനല്ല നേടാന്‍


വിഷമകരമായ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. ഒരുപാട് ബുദ്ധിമുട്ടിയാണ് പഠനത്തിനും പരീക്ഷയ്ക്കും ഒക്കെയുള്ള പണം കണ്ടെത്തിയത്. ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും അച്ഛനും അമ്മയും ഒരിക്കലും എന്നെ പിന്‍തിരിപ്പിക്കുന്ന രീതിയില്‍ ഒന്നും പറഞ്ഞില്ല. മറിച്ച് പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. എന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച സ്ത്രീ അമ്മയാണ്. അമ്മ തൊഴിലുറപ്പിന് പോയതുകൊണ്ടാണ് എനിക്ക് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
Sreedhanya Suresh

സെല്‍ഫ് മോട്ടിവേറ്റര്‍


എനിക്കൊരു റോള്‍ മോഡല്‍ ഇല്ല. ഞാന്‍ സെല്‍ഫ് മോട്ടിവേറ്ററാണ്. പഠിക്കണമെന്ന് തോന്നുമ്പോള്‍ പഠിക്കും. അല്ലാത്തപ്പോള്‍ വെറുതെയിരിക്കും. ആറ് മണിക്കൂര്‍ വരെ തുടര്‍ച്ചയായിരുന്ന് പഠിച്ച ദിവസങ്ങളുണ്ടായിട്ടുണ്ട്.

രാത്രിയാണ് പഠനത്തിന് കൂടുതല്‍ സമയം കണ്ടെത്തിയിരുന്നത്. വെളുപ്പിന് രണ്ട് മണിവരെയൊക്കെ പഠിച്ചിരുന്നു. ടൈം ടേബിളൊന്നും വച്ചിരുന്നില്ല.

ജനങ്ങളോടൊപ്പം


ജനങ്ങള്‍ക്ക് വേണ്ടി, നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ഈ രംഗത്തെക്കുറിച്ച് ചിന്തിച്ചതുപോലും. പരിസ്ഥിതിയെ മറന്നുകൊണ്ട് ഒരു വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ സപ്പോര്‍ട്ടല്ല. പരിസ്ഥിതി സൗഹാര്‍ദ വികസനത്തിനായിരിക്കും കൂടുതല്‍ ഫോക്കസ് കൊടുക്കുക. രണ്ടാമത് സ്ത്രീസുരക്ഷയ്ക്ക്.

മറ്റൊന്ന് ആദിവാസി സമൂഹത്തിന് വേണ്ടി ചെയ്യേണ്ട കുറേ കാര്യങ്ങളുണ്ട്. അവരെ ഞാനല്ലാതെ ആരാണ് സപ്പോര്‍ട്ട് ചെയ്യുക. മറ്റൊരു വലിയ ആഗ്രഹം പ്രായമായവര്‍ക്കും, വീട്ടില്‍ ഒറ്റയ്ക്കായി പോകുന്നവര്‍ക്കുംവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം.

അവരെ എന്‍ഗേജിഡ് ആക്കുവാന്‍ വേണ്ടി. എനിക്ക് കിട്ടുന്ന ഏരിയ എവിടാണോ അവിടുത്തെ വികസനത്തിനുവേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യണമെന്നാണ് ആഗ്രഹം.

Sreedhanya Suresh

വിജയമന്ത്രം


മറ്റെന്ത് കാര്യമുണ്ടെങ്കിലും എന്റെ ലക്ഷ്യങ്ങളുടെ സ്ഥാനം എപ്പോഴും ആദ്യത്തേതാക്കിവയ്ക്കാന്‍ ശ്രദ്ധിച്ചിരുന്നു. നിങ്ങളുടെ ലക്ഷ്യമാണ് നിങ്ങളുടെ ഏറ്റവും ആദ്യത്തെ കാര്യമെങ്കില്‍ തീര്‍ച്ചയായും എന്തും നേടിയെടുക്കാന്‍ കഴിയും.

സിവില്‍ സര്‍വ്വീസിനുവേണ്ടി ഇറങ്ങിയ സമയത്ത് അതുംകൊണ്ടേ തിരിച്ചുള്ളൂ എന്ന് തീരുമാനിച്ചിരുന്നു. എനിക്കിത് പറ്റുമെങ്കില്‍ നിങ്ങളോരോരുത്തര്‍ക്കും നിങ്ങളുടെ ലക്ഷ്യമെന്താണോ അതിലേക്കെത്താന്‍ നിഷ്പ്രയാസം കഴിയും.

എപ്പോഴും പോസിറ്റീവ്


എന്നെ സംബന്ധിച്ച് എന്നിലെ ഏറ്റവും പോസിറ്റീവായ കാര്യം ഇതാണ്, ആരോട് എപ്പോള്‍ വേണമെങ്കിലും സംസാരിക്കുന്നതുകൊണ്ട് വിരോധമില്ല. ഒരു കമ്യൂണിറ്റിയില്‍ എത്തിപ്പെട്ടാലും അവരോട് ഇടപഴകാന്‍ ബുദ്ധിമുട്ടില്ല. കഠിനാധ്വാനം ചെയ്യാന്‍ മടിയില്ല.
Sreedhanya Suresh

എന്റെയുള്ളിലെ പോസിറ്റീവെന്ന് എനിക്ക് തോന്നിയ മറ്റൊരു കാര്യം ഞാനൊരു നല്ല ശ്രോതാവാണെന്നതാണ്. ഒരു പെണ്‍കുട്ടി എന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു. പെണ്‍കുട്ടിയായതുകൊണ്ട് ഒന്നിനേയും ഭയപ്പെടുന്നുമില്ല.

ഷെറിങ്ങ് പവിത്രന്‍.

Ads by Google
Monday 03 Jun 2019 03.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW