Friday, June 21, 2019 Last Updated 13 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 10.26 PM

പ്രശസ്‌തിയും പദവിയും കുറച്ചുകാലം മാത്രം; വിവാഹശേഷം അഭിനയിക്കില്ലെന്ന്‌ നമിത പ്രമോദ്‌

uploads/news/2019/06/312054/namitha-pramod.jpg

ബാലതാരമായെത്തി പിന്നീട്‌ നായികാ നിരയിലേക്ക്‌ ഉയര്‍ന്ന താരങ്ങളിലൊരാളാണ്‌ നമിത പ്രമോദ്‌. റഹ്‌മാന്‍-ലെന ദമ്പതികളുടെ മകളായി ട്രാഫിക്കിലൂടെയായിരുന്നു നമിത സിനിമയില്‍ തുടക്കം കുറിച്ചത്‌. പിന്നീട്‌ സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ നായികയായി. ദിലീപിനൊപ്പം അഞ്ച്‌ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട നമിത കുഞ്ചാക്കോ ബോബന്‍, ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍പോളി, വിനീത്‌ ശ്രീനിവാസന്‍, ധ്യാന്‍ എന്നിങ്ങനെ പുതുതലമുറയിലെ മിക്കവാറും എല്ലാ നടന്‍മാരുമായും സ്‌കീന്‍സ്‌പേസ്‌ പങ്കിട്ടു. പഠനത്തിനിടയിലും സിനിമയുടെ വെളളിവെളിച്ചത്തിലായിരുന്നു നമിത എന്നും.

അഭിനയത്തോടൊപ്പം പഠനവും?

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ 'വേളാങ്കണ്ണി മാതാവ്‌' എന്ന സീരിയലില്‍ മാതാവിന്റെ വേഷം ചെയ്‌തുകൊണ്ടാണ്‌ ആദ്യമായി ക്യാമറയ്‌ക്കു മുന്നില്‍ വരുന്നത്‌. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ 'ട്രാഫിക്കില്‍' അഭിനയിച്ചു. പുതിയ തീരങ്ങളിലൂടെ നായികയായി. പിന്നീട്‌ നിരവധി സിനിമകളില്‍ അഭിനയിച്ചു. സിനിമയില്‍ വന്നു എന്നതിന്റെ പേരില്‍ പഠനകാര്യങ്ങളില്‍ ഒരിക്കലും പിഴവു വരുത്തിയിട്ടില്ല. എത്ര തിരക്കിലും പഠിക്കാനുള്ളത്‌ പഠിക്കുമായിരുന്നു. പത്തിലും പ്ലസ്‌ടുവിലും നല്ല മാര്‍ക്കു വാങ്ങിയാണ്‌ പാസായത്‌. ഡിഗ്രിക്ക്‌ സോഷ്യോളജിയാണു പഠിച്ചത്‌. പ്ലസ്‌ടു കഴിഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞു ഡിഗ്രിക്ക്‌ സയന്‍സ്‌ എടുക്കാന്‍. എനിക്ക്‌ സോഷ്യോളജി ആയിരുന്നു താല്‌പര്യം. കോളജ്‌ ഓട്ടോണമസ്‌ ആക്കിയപ്പോള്‍ അറ്റന്‍ഡന്‍സിന്റെ പ്രശ്‌നങ്ങള്‍ വന്നു. അങ്ങനെ സോഷ്യോളജി നിര്‍ത്തി കറസ്‌പോണ്ടന്‍സായി ബി.എസ്‌.ഡബ്ല്യു.വിനു ചേര്‍ന്നു.

കുടുംബം ആഗ്രഹങ്ങള്‍ക്കൊപ്പം നിന്നോ?

തീര്‍ച്ചയായും. അതുകൊണ്ടാണ്‌ ഞാന്‍ തിരക്കുളള നടിയായത്‌. എത്ര പ്രശസ്‌തിയുണ്ടായാലും എല്ലാത്തിനും മീതെയാണല്ലോ കുടുംബം. സുഹൃത്തുക്കളുമായി ചേര്‍ന്ന്‌ അത്യാവശ്യം കറക്കങ്ങളൊക്കെയുണ്ടെങ്കിലും കുടുംബത്തോടൊപ്പമാണ്‌ കൂടുതല്‍ സമയം ചെലവഴിക്കാറുള്ളത്‌. പിന്നെ എപ്പോഴും കൂടെ കാണുന്നത്‌ അച്‌ഛനാണ്‌. അച്‌ഛന്റെ പുന്നാര കുട്ടിയാണ്‌ ഞാന്‍. കുട്ടിക്കാലത്ത്‌ അച്‌ഛന്റെ മടിയില്‍ കിടന്നേ ഉറങ്ങുമായിരുന്നുള്ളു. ഷൂട്ടിങ്‌ ലൊക്കേഷനായാലും ഫംഗ്‌ഷനായാലും എവിടെ പോകുമ്പോഴും പുറത്തിറങ്ങണമെങ്കില്‍ ആദ്യം അച്‌ഛന്‍ ഇറങ്ങണം. എന്നിട്ടേ ഞാന്‍ ഇറങ്ങൂ. അങ്ങനെയാണ്‌ ശീലം. ഫ്രീ ടൈം കിട്ടുമ്പോള്‍ കൂടുതല്‍ സമയവും വീട്ടില്‍ തന്നെയാണ്‌. വായന, ഉറക്കം, സിനിമ, പിന്നെ പെറ്റിനെ കൊഞ്ചിച്ചും കളിപ്പിച്ചും സമയം കളയും.

uploads/news/2019/06/312054/namitha-pramod2.jpg

നമിതയ്‌ക്ക് സുമലതയോട്‌ സാമ്യമുളളതായി പലരും പറയുന്നു?

പുതിയ തീരങ്ങളുടെ സമയത്ത്‌ നെടുമുടി വേണു അങ്കിളാണ്‌ ഇതാദ്യം പറയുന്നത്‌. എന്റെ ഫോട്ടോ നോക്കിയിട്ട്‌ എവിടെയോ കണ്ടുമറന്നതുപോലെയെന്നു പറഞ്ഞു. പിന്നീട്‌ പറഞ്ഞു സുമലതയെ പോലെയെന്ന്‌. പിന്നീട്‌ ഞങ്ങളുടെ ഫോട്ടോസ്‌ താരതമ്യം ചെയ്‌ത് പലരും കമന്റ് ചെയ്യാന്‍ തുടങ്ങി. അപ്പോള്‍ എനിക്കും തോന്നി ശരിയാണല്ലോയെന്ന്‌. സത്യം പറഞ്ഞാല്‍ ഞാനിതുവരെ സുമലതയെ നേരില്‍ കണ്ടിട്ടില്ല. ഒരിക്കലെങ്കിലും ഒന്ന്‌ കാണണമെന്ന്‌ വലിയ ആഗ്രഹമുണ്ട്‌.

ദിലീപിന്റെ ജോടിയായി നിരവധി സിനിമകള്‍?

ദിലീപേട്ടന്റെ നായികയായി 5 സിനിമകള്‍ ചെയ്‌തു. ഒപ്പം അഭിനയിക്കുമ്പോള്‍ എനിക്ക്‌ ഏറ്റവും കംഫര്‍ട്ടബിളായ നടനാണ്‌ ദിലീപേട്ടന്‍. ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നതിന്റെ യതൊരുവിധ സമ്മര്‍ദവും ദിലീപേട്ടന്‍ കൂടെയുള്ളപ്പോള്‍ തോന്നില്ല. നല്ല സിനിമകള്‍ വന്നപ്പോള്‍ ഒരുമിച്ച്‌ അഭിനയിക്കാന്‍ അവസരം കൂടുതല്‍ ലഭിച്ചു എന്നുമാത്രം.

യാത്രകള്‍ ഇഷ്‌ടമാണോ?

ഷൂട്ടിങ്ങിനുവേണ്ടിയും വിവിധ ഷോകളുടെ ഭാഗമായും ഒരുപാടു യാത്രകള്‍ ചെയ്‌തിട്ടുണ്ട്‌. ഒരിക്കലും മറക്കാനാകാത്തത്‌ അമേരിക്കന്‍ ട്രിപ്പാണ്‌. കാണണമെന്ന്‌ കൂടുതല്‍ ആഗ്രഹിച്ചിരുന്ന വിദേശ രാജ്യമായിരുന്നു അമേരിക്ക. അവിടുത്തെ കാഴ്‌ചകളൊക്കെ എന്നെ വിസ്‌മയിപ്പിക്കുന്നതായിരുന്നു.

സെലിബ്രേറ്റി ആയ ശേഷമുള്ള അനുഭവങ്ങള്‍?

ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയതിനാല്‍ സമപ്രായക്കാര്‍ ചെയ്യുന്ന പലകാര്യങ്ങളും എനിക്കു നഷ്‌ടമായിരുന്നു.ഫ്രണ്ട്‌സിന്റെ കൂടെ പുറത്ത്‌പോകുക, ഭക്ഷണം കഴിക്കുക അതൊന്നും ഞാന്‍ ചെയ്‌തിരുന്നില്ല. വീട്ടില്‍ തന്നെ ഒതുങ്ങിക്കുടി. പിന്നീട്‌ ആലോചിച്ചപ്പോള്‍ ഒരു മാറ്റം വേണമെന്നുതോന്നി. നമുക്ക്‌ ആകെ ഒരു ജീവിതമല്ലേ ഉള്ളൂ. പിന്നീട്‌ പര്‍ദ ധരിച്ച്‌ പുറത്തുപോകാന്‍ തുടങ്ങി. പര്‍ദയാകുമ്പോള്‍ കണ്ണ്‌ മാത്രമല്ലേ പുറത്തുകാണൂ. ലുലു മാളില്‍ പോകും, മെട്രോയില്‍ കയറും, ഷോപ്പിങ്‌ നടത്തും,കണ്ണില്‍കാണുന്നതൊക്കെ വാരിക്കൂട്ടും, തിരികെ ഓട്ടോ വിളിച്ച്‌ വീട്ടിലേക്കുപോകും. ഒരിക്കല്‍ ഷോപ്പിംഗിനിടയില്‍ ഒരാള്‍ എന്നെ തിരിച്ചറിഞ്ഞു. ഒരുപക്ഷേ എന്റെ ശബ്‌ദം കേട്ടു മനസിലാക്കിയതാകാം. അപ്പോള്‍ തന്നെ ഞാന്‍ അവിടെ നിന്നു ഓടി രക്ഷപ്പെട്ടു.

വിവാഹശേഷം അഭിനയിക്കില്ലെന്ന്‌ എല്ലാവരും പറയാറുണ്ട്‌ ?

വിവാഹശേഷം അഭിനയിക്കുന്നതും അഭിനയിക്കാത്തതും ഓരോരുത്തരുടെ ഇഷ്‌ടമാണ്‌. ഞാന്‍ സെറ്റില്‍ ആയി കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്‌. ഞാന്‍ കുടുംബത്തിനാണു പ്രാധാന്യം നല്‍കുന്നത്‌.ഈ മേഖലയില്‍ നില്‍ക്കുമ്പോള്‍ ഹെയര്‍ ചെയ്യ്‌തുതരാനും ഡ്രസ്സ്‌ എടുത്തു തരാനുമൊക്കെ ആളുണ്ടാകും. എന്നാല്‍ പിന്നീടു എന്തിനും നമ്മുടെ കൂടെ ഫാമിലിയേ കാണൂ.
കല്യാണം കഴിഞ്ഞ്‌ സെറ്റില്‍ ആയ ശേഷം അതുമായി പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസപ്പെടുന്ന ധാരാളം നടിമാരെ എനിക്കറിയാം. ഇപ്പോഴും പണ്ടത്തെ ഓര്‍മ്മയില്‍ കണ്ണാടിയുടെ മുന്നില്‍ ലിപ്‌സ്റ്റിക്കൊക്കെ ഇട്ടുനില്‍ക്കാറുണ്ടെന്ന്‌ ചിലര്‍ പറയാറുണ്ട്‌. എന്നെ സംബന്ധിച്ച്‌ ഫാമിലിക്കാണ്‌ പ്രാധാന്യം. സിനിമയാണ്‌ എന്റെ ജീവിതം എന്നൊന്നും കരുതുന്നില്ല. സിനിമയിലെ പ്രശസ്‌തിയും പദവിയും കുറച്ചുകാലം മാത്രമേ ഉണ്ടാകൂ.

ശില്‍പ ഷാജി

Ads by Google
Saturday 01 Jun 2019 10.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW