Thursday, June 20, 2019 Last Updated 46 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 03 Jun 2019 12.00 PM

കാന്താരിമുളക് അരച്ചത് കലക്കിയാല്‍ നീറാനുള്ള കണ്ണോ ഇറങ്ങിയോടാനുള്ള കാലോ ബാക്ടീരിയക്കും വൈറസിനുമില്ല; ഫുള്‍ ജാര്‍ സോഡ കടകളില്‍ നിന്നും കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുവ ഡോക്ടര്‍

full jar soda

കുലുക്കി സര്‍ബത്തിന്റെയുമ മറ്റ് പാനീയങ്ങളുടെയും മാര്‍ക്കറ്റ് ഇടിച്ച് കൊണ്ട് വിപണി കീഴടക്കിയിരിക്കുന്നത് ഫുള്‍ ജാര്‍ സോഡയാണ്. സോഷ്യല്‍ മീഡിയകളിലും ഈ ഫുള്‍ജാര്‍ സോഡകള്‍ വൈറലാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഫുള്‍ജാര്‍ സോഡ കടകളില്‍ നിന്നും കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യുവ ഡോക്ടര്‍ ഷിംന അസീസ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷിംന അസീസിന്റെ പ്രതികരണം.

ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഏത് സോഷ്യല്‍ മീഡിയ ആപ്പ് തുറന്നാലും ഫുള്‍ജാര്‍ സോഡയും വേറേതാണ്ട് സോഡയുമൊക്കെ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. നോമ്പ് തുറന്ന് കഴിഞ്ഞാല്‍ പിന്നെ സര്‍വ്വം പതപതാന്ന് ഒഴുകണം. കണ്ടിട്ട് പേട്യാകുന്നത് പോരാഞ്ഞിട്ട് ചേരുവകള്‍ എന്താന്ന് കേട്ടിട്ടും പേട്യാവ്ണുണ്ട്. പാവം ആമാശയം !

ബൈ ദ വേ, ഈ സോഡ എന്ന് പറയുന്ന കാര്‍ബണ്‍ ഡയോക്സൈഡ് വാതകം കലക്കിയ വെള്ളം അഥവാ കാര്‍ബോണിക് ആസിഡ് ആരോഗ്യത്തിന് നല്ലതാണോ കുട്ടികളേ? ദഹനത്തിന്? സ്ഥിരമായി കുടിച്ചാല്‍ വായിലെ പല്ല് മുതല്‍ സകല സിസ്റ്റംസിനും ഹാനികരമാകാവുന്ന സാധനമാണ് സോഡ. ദഹനം സുഗമമാക്കാന്‍ എന്നും ഗ്യാസ് കളയാന്‍ എന്നും പറഞ്ഞ് സോഡ കുടിക്കുമ്പോള്‍ തികട്ടി വരുന്നത് നിങ്ങളുടെ ദഹനവ്യൂഹത്തിലെ ഗ്യാസാവണമെന്ന് പോലുമില്ല. സോഡയില്‍ കുത്തിക്കേറ്റിയ ഗ്യാസെന്നാ സുമ്മാവാ? 'ഹേം' എന്ന് ഒട്ടകത്തെ അനുസ്മരിപ്പിക്കുന്ന സൗണ്ടുണ്ടാക്കുമ്പോ വെറുതേ ഒരു മന:സുഖം, അല്ലാതെന്ത് ! എന്നാലും നിങ്ങള്‍ക്ക് അണ്‍സഹിക്കബിള്‍ സോഡാക്രാന്തം വരുന്നുണ്ടേല്‍ ഫില്‍റ്ററില്‍ നിന്നെടുത്ത വെള്ളത്തിലോ തിളപ്പിച്ചാറിയ വെള്ളത്തിലോ സോഡ മേക്കറില്‍ ഡിഷ്‌ക്യൂന്ന് പറഞ്ഞ് സോഡയുണ്ടാക്കിയോ വിശ്വസിക്കാവുന്നിടത്ത് നിന്ന് വാങ്ങിയോ എപ്പഴേലും കുടിച്ചാല്‍ സാരമില്ലാന്ന് കരുതാം.

ഇങ്ങള് കഥാപ്രസംഗം നടത്തി ബേജാറാക്കാണ്ട് ഫുള്‍ജാറിന്റെ കഥ പറയീ എന്നാണോ? പകല്‍ നോമ്പെടുത്ത് വൈകുന്നേരം മേല്‍ പറഞ്ഞ സോഡയും എക്സ്ട്രീം എരിവുള്ള, കുടിച്ചാല്‍ സ്വര്‍ഗോം നരകോം പാതാളോം കടലിന്റടിത്തട്ടും ഒന്നിച്ച് കാണിക്കുന്ന കാന്താരി മുളകും ഇഞ്ചിയും പുതിനയും നാരങ്ങനീരും കസ്‌കസും ഒന്നിച്ച് ചേര്‍ത്ത ഫുള്‍ജാര്‍ എങ്ങനെ നോക്കിയാലും അനാരോഗ്യകരമാണ്. നോമ്പെടുത്തിട്ടില്ലെങ്കില്‍ പോലും വയറ്റില്‍ സുനാമിയുണ്ടാക്കുന്ന ഈ വസ്തു കുടിക്കുന്ന ത്രില്ലിനപ്പുറം (എന്തരോ എന്തോ) ഒരു കുന്തവും തരാന്‍ പോണില്ല.

കഴിഞ്ഞ ദിവസം ഈ ജാര്‍ കുടിക്കാന്‍ പോയ മനുഷ്യരെല്ലാം കൂടി എങ്ങാണ്ട് ട്രാഫിക് ജാം ഉണ്ടാക്കിയെന്നും കേട്ടു. അത്തരം കടകളില്‍ ഗ്ലാസ് കഴുകുന്നതിന്റെ അവസ്ഥ അറിയാമോ? മഞ്ഞപ്പിത്തം തൊട്ട് രോഗങ്ങളുടെ ലിസ്റ്റെടുക്കാം. ജനിച്ചിട്ട് വെള്ളം കാണാത്ത, സോഡയിലേക്ക് പ്ലുക്കോ എന്നിടുന്നത് വഴി ബൈ ഡീഫോള്‍ട്ട് വൃത്തിയാകുമെന്ന് വിശ്വസിക്കപ്പെടുന്ന വൈന്‍ ഗ്ലാസും ബ്ലും ബ്ലുംന്ന് പതഞ്ഞൊഴുകുന്നതോണ്ട് വല്ല്യ കഴുകല്‍ പ്രക്രിയ നടക്കാത്ത അണ്ഡാവ് പോലത്തെ ആ വല്ല്യ ഗ്ലാസും അസ്സല്‍ രോഗവാഹകരാണ്. ആ വൈന്‍ ഗ്ലാസിന്റെ അടീലുള്ള ഇച്ചീച്ചി ബേ മൊത്തം വയറ്റിലേക്കാണ് എന്നതുമോര്‍ക്കണം. കാന്താരിമുളക് അരച്ചത് കലക്കിയാല്‍ നീറാനുള്ള കണ്ണോ ഇറങ്ങിയോടാനുള്ള കാലോ ബാക്ടീരിയക്കും വൈറസിനുമില്ല. ഇതിലും കിടിലം പാനീയങ്ങളുണ്ടാക്കീട്ട് അവര്‍ അവരുടെ ജോലി കൃത്യമായി ചെയ്യാതിരുന്നിട്ടുമില്ല. രോഗമുണ്ടാക്കുന്ന കാര്യത്തില്‍ അതുങ്ങള്‍ക്ക് ഒരു ജാതി വൃത്തികെട്ട ഡെഡിക്കേഷനാണ്. കൊണ്ടേ പോകൂ.

തുപ്പല്‍ വഴിയും മലിനമായ ജലം വഴിയും എന്തോരം അസുഖം വരാം എന്നറിയോ? ഗ്ലാസ് കഴുകുന്ന വെള്ളവും സോഡയുണ്ടാക്കുന്ന വെള്ളവും ഒക്കെ മാത്തമാറ്റിക്‌സാണ് സേട്ടാ... E.Coli എന്ന ബാക്ടീരിയയെ പറ്റി കേട്ടിട്ടുണ്ടോ? ഇപ്പോ കേട്ടല്ലോ, അവരേത് വഴിയാ വരുന്നേന്ന് കൂടി പോയി ഗവേഷിക്കൂ.

മൊത്തത്തില്‍, ബയോളജിക്കലി ആന്റ് മെഡിക്കലി സ്പീക്കിംഗ് നല്ല അലമ്പ് ഐറ്റമാണിത്. നല്ല ഓപറേറ്റിംഗ് സിസ്റ്റവും ഹാര്‍ഡ്വെയറുമായി ജനിച്ച് വീണതല്ലേ ? വെറുതേ സിസ്റ്റം ഹാങ്ങാവുന്ന പ്രോഗ്രാം റണ്‍ ചെയ്യല്ലേ. പോയി ഇച്ചിരെ നാരങ്ങാവെള്ളം കലക്കി കുടിക്കൂ. അതില് പുതിനയിലയോ അണ്ടിപ്പരിപ്പോ ഏലക്കാപ്പൊടിയോ ഇഞ്ചിയോ പൈനാപ്പിളോ ഒക്കെ ഓരോ ദിവസമായി ചേര്‍ത്ത് നോക്കൂ. എഴുതുമ്പോ തന്നെ ഒരു കുളിര്. ഉണ്ടാക്കി കുടിക്കുമ്പോ എന്ത് രസായിരിക്കും. ഒരു ജാര്‍ ഫുള്‍ ഉണ്ടാക്കി മോന്തിക്കോളൂ.

ഇനി ഫുള്‍ജാര്‍ സോഡ തന്നെ വേണോ? വൃത്തിയുടെ കാര്യത്തില്‍ അത്ര വിശ്വാസമുള്ളിടത്ത് നിന്നോ യൂട്യൂബ് നോക്കി വീട്ടീന്നോ ഉണ്ടാക്കി വല്ലപ്പോഴും കുടിച്ചോളൂ. ഏതായാലും റോട്ടില്‍ കിട്ടുന്ന ജാറ് കഴിവതും മാണ്ട, പണിയാകും. നിങ്ങള്‍ക്ക് മാത്രല്ല, ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്കും.

Dr.Shimna Azeez

Ads by Google
Monday 03 Jun 2019 12.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW