Friday, June 21, 2019 Last Updated 13 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 02 Jun 2019 01.35 AM

വ്രതകാലത്തിന്റെ ബാക്കിയിരുപ്പ്‌

പ്രവാചകന്‍ യഅ്‌ഖൂബിന്‌ പന്ത്രണ്ട്‌ പുത്രന്മാരുണ്ടായിരുന്നു. അവരില്‍ ശ്രേഷ്‌ഠനായിരുന്നു പ്രവാചകന്‍ യൂസുഫ്‌. പിതാവിന്റെ വാത്സല്യപുത്രനും യൂസുഫ്‌ തന്നെ. പക്ഷെ, മറ്റു മക്കള്‍ക്ക്‌ യൂസുഫിനോട്‌ അനിഷ്‌ടം തോന്നി. അവര്‍ ഇല്ലായ്‌മ ചെയ്യാനൊരുങ്ങി. ഒടുവില്‍ യൂസുഫ്‌ വിജയിച്ചു. പ്രവാചകനായി. തന്നോട്‌ അനിഷ്‌ടവും അസഹിഷ്‌ണുതയും പുലര്‍ത്തിയ പതിനൊന്ന്‌ സഹോദരന്മാര്‍ക്കും യൂസുഫ്‌ തണലായി മാറി. പതിയേ അവരെ ശുദ്ധചിത്തരാക്കി മാറ്റി.
ഇതുപോലെയാണ്‌ വ്രതകാലമായ റമദാനെന്ന്‌ ഒരു നിരീക്ഷണമുണ്ട്‌. സുന്ദരനും ശുദ്ധാത്മാവുമായ യൂസുഫിനെ പോലെയാണ്‌ റമദാന്‍. ഇതര പതിനൊന്ന്‌ മാസങ്ങളെ ശുദ്ധീകരിക്കാന്‍ റമദാന്‌ കഴിയുമെന്നാണ്‌ ആ സമീകരണത്തിന്റെ താത്‌പര്യം.
മനുഷ്യന്റെയും മനസിന്റെയും വിശുദ്ധിയാണ്‌ വ്രതകാലത്തിന്റെ ബാക്കിയിരുപ്പ്‌. അപരദേ്വഷമില്ലായ്‌മയാണ്‌ ഹൃദയവിശുദ്ധിയുടെ ഫലം. അതിലൂടെ മനുഷ്യന്‍ എന്ന വികാരം മനസില്‍ പരക്കുന്നു. തന്റെ സഹോദരന്റെ വിശപ്പ്‌ നോമ്പുകാരന്റെ വയറ്റത്തും തീ കൂട്ടുന്നു. വ്രതം തന്നെ അന്നമില്ലാത്തവരുടെ വികാരത്തിന്‌ സമാനമല്ലേ. ശുദ്ധമായ മാനവസ്‌നേഹത്തിന്റെ പരിഛേദമാണ്‌ വ്രതത്തിന്റെ ശേഷിപ്പ്‌. നോമ്പ്‌ ഹൃദയത്തിന്റെ അന്യായമായ രതികളെ മുറിച്ചുകളഞ്ഞിട്ടുണ്ട്‌ . മോഷണം, ദൂഷണം, അവമാനം, അപഹരണം തുടങ്ങിയ വ്യക്‌തിവൈകല്യങ്ങള്‍ നോമ്പിന്റെ ശ്രേഷ്‌ഠത കെടുത്തിക്കളയുമെന്നാണ്‌ വിശ്വാസം. നോമ്പിന്റേതു മാത്രമല്ല, എല്ലാ കാലത്തും ജീവിതത്തിന്റെ തിളക്കം കെടുത്തിക്കളയുന്ന അണുകീടങ്ങളാണിവ. വ്രതം ഇതിനുമേല്‍ കീടനാശിനി പ്രയോഗിക്കുന്നു. ബാക്കി കാലത്തേക്കു കൂടി മനുഷ്യനെ കഴുകിയെടുക്കുന്നു. എത്രമേല്‍ ശുദ്ധിയാണ്‌ വ്രതകാലം നല്‍കിയത്‌. ഓരോ വര്‍ഷവും ഈ വിരേചന പ്രക്രിയ തുടരുന്നു. നീണ്ട മുപ്പത്‌ ദിവസത്തെ വിമലീകരണം.
ദാനം ധര്‍മമാണ്‌ . അത്‌ നോമ്പിനെ കൂടുതല്‍ തിളക്കമുറ്റതാക്കി മാറ്റി. ഇല്ലാത്തവരുടെ, കഷ്‌ടതയുടെ കുപ്പായം ധരിച്ചവരുടെ ഹൃദയസ്‌പന്ദനത്തോട്‌ ചേര്‍ന്നു നില്‍ക്കാനാണ്‌ വ്രതകാലം ശീലിപ്പിച്ചത്‌. ഭയഭക്‌തിക്ക്‌ വേണ്ടിയത്രെ വ്രതം നിശ്‌ചയിച്ചത്‌. സര്‍വത്ര കലുഷിതമായ ജീവിത പരിസരത്ത്‌ ദൈവത്തെയോര്‍ത്തും ചേര്‍ത്തും നന്മകളോട്‌ ഒട്ടിനില്‍ക്കാനാണ്‌ വ്രതം പരിശീലിപ്പിച്ചത്‌. വേദഗ്രന്ഥമാണ്‌ റമദാന്റെ സമ്മാനം. ദൈവത്തിന്റെ നിത്യസ്‌മരണയാണ്‌ വേദഗ്രന്ഥത്തിലൂടെ പ്രവഹിക്കുന്നത്‌. അതിലൂടെ ഹൃദയം നവീകരിക്കപ്പെടുന്നു. വ്രതവും വേദഗ്രന്ഥവും കൂടിച്ചേരുമ്പോള്‍ ഹൃദയത്തെ തെളിച്ചം വരുത്താന്‍ വേറെന്തു വേണം. ഇനി നീണ്ടകാലം ആ തെളിച്ചം ശേഷിക്കുക തന്നെ ചെയ്യും. അതിലൂടെ മനസ്‌ തളിര്‍ക്കും. മണ്ണ്‌ പൂക്കും. സ്‌നേഹം വിരിയും.

എ.പി. മുഹമ്മദ്‌ അശ്‌ഹര്‍ പത്തനംതിട്ട

(എസ്‌.എസ്‌.എഫ്‌. സംസ്‌ഥാന ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍)

Ads by Google
Sunday 02 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW