Friday, June 21, 2019 Last Updated 13 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 02 Jun 2019 01.35 AM

ശില്‌പിയുടെ കഥ

uploads/news/2019/06/312143/re4.jpg

ഒരിടത്ത്‌ സമര്‍ഥനായ ഒരു ശില്‌പി ഉണ്ടായിരുന്നു. രാത്രി അവന്‍ ഒരു സ്വപ്‌നം കണ്ടു. ഒരു വലിയ പാറ കൊത്തിക്കൊണ്ടിരിക്കുമ്പോള്‍ അവന്‍ ഒരു ബഹളം കേട്ടു. എഴുന്നേറ്റ്‌ തിരിഞ്ഞുനോക്കി, എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അന്വേഷിച്ചു. ആ ദേശത്തെ രാജാവ്‌ അവിടെ വന്നുവെന്നും എല്ലായിടത്തു നിന്നും രാജാവിനെ കാണുവാന്‍ ആളുകള്‍ വന്നു കൂടിയിരിക്കുന്നുവെന്നും അവന്‍ മനസിലാക്കി. ശില്‌പി രാജാവിനെ കാണുവാന്‍ വേഗം പോയി. രാജകീയ മഹത്വം ധരിച്ച രാജാവിനെ ഒന്നു കാണേണ്ടതു തന്നെ ആയിരുന്നു. രാജാവിന്റെ ശക്‌തി, അദ്ദേഹത്തിന്റെ ജനസ്വാധീനം എല്ലാം ശില്‌പിയുടെ മനസില്‍ വലിയ സ്വാധീനമുണ്ടാക്കി. അവന്‍ സ്വയം പറഞ്ഞു: രാജാവാണ്‌ ലോകത്തിലേക്കും ഏറ്റവും ശക്‌തിയുള്ള മനുഷ്യന്‍! എനിക്കും അദ്ദേഹത്തെപ്പോലെ ആയെങ്കില്‍ കൊള്ളാമായിരുന്നു.
ഇതാ! നോക്കൂ- അവന്റെ ആഗ്രഹം സാധിച്ചിരിക്കുന്നു. അവന്‍ ആ ദേശത്തെ രാജാവായിത്തീര്‍ന്നു. അവന്‍ തീര്‍ച്ചയായും ശക്‌തിയുള്ളവനായിരുന്നു. അവന്‌ ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു ദിവസം പുതിയ ഈ രാജാവ്‌ ഒരു മരുഭൂമിയില്‍ പോയി. അവന്‍ ക്ഷീണിതനായിത്തീര്‍ന്നു. സൂര്യന്‍ ശക്‌തിയായി എരിയുകയായിരുന്നതു കൊണ്ട്‌ അതിഭയങ്കരമായ ചൂട്‌ അവിടെ അനുഭവപ്പെട്ടു. അവന്‍ സൂര്യാഘാതത്താല്‍ കഷ്‌ടപ്പെട്ടു. ആ പ്രയാസത്തില്‍നിന്നും മോചിതനായ ശേഷം അവന്‌ മനസിലായി, തീര്‍ച്ചയായും രാജാവല്ല സൂര്യനാണ്‌ ലോകത്തിലേക്കും ഏറ്റവും ശക്‌തിയുള്ളത്‌. സൂര്യന്‍ സഞ്ചരിക്കുന്നിടത്തുനിന്നെല്ലാം ആളുകള്‍ ഓടി മാറുന്നു, ആരും സൂര്യനെ നേരിട്ടു നോക്കുവാന്‍ പോലും ധൈര്യം കാട്ടുന്നില്ല. അതുകൊണ്ട്‌ അവന്‍ തന്നോടുതന്നെ പറഞ്ഞു എനിക്കു ലോകത്തിലേക്കും ഏറ്റവും ശക്‌തിയുള്ള സൂര്യന്‍ ആയെങ്കില്‍ കൊള്ളാമായിരുന്നു. ഇതാ! നോക്കൂ - വീണ്ടും അവന്റെ ആഗ്രഹം സഫലമായി! അവന്‍ സൂര്യനായിത്തീര്‍ന്നു. സത്യം, അവന്‍ പോയിടത്തെല്ലാം ഒന്നു നോക്കുവാന്‍ പോലും തുനിയാതെ അവന്റെ അസഹ്യമായ ചൂടില്‍ നിന്നും ആളുകള്‍ ഓടിയകന്നു. അവന്‍ വളരെ ശക്‌തനായി തോന്നി. എന്നാല്‍ ഒരു ദിവസം ഉച്ച കഴിഞ്ഞ്‌ എരിഞ്ഞു ശോഭിച്ചു നില്‍ക്കുമ്പോള്‍ ഒരു മേഘം അവന്റെ മുമ്പില്‍ വന്നു. പെട്ടെന്ന്‌, ആരും അവന്റെ മുമ്പില്‍ നിന്ന്‌ ഓടിയകലാതായി. സൂര്യനെ അത്ര ഗൗനിക്കുവാന്‍ ആരും കൂട്ടാക്കിയില്ല. അവന്‌ സങ്കടം തോന്നി. ആദ്യം കണ്ടതു പോലെ സൂര്യനല്ല ശക്‌തിയുള്ളതെന്ന്‌ അവനു മനസിലായി. അവന്‌ ഒരു പുതിയ ഹീറോ വന്നിരിക്കുന്നു - മേഘം. അതേ, അവന്‌ മേഘം ആകുവാന്‍ ആഗ്രഹം തോന്നി. മേഘം സഞ്ചരിച്ചിടത്തെല്ലാം മഴ പെയ്‌തു, ഇടിവെട്ടി, വലിയ മാറ്റങ്ങള്‍ ഉണ്ടായി. എല്ലാവരും മഴ ഇഷ്‌ടപ്പെട്ടു. മഴമൂലം ജീവന്റെ പുതുനാമ്പുകള്‍ വളര്‍ന്നു. എല്ലാം ചലിപ്പിക്കുവാന്‍ മേഘത്തിനു കഴിഞ്ഞു. പാറയെ ഒഴികെ. മേഘം സഞ്ചരിച്ചിടത്തെല്ലാം എത്ര കനത്ത മഴ പെയ്‌താലും എത്ര വലിയ ഇടി മുഴങ്ങിയാലും പാറ മാത്രം ഒരു ഇഞ്ചു പോലും മാറ്റവും ചലനവും ഇല്ലാതെ പഴയതു പോലെ തന്നെ ഇരിക്കുന്നു. മേഘമല്ല, പാറയാണ്‌ ലോകത്തിലേക്കും ഏറ്റവും ശക്‌തിമത്തായത്‌ എന്ന്‌ പെട്ടെന്ന്‌ അവന്‍ തിരിച്ചറിഞ്ഞു. അതെ, അവന്റെ ആഗ്രഹം വീണ്ടും സഫലമായി. അവന്‍ ഒരു വലിയ പാറയായിത്തീര്‍ന്നു. ആര്‍ക്കും ഒരിക്കലും ചലിപ്പിക്കുവാന്‍ കഴിയാത്ത യാതൊന്നിനും വ്യത്യാസം വരുത്തുവാന്‍ കഴിയാത്ത വലിയ പാറ. അവന്‍ ശക്‌തനായിത്തീര്‍ന്നതില്‍ സന്തോഷവാനായി. സൂര്യന്‍ അവനെ പൊള്ളലേല്‌പിച്ചില്ല, മേഘം അവനെ ചലിപ്പിച്ചില്ല, രാജാവിന്‌ അവനെ നീക്കുവാന്‍ കഴിഞ്ഞില്ല. അവസാനം അവന്‍ ആഗ്രഹിച്ചത്‌ ആയിത്തീര്‍ന്നു. ലോകത്തിലേക്കും ഏറ്റവും ശക്‌തിയുള്ള വ്യക്‌തിയായിത്തീര്‍ന്നു. അല്ലെങ്കില്‍ ഒരു മധ്യവയസുകാരനായ വ്യക്‌തി തന്റെ സഞ്ചിയുമായി വന്ന്‌ അവന്റെ അടുത്തിരിക്കുന്നതു വരെ അവന്‍ അങ്ങനെയാണ്‌ ചിന്തിച്ചത്‌. അതിനു ശേഷം സംഭവിച്ചത്‌ അവനെ അത്ഭുതപ്പെടുത്തി. പഴയ കീറിയ സഞ്ചിയുമായി പാറയുടെ അടുത്തു വന്നിരുന്ന ആ മനുഷ്യന്‍ അവന്റെ സഞ്ചിയില്‍ നിന്നും ചില ഉപകരണങ്ങള്‍ എടുത്തു. അവന്റെ ഉളി ഉപയോഗിച്ച്‌ പാറയില്‍ കൊത്തുവാന്‍ തുടങ്ങി. കഷണം കഷണമായി പാറ ഇളകിപ്പൊയ്‌ക്കൊണ്ടിരുന്നു. ചില മണിക്കൂറുകളുടെ കഠിനാധ്വാനത്തിനു ശേഷം അവിടെ ക്രിസ്‌തുവിന്റെ അതിമനോഹരമായ രൂപം വെളിപ്പെട്ടു വന്നു. തീര്‍ച്ചയായും ആ മനുഷ്യന്‍ പാറയേക്കാള്‍ ശക്‌തനായിരുന്നു. പാറയില്‍ കൊത്തുപണി ചെയ്യുന്ന ആ മനുഷ്യന്‍ ആരാണെന്ന്‌ അവന്‍ നോക്കി. അത്‌ അവന്‍ തന്നെ ആയിരുന്നു! പെട്ടെന്ന്‌ അവന്‍ സ്വപ്‌നത്തില്‍ നിന്നുണര്‍ന്നു.
അതിന്റെ അര്‍ഥം അവന്‌ വ്യക്‌തമായി മനസ്സിലായി. അവന്‍ ആയിരിക്കുന്ന അവസ്‌ഥയിലും അവന്റെ കഴിവുകളിലും ഒട്ടും സംതൃപ്‌തിയില്ലാതെ എപ്പോഴും മറ്റാരോ ഒക്കെ ആകുവാന്‍ ശ്രമിച്ചുകൊണ്ടിരുന്ന വ്യക്‌തിയായിരുന്നു അവന്‍. അവന്‌ ശക്‌തനും സ്വാധീനമുള്ളവനും വിജയിക്കുന്നവനും ആകണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‌ അതിനുള്ള ഉത്തരവും ലഭിച്ചു. അവന്‍ തീര്‍ച്ചയായും ശക്‌തന്‍ തന്നെയാണ്‌. അവന്‍ അതു തിരിച്ചറിഞ്ഞില്ല എന്നു മാത്രം. ദൈവം അവന്‌ നല്‍കിയ ശില്‌പവിദ്യ തീര്‍ച്ചയായും ശക്‌തിയും സ്വാധീനവും ഉള്ളതാണ്‌. ദൈവം അവനു നല്‍കിയ കഴിവുകൊണ്ട്‌ ദൈവത്തിന്‌ മഹത്ത്വവും അനേകം പേര്‍ക്ക്‌ സന്തോഷവും നല്‍കാന്‍ കഴിയും. അതെ! അവന്‍ ശക്‌തന്‍ തന്നെയാണ്‌! ദുഃഖകരമായ കാര്യം ഇപ്പോഴും അവന്‌ അത്‌ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതാണ്‌. നാമും പലപ്പോഴും ഇങ്ങനെയല്ലേ? ഈശ്വരന്‍ നല്‍കിയ കഴിവും ശക്‌തിയും നമുക്കു തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ?

Ads by Google
Sunday 02 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW